Saturday, November 23, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഹിന്ദു ടെലിവാഞ്ചലിസം

ഹിന്ദു ടെലിവാഞ്ചലിസം

ടെലിവിഷന്റെ ഉള്‍പ്പെടുത്തലും ഒഴിവാക്കലും എന്ന പ്രക്രിയ സൂക്ഷ്മ നിരീക്ഷണം ആവശ്യപ്പെടുന്ന ഒന്നാണ്. ഒരുദാഹരണം നോക്കുക. 1984ല്‍ ഇന്ദിരാഗാന്ധി ദാരുണമായി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി അവരുടെ മൃതദേഹവും അനുശോചനങ്ങളും വിലാപങ്ങളും മാത്രം പ്രദര്‍ശിപ്പിച്ച ദൂരദര്‍ശന്‍ (ഇന്ത്യയില്‍ കളര്‍ ടെലിവിഷന്‍ വന്ന കാലം, മറ്റ് ചാനലുകളൊന്നും തുടങ്ങിയിട്ടുമില്ല) ദില്ലിയിലെ ഗലികളിലും കോളനികളിലും ആയിരക്കണക്കിന് സിക്കുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതും ബലാത്സംഗം ചെയ്യപ്പെട്ടതും മറച്ചുവെക്കുകയും ചെയ്തു. പില്‍ക്കാലത്ത്, സംഘപരിവാറിന് ടെലിവിഷന്‍ പ്രധാന പ്രചാരണായുധവും കളിസ്ഥലവുമാകുന്നതിന് ഈ വിജയം പ്രേരകമായിട്ടുണ്ട്‌.

രാഷ്ട്രീയം എപ്രകാരമാണ് സങ്കല്‍പിക്കപ്പെടുന്നത്, പ്രയോഗിക്കപ്പെടുന്നത്, മനസ്സിലാക്കപ്പെടുന്നത് എന്നീ പരിതോവസ്ഥകളെ മാധ്യമങ്ങള്‍ വിശേഷിച്ച് ടെലിവിഷന്‍ മാറ്റിമറിച്ചു. തുറന്ന കമ്പോളം പോലുള്ള നവലിബറല്‍ പരിഷ്‌കാരങ്ങളും വാര്‍ത്താവിനിമയത്തിന്റെ വ്യാപനവും ചേര്‍ന്നു രൂപീകരിച്ച പുതിയ കാലത്തിന്റെ ഗുണഭോക്താക്കളായ രാഷ്ട്രീയ ശക്തികളേതൊക്കെ എന്നത് സൂക്ഷ്മമായി പഠനവിധേയമാക്കേണ്ടതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസാണ് നവലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ മുഖ്യ പ്രചാരകരും പ്രയോക്താക്കളുമെങ്കിലും, തീവ്രവലതുപക്ഷമായ ഹിന്ദുത്വ ശക്തികള്‍ക്കാണ് ഇതിന്റെ പ്രത്യക്ഷഗുണം സിദ്ധിച്ചത്. സാമൂഹിക അബോധത്തില്‍ ശക്തിമത്തായി നിലനിന്നു പോന്ന ഹിന്ദു-സവര്‍ണ-ആര്യന്‍ മിത്തുകളുടെ ടെലിവൈസ്ഡ് വ്യാഖ്യാനങ്ങള്‍ക്കായിരുന്നു ഇന്ത്യന്‍ ടെലിവിഷനെ മുഖ്യമായും ഉപയോഗപ്പെടുത്തപ്പെട്ടത്. പ്രധാനമായും ടെലിവിഷനിലൂടെ പരിചയപ്പെടുന്ന പുതിയ ഫാഷനബിള്‍ ഉത്പന്നങ്ങള്‍ വ്യാപകമായി ഉപഭോഗം ചെയ്യാനുള്ള ‘സ്വാതന്ത്ര്യം’ ലഭ്യമായതില്‍ മധ്യവര്‍ഗം തുള്ളിച്ചാടുകയായിരുന്നു. ഈ കുമിളവത്കരണമാകട്ടെ, വികസനോന്മുഖമായ ഭരണാവസ്ഥയുടെ തുടര്‍ച്ചയായി കുത്തകകള്‍ കൊണ്ടാടുകയും ചെയ്തു. ദരിദ്രവും വികസ്വരവുമായ ഇന്ത്യന്‍ സാമ്പത്തികാവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടലിനും പൊതുമേഖലയ്ക്കുമാണ് മുഖ്യപങ്കു വഹിക്കാനുള്ളതെന്ന ബോധ്യമാണ് സ്വകാര്യമുതലാളിമാര്‍ക്കു വരെ ഉണ്ടായിരുന്നത്. ഈ പരിഗണനയും മുന്‍ഗണനയും അപ്രസക്തമായി എന്ന് വ്യാപകമായി കൊട്ടിഘോഷിക്കപ്പെട്ടു. ദൂരദര്‍ശനെ അപ്രസക്തമാക്കിക്കൊണ്ട് ഉപഗ്രഹചാനലുകളും കേബിള്‍ ശൃംഖലകളും ഡിടിഎച്ചും വ്യാപകമാകുന്നതും ഈ അന്തരീക്ഷത്തിലാണ്.

