ജനുവരി 22 ഇന്ത്യയുടെ ചരിത്രത്തിൽ ഇനി അടയാളപ്പെടുത്തപ്പെടുക രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളുടെ, മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിവേരറുത്ത് മതരാഷ്ട്രം സ്ഥാപിക്കാനുള്ള അടിത്തറ പാകിയ ദിവസമെന്നായിരിക്കും. മതനിരപേക്ഷമായ ഇന്ത്യൻ ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രധാനമന്ത്രി ക്ഷേത്ര പ്രതിഷ്ഠയുടെ മുഖ്യകാർമികനായും യുപി മുഖ്യമന്ത്രി പരികർമിയായും നിൽക്കുന്ന ജുഗുപ്-സാവഹമായ കാഴ്ചയുടെ ദിവസമാണത്.
ഒരു മതത്തിന്റെ ആരാധനാലയം നിർമിക്കുന്നതും അതിൽ പ്രതിഷ്ഠ നടത്തുന്നതുമെല്ലാം തികച്ചും മതപരമായ കാര്യങ്ങളാണ്. അവിടെ മതനിരപേക്ഷ ഭരണകൂടത്തിന്റെ അധികാരസ്ഥാനങ്ങൾ കെെയാളുന്നവർക്ക് ഇടമുണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് ഹിന്ദുമതത്തിന്റെ കാവലാളുകൾ എന്നറിയപ്പെടുന്ന ശങ്കരാചാര്യന്മാർ, ആദി ശങ്കരൻ സ്ഥാപിച്ച മഠങ്ങളുടെ ഇന്നത്തെ അധിപന്മാർ അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ മുഖ്യകാർമികനായി പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത് ശരിയല്ലയെന്ന് പറഞ്ഞത്. മാത്രമല്ല, ക്ഷേത്ര നിർമാണം പൂർത്തിയാകാതെ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരവിരുദ്ധമാണെന്നും ഹിന്ദുമതത്തിന്റെ ആ ആചാര്യന്മാർ പറഞ്ഞു. അതുകൊണ്ട്, മതാചാരങ്ങൾക്ക് വിരുദ്ധമായി നടത്തുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്ന് അവർ വിട്ടുനിൽക്കുകയാണുണ്ടായത്. എന്നാൽ സംഘപരിവാറിനും മോദിക്കും എന്ത് മതാചാരം!
എന്തായിരുന്നു സംഘപരിവാറിനും മോദിക്കും ക്ഷേത്രനിർമാണം പൂർത്തിയാകും മുമ്പേ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്താൻ ഇത്ര തിടുക്കം? 2024 ഏപ്രിൽ–മെയ് മാസങ്ങളിൽ നടക്കുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുന്നതിന് ജനങ്ങളെ സമീപിക്കാൻ മറ്റൊരു വിഷയവുമില്ലാത്ത മോദിയുടെയും ബിജെപിയുടെയും കെെക്രിയകളാണ് രാമക്ഷേത്ര ഉദ്ഘാടനത്തിൽ നാം കണ്ടത്.
മഹാത്മജിയുടെ രാമനല്ല, ആദികവി വാൽമീകിയുടെയോ ഭക്തകവി തുഞ്ചത്തെഴുത്തച്ഛന്റെയോ തുളസിദാസിന്റെയോ രാമനല്ല, ആർഎസ്എസിന്റെ, ബിജെപിയുടെ, മോദിയുടെ രാമൻ. മഹാത്മജി പറഞ്ഞ മര്യാദ പുരുഷോത്തമനായ രാമനല്ല, സംഘപരിവാറിന്റെ രാമൻ. രാമായണത്തിലെ രാമൻ വില്ലുകുലച്ചത് നീതിക്കുവേണ്ടിയായിരുന്നു; ആ രാമൻ സൗമ്യഭാവത്തിലെ രാമനാണ്, രൗദ്രഭാവത്തിലല്ല. പിതാവായ ദശരഥൻ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ കെെകേകിക്ക് നൽകിയ വാഗ്ദാന പാലനത്തിനായി അധികാരം ത്യജിച്ച് വനവാസം വരിച്ച രാമനെയല്ല മോദിക്കും കൂട്ടർക്കും വേണ്ടത്. സംഘപരിവാർ കെട്ടിയുണ്ടാക്കിയ രൗദ്രഭാവംപൂണ്ട, അവർക്ക് അധികാരം പിടിക്കാൻ ആയുധമാക്കപ്പെട്ട, മതവുമായും വിശ്വാസവുമായും യാതാരു ബന്ധവുമില്ലാത്ത ഒരു രാമനെയാണ് അവർക്കാവശ്യം. യഥാർഥത്തിൽ മതവിശ്വാസവുമായി അതിനൊരു ബന്ധവുമില്ല. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിയായിരുന്ന ലാൽദാസിനെ സംഘപരിവാർ നീക്കങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ അവർ കൊലപ്പെടുത്തിയത്. ശങ്കരാചാര്യന്മാർക്കു നേരെയും അത്തരം നീക്കങ്ങളുണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല.
അയോധ്യയുടെ പേരിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്; ഒഴുക്കപ്പെട്ട ചോര എത്രയെന്ന് പറയാനാവില്ല. എന്തിനുവേണ്ടിയാണ് ഈ കൊടുംക്രൂരതകളെല്ലാം ? അധികാരംപിടിക്കാൻവേണ്ടി മാത്രം. ആ അധികാരം ഉപയോഗിച്ച് ഇന്ത്യയിലെ ജനസാമാന്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനല്ല. മറിച്ച്, അദാനിമാർക്കും അംബാനിമാർക്കും നാടിനെ കൊള്ളയടിച്ച് അർമാദിക്കാൻ അവസരമൊരുക്കാൻവേണ്ടി മാത്രം! അതിനായാണ് സംഘപരിവാർ ഹിന്ദുത്വരാഷ്ട്രത്തിനുവേണ്ടി നീങ്ങുന്നത്.
ഈ ലക്കത്തിലെ തിരഞ്ഞെടുപ്പ് കാമ്പയ്നായുള്ള ലേഖനങ്ങളും കുറിപ്പുകളും ഈ വിഷയത്തിൽ കേന്ദ്രീകരിച്ചാണ്. കുറിപ്പുകൾ തയ്യാറാക്കാൻ പത്രാധിപസമിതി അംഗങ്ങൾക്കു പുറമെ ഡോ. കെ എൻ ഗണേശ്, കെ എസ് രഞ്ജിത്ത് എന്നിവരും സഹകരിച്ചു. ♦
– പത്രാധിപ സമിതി