Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഅയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കു പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം

അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കു പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം

സി പി നാരായണൻ

നുവരി 22ന് അയോധ്യയിൽ ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമപ്രതിഷ്ഠ നടത്തിയതോടെ അവസാനിക്കുന്നില്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും രാമനെ ചൊല്ലിയുള്ള പ്രചരണം. അത് ആരംഭിക്കുന്നതേയുള്ളൂ. മാർച്ച് അവസാനംവരെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു– അയോധ്യയിലേക്കും തിരിച്ചും രാമഭക്ത സംഘങ്ങളുടെ യാത്രകൾ തുടർച്ചയായി നടക്കും. ലോക്-സഭാ തിരഞ്ഞെടുപ്പുവരെ രാജ്യത്തെ വോട്ടർമാരെ രാമഭക്തി പ്രചരണത്തിൽ മുഴുകിക്കാനാണ് ആർഎസ്എസ് –ബിജെപി നീക്കം.

ഇതു വെളിപ്പെടുത്തുന്ന വസ്തുത ഇതാണ്: സംഘപരിവാരത്തിന്റെയും നരേന്ദ്രമോദി ഉൾപ്പെടെയുള്ള മന്ത്രിമാരുടെയും രാമഭക്തി പ്രകടനമൊക്കെ ജനങ്ങളുടെ വോട്ടുപിടിക്കാനുള്ള അടവ് മാത്രമാണ്. അവർക്ക് യഥാർഥത്തിൽ ഭക്തി ഉണ്ടായിരുന്നെങ്കിൽ പണി പൂർത്തിയാകാത്ത ഗർഭഗൃഹത്തിൽ (ശ്രീലകത്തിൽ) രാമപ്രതിഷ്ഠ നടത്തുമായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശങ്കരാചാര്യന്മാർ അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങിൽ നിന്നു വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചത്. പരമ്പരാഗത വിശ്വാസത്തെ തള്ളിക്കളഞ്ഞ് മോദിയും സംഘപരിവാരവും തങ്ങളുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കായി രാമപ്രതിഷ്ഠയെ പ്രയോജനപ്പെടുത്തുകയാണ്. രാമക്ഷേത്ര നിർമാണം അടുത്തവർഷം (2025) ഡിസംബറിൽ മാത്രമേ പൂർത്തിയാകുകയുള്ളൂ എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. പിന്നെ എന്തിന് ധൃതികൂട്ടി പ്രധാനമന്ത്രി മോദി തന്നെ അയോധ്യയിൽ രാമപ്രതിഷ്ഠ നടത്തുന്നതിനു മുൻ കെെയെടുത്തു? അതിനു സകല മാധ്യമങ്ങളിലും എന്തിനു വൻപ്രചരണം നൽകി? അവിടേക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു പതിനായിരക്കണക്കിനു സംഘപരിവാരത്തെ മാർച്ച് അവസാനംവരെ കൊട്ടും കുരവയുമായി എന്തിനു ദിവസേന കൊണ്ടുവരുന്നു? ഉത്തരം ഇതാണ്: തിരഞ്ഞെടുപ്പു വരെ ‘രാമജ്വരം’ നിലനിർത്താൻ തന്നെ!

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്ര ഭരണം കയ്യാളിയിട്ട് പത്തുവർഷം തികയും അടുത്ത മെയ് മാസത്തിൽ. ഇൗ കാലയളവിൽ, വിശേഷിച്ച് 2019ലെ തിരഞ്ഞെടുപ്പിനുശേഷം ഇതുവരെ മോദി വാഴ്ച രാജ്യത്തിനായി എന്തെല്ലാം നേടി? മോദി മന്ത്രിസഭയുടെ നേട്ടകോട്ടങ്ങളുടെ ബാലൻസ് ഷീറ്റ് എന്താണ്? ഇതിനെക്കുറിച്ചൊന്നും അവർക്ക് പറയാനില്ല. പ്രതിപക്ഷം ആ ബാലൻസ് ഷീറ്റ് അവതരിപ്പിച്ചാൽ തിരിച്ചുപറയാൻ മോദിക്കും സംഘപരിവാരത്തിനും വസ്തുനിഷ്ഠമായി ഒന്നും തന്നെയില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രചരണം ആരംഭിക്കുന്നതിനു മുമ്പുതന്നെ രാമക്ഷേത്ര പ്രതിഷ്ഠ നടത്തി എന്ന പ്രചരണം ബിജെപി തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത്. മാധ്യമങ്ങളെല്ലാം മോദിയുടെയും പരിവാരത്തിന്റെയും കൽപ്പനയും പരസ്യവും അനുസരിച്ച് ഈ പ്രചരണം മാത്രമായിരിക്കും ഏറിയ കൂറും നടത്തുക. അങ്ങനെ സംഘപ്രചാരണത്തിന്റെ ഓളപ്പാത്തിയിലേറി ഇത്തവണയും മോദിയും ബിജെപിയും തിരഞ്ഞെടുപ്പിനെ അതിജീവിക്കാനാണ് നീക്കം. അതാണ് ഇതുവരെയുള്ള ആർഎസ്എസ്– ബിജെപി പരിവാരപ്രചരണം വെളിവാക്കുന്നത്.

