ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 25–ാം വകുപ്പ് ‘‘മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും മതം സ്വതന്ത്രമായി വിശദീകരിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും’’ ഉറപ്പു നൽകുന്നു. 26–ാം വകുപ്പിൽ ‘‘പൊതുജീവിതക്രമവും ധാർമികതയും ആരോഗ്യവും അനുസരിച്ച് എല്ലാ മതവിഭാഗങ്ങൾക്കും ബന്ധപ്പെട്ട എല്ലാ ഘടകങ്ങൾക്കും a) മതസ്ഥാപനങ്ങളും ജീവകാരുണ്യസ്ഥാപനങ്ങളും സ്ഥാപിക്കാനും നിലനിർത്താനുമുള്ളതും b) മതപരമായ കാര്യങ്ങളിൽ സ്വയം നടത്തിപ്പിനുള്ളതും c) സ്ഥാവര ജംഗമ സ്വത്തുകൾ സാമാഹരിക്കാനും ഉടമസ്ഥായിരിക്കാനും d) നിയമാനുസൃതമായി അത്തരം സ്വത്തുക്കൾ കെെയാളുന്നതിനും ഉള്ള അവകാശങ്ങൾ ഉണ്ടായിരിക്കും’’.
* 1981 നവംബർ 25ന് ഐക്യരാഷ്ട്ര സഭയുടെ ‘‘ജനറൽ അസംബ്ലി അംഗീകരിച്ച’’ മതപരമായും വിശ്വാസത്തിലധിഷ‍്ഠിതവുമായ എല്ലാ വിധത്തിലുമുള്ള അസഹിഷ്ണുതയും വിവേചനവും നിർമൂലനം ചെയ്യാനുള്ള പ്രഖ്യാപനത്തിന്റെ ആറാമത്തെ വകുപ്പിൽ ചിന്ത, മനസ്സാക്ഷി, മതം, വിശ്വാസം എന്നിവയിലുള്ള സ്വാതന്ത്ര്യത്തെ സംബന്ധിച്ച അവകാശങ്ങളിൽ താഴെ പറയുന്ന സ്വാതന്ത്ര്യങ്ങൾ ഉണ്ടാകണമെന്നു പറയുന്നു. 1) മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള ആരാധനയ്ക്കും കൂടിച്ചേരലിനുമുള്ള സ്വാതന്ത്ര്യം, അതിനുവേണ്ടിയുള്ള സ്ഥലങ്ങൾ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള സ്വാതന്ത്ര്യം’’. ഇത്തരത്തിലുള്ള ആരാധനാലയങ്ങൾ സ്ഥാപിക്കുന്നത് നിഷേധിക്കുന്നത് മതപരമായ സ്വാതന്ത്ര്യത്തിന്റെ നിഷേധമായിരിക്കും.
* മീർബാഖി എന്നറിയപ്പെടുന്ന ബാഖി ബാഗ് താഷ്-കന്റി 1528ൽ ബാബറി മസ്ജിദ് നിർമിച്ചു. അദ്ദേഹം ബാബർ നിയോഗിച്ച അവധിന്റെ ഭരണാധികാരിയായിരുന്നു. അദ്ദേഹം മസ്ജിദ് സ്ഥാപിച്ച സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമായിരുന്നു എന്നതിനോ അവിടെ ഒരു ശ്രീരാമക്ഷേത്രം ഉണ്ടായിരുന്നു എന്നതിനോ, ആ ക്ഷേത്രം തകർത്താണ് മസ്ജിദ് പണിതത് എന്നതിനോ നിലവിലുള്ള വസ്തുതകളനുസരിച്ച് സാധൂകരിക്കാൻ കഴിയുകയില്ല. നിരവധി ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും പ്രാചീനകാലത്ത് ഉണ്ടായിരുന്നു എന്നത് ഇന്നത്തെ നിയമമനുസരിച്ചുള്ള ഉടമാവകാശത്തിന് മതിയായ തെളിവല്ല.
