Monday, May 20, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻസംഘപരിവാർ സെക്കുലറിന്ത്യയുടെ മകുടം തകർത്തത് 
കോൺഗ്രസിന്റെ ഒത്താശയിൽ

സംഘപരിവാർ സെക്കുലറിന്ത്യയുടെ മകുടം തകർത്തത് 
കോൺഗ്രസിന്റെ ഒത്താശയിൽ

സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ വർഷങ്ങൾ മുതൽ തന്നെ ബാബറി മസ്ജിദ് സംഘപരിവാർ സംഘടനകളുടെ ലക്ഷ്യമായിരുന്നു.

ഉത്തർപ്രദേശിൽ സ്വാതന്ത്ര്യാനന്തരം ഹിന്ദുത്വ ശക്തികൾ രാമജന്മഭൂമി വിഷയത്തിൽ കൃത്യമായ വിഭജന രാഷ്ട്രീയം ആവിഷ്കരിച്ചു നടപ്പാക്കിപ്പോന്നു.

മലയാളി ഐഎഎസ് ഓഫീസറായ കെകെ നായരായിരുന്നു 1949 ൽ അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ജില്ലയുടെ കളക്ടർ. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഗോവിന്ദ വല്ലഭ് പന്തിന്റെ വിശ്വസ്തനായിരുന്നു ഇദ്ദേഹം. 1949 ഡിസംബർ 22ന് കെകെ നായരുടെ നേതൃത്വത്തിലാണ് ബാബറി മസ്ജിദിൽ വളരെ ആസൂത്രിതമായി രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ കൊണ്ടുവെച്ചത്. കളക്ടർക്കൊപ്പം ഹിന്ദുമഹാസഭ നേതാവായ ബാബാ അഭിരാം ദാസും ഗൂഢാലോചനയിൽ പങ്കാളിയായി. സംഘപരിവാരം വർഷങ്ങളായി ആഗ്രഹിച്ച ഈ കൃത്യ നിർവ്വഹണത്തിന്റെ ക്രെഡിറ്റ് അങ്ങനെ കോൺഗ്രസ്സ് സർക്കാരിനാണ്.

മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ് പന്ത് പൂർണ്ണമായും സംഘപരിവാറിന് കീഴടങ്ങിയാണ് പ്രവർത്തിച്ചത്. ബാബറി മസ്ജിദിൽ രാം ലല്ല സ്‌ഥാപിച്ചത് കളക്ടർ ആണെന്ന് തെളിവുകളോടെ പുറത്തുവന്നിട്ടും കെകെ നായരെയും കൂട്ടുപ്രതികളെയും യുപിയിലെ കോൺഗ്രസ്സ് സർക്കാർ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. കെകെ നായരുടെ ഭാര്യ ശകുന്തളയുടെ നേതൃത്വത്തിലായിരുന്നു മസ്ജിദിൽ രാമവിഗ്രഹം കൊണ്ടുവെച്ച ദിവസം ഭജന നടത്തിയത്.

ബാബറിയിൽ കൊണ്ടുവെക്കപ്പെട്ട വിഗ്രഹങ്ങൾ എടുത്ത് സരയൂ നദിയിൽ എറിയണമെന്നാണ് പ്രധാനമന്ത്രി നെഹ്‌റു, മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ് പന്തിനോട് ആവശ്യപ്പെട്ടത്. രാമവിഗ്രഹം കണ്ടെടുക്കപ്പെട്ടതോടെ ഹിന്ദുത്വ ശക്തികളുടെ നേതൃത്വത്തിൽ സംസ്‌ഥാനത്ത്‌ വ്യാപകമായി മുസ്ലിം വിരുദ്ധ വർഗ്ഗീയ കലാപങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടു. ഒടുവിൽ 1950 ഏപ്രിൽ 17ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ഇക്കാര്യത്തെ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.

അന്ന് നെഹ്‌റു മുഖ്യമന്ത്രി പന്തിന് എഴുതി:
“… U.P is becoming an almost foreign land to me … I find that communalism has invaded the minds and hearts of those who were the pillars of the Congress in the past. It is a creeping paralysis and the patient does not even realize it … It seems to me that for some reason or other, or perhaps [for] mere political expediency, we have been far too lenient with this disease …”

നെഹ്‌റുവിന്റെ കത്തുകളുടെ സ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചവറ്റുകുട്ടയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ബാബറി മസ്ജിദിൽ രാമവിഗ്രഹം സ്വയംഭൂവായതല്ലെന്നും അത് ആസൂത്രിതമായി അകത്തുകടത്തിയതാണെന്നും വ്യക്തമായിരുന്നു. വിഗ്രഹം എടുത്തുമാറ്റാനുള്ള നിർദ്ദേശങ്ങളെ കലക്ടർ ഹിന്ദുമഹാസഭയുമായി ഒത്തുകളിച്ചുകൊണ്ട് അട്ടിമറിച്ചു.