അടിയന്തരാവസ്ഥക്കുശേഷം ജനസംഘത്തിന്റെ പുനഃസംഘടിത രൂപമായി രംഗപ്രവേശം നടത്തിയ ബിജെപിയാണ് 1980കളിൽ ബാബറി മസ്ജിദ് നിലനിന്ന സ്ഥലമായിരുന്നു രാമന്റെ ജന്മസ്ഥലം എന്നു അവകാശപ്പെട്ടതു അതൊരു രാഷ്ട്രീയ ആയുധമാക്കിയതും. അതിന്റെ ഭാഗമായിട്ടായിരുന്നു 1992ൽ ബിജെപിയുടെ ഉന്നതനേതാക്കളുടെ കാർമികത്വത്തിൽ ഒരു കൂട്ടം കർസേവകർ മസ്ജിദ് തകർത്തത്. ശേഷമുള്ള സംഭവവികാസം വിവരിക്കേണ്ടതില്ലല്ലോ!

ഇത് ഇവിടെ സൂചിപ്പിച്ചത്, ആർഎസ്-എസ്–ബിജെപി രാഷ്ട്രീയത്തിന്റെ വളർച്ചക്കും അധികാരം പിടിച്ചെടുക്കുന്നതിനും ജനപിന്തുണ നേടാനുമായാണ് രാമന്റെ പേരും ക്ഷേത്രനിർമാണവുമൊക്കെ ഉയർത്തിക്കൊണ്ടുവന്നത് എന്ന വസ്തുത ചൂണ്ടിക്കാണിക്കാനാണ്. ഇന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും കാലത്തൊക്കെ രാമായണം ഇതിഹാസമായിരുന്നു. അതിലെ ഒരു കഥാപാത്രം മാത്രമായിരുന്നു ശ്രീരാമൻ. മഹാത്മാഗാന്ധി ഉൾപ്പെടെ പല തരത്തിലുള്ള രാമഭക്തർക്കിടയിൽ രാമൻ ഒരു പുരാണ കഥാപാത്രമായിരുന്നു അല്ലെങ്കിൽ മാതൃകാപുരുഷനായിരുന്നു. ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് തളച്ചിടേണ്ട മൂർത്തിയായിരുന്നില്ല അവർക്ക് രാമൻ. പകരം ഒരു ആദർശപുരുഷനായിരുന്നു, വഴികാട്ടിയായിരുന്നു, മാതൃകയായിരുന്നു. അവരുടെ മനസ്സിലായിരുന്നു മറ്റെവിടെത്തേയുംകാൾ രാമനു സ്ഥാനം.

ആർഎസ്എസും പരിവാരവും ചെയ്തത് ആ രാമനെ ജനമനസ്സുകളിൽ നിന്നു അടിച്ചിറക്കി അയോധ്യയിലെ ക്ഷേത്രത്തിൽ ഒതുക്കുകയാണ്. കേരളത്തിൽ തൃപ്രയാർ ക്ഷേത്രത്തിൽ എന്നപോലെ പല ക്ഷേത്രങ്ങളിലും രാമപ്രതിഷ്ഠകളുണ്ട്. മഹാത്മാഗാന്ധിയെ പോലുള്ളവർ പരാമർശ വിഷയമാക്കിയത‍് അത്തരം പ്രതിമകളെയല്ല; പിന്നെയോ ഇതിഹാസങ്ങളിലൂടെ രൂപപ്പെട്ടുവന്ന ഒരു ആദർശപുരുഷനെയായിരുന്നു. ഗാന്ധി സ്ഥിരമായി പ്രചരിപ്പിച്ചുവന്ന നാലുവരി പ്രാർഥനയിൽ രാമനുണ്ട്, ഈശ്വരനുണ്ട്, അള്ളായുമുണ്ട്. അത് സംഘപരിവാരം ചിത്രീകരിക്കുന്ന രാമനിൽനിന്ന് ഏറെ വ്യത്യസ്തനാണ്.

പാർലമെന്ററി ജനാധിപത്യ പ്രക്രിയയിൽ ഭരണത്തിലുള്ള കക്ഷി തങ്ങളുടെ കാലാവധി പൂർത്തിയാക്കി വീണ്ടും ജനവിധി തേടുമ്പോൾ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണകാലത്ത് ജനങ്ങൾക്കായി എന്തു നേട്ടമുണ്ടാക്കി, അതിന്റെ തുടർച്ചയായി എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നാണ് അവരോട് തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി വിശദീകരിക്കുക പതിവ്. എന്നാൽ, മോദിയുടെ നേതൃത്വത്തിൽ അതല്ല ബിജെപി ചെയ്യാൻ ഉദ്ദേശിക്കുന്നതായി വാർത്ത വരുന്നത്. മോദിയും സഹപ്രവർത്തകരും രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്തി അതിന്റെ തുടർച്ചയായി അതതിടത്തെ ജനങ്ങളെ സമീപിച്ച് വോട്ട് അഭ്യർഥിക്കും. അതിന്റെ സൂചനയായിരുന്നു മോദിയുടെ ഗുരുവായൂർ–തൃപ്രയാർ ക്ഷേത്ര ദർശനങ്ങൾ.

