ഗാന്ധിവധത്തിനും 1949ൽ ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം ഒളിച്ചുകടത്തിയതിനും ശേഷം പിന്നീടങ്ങോട്ടുള്ള ഏതാനും ദശകക്കാലം പിന്നണിയിൽ നിന്നു ചരടുവലിച്ച ആർഎസ്എസ് അവരുടെ തീവ്ര ദേശീയവാദ ഹിന്ദുത്വ പ്രവർത്തനം വീണ്ടും സജീവമാക്കുന്നത് 1980കളിലാണ്. 1980കളുടെ മധ്യത്തോടെ വിഎച്ച്പി അയോധ്യ പ്രശ്നം വീണ്ടും സജീവ ചർച്ചാ വിഷയമാക്കി ഉയർത്താൻ ശ്രമം തുടങ്ങി. അയോധ്യാ പ്രശ്നത്തെ തന്ത്രപരമായി ഉപയോഗപ്പെടുത്താനും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും സാധിക്കുമെന്ന് മനസ്സിലാക്കിയ ബിജെപിയും സംഘപരിവാറും ശക്തമായി അതിൽ കടിച്ചുതൂങ്ങി. തൽഫലമായി, 1984ൽ കേവലം 2 സീറ്റുകൾ മാത്രം ലഭിച്ച ബിജെപിക്ക് 1989ലെ പൊതു തിരഞ്ഞെടുപ്പിൽ 85 സീറ്റ് ലഭിക്കുകയുണ്ടായി. അധികാരത്തിലേക്കുള്ള പടവുകൾ എളുപ്പവഴിയിൽ കയറാൻ ഒന്നിച്ചു നിൽക്കുന്ന ജനതയ്ക്കിടയിൽ ഭിന്നിപ്പുണ്ടാക്കണമെന്നും അതിന് തങ്ങളുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയം കൂടുതൽ ശക്തമാക്കണമെന്നും ആ പ്രവർത്തനത്തിൽ അയോധ്യാ പ്രശ്നത്തിന് വലിയ സംഭാവന നൽകാനാവുമെന്നും സംഘപരിവാറും ബിജെപിയും ഉറപ്പിച്ചു. അങ്ങനെ രാമനെ കൂട്ടുപിടിച്ചുകൊണ്ട് അവർ വെറുപ്പിന്റെ രാഷ്ട്രീയം കൂടുതൽ ശക്തമാക്കി.
അയോധ്യാ പ്രശ്നം എത്രത്തോളം ഉയർത്തിയോ അത്രത്തോളം ബിജെപിക്ക് അധികാരത്തിലേക്കുള്ള പാത വെട്ടിത്തുറക്കപ്പെട്ടു എന്ന് പിന്നീടങ്ങോട്ടുള്ള പൊതുതിരഞ്ഞെടുപ്പ് -ഫലങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. പിന്നീടൊരിക്കലും മുൻകാലത്തെപോലെ ഗണ്യമായൊരു പിന്നോട്ടുപോക്ക് ബിജെപിക്ക് നേരിടേണ്ടിവന്നിട്ടില്ല. പട്ടിക കാണുക.