* 1885 ജനുവരി 29ന് അയോധ്യ ജന്മസ്ഥാനിലെ മഹന്ത് ആണെന്ന് അവകാശപ്പെട്ട രഘുബർദാസ് എന്നയാൾ അയോധ്യയിലെ രാം ചബൂതറയിൽ ഒരു ക്ഷേത്രം നിർമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജി നൽകി. 1855ൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഒരു സംഘർഷമുണ്ടായതുകൊണ്ട് അവിടെ ഒരു മതിൽ പണിതിരുന്നു. മതിലിനപ്പുറമാണ് ബാബറി മസ്ജിദ് സ്ഥിതി ചെയ്തത്. ഹർജിയിൽ ഈ പള്ളിയെപ്പറ്റി പരാമർശമുണ്ടായിരുന്നില്ല. പക്ഷേ, മതസ്പർധയുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് കോടതി ഹർജി തള്ളി. സംഘർഷമുണ്ടാകുന്നതരത്തിൽ ഏതെങ്കിലും വിധത്തിലുള്ള ക്ഷേത്ര നിർമാണം നടത്തുന്നത് തടഞ്ഞു.
* 1947നുശേഷം വിഭജനത്തിന്റെ പശ്ചാത്തലത്തിലുള്ള ഹിന്ദു – മുസ്ലീം സംഘർഷങ്ങളുടെ ഭാഗമായാണ് രാമജന്മഭൂമിയുടെ ചർച്ച വീണ്ടും ഉയർന്നത്. മസ്ജിദിനു ചുറ്റും സ്വാഭാവികമായി മുസ്ലീങ്ങളുടെ കബറിടങ്ങളുണ്ടായിരുന്നു. ഇവ നിൽക്കുന്നത് രാമന്റെ ജന്മസ്ഥലത്താണെന്ന വാദമുയർന്നു. കബറിടങ്ങൾ കുത്തിപ്പൊളിക്കാനുള്ള ശ്രമങ്ങൾ നടന്നു. ഇതിനെതുടർന്ന് 1949 ഡിസംബറിൽ രാമചരിതമാനസിന്റെ ഭാഗങ്ങൾ ചൊല്ലിക്കൊണ്ട് 9 ദിവസത്തേക്ക് അഖണ്ഡരാമായണ യജ്ഞം ബാബറി മസ്ജിദിനു പുറത്തുനടന്നു. ഇതിന്റെ അവസാനം 1949 ഡിസംബർ 23ന് 50–60 ഭക്തർ ബാബറി മസ്ജിദ് അങ്കണത്തിൽ കയറുകയും അവിടെ രാമന്റെ ചെറിയ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു. ഫെസാബാദിലെ സബ് ഇൻസ്പെക്ടർ രാം ദുബെ നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. അന്ന് കളക്ടറായിരുന്ന കെ കെ നായർ ഗവൺമെന്റിനു നൽകിയ റിപ്പോർട്ടിലും ഇതുണ്ട്. കോടതിയുടെ വിലക്കുകളെ ധിക്കരിച്ചുകൊണ്ടായിരുന്നു ഈ നീക്കം. 1987 മാർച്ച് 29ലെ ‘ഓർഗനെെസർ’ ‘രാമചന്ദ്രന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങൾ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു’വെന്നാണ് പ്രഖ്യാപിച്ചത് (സീതാ കീരസോയ് (അടുക്കള) എന്ന സ്ഥലം ചബൂതറയ്ക്കടുത്തുണ്ട് മസ്ജിദ് അങ്കണത്തിലേക്കുള്ള ആദ്യത്തെ കടന്നുകയറ്റമായിരുന്നു ഇത്. മുസ്ലിങ്ങളെ ബാബറി മസ്ജിദിൽ നിന്നു പുറത്താക്കി ക്ഷേത്രം പണിയുകയായിരുന്നു ലക്ഷ്യം.
* 1950 ജനുവരി 5 മുതൽ ഈ പ്രദേശം റിസീവർ ഭരണത്തിൽ വന്നു. മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന്റെയടക്കം ഇടപെടൽ ഉണ്ടായതുകൊണ്ട് ക്ഷേത്ര നിർമാണം നടന്നില്ല. രാമവിഗ്രഹത്തിലേക്കുള്ള പ്രവേശനവും നിഷേധിച്ചു. പക്ഷേ, അനധികൃതമായി സ്ഥാപിക്കപ്പെട്ട വിഗ്രഹം എടുത്തുമാറ്റിയില്ല. അന്ന് കളക്ടറായിരുന്ന കെ കെ നായരുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.