ബിജെപിക്കാരും അനുഭാവികളുമായ കുടുംബങ്ങളുടെ നിരവധി സംഘങ്ങളെ അയോധ്യരാമക്ഷേത്രം ദർശിക്കാൻ നിയോഗിക്കും. അതിന്റെ ഭാഗമായി അവർ രാജ്യത്തെ ഒാരോരോ പ്രദേശത്തെ ക്ഷേത്രങ്ങളെയും ജനങ്ങളെയും സന്ദർശിക്കും. രാമന്റെ (ദെെവത്തിന്റെ) പേരിൽ അതത് പ്രദേശവാസികളോട് വോട്ട് ചോദിക്കും. അങ്ങനെ രാജ്യത്താകെ രാമഭക്തിയുടെ ഒാളങ്ങൾ സൃഷ്ടിക്കും. അതിലൂടെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന് അവർ കരുതുന്നു.

ഇതിൽ നിന്നു വെളിവാകുന്ന ഒരു വസ്തുതയുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുപ്പു പ്രചരണം നടത്താൻ ബിജെപി താൽപ്പര്യപ്പെടുന്നില്ല. മോദി സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ രാജ്യത്തിനും ജനങ്ങൾക്കും എന്തുനേട്ടമുണ്ടാക്കി എന്നു വിശദീകരിക്കാൻ അവർ തയ്യാറല്ല; അതിനവർക്ക് കഴിയുകയുമില്ല. അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ വിധിയെഴുത്ത് നടത്തരുത് എന്നതാണ് അവരുടെ നിലപാട്.

ജനാധിപത്യവ്യവസ്ഥയിൽ തിരഞ്ഞെടുപ്പു വേളയിൽ ഓരോ പാർട്ടിയുടെയും സ്ഥാനാർഥിയുടെയും ലക്ഷ്യങ്ങളും വാഗ്ദാനങ്ങളും, നേട്ടങ്ങളും കോട്ടങ്ങളുമാണ് അവതരിപ്പിക്കപ്പെടുക. ജനങ്ങളുടെ അങ്ങനെയൊരു വിലയിരുത്തലിനു ബിജെപി എന്ന പാർട്ടിയും അതിന്റെ നേതാക്കളും സന്നദ്ധരല്ല.

അയോധ്യയിൽ രാമക്ഷേത്രം കെട്ടാതിരുന്നതുകൊണ്ടല്ല രാജ്യത്തെ ജനങ്ങളിൽ വലിയ വിഭാഗത്തിനു അടിസ്ഥാനാവശ്യങ്ങൾ കെെവരിക്കാൻ കഴിയാതിരിക്കുന്നത്. ഭരണാധികാരികൾ തമ്മിലുള്ള അധികാര മത്സരവും യുദ്ധവും മൂലവും തുടർന്നു വിദേശ ശക്തികൾ വന്നു ഇടപെട്ട് അധികാരം കെെക്കലാക്കി ജനങ്ങളെ കൊടുംചൂഷണത്തിനു വിധേയരാക്കിയതുമൂലവും ആണ് അതുണ്ടായത്. അവയ്ക്കെതിരായി ജനങ്ങൾ സംഘടിച്ച് സമരം ചെയ്താണ് സ്വാതന്ത്ര്യം നേടിയത്. രാജ്യത്തെ കൃഷിയും വ്യവസായവും ഉൾപ്പെടെയുള്ള തൊഴിൽ മേഖലകൾ വേണ്ടത്ര വികസിക്കാത്തതുകൊണ്ടും സൃഷ്ടിക്കപ്പെടുന്ന സമ്പത്ത് നീതിപൂർവം ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാതെ ഒരുപിടി ഭൂപ്രഭുക്കളും വ്യവസായികളും വ്യാപാരികളും മറ്റും കയ്യടക്കിയതുകൊണ്ടുമാണ് രാജ്യം ഇന്നത്തെ സ്ഥിതിയിൽ എത്തിയത്.

അത് സംബന്ധമായ കുറവുകളും ന്യൂനതകളും പരിഹരിക്കുന്നതിനു സർക്കാരിനു വ്യക്തമായ ഒരു നയപരിപാടി വേണം. അത് ഇച്ഛാശക്-തിയോടെ നടപ്പാക്കാനുള്ള പ്രതിബദ്ധത വേണം. ഈ വകകാര്യങ്ങളിൽനിന്നു ജനശ്രദ്ധ തിരിച്ചുവിട്ട് ചുളുവിൽ അവരുടെ വോട്ട് നേടാനാണ് ബിജെപി രാമക്ഷേത്ര നിർമാണവും മറ്റും ഇപ്പോൾ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − eleven =

Most Popular