ആറു പതിറ്റാണ്ടിലേറെക്കാലം തൃശൂർ ജില്ലയിലെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമയായിരുന്നു എ എസ് എൻ നമ്പീശൻ. ‘ഏയെസ്സെൻ’ എന്നും നമ്പീശൻ മാഷ് എന്നും ജനങ്ങൾ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു. തൃശൂർ ജില്ലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പലതവണ പൊലീസിന്റെ ക്രൂരമായ മർദനങ്ങൾക്കിരയായിട്ടുണ്ട്; നിരവധി തവണ ജയിലിലടയ്‌ക്കപ്പെട്ടിട്ടുണ്ട്. സൗമ്യനും ശാന്തസ്വഭാവക്കാരനുമായ അദ്ദേഹം ഉരുക്കുപോലെ ഉറച്ച മനസ്സിനുടമയായിരുന്നു. അടിമുടി കലാകാരനായ അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനങ്ങളെയും സർഗാത്മകമാക്കിയ പ്രതിഭയാണ്.
1924 മാർച്ച് 5ന് മദ്ദള കലാകാരൻ അരിക്കരെ തെക്കെ പുഷ്‌പകത്ത് ശങ്കരൻ നമ്പീശന്റെയും ആര്യാദേവി ബ്രാഹ്മണിയമ്മയുടെയും മൂത്തമകനായാണ് നാരായണൻ നമ്പീശൻ ജനിച്ചത്. അച്ഛനമ്മമാർക്ക് പതിനൊന്ന് മക്കളായിരുന്നു. അച്ഛന് മദ്ദളം കൊട്ടിയാൽ ലഭിക്കുന്ന തുച്ഛമായ വരുമാനവും അമ്മയ്‌ക്ക് ക്ഷേത്രത്തിൽ കഴകവൃത്തി ചെയ്യുന്നതിൽനിന്ന് കിട്ടുന്ന നിസ്സാരമായ വരുമാനവുമായിരുന്നു ഇത്രയും അംഗങ്ങളുള്ള വലിയ കുടുംബത്തിന്റെ ഉപജീവനമാർഗം. വീട്ടിലെ എല്ലാ അംഗങ്ങളും ക്ഷേത്രത്തിൽ കഴകവൃത്തി ചെയ്യണം എന്നത് അക്കാലത്ത് നിർബന്ധമായിരുന്നു. അതുകൊണ്ട് മറ്റു കുടുംബാംഗങ്ങളോടൊപ്പം നാരായണനും പതിവായി അന്പലത്തിൽ മാലകെട്ടാൻ പോയിരുന്നു. അന്പലത്തിലും പുറത്തും ബ്രാഹ്മണ മേധാവിത്വത്തിന്റെ ചൂഷണവും മനുഷ്യത്വമില്ലായ്‌മയും അദ്ദേഹം കുട്ടിക്കാലം മുതൽ നേരിട്ടനുഭവിച്ചു. അനീതിക്കെതിരായ അമർഷം അദ്ദേഹത്തിന്റെ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ചു.
നാരായണനെ പഠിപ്പിച്ച് ഉയർന്ന ഉദ്യോഗത്തിലെത്തിക്കണമെന്ന് അച്ഛൻ ആത്മാർഥമായും ആഗ്രഹിച്ചു. എന്നാൽ പാരന്പര്യത്തിന്റെ ചുറ്റുപാടിൽ മാത്രം ജീവിച്ച മുത്തച്ഛനും മുത്തശ്ശിയും അതിനെതിരായിരുന്നു. പുലിയന്നൂർ സെന്റ് തോമസ് സ്‌കൂളിലായിരുന്നു നാരായണന്റെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ അദ്ദേഹത്തിന് ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കേണ്ടിവന്നില്ല. നേരിട്ട് മൂന്നാം ക്ലാസിൽ പഠിക്കാൻ സ്‌കൂൾ അധികൃതർ അനുവദിച്ചു. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ വേലൂർ ഹൈസ്‌കൂളിലാണ് നാരായണൻ പഠിച്ചത്. പഠനത്തിലുള്ള അദ്ദേഹത്തിന്റെ സാമർഥ്യവും സ്‌കൂൾ അധികാരികൾക്ക് അച്ഛനോടുള്ള സ്‌നേഹവും മൂലം നാരായണന് ഫീസ് ആനുകൂല്യം ലഭിച്ചു. നല്ല മാർക്കോടെ എസ്‌എസ്‌എൽസി പാസായി.