* 1961ൽ സുന്നി വഖഫ് ബോർഡ് ഒരു ഹർജി നൽകി. ബാബറി മസ്ജിദും അതിനുചുറ്റുമുള്ള കബറിടങ്ങളും പൂർണമായി മസ്ജിദിനു നൽകണമെന്നും അവിടെ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങൾ എടുത്തുമാറ്റണമെന്നുമായിരുന്നു ആവശ്യം. അതിനുമുമ്പ് 1959ൽ നിർമോഹി അഖാര എന്ന സ്ഥാപനം മസ്ജിദിന്റെ റിസീവർ സ്ഥാനവും അതിന്റെ നിയന്ത്രണവും അവർക്കു നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകി.
* 1966ൽ അലഹബാദിലെ കുംഭമേളയിൽവച്ച് വിശ്വഹിന്ദു പരിഷത്ത് രൂപീകരിക്കപ്പെട്ടു. എം എസ് ഗോൾവാൾക്കറും സ്വാമി ചിന്മയാനന്ദനും തമ്മിൽ നടത്തിയ ചർച്ചകളുടെ ഫലമായിരുന്നു അത്.
* 1984 ഏപ്രിൽ 8ന് ന്യൂഡൽഹി വിജ്ഞാൻഭവനിൽ ചേർന്ന വിശ്വഹിന്ദു പരിഷത്തിന്റെ ധർമ സംസദ് അയോധ്യയിലും മഥുരയിലും വാരണസിയിലും നിർമിച്ച പ്രാചീന ഹിന്ദുക്ഷേത്രങ്ങളെ ‘തകർത്ത്’ നിർമിക്കപ്പെട്ട മുസ്ലീം മസ്ജിദുകളെ തകർക്കാൻ ആഹ്വാനം ചെയ്തു. അതിൽ ആദ്യം എടുത്തത് അയോധ്യയിലെ ബാബറി മസ്ജിദ് ആയിരുന്നു. ബാബറി മസ്ജിദ് രാമന്റെ ജന്മസ്ഥാനത്താണ് എന്ന വാദം അഖിലേന്ത്യാ തലത്തിൽ ഈ സംസദ് വഴിയാണ് എത്തിയത്. ഇതിന്റെ പ്രചരണത്തിനായി ബീഹാറിലെ സീതാമർഹിയിൽനിന്ന് ആരംഭിച്ച രഥയാത്ര 1984 ഒക്ടോബർ 6ന് അയോധ്യയിലെത്തി.
* ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം രഥയാത്ര നിർത്തിവച്ചു.
* 1985 ഒക്ടോബറിൽ രഥയാത്രകൾ വീണ്ടും ആരംഭിച്ചു. 1986 മാർച്ച് 9നകം ബാബറി മസ്ജിദ് അങ്കണം ആരാധകർക്കായി തുറന്നുകൊടുക്കണമെന്നായിരുന്നു ആവശ്യം. 1986 മാർച്ച് 8ൽ ശിവരാത്രിക്കു മുമ്പായി ആരാധകർക്കായി തുറന്നുകൊടുക്കണമെന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി നിർദേശിച്ചതായി ഒരു വിഎച്ച്പി നേതാവിനെ ഉദ്ധരിച്ച് സ്റ്റേറ്റ്സ്-മാൻ പത്രം റിപ്പോർട്ടു ചെയ്തു.
* 1986 ജനുവരിയിൽ മസ്ജിദ് അങ്കണം ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജി സമർപ്പിക്കപ്പെട്ടു. വാദം ജില്ലാ മുൻസിഫ് കോടതി അംഗീകരിച്ചു. അതിനെതിരെ മസ്ജിദ് ഭാരവാഹികൾ ഹെെക്കോടതിയിൽ അപ്പീലിനു പോവുകയും ഹെെക്കോടതി നിലവിലുള്ള സ്ഥിതി തുടരണമെന്ന് ഉത്തരവിടുകയും ചെയ്തു. പക്ഷേ, വിശ്വഹിന്ദു പരിഷത്തിന്റെ വാദങ്ങളെ മുൻസിഫ് കോടതിയുടെ നിലപാട് ശക്തിപ്പെടുത്തി.
