ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാനശിലകളായ ജനാധിപത്യവും മതനിരപേക്ഷതയും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സാമ്രാജ്യത്വത്തിന്റെ നുകത്തിൽ നിന്നും മോചിതമായി ലോകത്തേറ്റവും വലിയ ജനാധിപത്യരാജ്യമായി മാറിയ ഇന്ത്യ, ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിൻ അമേരിക്കയിലേയും സ്വാതന്ത്ര്യത്തിനായി പൊരുതിയ ജനതയ്ക്ക് മാതൃകയും പ്രചോദനവുമായി മാറി. എന്നാൽ മഹത്തായ ആ പാരമ്പര്യത്തെ തകർത്ത് ഭൂരിപക്ഷ വർഗീയതയെ രാജ്യത്തിന്റെ യാകെ പ്രത്യയശാസ്ത്രമാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു വരുന്നത്. വർഗീയ ഫാസിസത്തെ സമൂഹം സ്വാംശീകരിക്കുന്നതോടു കൂടിയുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഇന്ത്യൻ സമൂഹത്തെ പ്രാകൃതാവസ്ഥയിലേയ്ക്കു കൊണ്ടുപോകുമെന്നത് നിസ്സംശയമാണ്. ഒരു ആരാധനാലയം തകർത്ത് അവിടെ മറ്റൊന്നു നിർമ്മിക്കുന്നത് സ്വാഭാവികമായി കാണാൻ സാധിക്കുന്ന, അതൊരു ആഘോഷമാക്കി മാറ്റാൻ ശ്രമിക്കുന്ന മനോനില ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമായ ലക്ഷണമല്ല.
ആധുനിക ഇന്ത്യയുടെ ആത്മാവാണ് മതനിരപേക്ഷത. ദേശീയ പ്രസ്ഥാനത്തിന്റെ നാള്‍ മുതൽ തന്നെ ഒരു രാഷ്ട്രമെന്ന നിലയിൽ അത് നമ്മുടെ സ്വത്വത്തിന്റെ ഭാഗം കൂടിയാണ്. വ്യത്യസ്ത മത വിഭാഗങ്ങളില്‍പ്പെട്ടവരും ഒരു മതത്തിന്റെയും ഭാഗമല്ലാത്തവരും നമ്മുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ സജീവ പങ്കാളികളായിട്ടുണ്ട്. ഈ രാജ്യം, ഇവിടുത്തെ എല്ലാ ജനങ്ങൾക്കും ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. മതവിശ്വാസമെന്നത് തീര്‍ത്തും സ്വകാര്യമായൊരു കാര്യമാണ്. ഒരു വ്യക്തിക്ക് ഏതു മതവും തെരഞ്ഞെടുക്കാനും പിന്തുടരാനും പ്രചരിപ്പിക്കാനുമുള്ള അവകാശം സംശയമേതുമില്ലാതെ മനഃസാക്ഷിയുടെ സ്വാതന്ത്ര്യമായി ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട്.
ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞയെടുക്കുന്നവർ എന്ന നിലയിൽ, രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഈ അവകാശം ഒരു പോലെ ഉറപ്പാക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതേസമയം, ഒരു മതത്തെ മറ്റെല്ലാത്തിനേക്കാളും ഉയർത്തിപ്പിടിക്കാനോ താഴ്ത്തിക്കെട്ടാനോ നമുക്ക് സാധിക്കില്ല. ഇന്ത്യൻ മതനിരപേക്ഷത എന്നാൽ മതത്തെയും ഭരണസംവിധാനത്തെയും വേർതിരിക്കുക എന്നതാണെന്ന് നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ശക്തമായ പാരമ്പര്യവും നമുക്കുണ്ട്. എന്നാൽ, മതവും ഭരണസംവിധാനവും തമ്മിലുള്ള അകലം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. ഒരു മതപരമായ ചടങ്ങ് രാഷ്ട്രത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കപെടുന്ന ഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നു.
ഇത്തരത്തിൽ വർഗീയതയെ രാജ്യത്തെ രാഷ്ട്രീയസംവാദങ്ങളുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ്. കേന്ദ്ര സർക്കാരും ബിജെപിയും അവരുടെ പിണിയാളുകളായി വർത്തിക്കുന്ന മുതലാളിത്ത മാധ്യമങ്ങളും ഇന്ത്യൻ സമ്പദ്-വ്യവസ്ഥ വളരുന്നെന്ന ആഘോഷങ്ങൾ ഒരു വശത്ത് സംഘടിപ്പിക്കുമ്പോൾ അവർ മനഃപൂർവ്വം മറച്ചു വയ്ക്കാൻ ശ്രമിക്കുന്ന വസ്തുതയാണ് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും തൊഴിലില്ലായ്മയുടേയും അഭൂതപൂർവ്വമായ അതിതീവ്ര വളർച്ച.
ഓക്സ്ഫാം ഈയടുത്ത് നടത്തിയ ഒരു പഠനം രാജ്യത്തെ സാധാരണക്കാരുടെ ജീവിതം നേരിട്ട പതനത്തിന്റെ ആഴം എത്രയെന്നു വ്യക്തമാക്കുന്നു. മൊത്തം ദേശീയ സമ്പത്തിന്റെ 77% ഇന്ത്യയിലെ ജനസംഖ്യയുടെ 10% പേരുടെ കൈകളിലാണ്. ഒരു ദശാബ്ദത്തിനിടെ ശതകോടീശ്വരരുടെ സമ്പത്ത് ഏകദേശം 10 മടങ്ങ് വർദ്ധിക്കുകയും അവരുടെ മൊത്തം സമ്പത്ത് 2018-–19 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മുഴുവൻ കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലായിരിക്കുകയും ചെയ്തിരിക്കുന്നു.