കടുത്ത സാന്പത്തികദുരിതം ഉണ്ടായിരുന്നെങ്കിലും തൃശൂർ സെന്റ് തോമസ് കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. ഉയർന്ന മാർക്കോടെ പാസായതിനെത്തുടർന്ന് അതേ കോളേജിൽ ബിഎയ്‌ക്ക് ചേർന്നു. ട്യൂഷൻ എടുത്തും മറ്റു പല ജോലികൾ ചെയ്‌തുമാണ് അദ്ദേഹം പഠിച്ചത്. ബിഎ പാസായ ഉടൻതന്നെ ഗവൺമെന്റ് സർവീസിൽ അധ്യാപകനായി അദ്ദേഹത്തിന് ജോലി ലഭിച്ചു.
തൃശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ അദ്ദേഹം സ്റ്റുഡന്റ്‌സ് നാഷണൽ ഓർഗനൈസേഷനിൽ അംഗമായി. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടും ദേശീയപ്രസ്ഥാനത്തോടും വിദേശവസ്‌ത്ര ബഹിഷ്‌കരണത്തോടുമൊക്കെ അദ്ദേഹത്തിന് വിദ്യാർഥിയായിരുന്ന കാലം മുതൽ അടങ്ങാത്ത ആവേശം തോന്നി. 1942ൽ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് തൃശൂരിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത നാരായണന് ലാത്തിച്ചാർജിൽ പരിക്കേറ്റു. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിനോടായിരുന്നു അദ്ദേഹത്തിന് ആഭിമുഖ്യം.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രം പ്രഭാതം വാരികയുടെ പ്രിന്ററും പബ്ലിഷറുമായി പ്രവർത്തിച്ചുവന്ന ഐ സി പി നമ്പൂതിരിയുമായി പരിചയപ്പെട്ടത് നാരായണന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെക്കുറിച്ച് സംസാരിച്ച ഐസിപി, നാരായണന് വായിക്കാൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കോപ്പിയും നൽകി. കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ അദ്ദേഹത്തിന് ആവേശം തോന്നി. പാർട്ടി സാഹിത്യം തേടിപ്പിടിച്ച് വായിച്ചു.
1940കളിൽ നടന്ന നിരവധി സമരങ്ങൾ നാരായണനെ ശരിക്കും ആവേശം കൊള്ളിച്ചു.
1948ൽ വേലൂരിന് സമീപം വെളവൊറ്റഞ്ഞൂരിലുള്ള നാരായണന്റെ വീട്ടിൽ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് സി ജനാർദ്ദനൻ എത്തി. കോളേജിൽ നാരായണന്റെ സീനിയറും വിദ്യാർഥി ഫെഡറേഷൻ നേതാവുമായിരുന്നു ജനാർദ്ദനൻ. വീട്ടിൽവെച്ച് നാരായണനുമായി ദീർഘമായി സംസാരിച്ച ജനാർദ്ദനന് ഒരു കാര്യം വ്യക്തമായി: നാരായണന് കമ്യൂണിസ്റ്റ് ആശയങ്ങളോടും പാർട്ടിയോടും അതീവ താൽപര്യമുണ്ട്. ‘‘നാരായണൻ ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിക്കുക. പ്രവർത്തകരെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ചാൽ മാത്രം മതി’’‐ ജനാർദ്ദനൻ നിർദേശിച്ചു.
ആ നിർദേശം നാരായണൻ അക്ഷരംപ്രതി അനുസരിച്ചു. അങ്ങനെയാണ് അന്ന് സർക്കാർ സ്‌കൂൾ അധ്യാപകനായിരുന്ന നമ്പീശൻ മാഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ടെക്‌മാനായി പ്രവർത്തിച്ചു തുടങ്ങിയത്.
1948ൽ കൽക്കത്ത തീസിസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചതിനെത്തുടർന്ന് പാർട്ടിയെ ഗവൺമെന്റ് നിരോധിച്ചു. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു. അതിക്രൂരമായ മർദനമുറകളാണ് അവർക്കുനേരെ പൊലീസ് പ്രയോഗിച്ചത്.
അധ്യാപകൻ എന്ന നിലയിൽ അദ്ദേഹം ആർജിച്ച സ്‌നേഹബഹുമാനങ്ങൾ പാർട്ടിക്കുവേണ്ടി ഉപയോഗപ്പെടുത്താൻ നമ്പീശൻ മാഷിന് സാധിച്ചു. നേതാക്കളെ സുരക്ഷിതരായി ഒളിവിൽ താമസിപ്പിക്കുക എന്ന പാർട്ടി ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിർവഹിച്ചു. വേലൂർ, കൈപ്പറന്പ്, മുണ്ടൂർ, ചെമ്മംതട്ട തുടങ്ങിയ സ്ഥലങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാക്കളെ പരമരഹസ്യമായി അദ്ദേഹം ഒളിവിൽ താമസിപ്പിച്ചു.
