Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഭരണഘടനയുടെ 
ആമുഖത്തിന്റെ ദർശനം

ഭരണഘടനയുടെ 
ആമുഖത്തിന്റെ ദർശനം

പി രാജീവ്

ന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഒന്നാണ് ഭരണഘടനയുടെ ആമുഖം. അതു വായിക്കുന്നതുപോലും ക്രിമിനൽക്കുറ്റമായി കാണുന്ന ഭരണസംവിധാനമാണ് രാജ്യത്ത് അധികാരത്തിലുള്ളത്. ഭരണഘടനയു ടെ തുടക്കത്തിലാണ് സ്വാഭാവികമായും ആമുഖമുള്ളതെങ്കിലും ഭരണഘടന അസംബ്ലിയുടെ അവസാനവട്ടചർച്ചകളിലാണ് അതിനു രൂപം നല്കുന്നത്. ഇവിടെ രണ്ടു കാഴ്‌ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമായി പ്രകടമായിരുന്നു. ‘ദൈവത്തിന്റെ പേരിൽ’ എന്നായിരിക്കണം ഭരണഘടനയുടെ ആമുഖം തുടങ്ങേണ്ടത് എന്ന ഭേദഗതി എച്ച്. വി. കാമത്ത് അവതരിപ്പിച്ചു. മതത്തിന്റെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു. മതവിശ്വാസം സംബന്ധിച്ച ചർച്ചകളിലും നേരത്തേ അദ്ദേഹം പ്രകടിപ്പിച്ച വാദങ്ങൾ ആവർത്തിച്ചു. ഏതു ദൈവത്തിന്റെ പേരിലാണ് തുടങ്ങേണ്ടതെന്ന സംശയം മറ്റുചിലർ പ്രകടിപ്പിച്ചു. ഷിബ്ബൻ ലാൽ സക്സേനയും പണ്ഡിറ്റ് ഗോവിന്ദ് മാളവ്യയും സമാനമായ ഭേദഗതികൾ അവതരിപ്പിച്ചു. “ആ പരമശക്തിയുടെ അനുഗ്രഹത്താൽ, ലോകത്തിലെ വ്യത്യസ്ത‌ ജനവിഭാഗങ്ങൾ വ്യത്യസ്‌ത പേരിൽ വിളിക്കപ്പെടുന്ന പ്രപഞ്ചത്തിന്റെ നാഥന്’’ എന്ന വാക്യത്തിൽ വേണം ഭരണഘടന ആരംഭിക്കേണ്ടതെന്നാണ് പണ്ഡിറ്റ് മാളവ്യ അവതരിപ്പിച്ച ഭേദഗതി. എന്നാൽ, ഇത് അങ്ങേയറ്റം സങ്കുചിതമായ കാഴ്‌ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു എന്ന് പണ്ഡിറ്റ് കുൻസ്രുവിനെപ്പോലുള്ള അംഗങ്ങൾ വാദിച്ചു.

ദൈവത്തെ വോട്ടിനിടരുതെന്ന് അഭ്യർഥിച്ചത് പൂർണിമ ബാനർജിയായിരുന്നു. ‘‘നമ്മളിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. ദൈവത്തെ വോട്ട് ചെയ്ത് അംഗീകരിക്കുന്നതും തള്ളിക്കളയുന്നതും ദുഷ്‌കരം. അംഗങ്ങൾ ഒരുതരത്തിൽ, മറ്റൊരു തരത്തിൽ വോട്ടു ചെയ്യാൻ നിർബന്ധിതമാകും.’’ എന്നാൽ, അതിനു മറുപടിയായി കാമത്ത് ഈ അഭ്യർഥന ഖേദപൂർവം തള്ളിക്കളയുന്നുവെന്ന് പറഞ്ഞു. തിരുവിതാംകൂറിന്റെ പ്രതിനിധിയായിരുന്ന പട്ടം താണുപിള്ള, കാമത്തിന്റെ ഭേദഗതിയെ എതിർത്തു. “ഞാൻ വിശ്വാസിയാണെങ്കിലും ഈ ഭേദഗതിയെ എതിർക്കുന്നു. ഈ ഭേദഗതി അംഗീകരിച്ചാൽ വിശ്വാസം നിർബന്ധിതമാകും. ഇത് വിശ്വാസത്തെ സംബന്ധിച്ച മൗലികാവകാശത്തിന് എതിരായിരിക്കും. നമ്മൾ അംഗീകരിച്ച ഭരണഘടനപ്രകാരം ഒരാൾക്കു വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്.’’

