ബാബറി മസ്ജിദ് ധ്വംസനത്തിന് ഒരു വർഷം മുമ്പ് 1991ൽ ആനന്ദ് പട്-വർധൻ തയ്യാറാക്കിയ ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി അയോധ്യാ സംഭവങ്ങളുടെ ചരിത്രവും വർത്തമാനവും രാഷ്ട്രീയവും വസ്തുതാനേ-്വഷണത്തിലൂടെ വെളിച്ചത്തുകൊണ്ടുവന്നു. ഡോക്യുമെന്ററിയിൽനിന്നുള്ള ചില ഭാഗങ്ങൾ:
അയോധ്യയിൽ രാമന്റെ വിഗ്രഹം കൊണ്ടുവച്ചവരിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അഖില ഭാരതീയ രാമായൺ സമ്പ്രദായത്തിന്റെ തലവനും മുഖ്യ ട്രസ്റ്റിയുമായ മഹന്ദ് രാം സേവക്ദാസ് മഹാരാജ് ശാസ്ത്രി. അദ്ദേഹവുമായി നടത്തപ്പെട്ട അഭിമുഖത്തിൽനിന്ന്.
‘‘താങ്കളാണോ ഈ മേളങ്ങൾക്ക് മുൻകെെയെടുത്തത്? ഇതിന്റെ തീയതിയും സമയവും പറയാനാവുമോ?
മഹാരാജ് ശാസ്ത്രി : 1949 ഡിസംബർ 23ന്
ബാബറി പള്ളിക്കകത്ത് രാമൻ പ്രത്യക്ഷപ്പെട്ട ദിവസം, അന്നാണോ ഈ ഘോഷങ്ങളെല്ലാം ആരംഭിച്ചത്, നിങ്ങളിലൂടെ?
മഹാരാജ് ശാസ്ത്രി: അതേ
നിങ്ങളെ പിന്താങ്ങാൻ ഒരു സംഘാടകൻ ഉണ്ടായിരുന്നോ?
മഹാരാജ് ശാസ്ത്രി: മുഖ്യ ആൾ നായരായിരുന്നു.
ഇവിടെ ജില്ലാ മജിസ്-ട്രേറ്റ് ആയിരുന്ന കെ കെ നായർ?
മഹാരാജ് ശാസ്ത്രി: അതെ ഡിഎം (ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്)
1949 മുതൽ വിഗ്രഹങ്ങൾ പള്ളിയ്ക്കകത്തു തന്നെയായിരുന്നു. താങ്കളാണോ അതവിടെ സ്ഥാപിച്ചത്?
മഹാരാജ് ശാസ്ത്രി: എന്റെ കൂടെ വേറെയും ആളുകളുണ്ടായിരുന്നു.
വിഗ്രഹം പ്രതിഷ്ഠിക്കാൻ താങ്കൾക്കുണ്ടായ പ്രചോദനം?
മഹാരാജ് ശാസ്ത്രി: ദെെവം ഒരു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു.
(അഭിമുഖക്കാരൻ തമാശ രൂപേണ കൂട്ടിച്ചേർക്കുന്നു: വിഗ്രഹങ്ങൾ സ്ഥാപിച്ച് അദ്ദേഹം സ്വപ്നദർശനം നടപ്പാക്കി. ആ സ്വപ്നം കണ്ടത് അദ്ദേഹം മാത്രമല്ല; അഭിറാം ദാസ്, ദിഗ്-വിജയ് നാഥ്, രാം ശുഭക് ദാസ് – ഇവർക്കും ഇതേ സ്വപ്നമുണ്ടായി! മഹന്ത് ശാസ്ത്രിജിയാണ് വിഗ്രഹങ്ങൾ സ്ഥാപിച്ച മുഖ്യ പുരോഹിതൻ. വിഗ്രഹങ്ങൾ സ്ഥാപിച്ചത് ഇദ്ദേഹമാണെന്ന് ജനങ്ങൾക്കറിയില്ല. രേഖകളിൽ ഉണ്ട്. അദ്ദേഹത്തിന് വാറന്റ് അയച്ചിരുന്നു. ഞാനതിന്റെ കോപ്പി കാണിച്ചുതരാം).