1948ൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. നേതാക്കളെ ഒളിവിൽ താമസിപ്പിച്ചതിന്റെ പേരിൽ 1950 സെപ്‌തംബറിൽ നമ്പീശൻ മാഷ് അറസ്റ്റിലായി. ജോർജ് ചടയംമുറി എവിടെ എന്നായിരുന്നു ഇൻസ്‌പെക്ടർക്ക് അറിയേണ്ടിയിരുന്നത്. പറയുന്നില്ല എന്നു കണ്ടപ്പോൾ തുടർച്ചയായ മർദനമായി. തുടർന്ന് ഇ എം എസ്, അച്യുതമേനോൻ, കെ ദാമോദരൻ, ഇ കെ ഇമ്പിച്ചിബാവ, പി എസ് നന്പൂതിരി… ഇങ്ങനെ ഓരോ നേതാവും എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ചോദിച്ച് ക്രൂരമർദനം. തുടർച്ചയായ മർദനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും പാർട്ടി രഹസ്യം വെളിപ്പെടുത്തില്ല എന്ന നമ്പീശൻ മാഷിന്റെ ഇച്ഛാശക്തി തന്നെ വിജയിച്ചു. പൊലീസ് മുറകളെല്ലാം വിഫലമായി. മാഷിൽനിന്ന് ഒരു രഹസ്യവും പൊലീസിന് ലഭിച്ചില്ല.
ഭേദ്യം ചെയ്യൽ മാഷിന്റെ ശരീരത്തെ നന്നായി തളർത്തി. അതുകൊണ്ടും അരിശം തീരാത്ത പൊലീസുകാർ അദ്ദേഹത്തെ വിലങ്ങണിയിച്ച് ഒറ്റമുണ്ടുമാത്രം ധരിപ്പിച്ച് വടക്കാഞ്ചേരി ചന്തയിലൂടെ നടത്തിച്ചു. മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കപ്പെട്ട അദ്ദേഹത്തെ കോടതി രണ്ടുമാസത്തേക്ക് റിമാൻഡ് ചെയ്‌തു. രണ്ടുമാസത്തിനുശേഷം ജാമ്യം ലഭിച്ചത് വലിയ ഒരു സംഖ്യ മാഷിന്റെ കുടുംബം കെട്ടിവെച്ചതിനുശേഷമായിരുന്നു. പരമദരിദ്രമായ ആ കുടുംബം നന്നേ പാടുപെട്ടാണ് ജാമ്യസംഖ്യ സ്വരൂപിച്ചത്. എല്ലാദിവസവും പൊലീസ് സ്‌റ്റേഷനിൽ ഹാജരായി ഒപ്പിടണം എന്നതായിരുന്നു മറ്റൊരു ജാമ്യവ്യവസ്ഥ. ആറുമാസത്തെ സാക്ഷിവിസ്‌താരത്തിനൊടുവിലാണ് നമ്പീശൻ മാഷിനെ കോടതി കുറ്റവിമുക്തനാക്കിയത്.
അങ്ങനെ അദ്ദേഹം 1950 ഡിസംബറിൽ വീട്ടിൽ തിരിച്ചെത്തി. അധികം താമസിയാതെ മുമ്പ് ജോലിചെയ്‌തിരുന്ന മുല്ലശ്ശേരി സ്‌കൂളിൽ അധ്യാപകനായി വീണ്ടും അദ്ദേഹത്തിന് ജോലി ലഭിച്ചു. ഈ സമയത്ത് സമീപ പ്രദേശങ്ങളായ മുല്ലശ്ശേരി, പാങ്ങ്, പാവർട്ടി തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ച് അദ്ദേഹം പുതിയ പ്രവർത്തകരെ കണ്ടെത്തി.
അധ്യാപക ജോലിക്കു പോകുന്നതിനു മുന്പും അതിനുശേഷവും അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ അഹോരാത്രം മുഴുകി. പാർട്ടി ചാവക്കാട് ഫർക്ക കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് മേഖലയിൽ ആദ്യമായി ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചത് നമ്പീശൻ മാഷാണ്. ബീഡിത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അവകാശങ്ങൾക്കായി സമരം സംഘടിപ്പിക്കപ്പെട്ടു. സമരത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങൾ വിശദീകരിക്കാൻ ചേർന്ന പൊതുയോഗത്തിൽ എ കെ ജിയും സുശീല ഗോപാലനും പങ്കെടുത്തു.