* അതിനിടയിൽ വിഎച്ച്പി ഇന്ത്യയൊട്ടാകെ രാമശിലാപൂജാ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബാബറി മസ്ജിദ് തുറന്നുകൊടുക്കാനുള്ള തന്ത്രമായിരുന്നു ഇത്. രാജീവ് ഗാന്ധി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന ബൂട്ടാ സിങ്ങും വിഎച്ച്പിയും തമ്മിൽ ഉണ്ടാക്കിയ ഒരു കരാറും പുറത്തുവന്നു. അതനുസരിച്ച്, 1989 നവംബർ 9ന് അയോധ്യയിലേക്ക് രാമശിലകൾ കൊണ്ടുപോകാൻ അനുവാദം നൽകി. അതിനോടൊപ്പം മതസൗഹാർദ്ദത്തെ തകർക്കുന്ന യാതൊന്നും വിഎച്ച്പി ചെയ്യുകയില്ലെന്ന ഉറപ്പും നൽകി. ഇതനുസരിച്ച് രാമശിലകൾ അയോധ്യയിൽ കൊണ്ടുവന്ന് ശിലാന്യാസിനെ പൂർത്തിയാക്കാനുള്ള നിർദേശം യൂണിയൻ ആഭ്യന്തരമന്ത്രി നൽകി. ഇത്തരത്തിൽ നിർദേശിച്ചതായി വിഎച്ച്പി നേതാവ് അശോക് സിംഗാളും അംഗീകരിച്ചു.
* ശിലാന്യാസിന്റെ ലക്ഷ്യം തർക്കവിഷയമായ സ്ഥലത്ത് ക്ഷേത്രനിർമാണം ആരംഭിക്കാനാണെന്ന് വ്യക്തമായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ മുസ്ലീം സംഘടനകൾ ഹർജികൾ സമർപ്പിച്ചുവെങ്കിലും കോടതി വാദംകേൾക്കാൻ വിസമ്മതിച്ചു. നവംബർ 8ന് ആഭ്യന്തരമന്ത്രി ബുട്ടാസിങ് ലോക്-സഭയിൽ പറഞ്ഞത് ശിലാന്യാസിന്റെ ഇടം ബാബറി മസ്ജിദിന്റെ അങ്കണത്തിൽനിന്ന് പുറത്താണ് എന്നായിരുന്നു. ശിലാന്യാസ് നടന്നത് തർക്കവിഷയമായ സ്ഥലത്തുതന്നെയായിരുന്നു. ഇതിനെ ന്യായീകരിച്ചുകൊണ്ട് എൽ കെ അദ്വാനി പറഞ്ഞത് 1936 മുതൽ മസ്ജിദിൽ ആരാധന നടക്കുന്നില്ലെന്നായിരുന്നു.1949ലും നമാസ് നടന്നതായി തെളിഞ്ഞിരുന്നു.
* ഇതിനിടയിൽ കേന്ദ്രത്തിൽ വി പി സിങ്ങിന്റെ നേതൃത്വത്തിൽ ദേശീയ മുന്നണി മന്ത്രിസഭ അധികാരത്തിൽ വന്നു. കോൺഗ്രസ് മന്ത്രിസഭയിൽ നിന്നു ഭിന്നമായി ബാബറി മസ്ജിദ് ഒരു കാരണവശാലും തകർക്കുകയില്ലെന്ന നിലപാട് സ്വീകരിച്ചു. അതിനുമുമ്പുതന്നെ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ബീഹാർ ഗവൺമെന്റ് എല്ലാ മതപരമായ പ്രകടനങ്ങളും നിരോധിച്ചു! പുതിയ ഗവൺമെന്റ് പ്രശ്നം പഠിക്കാനായി മധുദന്തവതെ, ജോർജ് ഫർണാണ്ടസ്, മുക്താർ അനിസ് എന്നിവരുൾപ്പെട്ട സമിതിയും രൂപീകരിച്ചു. ബാബറി മസ്ജിദ് 1958ലെ പ്രാചീനസ്മാരകങ്ങളെ സംബന്ധിച്ച നിയമമനുസരിച്ച് ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കണമെന്ന് നിർദേശിക്കപ്പെട്ടു. കാലാപതി ത്രിപാഠി, കരൺസിങ് മുതലായ കോൺഗ്രസ് നേതാക്കളും ഈ നിർദേശത്തെ അനുകൂലിച്ചു.