ഇതിനിടെ കെകെ നായരുടെ ഭാര്യ ശകുന്തള 1952 ൽ ഗോണ്ട മണ്ഡലത്തിൽ നിന്നും ഹിന്ദു മഹാസഭ സ്ഥാനാർഥിയായി പാർലമെന്റിലേക്ക് മത്സരിച്ചു വിജയിക്കുകയുണ്ടായി. 1952 ൽ സർവ്വീസിൽ നിന്നും വിടുതൽ നേടിയ കെകെ നായർ നാലാം ലോക്-സഭയിൽ അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്-സഭാ മണ്ഡലത്തിൽ ജനസംഘം ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചു. ഭാര്യ ശകുന്തളയും അതേ വർഷം ജനസംഘത്തിന്റെ പ്രതിനിധിയായി പാർലമെന്റിലെത്തി. കോൺഗ്രസ്സിന്റെ സ്വന്തം ഓഫീസറും ഭാര്യയും ആർഎസ്എസിന്റെ ആശീർവാദത്തോടെയാണ് പാർലമെന്റിലെത്തിയത്. രാമജന്മഭൂമി വിഷയം കത്തിച്ചുകൊണ്ടാണ് ഇവർ വിവിധ തിരഞ്ഞെടുപ്പുകളെ നേരിട്ടതും വിജയം കൈവരിച്ചതും.

രാജീവ് ഗാന്ധിയുടെ കാലത്തുമുണ്ടായി കോൺഗ്രസ്സിൽ നിന്നും രാമജന്മ ഭൂമി പ്രസ്ഥാനത്തിനനുകൂലമായ നിലപാടുകൾ. 1984 ൽ ആർഎസ്എസ് സംഘചാലകായ മധുകർ ദത്താത്രേയ ഡിയോറസുമായി രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് ധാരണ അടക്കം ഉണ്ടാക്കി. ഷാബാനു കേസിൽ മുസ്ലിം പൗരോഹിത്യത്തിനനുകൂലമായെടുത്ത നിലപാടിനെ ബാലൻസ് ചെയ്യാൻ രാമജന്മഭൂമി വിഷയത്തെയും രാജീവ് ഗാന്ധി ഒരവസരമാക്കി. ബാബറി പള്ളിയിൽ രാം ലല്ല ഹിന്ദുവിശ്വാസികൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കാൻ 1986ൽ രാജീവ്‌ ഗാന്ധി തീരുമാനിച്ചത് അപ്രകാരമാണ്.

ഇതിനെ സംഘപരിവാർ നന്നായി മുതലെടുത്തു. 1986 ൽ രാജീവ് ഗാന്ധി തുറന്നുവിട്ട ആ വർഗ്ഗീയ ഭൂതമാണ് ആറുവർഷങ്ങൾകൊണ്ട് ബാബറി പള്ളി തകർക്കാൻ കഴിയുന്ന ആക്രമണോത്സുകതയിലേക്ക് പരിവാർ ശക്തികളെ വളർത്തിയത്.

കോൺഗ്രസ്സ് മുഖ്യമന്ത്രി വീർ ബഹാദൂർ സിംഗ് ഉത്തർപ്രദേശ് ഭരിച്ച സമയത്ത് രാജീവ് ഗാന്ധിയുടെ മൃദുഹിന്ദുത്വ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. മുസ്ലിം വിരുദ്ധ കലാപങ്ങൾ അന്ന് യുപിയിലാകെ അരങ്ങേറി. അക്കാലത്ത് 1987 മെയ് 22നാണ് മീററ്റിനടുത്തുള്ള ഹാഷിംപൂരിൽ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയിലെ പൊലീസുകാർ മുസ്ലിം കോളനിയിൽ താമസിച്ചിരുന്ന കുടുംബങ്ങളിലെ 42 മുസ്ലിം ചെറുപ്പക്കാരെ അർദ്ധരാത്രിയിൽ വീടുകളിൽ നിന്നും ബലം പ്രയോഗിച്ച് വിളിച്ചിറക്കിക്കൊണ്ടുപോയത്. ആ 42 പേരെയും വെടിവെച്ചുകൊല്ലുകയായിരുന്നു കോൺഗ്രസ്സിന്റെ പൊലീസ്. അതിക്രൂരമാം വിധം കൊലചെയ്തിട്ട് മൃതദേഹങ്ങൾ ഹാഷിംപൂരിലെ ഇറിഗേഷൻ കനാലിൽ ഒഴുക്കുകയാണ് വീർ ബഹാദൂർ സിംഗിന്റെ പോലീസ് ചെയ്തത്. ഉത്തർപ്രദേശിൽ മുസ്ലിം വിരുദ്ധ കലാപങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് രാമജന്മഭൂമി മൂവ്മെന്റിനെ വളർത്തി ഒടുവിൽ ബാബറിപ്പള്ളി തകർക്കുന്നതിലേക്ക് വന്നെത്താനുള്ള ഊർജ്ജം സംഘപരിവാരം ആവാഹിച്ചത് ഹാഷിംപൂരിൽ കോൺഗ്രസ് ഭരണകൂടം നടത്തിയ ഈ കൂട്ടക്കൊലയിൽ നിന്നുകൂടിയാണ്.

വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സംഘപരിവാറിനെ വിമർശിക്കാൻ രാമജന്മഭൂമി പ്രക്ഷോഭകാലത്ത് കോൺഗ്രസ്സ് തയ്യാറല്ലായിരുന്നു. എന്നാൽ, രാമജന്മഭൂമി ക്ഷേത്രത്തിലേക്ക് 1981 ൽ കോടതി നിയോഗിച്ച പൂജാരിയായ ബാബാ ലാൽ ദാസ് സാധ്യമായ എല്ലാ രീതിയിലും അയോധ്യയിലെ സംഘപരിവാർ അജൻഡകളെ തുറന്നുകാട്ടി. സിപിഐഎം പ്രവർത്തകൻ കൂടിയായ ബാബാ ലാൽ ദാസ് 1984 ൽ വിശ്വ ഹിന്ദു പരിഷത്ത് പ്രക്ഷോഭം ആരംഭിക്കുന്നതുമുതൽ തന്നെ രാമജന്മഭൂമി പ്രക്ഷോഭത്തെയും വിഭജന രാഷ്ട്രീയത്തെയും തള്ളിപ്പറഞ്ഞു. ഉത്തർപ്രദേശിൽ കല്യാൺ സിംഗിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചപ്പോൾ ലാൽ ദാസിനെ പൂജാരി സ്‌ഥാനത്തുനിന്നും മാറ്റുകയുണ്ടായി. ഇതിനെതിരെ കോടതിയിൽ നിയമപോരാട്ടം നടത്തുന്നതനിടെയാണ് 1993 നവംബർ 16 ന് ലാൽ ദാസ് കൊലചെയ്യപ്പെട്ടത്. ബാബറി പള്ളി പൊളിച്ച് ഒരു വർഷം തികയും മുൻപാണ് അയോധ്യയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള സ്‌ഥലത്ത് അദ്ദേഹം വെടിയേറ്റു വീണത്.

ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് ഗൂഢാലോചനയിലും കോൺഗ്രസ്സിന്റെ ഒത്താശയിലും നടന്ന ക്രിമിനൽ പ്രവർത്തനമാണ് 1992 ഡിസംബർ ആറിന് ബാബറി മസ്ജിദിനെ തകർത്തത്. അദ്വാനിയുടെ രഥയാത്രകളും മണ്ഡൽ വിരുദ്ധ സവർണ്ണ രാഷ്ട്രീയ അജൻഡയും ഇതിനുള്ള മണ്ണൊരുക്കി. മൃദു ഹിന്ദുത്വം കളിച്ച രാജീവ് ഗാന്ധി മുതൽ അയോദ്ധ്യയിൽ കർസേവ നടക്കുമ്പോൾ തനിക്കറിയാവുന്ന പതിനാല് ഭാഷകളിലും മൗനം പൂണ്ട അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവരെയുള്ള കോൺഗ്രസ്സുകാർ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളാണ്. 1993 ൽ നരസിംഹറാവുവിന്റെ കാലത്ത് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പള്ളി പൊളിച്ചതിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയോ, പരിവാർ നേതൃത്വത്തിന്റെ ആസൂത്രിത ഇടപെടലുകളോ ഇല്ലെന്നുകാട്ടാനാണ് ശ്രമിച്ചത്.

ബാബറി പള്ളി തകർക്കപ്പെട്ടപ്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആയിരിക്കുകയും 1993 ൽ പ്രതിഷേധ സൂചകമായി ജോലിയിൽ നിന്നും വിആർഎസ് എടുക്കുകയും ചെയ്ത മാധവ് ഗോഡ്‌ബോളെ എഴുതിയ “ബാബറി മസ്ജിദ് -രാം മന്ദിർ ഡിലെമ്മ : ആൻ ആസിഡ് ടെസ്റ്റ്‌ ഫോർ ഇന്ത്യാസ് കോൺസ്റ്റിറ്റ്യുഷൻ” എന്ന പുസ്തകത്തിൽ രാജീവ് ഗാന്ധിയെ രണ്ടാം കർസേവകൻ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഒന്നാം കർസേവകനായി വിശേഷിപ്പിച്ചത് കെകെ നായരെയായിരുന്നു. കല്യാൺ സിങ്ങാണ് മൂന്നാം കർസേവകൻ. ഉത്തർപ്രദേശിലെ കല്യാൺ സിങ് സർക്കാരിനെ പിരിച്ചുവിടാനുള്ള തന്റെ ശുപാർശ നാലാം കർസേവകനായ പ്രധാനമന്ത്രി നരസിംഹ റാവു ചെവിക്കൊണ്ടില്ലെന്നും ഗോഡ്‌ബോളെ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുകയുണ്ടായി.