ജനാധിപത്യ മൂല്യങ്ങളെതിനേക്കാള്‍, സമഗ്രാധിപത്യപരമായതും അതേസമയം ജനപ്രിയവുമായ ഒരു രാഷ്ട്രീയത്തെ പ്രയോഗവത്കരിക്കാന്‍, ടെലിവിഷനനന്തരകാലത്ത് സംഘപരിവാറിന് സാധ്യമായി. രാമായണം, മഹാഭാരതം എന്നീ സീരിയലുകള്‍, ബാബറി മസ്ജിദ് തകര്‍ത്തത്, ബിജെപിയുടെ മുന്നണി രൂപീകരണവും അധികാരാരോഹണവും, ഗുജറാത്ത് വംശഹത്യ, നരേന്ദ്രമോദിയെ വികസന നായകന്‍ എന്ന് വാഴ്ത്തല്‍ തുടങ്ങി തുടര്‍ച്ചയായ എപ്പിസോഡുകളിലൂടെ നെഹ്‌റുവിയന്‍ എന്നു വിളിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പൊതുബോധത്തെ കീഴ്‌മേല്‍ മറിക്കാന്‍ സംഘപരിവാറിന് ടെലിവിഷന്‍ മുഖ്യ പിന്തുണയര്‍പ്പിച്ചു. കൂടുതല്‍ പതുക്കെയുള്ള ആശയപ്രചാരണത്തിലൂടെ കാലങ്ങള്‍ കൊണ്ട് സാധ്യമാവുമായിരുന്ന രാഷ്ട്രീയവിജയങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സാക്ഷാത്കരിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞത് ടെലിവിഷന്റെ ഇടപെടലും സാന്നിധ്യവും കൊണ്ടാണ്.

1987 ജനുവരിയില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ടെലിവിഷനായ ദൂരദര്‍ശന്‍, രാമായണം എന്ന ഹിന്ദു പുരാണ കഥ സീരിയലായി ദേശീയ പ്രേക്ഷകര്‍ക്കു മുമ്പില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങി. ഇന്ത്യന്‍ രാഷ്ട്ര നിര്‍മാണത്തിന്റെ ദശകങ്ങളായി നിലനിന്ന മതനിരപേക്ഷ കീഴ്‌വഴക്കങ്ങള്‍ നഗ്നമായി ലംഘിക്കപ്പെട്ട നിര്‍ണായക കാലമായിരുന്നു അത്. ജനങ്ങള്‍ വിചാരിച്ചത്, മറഞ്ഞുപോയ സുവര്‍ണകാലത്തെക്കുറിച്ചുള്ള മഹത്വവല്‍ക്കരിക്കപ്പെട്ട ഒരാഖ്യാനം തങ്ങള്‍ക്കു മുമ്പില്‍ നിവരുന്നു എന്നായിരുന്നു. പക്ഷേ, സത്യത്തിലുണ്ടായത്; ഹിന്ദു ദേശീയവാദികള്‍, നവ ലിബറല്‍ പരിഷ്‌കാരങ്ങളുടെയും ആഗോളവത്കരണത്തിന്റെയും പ്രത്യക്ഷഫലങ്ങളെ ആശ്ലേഷിക്കുന്ന രാഷ്ട്രീയ-, സാമ്പത്തിക-, സാംസ്‌കാരിക സംയുക്ത മുന്നണിയുടെ പ്രവര്‍ത്തനമികവായിരുന്നു. എല്ലാവരും ഉള്‍പ്പെടുന്നു(ഇന്‍ക്ലൂസീവ്) എന്നു കരുതാവുന്നതും അതേ സമയം അങ്ങേയറ്റം സമഗ്രാധിപത്യപരവുമായ സാധ്യതകളിലേക്ക് രാഷ്ട്രീയം മാറിത്തീരുകയായിരുന്നു. ഇതിന്റെ സൂചനകളും പ്രത്യക്ഷങ്ങളുമാണ് ടെലിവിഷന്‍ എന്ന സാങ്കേതിക വിദ്യയുടെ വ്യാപനത്തിലൂടെ നിര്‍മ്മിക്കപ്പെട്ട മാധ്യമ ലോകം. സാമ്പത്തിക ഉദാരവത്കരണത്തിന്റെ ആശയവുമായി ഹിന്ദു ദേശീയതയ്ക്കുള്ള ബാന്ധവം നിഗൂഢമായ തലത്തിലാണ് ആദ്യം പ്രവര്‍ത്തിച്ചതെങ്കില്‍ പിന്നീട് അത് തികച്ചും പ്രകടമായി.