കാമത്തിനെ കളിയാക്കിക്കൊണ്ട് രോഹിണി കുമാർ ചൗധരി നടത്തിയ പരാമർശം സഭയിൽ ചിരിപടർത്തി. ദൈവത്തിന്റെ പേരിൽ എന്നു തുടങ്ങ ണമെന്ന കാമത്തിന്റെ ഭേദഗതിക്കു താനൊരു ഭേദഗതി അവതരിപ്പിക്കുന്നെന്നും ദേവതയുടെ പേരിൽ തുടങ്ങുന്നതായിരിക്കും നല്ലതെന്നുമായിരുന്നു അവരുടെ പ്രതികരണം.

ഭരണഘടന അസംബ്ലിയുടെ അധ്യക്ഷൻ മറ്റൊരു പ്രശ്‌നമാണ് ഉന്നയിച്ചത്. ഭരണഘടനയുടെ വ്യത്യസ്‌ത ആർട്ടിക്കിളുകൾ ചർച്ച ചെയ്ത് അംഗീകരിച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ എങ്ങനെയായിരിക്കണം സത്യപ്രതിജ്ഞ ചെയ്ത് ചുമതല എടുക്കേണ്ടതെന്നും നിശ്ചയിച്ചു. ഒരു ജനപ്രതിനിധിക്ക് ദൈവനാമത്തിൽ മാത്രമല്ല സത്യപ്രതിജ്ഞ ചെയ്യാൻ ഭരണഘടന അവകാശം നല്കുന്ന ത്. ദൃഢപ്രതിജ്ഞയെടുക്കുന്നതിനും അവകാശമുണ്ട്. അങ്ങനെയൊന്ന് അംഗീകരിച്ചുകഴിഞ്ഞാൽപ്പിന്നെ ദൈവത്തിന്റെ പേരിൽ എങ്ങനെയാണ് ഭരണഘടന തുടങ്ങാൻ കഴിയുന്നത് എന്ന പ്രശ്‌നമാണ് ഉന്നയിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഭേദഗതികൾ പിൻവലിക്കണമെന്ന് അധ്യക്ഷൻ അഭ്യർഥിച്ചു. നിരീശ്വരവാദമുൾപ്പെടെ അംഗീകരിക്കുന്നതാണ് ഇന്ത്യയു ടെ പൈതൃകമെന്നും ചിലർ ഓർമിപ്പിച്ചു. കാമത്ത് തന്റെ ഭേദഗതിയിൽ ഉറച്ചുനിന്ന് വോട്ടിനിടാൻ ആവശ്യപ്പെട്ടു. ദൈവത്തെ വോട്ടിനിടരുതെന്ന് ചില അംഗങ്ങൾ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അങ്ങനെ ‘ദൈവനാമത്തിൽ’ ഭരണഘടന അസംബ്ലി വോട്ടിനിട്ടു. 68-:41 ഇതായിരുന്നു വോട്ടിങ് നില. 62 ശതമാനം പേർ ദൈവനാമത്തിനെതിരായി വോട്ടു ചെയ്‌തു. രണ്ടു കാഴ്‌ചപ്പാടുകൾ തമ്മിലുള്ള അന്തരത്തിന്റെ സ്വഭാവം ഇതു വ്യക്തമാക്കുന്നു.