* 1989 ജൂൺ 11ന് പാലൻപൂരിൽ ചേർന്ന ബിജെപി ദേശീയ സമിതി പ്രശ്നം കോടതിയിൽവച്ചു തീർക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടു. രാമജന്മഭൂമി ഹിന്ദുക്കൾക്കു നൽകണം; മുസ്ലീങ്ങൾ അത് സ്വമേധയാ കെെമാറുകയാണ് നല്ലത്. ഇതിനാവശ്യമായ സമ്മർദ്ദം ചെലുത്തുന്നതിനാണ് എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ (ജൂനാഗഢിൽ) നിന്നുള്ള രഥയാത്ര നടന്നത്. ബീഹാറിലും യുപിയിലുമുള്ള ജനതാദൾ സർക്കാരുകൾ രഥയാത്ര തടഞ്ഞു. അയോധ്യയിൽ പുറമെനിന്നുള്ളവർ പ്രവേശിക്കുന്നതുവരെ നിരോധിക്കപ്പെട്ടു.
* 1991 ൽ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ് വന്നതോടെ വിഎച്ച്പി – ആർഎസ്എസ് കൂടുതൽ അക്രമാസക്തമായ പാതയിലേക്കു നീങ്ങി. അതിനുമുമ്പുതന്നെ കോൺഗ്രസ് ഗവൺമെന്റ് സ്വീകരിച്ച അനുരഞ്ജനത്തിന്റെ പാത പുതിയ ഗവൺമെന്റും തുടർന്നതോടെ രാമക്ഷേത്ര നിർമാണത്തിലേക്ക് വീണ്ടും നീങ്ങാൻ വിഎച്ച്പി – ആർഎസ്എസ് തീരുമാനിച്ചു. ഇതിന്റെ ഫലമായാണ് പതിനായിരക്കണക്കിന് കർസേവകർ 1992 ഡിസംബർ 6ന് അയോധ്യയിലെത്തുകയും ബാബറി മസ്ജിദ് തകർക്കുകയും ചെയ്തത്.
* ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷമുള്ള സംഭവവികാസങ്ങൾ അധികം വിശദീകരിക്കേണ്ടതില്ല. മുസ്ലീം ന്യൂനപക്ഷവും ഇടതുപക്ഷ പാർട്ടികളും ലിബറൽ–റാഡിക്കൽ ബുദ്ധിജീവികളും ധ്വംസനത്തിനെതിരെ ശക്തമായി രംഗത്തുവന്നു. പക്ഷേ, ബിജെപിയുടെയും പൊതുവിൽ ജാതി മത സ്വത്വരാഷ്ട്രീയത്തിന്റെയും ശക്തി വർധിച്ചു. ഈ മാറിയ രാഷ്ട്രീയസമവാക്യങ്ങളാണ് 1999ലും പിന്നീട് 2014ലും 2019ലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റുകൾ അധികാരത്തിൽ വരാനിടയാക്കിയത്. 1992നുശേഷമുള്ള മൂന്നു ദശകങ്ങളിൽ പകുതിയോളം ഇന്ത്യയിൽ ഹിന്ദുത്വ വർഗീയത അധികാരത്തിലാണ്. മതനിരപേക്ഷ ജനാധിപത്യ സങ്കൽപ്പനങ്ങളെ പൂർണമായും നിഷ്-കാസനം ചെയ്ത് ഒരു ഹിന്ദുത്വ ഭാരതം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അയോധ്യയിലെ രാമക്ഷേത്രം പൂർത്തിയാക്കുന്നതിനുമുമ്പുതന്നെ പ്രാണപ്രതിഷ്ഠ നടക്കുന്നത്.
* നീണ്ടുനിന്ന നിയമപോരാട്ടത്തിനുശേഷം 2017ൽ സുപ്രീംകോടതിയുടെ വിധിയാണ് രാമക്ഷേത്ര നിർമാണത്തിന് കളമൊരുക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, പിന്നീട് ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡേ, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, അബ്ദുൽ നാസർ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചിന്റെ വിധി ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യസങ്കൽപ്പത്തിലേക്കുള്ള നിയമപരമായ കടന്നുകയറ്റമായിരുന്നു. ബാബറി മസ്ജിദ് ധ്വംസനത്തെ വിധി അപലപിച്ചു. പരാതിക്കാരായ സുന്നി വഖഫ് ബോർഡിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞു. അതിനുപകരം തർക്ക സ്ഥലത്തിൽനിന്ന് 25 കിലോമീറ്റർ അകലെ പള്ളി പണിയണമെന്ന് നിർദേശം നൽകി. ഇടക്കാലത്ത് കക്ഷി ചേർന്ന നിർമോഹി അഖാരയ്ക്കും കുറച്ച് സ്ഥലം അനുവദിച്ചു. ബ്രിട്ടീഷ് കൊളോണിയൽ കാലത്തുപോലും നിലനിർത്തിയ രാം ചബൂതറയും ബാബറി മസ്ജിദും തമ്മിലുള്ള വേർതിരിവ് അംഗീകരിക്കുന്നതിനു പകരം ‘വിശ്വാസ’ത്തിന് അംഗീകാരം നൽകുന്നതിന്റെ പേരിൽ തർക്കവിഷയമായ ഭൂമിയിൽതന്നെ ക്ഷേത്രം പണിയുന്നതിന് അംഗീകാരം നൽകി. അതായത്, ഭരണഘടനാപരമായി എല്ലാ വിശ്വാസികളുടെയും ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുപകരം ഒരു സംഘം വിശ്വാസികൾ ബലം പ്രയോഗിച്ചുനേടിയ ആരാധനാസ്വാതന്ത്ര്യത്തിന് കോടതി അംഗീകാരം നൽകുകയും മറുവിഭാഗത്തെ വേറൊരു സ്ഥലത്തേക്ക് ‘‘നാടുകടത്തുക’’യും ചെയ്തു.