എല്ലാ ഞായറാഴ്ചകളിലും കാലത്ത് കോടിക്കണക്കിന് ഇന്ത്യന്‍ കാണികള്‍ ടെലിവിഷനു മുമ്പില്‍ ചടഞ്ഞുകൂടി. കുളിച്ച് കുറിയിട്ട് പ്രാര്‍ത്ഥനാ നിര്‍ഭരമായാണ് മിക്കവരും അന്ന് ടെലിവിഷന്‍ രാമായണം കണ്ടാസ്വദിച്ചത്. രാമരാജ്യം എന്ന ഭാവന അങ്ങനെ ടെലിവിഷനിലൂടെ ഇറങ്ങി വന്ന് ഇന്ത്യയുടെ ഭാവിയെ നിര്‍ണയിച്ചു.

ജനപ്രിയ ദൈവഭക്തിയും മതപരമായ ഉയിര്‍ത്തെഴുന്നേല്പും രാമായണ്‍ സീരിയല്‍ സാധ്യമാക്കി. ദൈവപ്രാര്‍ത്ഥനയുടെയും മതപരമായ ആരാധനയുടെയും രീതിയിലാണ് മിക്കവരും ഈ സീരിയലും പുറകെ വന്ന മഹാഭാരത് സീരിയലും കണ്ടത്. കൈകളില്‍ കാവിയും മറ്റ് വര്‍ണങ്ങളിലുമുള്ള ചരടുകള്‍ ജപിച്ച് കെട്ടുന്നവരുടെ എണ്ണം ലക്ഷക്കണക്കായി വര്‍ദ്ധിച്ചു. രാമജന്മഭൂമി മുസ്ലിങ്ങള്‍ പിടിച്ചെടുത്ത് പള്ളിയാക്കി മാറ്റി എന്ന ജനപ്രിയപ്രചാരണം വിപുലമാക്കിയതും ഈ സീരിയലിന്റെ പശ്ചാത്തലത്തിലാണ്. രാമജന്മഭൂമി പ്രക്ഷോഭം രാഷ്ട്രത്തിന്റെ മുഖ്യ വ്യവഹാരമായി മാറുകയും കോടതി വഴക്കുകളിലേക്കും പൊതുസ്ഥലങ്ങളിലെ ശക്തിപ്രകടനങ്ങളിലേയ്ക്കും പിന്നീട് പള്ളി പൊളിച്ചടുക്കുന്നതിലേയ്ക്കും ഇപ്പോള്‍ അമ്പലം പണിയുന്നതിലേയ്ക്കും വളര്‍ന്നു.

അരവിന്ദ് രാജഗോപാല്‍ എഴുതിയ പൊളിറ്റിക്‌സ് ആഫ്റ്റര്‍ ടെലിവിഷന്‍- റിലീജിയസ് നാഷണലിസം ആൻഡ് റീഷേപ്പിങ് ഓഫ് ദ ഇന്ത്യന്‍ പബ്ലിക് എന്ന പുസ്തകം(കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്- 2001), ടിവി രാമായണവും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റവും വിശദമായി പഠന വിധേയമാക്കി.