മതരാഷ്ട്രമാകണോ മതനിരപേക്ഷ രാഷ്ട്രമാകണോ എന്ന പ്രശ്നം പല ഘട്ടങ്ങളിലും സഭയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആമുഖത്തിൽ മതനിരപേക്ഷത ഉൾപ്പെടുത്തണമെന്ന ഭേദഗതിയും തള്ളിക്കളഞ്ഞതാണെന്നും അത് പിന്നീട് കൂട്ടിച്ചേർത്തതാണെന്നും വർഗീയകാഴ്‌ചപ്പാടുള്ളവർ വാദിക്കുന്നുണ്ട്. എന്നാൽ, മതനിരപേക്ഷത മാത്രം കൂട്ടിച്ചേർക്കണമെന്ന ഭേദഗതി അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നില്ല. ബിഹാറിൽനിന്നുള്ള ബ്രജേശ്വർ പ്രസാദ് അവതരിപ്പിച്ച ഭേദഗതി മതനിരപേക്ഷത ഉൾപ്പെടെയുള്ളവകൂടി ചേരുന്നതായിരുന്നു. ‘സോഷ്യലിസ്റ്റ് സാമൂഹികവ്യവസ്ഥ സ്ഥാപിച്ച് അത് എല്ലാ ജനങ്ങൾക്കും ഉറപ്പുവരുത്തുന്ന ഒരു മതനിരപേക്ഷ സഹകരണ കോമൺവെൽത്ത്’ എന്ന നിലയിൽ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം’. എന്നാൽ, അന്നത്തെ സാഹചര്യത്തിൽ അത് അപ്രായോഗികമാണെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. യഥാർഥത്തിൽ മതനിരപേക്ഷത അടിസ്ഥാനതത്ത്വമായി നേരത്തേതന്നെ അംഗീകരിക്കുന്നുണ്ട്. അതിനെതിരെ ശക്തമായി വാദിച്ചിരുന്ന എച്ച്.വി. കാമത്തുതന്നെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇതു സമ്മതിക്കുന്നുണ്ട്. ‘തീർച്ചയായും നമ്മൾ ഇന്ത്യയെ മതനിരപേക്ഷരാഷ്ട്രമായി അംഗീകരിച്ചു. എന്നാൽ, അത് ദൈവരഹിതരാഷ്ട്രമോ മതരഹിതരാഷ്ട്രമോ അല്ല.’ മതനിരപേക്ഷത എന്ന വാക്കിനെ അംഗീകരിക്കുമ്പോൾത്തന്നെ മതത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള രാഷ്ട്രസങ്കല്പ‌ം അംഗീകരിക്കാൻ കാമത്ത് ഉൾപ്പെടെയുള്ളവർ തയ്യാറായിരുന്നില്ല. ഫലത്തിൽ വാക്കിനെ അംഗീകരിക്കുകയും അത് ഉൾക്കൊള്ളുന്ന ദർശനത്തിനു തീർത്തും വ്യത്യസ്‌തമായ വ്യാഖ്യാനം നല്കുകയുമാണ് ഇവർ ചെയ്യുന്നത്. പക്ഷേ, തെറ്റായ വ്യാഖ്യാനങ്ങൾ ശക്തിപ്പെട്ട ഘട്ടത്തിലാണ് ഭരണഘടന ഭേദഗതി ചെയ്ത‌ത്; ആമുഖത്തിൽ മതനിരപേക്ഷത ഉൾപ്പെടെ കൃത്യമായി പ്രഖ്യാപിച്ചത്.

ഭരണഘടനയുടെ ലക്ഷ്യങ്ങൾ പ്രതിപാദിച്ചുകൊണ്ട് സംസാരിക്കുമ്പോൾ ഡോ. എസ്. രാധാകൃഷ്‌ണൻ തന്റെ നിലപാടു വ്യക്തമാക്കുന്നുണ്ട്. അത് ഇന്നും പ്രസക്തമാണ്. ‘”മതമല്ല, ദേശീയതയാണ് ആധുനികരാഷ്ട്രത്തിന്റെ അടിത്തറ. മതരാഷ്ട്രങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു. ഇനിയുള്ളത് ദേശീയതയുടെ കാലമാണ്’’. വിശ്വാസിയെന്ന അസ്‌തിത്വമല്ല ശക്തിപ്പെ ടുത്തേണ്ടതെന്നും പൗരൻ എന്ന അസ്‌തിത്വമാണ് ആധുനിക ഇന്ത്യയ്ക്ക് ആവശ്യമെന്ന നിലപാടും ഈ ഘട്ടത്തിൽത്തന്നെ ഉയരുന്നുണ്ട്. പൗരത്വത്തെ സംബന്ധിച്ച ആർട്ടിക്കിളുകളുടെ രൂപീകരണത്തിന്റെ ചർച്ചകളിൽ ഇത്തരം നിലപാടുകൾ എങ്ങനെ പ്രതിഫലിച്ചെന്ന് പിന്നീട് പരിശോധിക്കാം. മതവിശ്വാസമെന്നത് തീർത്തും സ്വകാര്യമായ കാര്യമാണെന്ന നിലപാടിനായിരുന്നു അസംബ്ലിക്കകത്ത് ഭൂരിപക്ഷം. വിശ്വാസമെന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള തീർത്തും സ്വകാര്യമായ ബന്ധമാണെന്നായിരുന്നു നിഗമനം. അത് മറ്റൊരാളെയും ഒരുതരത്തിലും ബാധിക്കുന്നതായിരിക്കരുതെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടം മതത്തിൽ ഇടപെടാൻ പാടില്ലെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുനിയമത്തിൽ 123 (3) വ്യാഖ്യാനിച്ചുകൊണ്ട് സുപ്രീംകോടതി 2017-ൽ ഇതേ വാചകങ്ങൾ ആവർത്തിക്കുന്നുണ്ട്.