* രാമന്റെ ജന്മസ്ഥലമായ രാം ചബൂതറയ്ക്ക് (സീതാ കീ രസോയിക്കും) വേണ്ടി വാദിച്ച മഹന്തുകൾ രാമജന്മസ്ഥാനത്തിന്റെ സംരക്ഷണത്തിനുമാത്രമാണ് ശ്രമിച്ചത്. 1949ൽ ബാബറി മസ്ജിദ് തകർത്ത് ക്ഷേത്രം പണിയാൻ ആദ്യ ശ്രമംനടന്നു. 1984 മുതൽ വിശ്വഹിന്ദു പരിഷത്ത് ഈ ശ്രമത്തെ ഹിന്ദുക്കളുടെ മൊത്തം ഉദ്യമമാക്കി മാറ്റുകയും 1989ലെ ശിലാന്യാസത്തിൽ അന്നത്തെ കോൺഗ്രസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ ആ ഉദ്യമം നടപ്പിലാക്കുകയും ചെയ്തു. ഇടതുപക്ഷമടക്കം അന്നത്തെ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ചെറുത്തുനിൽപ്പാണ് ഈ ഉദ്യമത്തിന് ശക്തമായ വെല്ലുവിളിയായത്. അതിനെ മറികടക്കാനുള്ള ആർഎസ്എസ്/വിഎച്ച്പിയുടെ പടയൊരുക്കമാണ് കോൺഗ്രസിന്റെ പരോക്ഷമായ പിന്തുണയോടെ ബാബറി മസ്ജിദ് ധ്വംസനത്തിലെത്തിച്ചത്.
* ഇന്ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്നതോടെ രാമജന്മഭൂമി മുദ്രാവാക്യം അപ്രത്യക്ഷമാവുകയാണ്. സ്റ്റേറ്റിന്റെ പൂർണമായ നേതൃത്വത്തിൽ ഒരു കോടതി വിധിയുടെ പിന്തുണയോടെ തർക്കവിഷയമായ ഭൂമിയിൽ പണിയുന്ന ക്ഷേത്രം ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കുന്ന ആരാധനാസ്വാതന്ത്ര്യത്തിനും വിശ്വാസികളുടെ അവകാശങ്ങൾക്കുമെതിരായ ശക്തമായ വെല്ലുവിളിയാണ്. ഇതിന്റെ ലക്ഷ്യം രാമജന്മഭൂമിയുടെ പുനഃസ്ഥാപനമല്ല, ഹിന്ദുരാഷ്ട്രമാണ്. ഇതുതന്നെ മഥുരയിലെ ഷാഹി ഇൗദ്ഗാഹിലും ബനാറസിലെ ഗ്യാൻവാപിയിലും ആവർത്തിക്കുന്നതോടെ ആർഎസ്എസ്/വിഎച്ച്പിയുടെ ഹിന്ദുത്വ രാഷ്ട്ര ഉദ്യമം പൂർത്തിയാകും. ഇതിനെ തടയേണ്ടത് ഇന്ത്യൻ ഭരണഘടനയെയും വിശ്വാസികളുടെ സ്വാതന്ത്ര്യത്തെയും അൽപ്പമെങ്കിലും വിലമതിക്കുന്ന എല്ലാ ജനാധിപത്യവാദികളുടെയും കടമയാണ്. ♦