1952ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാദേശികമായി മുന്നണി സംഘടിപ്പിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി മത്സരിച്ചത്. ‘ജനക്ഷേമസംഘം’ എന്ന പേരിൽ എ എസ് എൻ നമ്പീശന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുന്നണിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത്. ഒമ്പതിൽ ഏഴു സീറ്റും ജനക്ഷേമസംഘം തൂത്തുവാരി.
1953ൽ മുല്ലശ്ശേരി ഹൈസ്‌കൂളിൽനിന്ന് രണ്ടാമതും നമ്പീശൻ മാഷിനെ പുറത്താക്കി. ചാവക്കാട് മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങിയതാണ് മാനേജ്‌മെന്റ് കണ്ടെത്തിയ കുറ്റം.
മുല്ലശ്ശേരിയിൽ ഒരു ട്യൂട്ടോറിയൽ കോളേജ് ആരംഭിച്ചുകൊണ്ടാണ് മാഷ് അതിന് മറുപടി നൽകിയത്. സി ജനാർദ്ദനനായിരുന്നു അന്ന് പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി. നിരവധി ചുമതലകൾ അദ്ദേഹം ഇക്കാലത്ത് നമ്പീശൻ മാഷെ ഏൽപിച്ചു. 1952ലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പല സ്ഥലങ്ങളിലും നമ്പീശൻ മാഷ് നിയോഗിക്കപ്പെട്ടു. 1952ൽ കെ കെ വാരിയരാണ് വിയ്യൂർ നിയോജകമണ്ഡലത്തിൽനിന്ന് മത്സരിച്ചത്. നമ്പീശൻ മാഷ് ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി.
1953ൽ എ എസ് എൻ തൃശൂർ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അതുവരെ പൊന്നാനി താലൂക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹത്തെ തലപ്പള്ളി താലൂക്കിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിനാണ് നിയോഗിച്ചത്. ആ വർഷം തന്നെ താലൂക്ക് കമ്മിറ്റിക്ക് ഓഫീസ് വടക്കാഞ്ചേരി ഓട്ടുപാറയിൽ ആരംഭിച്ചു.
1953ൽ തലപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മാഷ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് സജീവമായ നേതൃത്വം നൽകി. താലൂക്കൊട്ടാകെ പാർട്ടി സെൽ കമ്മിറ്റികൾ സംഘടിപ്പിക്കുന്നതിന് അദ്ദേഹം കഠിനമായി അധ്വാനിച്ചു.
1955ൽ താലൂക്ക് കമ്മിറ്റിയുടെ ആസ്ഥാനം വടക്കാഞ്ചേരിയിലേക്ക് മാറ്റി. തോട്ടങ്ങൾ, ഓട്ടുകന്പനികൾ, ബീഡി കന്പനികൾ എന്നിവിടങ്ങളിലെല്ലാം ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കാൻ അദ്ദേഹം സജീവമായി ഇടപെട്ടു.
വാഴാനി കനാൽ സമരം
വാഴാനി കനാൽ നിർമിക്കുന്നതിന്റെ ഭാഗമായി 1955 വേലൂർ കുറുമാലിൽ എഴുത്തച്ഛൻകുന്നു മുതൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ മണ്ണുകൊണ്ട് ബണ്ട് കെട്ടിയുയർത്തിത്തുടങ്ങി. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണി വരെയായിരുന്നു ജോലിസമയം. ദാരിദ്ര്യവും പട്ടിണിയും മൂലം ജനങ്ങൾ ശരിക്കും ദുരിതം സഹിക്കുന്ന കാലമായിരുന്നു അത്. നിരവധിപേർ ജോലിക്ക് വരാൻ തയ്യാറായി. അതോടെ കോൺട്രാക്ടർ തുച്ഛമായ കൂലി കൊടുത്ത് കൂടുതൽ സമയം പണിയെടുപ്പിച്ചു. ദാഹജലം കുടിക്കാനുള്ള സമയംപോലും തൊഴിലാളികൾക്ക് നൽകാൻ കോൺട്രാക്ടറും അയാളുടെ മേസ്‌തിരിമാരും സമ്മതിക്കാത്ത അവസ്ഥയായിരുന്നു.