അന്നത്തെപ്പോലെ ഇന്നും മൃദുഹിന്ദുത്വ രാഷ്ട്രീയം കളിച്ചുകൊണ്ട് ബിജെപിയെ നേരിടാമെന്ന തെറ്റിദ്ധാരണയാണ് കോൺഗ്രസ്സിന്. ഏതാനും വർഷങ്ങൾക്ക് മുൻപുമാത്രമാണ് (2018ൽ) ബാബറി മസ്ജിദ് കേസിൽ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷക സ്‌ഥാനത്തുനിന്നും പിന്മാറാൻ കപിൽ സിബലിനോട് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഭൂരിപക്ഷ വോട്ടുകൾ ലാക്കാക്കിയാണ് ഇത്തരം നിലപാടുകളിലേക്ക് കോൺഗ്രസ്സ് നീങ്ങുന്നത്.

ബാബറി വിഷയത്തിൽ കേരളത്തിലും കോൺഗ്രസ്സിന്റെ നിലപാട് വ്യത്യസ്തമല്ല. 2017 ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട് ഇരുപത്തഞ്ചുവർഷം കഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ എഴുതിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുഖപത്രമായ “വീക്ഷണം” എഴുതിയ മുഖപ്രസംഗം ഇപ്രകാരമായിരുന്നു:

“തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോൾ രാമക്ഷേത്ര വാഗ്ദാനവുമായി ബിജെപി രംഗത്തിറങ്ങും. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാമനെ ഉപേക്ഷിച്ച് അവർ ഭരണ സിംഹാസനത്തെ പൂജിക്കും. ഇത്തരം വാഗ്ദാന ലംഘനം നടത്തുന്നവരെ അകറ്റിനിർത്താൻ ഭൂരിപക്ഷ സമുദായം തയ്യാറാകണം.”

കേരളത്തിലെ കോൺഗ്രസുകാരുടെ അന്നത്തെ ഉള്ളിലിരിപ്പ് എന്താണെന്ന് പച്ചവെള്ളം പോലെ വ്യക്തമായിരുന്നു.

ശിലാന്യാസ സമയത്ത് ശ്രീരാമനെ വാഴ്ത്തിയ രാഹുൽ ഗാന്ധിയും അയോദ്ധ്യയിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനാണെന്ന് പറഞ്ഞ പ്രിയങ്കാ ഗാന്ധിയും രാമജന്മഭൂമി ക്ഷേത്രത്തിലേക്കായി വെള്ളി ഇഷ്ടിക കൊടുത്തയയ്ക്കുകയും ഭൂമി പൂജയുടെ അന്ന് മധ്യപ്രദേശിലാകെ ഹനുമാൻ ചാലിസ സംഘടിപ്പിക്കുകയും ചെയ്ത കമൽ നാഥും ഒക്കെ രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും പിന്മുറക്കാരായ കോൺഗ്രസുകാരാണ്. ആസ്സാമിലെ ഭാരത്‌ ജോഡോ ന്യായ് യാത്രയിൽ ഹനുമാൻ വേഷം കെട്ടാൻ രാഹുൽ ഗാന്ധിക്ക് തോന്നുന്നതിന്റെ രാഷ്ട്രീയവും മൃദുഹിന്ദുത്വമല്ലാതെ മറ്റൊന്നല്ല.

പിൻകുറിപ്പ്:
ഇന്ന് രാജ്യത്താകെ മൂന്നു സംസ്ഥാനങ്ങളിലാണ് കോൺഗ്രസ്സ് ഭരണമുള്ളത്. കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന. അയോദ്ധ്യയിൽ പ്രതിഷ്ഠാ ചടങ്ങുനടക്കുന്ന വേളയിൽ കർണ്ണാടക സർക്കാരിനു കീഴിലെ 34,563 ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും പ്രാർത്ഥനയും നടത്താനാണ് കോൺഗ്രസ്സ് സർക്കാർ പ്രത്യേക ഓർഡറിറക്കിയത്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ്സ് സർക്കാരാകട്ടെ പ്രതിഷ്ഠാദിനത്തിൽ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഇന്നത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി ബാബറി മസ്ജിദ് തകർത്ത സമയത്ത് എബിവിപിയുടെയും ആർഎസ്എസിന്റെയും നേതാവായിരുന്നു.

-– ജിതിൻ ഗോപാലകൃഷ്ണൻ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 3 =

Most Popular