1989ലെ പൊതു തിരഞ്ഞെടുപ്പിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക പ്രാധാന്യമുണ്ടായിരുന്നു. രാജീവ് ഗാന്ധി ബൊഫോഴ്സ് അഴിമതിക്കേസിൽ വലിയതോതിൽ ആരോപണം നേരിട്ടിരുന്ന കാലം. അന്നത്തെ കോൺഗ്രസ് നയത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും പുറത്തുപോകുകയും ജനതാദൾ എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്ത വി പി സിങ് പൊതുതിരഞ്ഞെടുപ്പിൽ മുൻതൂക്കം നേടിയെങ്കിലും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അപ്പോഴാണ് 85 സീറ്റുകൾ നേടിയ ബിജെപി വി പി സിങ് ഗവൺമെന്റിനെ പിന്തുണയ്ക്കാൻ തയ്യാറായത്. അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐ എം അടക്കമുള്ള പാർട്ടികളും വി പി സിങ്ങിനെ പിന്താങ്ങാൻ തയ്യാറായി. അങ്ങനെ ജനതാദളിന്റെ നേതൃത്വത്തിൽ ദേശീയ മുന്നണി അധികാരത്തിൽ വന്നു. എന്നാൽ വി പി സിങ് മന്ത്രിസഭയെ പിന്താങ്ങുമ്പോൾ ബിജെപിക്ക് അതിന്റേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ‘അയോധ്യയിൽ രാമക്ഷേത്രം’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് എൽ കെ അദ്വാനി നടത്തിയ രഥയാത്ര രാജ്യത്തെമ്പാടും കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ചു. അനേകം നഗരങ്ങളിൽ വർഗീയ ലഹളകൾ വരെ നടന്നു. രഥയാത്ര അയോധ്യയിലെത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മനസ്സിലാക്കിയ വി പി സിങ് ഗവൺമെന്റ് രഥയാത്ര അയോധ്യയിലെത്തും മുൻപെ അദ്വാനിയെ അറസ്റ്റുചെയ്തു. എന്നിട്ടും യുപിയിലേക്കും പ്രത്യേകിച്ചും അയോധ്യ സ്ഥിതിചെയ്യുന്ന ഫെെസാബാദ് ജില്ലയിലേക്കും ബലമായി കടക്കാൻ ശ്രമിച്ച കർസേവകരും പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 12 പേർ കൊല്ലപ്പെട്ടു; അങ്ങനെ ഹിന്ദു തീവ്രദേശീയവാദികളുടെ പ്രസ്ഥാനത്തിന് ആദ്യമായി രക്തസാക്ഷികളുണ്ടായി! അദ്വാനി അറസ്റ്റു ചെയ്യപ്പെട്ട ഉടനടി തന്നെ വി പി സിങ് ഗവൺമെന്റിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു. തുടർന്ന് 1991ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുനില 85ൽനിന്ന് 119 ആയി ഉയർന്നു.
1992 ഡിസംബർ 6ന് സംഘപരിവാർ തീവ്രവാദികൾ ബാബറി മസ്ജിദ് പൊളിച്ചപ്പോൾ ആക്ടിവിസത്തിന്റെ ഭാഗമായി സ്വാഭാവികമായും സംഭവിച്ചതാണത് എന്നായിരുന്നു ബിജെപിയുടെ വാദം. എന്നാൽ അക്കാലത്ത് യുപി ഭരിച്ചിരുന്ന ബിജെപി ഈ പൊളിക്കലിനു വേണ്ട എല്ലാ വിധ ആസൂത്രണ പ്രവർത്തനങ്ങളും നടത്തിയിരുന്നുവന്നാണ് അനേ-്വഷണ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 1996 ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 160 സീറ്റ് നേടാൻ കഴിഞ്ഞുവെങ്കിലും ഗവൺമെന്റ് രൂപീകരിക്കാനായില്ല. പിൽക്കാലത്ത് വാജ്പേയ് സർക്കാരും ഒന്നാം മോദി സർക്കാരും ഇപ്പോൾ രണ്ടാം മോദി സർക്കാരും അധികാരത്തിൽ വന്നപ്പോഴെല്ലാം ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ആയുധം അയോധ്യയും രാമക്ഷേത്രവുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അധികാരം പിടിച്ചെടുക്കുന്നതിനും മതരാഷ്ട്രത്തിലേക്ക് നീങ്ങുന്നതിനും കോർപറേറ്റ് അജൻഡ ദ്രുതഗതിയിൽ നടപ്പാക്കുന്നതിനുമുള്ള ഫലപ്രദമായ ആയുധമാണ് ബിജെപിക്ക് അയോധ്യ. ♦
പൊതുതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പ്രകടനം 1984 –2009
വർഷം | 1984 | 1989 | 1991 | 1996 | 1998 | 1999 | 2004 | 2009 | 2014 | 2019 |
ലഭിച്ച സീറ്റുകളും വോട്ട് ശതമാനവും | 2 (7.4%) | 85 (11.4%) | 119 (20.1%) | 160 (20.29%) | 178 (25.59%) | 182 (23.75%) | 138 (22.16%) | 116 (18.84%) | 282 (31%) | 303 (37%) |
ഉറവിടം: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