എങ്ങനെയാണ് താങ്കൾ ജയിലിൽനിന്നും പുറത്തുവന്നത്?
മഹാരാജ് ശാസ്ത്രി: കോടതിയിൽ കേസ് വന്നപ്പോൾ ജാമ്യമെടുത്തു. നായർ ഉത്തരവിട്ടു, കേസ് തീരുംവരെ ഞങ്ങളെ വിട്ടയയ്ക്കണമെന്ന്. എന്റെ പ്രഥമ ലക്ഷ്യം രാമഭഗവാനെ അവിടെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു. അത് ഞാൻ കെെവരിച്ചു. ഇപ്പോൾ ഞാനതു പറഞ്ഞാൽ ഗവൺമെന്റ് എന്നെ അറസ്റ്റു ചെയ്തേക്കും. അതുകൊണ്ട് ഞാൻ നിശബ്ദനായിരിക്കുന്നു.
അതേസമയം പഴയ പള്ളിയിലെ 84കാരനായ ഇമാമും അദ്ദേഹത്തിന്റെ മകനും ആ സംഭവം ഓർക്കുന്നു.
മകൻ: ‘‘1949ലെ ആ രാത്രിയിൽ എന്റെ അച്ഛൻ ഹാജി അബ്ദുൾ ഖാദർ, വെെകുന്നേരത്തെ നിസ്കാരവും കഴിഞ്ഞാണ് മടങ്ങിയെത്തിയത്. പിറ്റേന്ന് വെള്ളിയാഴ്ച കാലത്ത് അദ്ദേഹം വീണ്ടും പ്രാർത്ഥനയ്ക്ക് പോകേണ്ടതായിരുന്നു. രാത്രിയിൽ പള്ളിയിൽത്തന്നെ താമസിക്കുന്ന മുസല്യാർ വന്നു പറഞ്ഞു, ചില ഹിന്ദുക്കൾ പള്ളിയിൽ വിഗ്രഹങ്ങൾകൊണ്ടു സ്ഥാപിച്ചുവെന്ന്. ബാപ്പ അതു നോക്കാൻ അവിടെ ചെന്നപ്പോൾ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു: ‘‘ഈ വെള്ളിയാഴ്ച മറ്റെവിടെയെങ്കിലും പ്രാർഥന സംഘടിപ്പിക്കൂ. ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു; ഏതാനും വെള്ളിയാഴ്ചകൾക്കകം നിങ്ങൾക്ക് ഈ പള്ളിയിൽത്തന്നെ നിസ്കാരം നടത്താം’’ – ‘‘ആ വരുന്ന വെള്ളിയാഴ്ചയ്ക്കുവേണ്ടി അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നു’’. ♦
രാമജന്മഭൂമി തർക്ക സ്ഥലത്ത് കോടതി നിയോഗിച്ച പുരോഹിതനാണ് അവിടത്തെ പൂജാരിയായ ബാബ ലാൽ ദാസ്.
അദ്ദേഹത്തിന്റെ വാക്കുകൾ:
‘‘ഞാനാണ് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ. പത്തുവർഷമായി ഇവിടത്തെ കാര്യങ്ങൾ നോക്കുന്നു.’’
ഇവിടെ ക്ഷേത്രം നിർമിക്കാനുള്ള വിശ്വഹിന്ദുപരിഷത്തിന്റെ പദ്ധതിയെക്കുറിച്ച് എന്തുപറയുന്നു?