ഒരു വിരാട് (മഹാ) ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് രാമാനന്ദ് സാഗര്‍ (ടിവി രാമായണം നിര്‍മ്മാതാവ്/തിരക്കഥാകൃത്ത്/സംവിധായകന്‍) പറഞ്ഞത്, പഴയ നിധി കുംഭത്തിന്മേല്‍ ഉണ്ടായിരുന്ന പൊടിയഴുക്കുകള്‍ ഒരു തുണിയെടുത്ത് തുടച്ചു നീക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ്. ഈ നിധി കുംഭം (രാമന്‍ എന്ന ആരാധനാമൂർത്തി) ഇവിടെയുണ്ടായിരുന്നു എന്ന കാര്യം നാം മറന്നുപോയിരുന്നു. ഞാനത് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അതായത്, മറന്നു പോയ ഒരു ഭൂതകാലത്തെയാണ് താന്‍ പുനരാവഹിച്ചത്. പ്രാചീന ഭാരതത്തിന്റെ അഥവാ ഹിന്ദുരാഷ്ട്രത്തിന്റെ ശബളിമയില്‍ ഊറ്റംകൊള്ളുന്ന ഫാസിസ്റ്റുകളും പറയുന്നത് മറ്റൊന്നല്ല.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും വ്യാപകമായി ഉപഭോഗം ചെയ്യപ്പെടുന്നതുമായ ഒരു ജനപ്രിയ മാധ്യമ സങ്കേതമായ ടെലിവിഷനില്‍, ഹിന്ദു പൗരാണികതയ്ക്ക് വീരനായകപരിവേഷം കല്പിക്കുന്ന ഒരു ദൃശ്യകഥാഖ്യാനം പ്രദര്‍ശിപ്പിക്കുന്നു എന്നത് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കു തന്നെ വിപരീതമായ കാര്യമാണ്. അതും വര്‍ഗീയതകള്‍ തമ്മില്‍ രാജ്യത്ത് പലയിടത്തും പോരിനിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് അന്ന് കേന്ദ്രത്തില്‍ നിലനിന്നിരുന്നത്. രാംലല്ല വിഗ്രഹം കണ്ടെടുത്തു എന്നു പറഞ്ഞപ്പോള്‍, അത് ബാബറി മസ്ജിദില്‍ പ്രതിഷ്ഠിച്ചതും പിന്നീട് ശിലാന്യാസം നടത്തിയതും എല്ലാം ഇതുപോലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്നെ. അതിന് സമാനമാണ്, അഥവാ അതിന്റെ ടെലിവിഷന്‍ രൂപാന്തരമാണ് രാമായണം സീരിയല്‍ സര്‍ക്കാര്‍ ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തത് എന്നതാണ് യാഥാര്‍ത്ഥ്യം. സ്വയം കുഴിതോണ്ടുന്നതോടൊപ്പം, രാഷ്ട്രത്തിന്റെ കുഴി കൂടി തോണ്ടുകയായിരുന്നു കോണ്‍ഗ്രസ്.

സാമ്പത്തിക ഉദാരവത്കരണ ഘട്ടത്തിലേയ്ക്ക് ഇന്ത്യ പ്രവേശിച്ചതോടൊപ്പം രൂപപ്പെട്ട പുതുക്കമ്പോള സമൂഹത്തിലാണ് ഹിന്ദു ദേശീയതയും പ്രാമുഖ്യമായത്. പ്രാചീന ഭാരതത്തിലുണ്ടായിരുന്നതായി ഹിന്ദുത്വവാദികള്‍ അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹൈന്ദവ സ്വര്‍ഗരാജ്യം എന്ന മായാലോകവും പുതു ഉദാരവത്കരണത്തിലൂടെ രാജ്യത്തിന്റെ പുറം കാഴ്ചകളില്‍ ദൃശ്യമാവുന്ന വികസിതാവസ്ഥയും കൂടി അബോധമായി സംയോജിപ്പിക്കുന്ന സൂത്രവാക്യവും ഇവിടെ നടപ്പിലായി. ഉപഭോഗ ഉത്പന്നങ്ങളുടെ പുതുധാടിയും ലോകമാഹാത്മ്യത്തിന്റെ ഓര്‍മ്മകളെന്ന നിലയ്ക്കുള്ള ടിവി അവതരണങ്ങളും കൂടിയുള്ള ഒരു സമ്മേളനമാണ് ഇവിടെ നടപ്പിലായത്.