മതവിശ്വാസത്തിനുള്ള സ്വാതന്ത്യ്രത്തിനായി വാദിക്കുമ്പോൾത്തന്നെ തജ്‌മൽ ഹുസൈൻ ഒരു ഭേദഗതികൂടി ആവശ്യപ്പെട്ടു; അത് ‘‘വിശ്വാസം സ്വകാര്യമായിരിക്കണം’’ എന്നതായിരുന്നു. ഇന്നത്തെക്കാലത്തെക്കൂടി മുൻകൂട്ടിക്കണ്ടുകൊണ്ടായിരിക്കാം, മറ്റൊരു ഭേദഗതികൂടി അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്: ‘‘ഒരാളുടെ മതത്തെ തിരിച്ചറിയുന്നതിനു സഹായിക്കുന്ന പേരോ അടയാളങ്ങളോ ആർക്കും ഉണ്ടാകാൻ പാടില്ല. മതത്തെ വ്യക്തമാക്കുന്ന വസ്ത്രങ്ങളും ധരിക്കാൻ പാടില്ല.’’ എന്നാൽ, ഇത്ര ശക്തമായ നിലപാടു സ്വീകരിക്കാൻ അന്ന് സഭ തയ്യാറായില്ല.

ആചാരങ്ങൾ പിന്തുടരുന്നതിനുള്ള സ്വാതന്ത്ര്യം വിശാലമാണോ, അതിനു നിയന്ത്രണങ്ങൾ ഉണ്ടാകണമോ എന്ന പ്രശ്‌നവും ഭരണഘടന അസംബ്ലിക്കകത്ത് ചർച്ച ചെയ്യപ്പെട്ടു. യഥാർഥത്തിൽ മതനിരപേക്ഷ കാഴ്‌പ്പാടും വർഗീയകാഴ്‌ചപ്പാടും തമ്മിൽ മാത്രമല്ല, അതിന്റെ വ്യത്യസ്ത‌ ധാരകൾ തമ്മിലും ഏറ്റുമുട്ടലുകളുണ്ടായി. നെഹ്രു ‘ധർമനിരപേക്ഷത’ എന്ന ആശയം മുന്നോട്ടുവെച്ചു. എന്നാൽ, മഹാത്മാഗാന്ധിജിയുടെത് ‘സർവധർമ സമഭാവന’ എന്ന ദർശനമായിരുന്നു. ഒരാൾ മതത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തുന്ന സമീപനം സ്വീകരിച്ചപ്പോൾ, ഗാന്ധി എല്ലാ മതങ്ങളോടും തുല്യമായ ബഹുമാനത്തിന്റെ കാഴ്‌ചപ്പാട് അവതരിപ്പിച്ചു. എന്നാൽ, ഇന്ന് ശക്തിപ്പെട്ട മറ്റൊരു കാഴ്‌ചപ്പാട് അന്നേ പ്രചരിപ്പിക്കപ്പെട്ടിരുന്നു. അത് സാംസ്കാരികദേശീയതയുടെതാണ്, ദേശീയതതന്നെ ഹിന്ദുത്വമാണെന്ന് സ്ഥാപിക്കലാണ്, അത് ഭൂരിപക്ഷാധിപത്യത്തിന്റേതാണ്, ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വഴിയാണ്. മതനിരപേക്ഷരാഷ്ട്രത്തെ മതരാഷ്ട്രമാക്കുന്നതിനുള്ള ശ്രമം അന്നേ തുടങ്ങിയിരുന്നു. ഗാന്ധിയും നെഹ്രുവും പിന്തുടർന്നിരുന്ന ദേശീയസങ്കല്പത്തിന് തീർത്തും എതിരായ മതരാഷ്ട്ര കാഴ്ചപ്പാടാണ് സവർക്കറും ഗോൾവാൾക്കറും ശരച്ചന്ദ്ര ചതോപാധ്യായയും മറ്റും പ്രചരിപ്പിച്ചിരുന്നത്. സാംസ്‌കാരികരൂപങ്ങളിലൂടെ എങ്ങനെയാണ് ഇന്നത്തെ ഭീകരാവസ്ഥയിലേക്ക് വികസിച്ചതെന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്.