ധനികർ അതിവേഗം അതിധനികർ ആയിക്കൊണ്ടിരിക്കുമ്പോൾ ദരിദ്രർ അതിനേക്കാൾ വേഗത്തിൽ അതിദരിദ്രർ ആയിക്കൊണ്ടിരിക്കുന്നു. 2017-ൽ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 73%, സമ്പന്നരായ 1% ആളുകൾക്ക് ലഭിച്ചപ്പോൾ ഏറ്റവും ദരിദ്രരായ ജനസംഖ്യയുടെ പകുതിയോളം വരുന്ന 67 കോടി ഇന്ത്യക്കാരുടെ സമ്പത്തിൽ ഉണ്ടായ വർദ്ധനവ് 1% മാത്രമാണ്. ഓരോ സെക്കന്റിലും രണ്ടു പേരെന്ന നിരക്കിൽ ഓരോ വർഷവും 6.3 കോടി ഇന്ത്യക്കാരാണ് ആരോഗ്യസംരക്ഷണ ചെലവുകൾ കാരണം ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടപ്പെടുന്നത്.
കോർപ്പറേറ്റ് കുത്തകകൾക്ക് സമ്പത്ത് സമാഹരിക്കാനായി നയങ്ങളും നിയമവും നടപ്പാക്കുമ്പോൾ പാവപ്പെട്ട മനുഷ്യരെ പരിപൂർണ്ണമായി അവഗണിക്കുന്നു. അതിസമ്പന്നർക്ക് നികുതിയിളവ് നൽകുന്ന ബിജെപി സർക്കാരിന്റെ കാലത്ത്, 2014-–15 നും 2022-–23 നും ഇടയ്ക്ക്, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 14.56 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് കടങ്ങളാണ്. അതേ സമയം ഏതാനും ആയിരങ്ങൾ കടമെടുത്ത കർഷകർ ലോൺ തിരിച്ചടയ്ക്കാനാകാതെ ഓരോ ദിവസവും ആത്മാഹുതി ചെയ്യുന്നു. പ്രതിവർഷം രണ്ടുകോടി തൊഴിലുകള്‍ പുതുതായി സൃഷ്ടിക്കും എന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ മോദി സർക്കാരിന്റെ കീഴിൽ 65 കോടിയോളം മനുഷ്യര്‍ തൊഴില്‍രഹിതരായി ജീവിക്കുന്ന അവസ്ഥയാണുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ പീരിയോഡിക് ലേബര്‍ സര്‍വ്വേ അനുസരിച്ച് 2022 ല്‍ ഗ്രാമീണ മേഖലയില്‍ 6 ശതമാനവും നഗരമേഖലയില്‍ 8.3 ശതമാനവും ആണ് തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ഈ സ്ഥിതിയിലും നിയമനങ്ങൾ നടത്താൻ മടിച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ. റെയില്‍വേ അടക്കം ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവാണ് നിയമനം നടത്താതെ മാറ്റിവെച്ചിരിക്കുന്നത്. അഗ്നി വീര്‍ പദ്ധതി കൊണ്ടുവന്ന് സൈനിക മേഖലയില്‍ അടക്കം തൊഴിലുകള്‍ കരാര്‍വല്‍ക്കരിച്ചു. 2018 മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം 6.83 ലക്ഷം ഒഴിവുണ്ടെന്നാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചത്.
അതേസമയം ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി സാധാരണ ജനവിഭാഗങ്ങളുടെ ക്ഷേമമുയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കേരളത്തെ, ഫെഡറൽ തത്വങ്ങളെയാകെ കാറ്റിൽപ്പറത്തി ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അതിശക്തമായ പ്രതിഷേധം ഈ നയങ്ങൾക്കെതിരെ ഉയരേണ്ടത് അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. എന്നാൽ ഈ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താനും ജനരോഷത്തെ വഴിതിരിച്ചുവിടാനും മതവിശ്വാസത്തേയും വർഗീയതയേയും ഉപയോഗപ്പെടുത്താനാണ് സംഘപരിവാറും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത്. അതിനെതിരെ ശക്തവും സംഘടിതവുമായ പ്രതിരോധം ജനാധിപത്യവിശ്വാസികൾക്കിടയിൽനിന്നും ഉയർന്നു വരണം. മതം – ഭാഷ – പ്രദേശിക –സാമുദായിക വൈജാത്യങ്ങൾക്കപ്പുറം ഇന്ത്യന്‍ ജനതയെന്ന ഐക്യവും സാഹോദര്യവും ഉറപ്പാക്കാന്‍ നമുക്ക് സാധിക്കണം. ശാസ്ത്രാഭിരുചി, മാനവികത , അറിവുനേടാനുള്ള താല്പര്യം, നവോത്ഥാനം എന്നിവയിലൂടെ നമ്മുടെ രാജ്യം കൂടുതൽ അഭിവൃദ്ധി പ്രാപിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. ♦