ലാൽദാസ്: ‘‘അതൊരു രാഷ്ട്രീയക്കളിയാണ്. വിശ്വഹിന്ദു പരിഷത്ത് കളിക്കുന്ന കളി.ഒരു ക്ഷേത്രം പണിയാൻ ഇവിടെ ഒരിക്കലും നിരോധനം ഉണ്ടായിരുന്നില്ല. കൂടാതെ ഞങ്ങളുടെ ആചാരമനുസരിച്ച് എവിടെ ദെെവത്തിന്റെ വിഗ്രഹമുണ്ടൊ അതൊക്കെ ക്ഷേത്രമാണ്. അതാണ് ഹിന്ദു ആചാരം. അങ്ങനെയുള്ള ഏതു കെട്ടിടവും ക്ഷേത്രമായി കണക്കാക്കുന്നു. അവർക്ക് ഒറ്റയ്ക്കൊരു ക്ഷേത്രം വേണമെന്നുണ്ടെങ്കിൽത്തന്നെ ഇതിനകം തന്നെ വിഗ്രഹങ്ങൾ നിലനിൽക്കുന്ന ഒരു സ്ഥലം തകർക്കുന്നതെന്തിന്? അതുചെയ്യാൻ ആഗ്രഹിക്കുന്നവർ യഥാർഥത്തിൽ ആഗ്രഹിക്കുന്നത് ഇന്ത്യമുഴുവൻ സംഘർഷമുണ്ടാക്കാനാണ്. ഹിന്ദു വോട്ട് കീശയിലാക്കാനുള്ള തന്ത്രമാണിത്. അതിന്റെ ഭാഗമായി സംഭവിക്കുന്ന വംശഹത്യയെപ്പറ്റി അവർക്ക് ഉൽക്കണ്ഠയില്ല. എന്തൊക്കെ നശിച്ചു. ഇനി എത്ര പേർ മരിക്കും? മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഹിന്ദുക്കൾക്ക് എന്തു സംഭവിക്കും?
‘‘1949 മുതലിങ്ങോട്ട് ഒരു മുസ്ലീമും ഇവിടെ കുഴപ്പമുണ്ടാക്കിയിട്ടില്ല. പക്ഷേ ‘‘ബാബറുടെ സന്തതിപരമ്പര അവരുടെ ചോരകൊണ്ട് പിഴയൊടുക്കണം’’ എന്ന വിധത്തിൽ ഇക്കൂട്ടർ ശബ്ദമുയർത്താൻ തുടങ്ങിയപ്പോൾ രാജ്യത്തെയാകമാനം കലാപങ്ങൾ വിഴുങ്ങി. ആയിരങ്ങൾ കൊല്ലപ്പെട്ടു. അവരുണ്ടാക്കിയ സംഘർഷത്തെക്കുറിച്ച് എന്നിട്ടും അവർക്ക് ഒരു പശ്ചാത്താപവുമില്ല. ഇതുവരെ നമ്മുടെ രാജ്യത്ത് ഹിന്ദു മുസ്ലീം മെെത്രി നിലനിന്നിരുന്നു. മുസ്ലീം ഭരണാധികാരികൾ അമ്പലങ്ങൾ പണിയാൻ ഭൂമി വിട്ടുകൊടുത്തിരുന്നു. ജാനകീഘാട്ടും ഹനുമാൻ ഘാട്ടിന്റെ പല ഭാഗങ്ങളും മുസ്ലീങ്ങൾ നിർമിച്ചതാണ്. മുസ്ലീം ഭരണാധികാരികൾ ഈ സ്വത്തൊക്കെ ക്ഷേത്രത്തിനു വിട്ടുകൊടുത്തു. കൂടാതെ അമീർ അലിയും ബാബാ രാംചരൺ ദാസും ഹിന്ദു–മുസ്ലീം മെെത്രിക്കായി ഒരു കരാറുണ്ടാക്കി. ജന്മഭൂമി രണ്ടായി തിരിച്ച് ഒരു ഭാഗത്ത് മുസ്ലീങ്ങൾക്ക് പ്രാർഥിക്കാം. മറുഭാഗത്ത് ഹിന്ദുക്കൾക്ക് ആരാധന നടത്താം. ഇപ്പോൾ ഈ അധ്വാനമൊക്കെ വെറുതെയായി.’’
(10 വർഷത്തോളം തർക്കസ്ഥലത്തെ ക്ഷേത്രപൂജാരിയായിരുന്ന ലാൽദാസിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു). ♦