അതുപോലെതന്നെ മറ്റൊരു പ്രശ്‌നമാണ്; ഇന്ത്യപോലുള്ള, വിശ്വാസങ്ങൾക്ക് ആധിപത്യമുള്ള രാജ്യത്ത് മതനിരപേക്ഷത സാധ്യമാകുമോ എന്ന ചോദ്യം. ശശി തരൂരിനെപ്പോലുള്ളവരും ഇത് ആവർത്തിക്കുന്നുണ്ട്. യഥാർഥത്തിൽ ഭരണഘടന അസംബ്ലി അന്നേ ചർച്ച ചെയ്‌ത്‌ വഴി കണ്ടെത്തിയ പ്രശ്‌നങ്ങളിലൊന്നാണിത്. മതനിരപേക്ഷവത്കരണം (Secularization) അനിവാര്യമായ മുന്നുപാധിയാണെന്ന് അസംബ്ലി കണ്ടിരുന്നു. അതിൽ പ്രധാനം വിദ്യാഭ്യാസമാണ്. മതനിരപേക്ഷതയിലേക്ക് രാജ്യത്തെ ഉയർത്തുന്നതിന് ഉതകുന്നതായിരിക്കണം വിദ്യാഭ്യാസസമ്പ്രദായം. മറ്റുപകരണങ്ങളും അതുപോലെതന്നെ ആധുനിക ഇന്ത്യയെ മതനിരപേക്ഷ ഇന്ത്യയാക്കി മാറ്റുന്നതിന് ഉപയോഗിക്കണമെന്നും അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിൽ കേന്ദ്രീകരിച്ചില്ലെന്നു മാത്രമല്ല, വിപരീതദിശയിലേക്കു പോകുകയും ചെയ്തു‌. അത് ഭരണഘടന അസംബ്ലി കണ്ടതിൽനിന്ന് തീർത്തും വ്യത്യസ്‌തമായ അനുഭവത്തിലേക്ക് എത്തിച്ചു. മതനിരപേക്ഷരാജ്യത്തു ജീവിക്കാനുള്ള അവകാശം ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനല്കിയെങ്കിൽ, ഇന്ന് ആ ഭരണഘടനയെത്തന്നെ സംരക്ഷിക്കാൻ ജനങ്ങൾ രംഗത്തിറങ്ങേണ്ടിവന്നിരിക്കുന്നു.