1989 ലെ പൊതുതിരഞ്ഞെടുപ്പില്‍ രണ്ടില്‍ നിന്ന് 88 എന്ന വലിയ അക്കത്തിലേയ്ക്ക് ബിജെപിയുടെ ലോകസഭാ വിജയത്തെ എത്തിച്ചതിനു പിന്നിലും ടിവി രാമായണത്തിന് പങ്കുണ്ട്. ഹിന്ദു ടെലിവാഞ്ചലിസം എന്നാണ് ഈ പ്രതിഭാസത്തെ ഷാനവാസ് ഖാന്‍ വിശേഷിപ്പിക്കുന്നത്(സബ് രംഗ് ഇന്ത്യ). തുടര്‍ന്ന് നടത്തിയ രാം രഥയാത്രയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നക്കസംഖ്യയിലേക്ക് -– 120- – വളര്‍ന്നു. ഇതിനിടയിലെല്ലാമായി മുസ്ലിങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രത്തിന്റെ നിതാന്ത ശത്രു എന്ന സ്ഥാനത്തേയ്ക്ക് സ്ഥാപിക്കപ്പെടുന്നുമുണ്ടായിരുന്നു. ഹിന്ദുത്വ ദേശീയതയുടെ വളര്‍ച്ചയില്‍ ടെലിവിഷന്‍ രാമായണവും മഹാഭാരതവും വഹിച്ച പങ്ക് അതിനിര്‍ണായകമാണ്.

അതേസമയം, ടിവി രാമായണത്തിലോ മഹാഭാരതത്തിലോ ഈ പരീക്ഷണങ്ങള്‍ നിന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. രാമായണ്‍ സീരിയലിന്റെ മുന്നൂറ് എപ്പിസോഡുകള്‍ 2008,2009 കാലത്ത് എന്‍ഡിടിവി റീമേയ്ക്ക് ചെയ്ത് സംപ്രേക്ഷണം ചെയ്തു. തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി എന്നീ ഭാഷകളിലേയ്ക്ക് രാമായണ്‍ സീരിയല്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു. കോടിക്കണക്കിന് പ്രേക്ഷകര്‍– ഇതില്‍ പുതുതലമുറക്കാരും പെടും– രാമായണ്‍ സീരിയലുകള്‍ കണ്ടു. കണ്ടവര്‍ തന്നെ വീണ്ടും കണ്ടു. 2012ല്‍ സീടിവി വീണ്ടും ഒരു രാമായണ്‍ റീമേക്കും സംപ്രേക്ഷണം ചെയ്തു.

1988ലാണ് മഹാഭാരതത്തിന്റെ തൊണ്ണൂറ്റി നാല് എപ്പിസോഡുള്ള സീരിയല്‍ ദൂരദര്‍ശനില്‍ കാണിക്കാനാരംഭിച്ചത്. രാമാനന്ദ് സാഗറിന്റെ രാമായണത്തിന്റെ ചുവടുപിടിച്ചു തന്നെയായിരുന്നു ബി ആര്‍ ചോപ്രയുടെ മഹാഭാരതവും. രാമനു ശേഷം അര്‍ജുനനും ഭീമനും ദ്രോണാചാര്യനും സാക്ഷാല്‍ ശ്രീകൃഷ്ണനും ടെലിവിഷന്‍ താരങ്ങളായി ഇന്ത്യന്‍ പ്രേക്ഷകമനസ്സുകളിലേയ്ക്ക് കുടിയേറി. പിന്നീട് 2013-–14 കാലത്ത് 267 എപ്പിസോഡുകളുമായി മഹാഭാരതം സ്റ്റാര്‍ പ്ലസില്‍ റീമേക്ക് ചെയ്ത് വീണ്ടും കാണിച്ചു.

1993 മുതല്‍ 1996 വരെയുള്ള കാലത്ത് ദൂരദര്‍ശനില്‍ 201 എപ്പിസോഡുള്ള ശ്രീകൃഷ്ണ എന്ന സീരിയല്‍ രാമാനന്ദ് സാഗര്‍ തന്നെ അവതരിപ്പിച്ചു. ധീരജ് കുമാര്‍ സംവിധാനം ചെയ്ത 208 എപ്പിസോഡുള്ള ഓം നമഃശിവായ ഇതിനു പുറകെ വന്നു. വന്‍ തോതില്‍ പരസ്യവരുമാനങ്ങളിലൂടെ പണം വാരിക്കൂട്ടുന്നതിനൊപ്പം, രാഷ്ട്രീയ-ധര്‍മ്മ സേവ കൂടിയാണ് ഈ സീരിയലുകള്‍ ചെയ്തതെന്ന് ഹിന്ദുത്വ വലതുപക്ഷം വിശ്വസിക്കുന്നു.

– ജി പി രാമചന്ദ്രന്‍

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 5 =

Most Popular