1963 മുതൽ തന്നെ ഹിന്ദുവർഗീയത, ഹിന്ദുമതത്തിൽനിന്നും പാരമ്പര്യത്തിൽനിന്നുമുള്ള നിരവധി സാംസ്കാരിക പ്രതീകങ്ങളുപയോഗിച്ചു പരീക്ഷിച്ചു തുടങ്ങിയിരുന്നു. എന്നാൽ യഥാർഥത്തിൽ അവയെ ഒന്നുംതന്നെ ജനങ്ങളുടെ മനസ്സിനെ കീഴടക്കാൻ കഴിയുന്നതായില്ല; ഒടുവിൽ 1980കളിലാണ് രാമൻ മുഖ്യ ആകർഷണമായി ഉയർന്നുവന്നത്. അതിനുശേഷമാണ് ദീർഘകാലമായി പരിപോഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യൻ സമൂഹത്തിലെ ജനാധിപത്യ – മതനിരപേക്ഷ മൂല്യങ്ങൾ പാളംതെറ്റിയത്. ജനമനസ്സുകളുമായി അനായാസം ബന്ധപ്പെടുത്താനാവുന്ന പ്രതീകങ്ങളിലൂടെ ഹിന്ദുത്വ പ്രസ്ഥാനം രാമനെ ജനങ്ങളിൽ എത്തിച്ചതുകൊണ്ടുമാത്രമാണ് അത് സംഭവിച്ചത്. രാമശിലാ പൂജ മുതൽ തന്നെ സംഘപരിവാർ പ്രതീകാത്മകമായ നടപടികളുടെ ഒരു പരമ്പരയ്ക്കു തന്നെ തുടക്കംകുറിച്ചു. രാമജേ-്യാതികൾ, രാമപാദുകങ്ങൾ, രാമപ്രസാദം, രാമപാടകം, രാമഗുലാൽ എന്നിങ്ങനെ നിരവധി പ്രതീകങ്ങൾ. അങ്ങനെയാണ്, രാമനും അയോധ്യയും ക്ഷേത്രവും ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതവുമായി കൂടുതൽ അടുപ്പിക്കപ്പെട്ടത്. അങ്ങനെ ചെയ്തതിലൂടെ സംഘപരിവാറിന് ഹിന്ദുക്കളുടെ സാംസ്കാരിക ജീവിതവുമായി താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞു; അങ്ങനെ അവർക്ക് തങ്ങളാണ് ഹിന്ദുമതത്തിന്റെ സംരക്ഷകരെന്ന് ഉയർത്തിക്കാണിക്കാനും കഴിഞ്ഞു.
ഡോ. കെ എൻ പണിക്കർ
(സോഷ്യൽ സയന്റിസ്റ്റിന്റെ 1993 മാർച്ച് – ഏപ്രിൽ ലക്കത്തിൽ
പ്രസിദ്ധീകരിച്ച ലേഖനത്തിൽനിന്ന്)
കോൺഗ്രസ് തുടങ്ങിവെച്ച വർഗീയത ബിജെപി ഏറ്റെടുത്തു
‘‘ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾക്ക് തുടക്കമായത് ഭരണകൂടം തങ്ങളുടെ വാഗ്ദാനങ്ങളിൽനിന്ന് പിന്നോട്ടുപോകാൻ തുടങ്ങിയതോടെയാണ്. 1960കളുടെ സ്ഥിതി ഇങ്ങനെയായിരുന്നു; അക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയും ക്ഷാമവും കാരണം വികസന പരിപാടികളിൽനിന്ന് പിന്നോട്ടുപോകാൻ ഇന്ത്യാ ഗവൺമെന്റ് നിർബന്ധിതമായി; എല്ലാ വിഭാഗം ജനങ്ങൾക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുന്നതിനുള്ള നിഷ്പക്ഷ ഏജൻസി എന്ന നിലയിൽ ജനങ്ങൾക്കിടയിൽ സർക്കാരിനുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള മറ്റൊരു സംഭവമുണ്ടായത് 1980കളുടെ മധ്യത്തോടെയാണ്; ഇന്ത്യാ ഗവൺമെന്റിന്റെ നയങ്ങളിലും പ്രഖ്യാപനങ്ങളിലും ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളോടുള്ള ചായ്-വ് പരസ്യമായി പ്രകടമാക്കാൻ തുടങ്ങിയതോടെയാണത്.
ഭരണകക്ഷിയായ കോൺഗ്രസാണ് ഈ ചുവടുമാറ്റം ആരംഭിച്ചത്; എന്നാൽ ഇപ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഹിന്ദു സങ്കുചിത ദേശീയവാദികക്ഷിയായ ബിജെപി ആണ്.
സുകുമാർ മുരളീധരൻ
(സോഷ്യൽ സയന്റിസ്റ്റിന്റെ 1994 മെയ് – ജൂൺ ലക്കത്തിൽ
പ്രസിദ്ധീകരിച്ച ലേഖനത്തിൽനിന്ന്)