ആമുഖത്തിൽ പ്രത്യേകം പറഞ്ഞിരുന്നോ എന്നതിനെ അടിസ്ഥാനപ്പെടുത്താതെതന്നെ ഭരണഘടനയിലെ പ്രധാന ആർട്ടിക്കിളുകൾ മതനിരപേക്ഷ രാജ്യമാണ് ഇന്ത്യയെന്ന് പ്രഖ്യാപിക്കുന്നു. ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ പേരിൽ ഒരുതരത്തിലുള്ള വിവേചനവും പാടില്ലെന്ന് ആർട്ടിക്കിൾ 15 പ്രഖ്യാപിക്കുന്നു. നിയമത്തിന്റെ മുൻപിൽ എല്ലാ മനുഷ്യരും രാജ്യത്തിനകത്തു തുല്യരാണെന്ന് ആർട്ടിക്കിൾ 14 വ്യക്തമാക്കുന്നു. എല്ലാ വിശ്വാസികൾക്കും അവരവരുടെ വിശ്വാസം പ്രഖ്യാപിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ആർട്ടിക്കിൾ 25 അധികാരം നല്‌കുന്നു. വിശ്വാസികൾക്ക് ദൈവനാമത്തിലും അല്ലാത്തവർക്ക് ദൃഢപ്രതിജ്ഞയെടുത്തും ചുമതലയേല്ക്കുന്നതിന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. അതുപോലെത്തന്നെ എല്ലാ വിധത്തിലുള്ള അയിത്തവും തൊട്ടുകൂടായ്മയും അവസാനിച്ചതായി പ്രഖ്യാപിക്കുന്നു. ഭരണഘടനയിൽ പൗരത്വം നിർണയിക്കുന്നതിന് മതം ഒരു ഘടകമല്ലെന്ന് ആർട്ടിക്കിൾ അഞ്ചുമുതൽ പതിനൊന്നുവരെ വ്യക്തമാക്കുന്നു. രാജ്യത്തിന് ഔദ്യോഗികമായി ഒരു മതവും ഭരണഘടന പ്രഖ്യാപിക്കുന്നില്ല. ഉള്ളടക്കത്തിൽ പൂർണമായും മതനിരപേക്ഷമാണ് ഇന്ത്യൻ ഭരണഘടന. അതുവഴി ഇന്ത്യ മതരാഷ്ട്രമല്ലെന്നും മതനിരപേക്ഷരാഷ്ട്രമാണെന്നും ഭരണഘടന അസംബ്ലി പ്രഖ്യാപിക്കുകയാണ് ചെയ്തത്.

പല രാജ്യങ്ങളിലെയും ഭരണഘടനകളിലെ നല്ല വശങ്ങൾ സ്വാംശീ കരിക്കുന്നതിനായാണ് അവർ ശ്രമിച്ചിട്ടുള്ളത്. ആമുഖത്തിലെ ഏറ്റവും ശക്തിയുള്ള രണ്ടു വാക്കുകൾ ‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ’ എന്നുതന്നെയാണ്. ഇതിൽ നമ്മൾ എന്നതും ജനങ്ങൾ എന്നതും അമേരിക്കൻ ഭരണഘടനയുടെ തുടക്കത്തിൽ വായിച്ചെടുക്കാൻ കഴിയും. ‘We the People of United States of America’ എന്നാണ് അവർ തുടങ്ങുന്നത്. എന്നാൽ, അമേരിക്കൻ ഭരണഘടനയുടെ ആമുഖത്തിൽ മാത്രമായി അത് പരിമിതപ്പെടുന്നില്ല. ആമുഖത്തിലെതന്നെ സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും ഫ്രാൻസിൽനിന്ന് കടമെടുത്തതാണെന്നു പറയാം. എന്നാൽ, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തുല്യതയുടെ സങ്കല്പം യു.എസ്.എസ്.ആറിലെ ഭരണഘടനയുടെ സ്വാധീനത്തിനു വിധേയമാണ്. പക്ഷേ, ഇതിനെല്ലാം അസാധാരണമായ കരുത്ത് ലഭിക്കുന്നത് ഇന്ത്യൻ സാഹചര്യങ്ങളിലേക്ക് വിളക്കിച്ചേർത്തതുകൊണ്ടാണെന്നയാഥാർഥ്യം കാണാതിരുന്നുകൂടാ.

ഭരണഘടന അസംബ്ലിയിൽ പ്രവർത്തിക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമില്ലായിരുന്നെങ്കിലും ഹസ്രത്ത് മൊഹാനി ആമുഖത്തിന് അവതരിപ്പിച്ച ഭേദഗതി ചർച്ചകൾക്ക് വിഷയീഭവിച്ചു. യു.എ സ്.എസ്.ആറിനു സമാനമായി യൂണിയൻ ഓഫ് ഇന്ത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് (യു.ഐ.എസ്.ആർ.) എന്ന് മാറ്റം വരുത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഭേദഗതി’. എന്നാൽ, സോവിയറ്റ് യൂണിയന്റേതുപോലെ സോഷ്യലിസത്തിന്റെ ഭരണഘടനയല്ല നമ്മൾ അംഗീകരിച്ചതെന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. തന്റെ ഭേദഗതി മൊഹാനി വോട്ടിനിട്ടില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − twelve =

Most Popular