തൊഴിലാളികൾ നേരിടുന്ന ഈ കൊടും ചൂഷണത്തിന് അറുതിവരുത്താൻ പാർട്ടി തീരുമാനിച്ചു. വാഴാനി കനാൽ വർക്കേഴ്‌സ് യൂണിയൻ എന്ന പേരിൽ പാർട്ടിയുടെ നേതൃത്വത്തിൽ ഒരു ട്രേഡ് യൂണിയൻ രൂപീകരിച്ചു. എ എസ് എൻ നമ്പീശൻ അതിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തൊഴിലാളികളുടെ ആവശ്യങ്ങൾ അക്കമിട്ട് എഴുതി കോൺട്രാക്ടറെ അറിയിക്കാൻ യൂണിയൻ തീരുമാനിച്ചു. നമ്പീശൻ മാഷും യൂണിയൻ സെക്രട്ടറി ഫ്രാൻസിസും ചേർന്ന് കോൺട്രാക്ടർക്ക് ഈ ആവശ്യങ്ങൾ എഴുതി നൽകി. എന്നാൽ കോൺട്രാക്ടർ അത് പരസ്യമായി വലിച്ചുകീറി.
മറ്റു മാർഗമില്ലെന്ന് ബോധ്യപ്പെട്ടതോടെ യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്കാരംഭിച്ചു. പൊലീസ് നേതാക്കളെയും തൊഴിലാളികളെയും കൂട്ടേേത്താടെ അറസ്റ്റ് ചെയ്‌തു. എന്നിട്ടും തൊഴിലാളികൾ സമരം തുടർന്നു. സമരസഹായസമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്‌തുക്കൾ സംഭാവനയായി സ്വീകരിച്ചു. അങ്ങനെ ലഭിച്ച അരിയും കപ്പയും പച്ചക്കറികളും പാചകം ചെയ്‌ത് സമരപന്തലിൽ വിതരണം ചെയ്‌തു.
സമരത്തെ എങ്ങനെയും പരാജയപ്പെടുത്താൻ കോൺട്രാക്ടറും അയാളുടെ ഗുണ്ടകളും പൊലീസും കിണഞ്ഞ് ശ്രമിച്ചു. ട്രോളിയിൽ മണ്ണ് കൊണ്ടുപോയി ഇടാൻ അവർ ശ്രമിച്ചു. തൊഴിലാളികൾ അത് തടഞ്ഞു.
പണി പുനരാരംഭിക്കുന്നതിനായി ട്രോളിക്ക് വരാനുള്ള സിഗ്‌നൽ പൊലീസ് കൊടുത്തു. മണ്ണ് നിറഞ്ഞ ട്രോളി റെയിലിലൂടെ ചലിച്ചു തുടങ്ങി. പൊലീസ്, തൊഴിലാളികളെ വലയത്തിലാക്കി ട്രോളിക്ക് സുഗമമായി വരാൻ വഴിയൊരുക്കി. എന്നാൽ പൊലീസിന്റെ വലയത്തിൽനിന്ന് വളരെ വേഗം കുതറിമാറിയ നമ്പീശൻ മാഷ് റെയിലിലേക്ക് എടുത്തു ചാടി റെയിൽവേ പാളത്തിൽ തലവെച്ച് കിടന്നു. രണ്ടു പൊലീസുകാർ ഓടിവന്ന് എടുത്തുമാറ്റാൻ കിണഞ്ഞു ശ്രമിച്ചിട്ടും നമ്പീശൻ മാഷ് വഴങ്ങിയില്ല. മരണത്തെ വരിക്കാൻ തന്നെ അദ്ദേഹം ഉറച്ചു. ട്രോളി മുന്നോട്ടു വരികയാണ്… പെട്ടെന്ന് ഒരു പൊലീസുകാരൻ വലിയ ഒരു മരക്കുറ്റി റെയിലിലേക്ക് വലിച്ചിട്ടു. നമ്പീശൻ മാഷ് കിടക്കുന്നതിന് തൊട്ടുമുന്പിൽ മരമുട്ടിയിൽ തട്ടി ട്രോളി നിന്നു.
പൊലീസെത്തി നമ്പീശൻ മാഷിനെ അറസ്റ്റ് ചെയ്‌തു. അതോടെ തൊഴിലാളികൾ ക്ഷുഭിതരായി. വെടിവെക്കാൻ പൊലീസ് നടത്തിയ ശ്രമം വിഫലമായി. നമ്പീശൻ മാഷ് ഉൾപ്പെടെയുള്ളവർ പൊലീസ് ലോക്കപ്പിലായി. സമരത്തെ പൊളിക്കാനുള്ള എല്ലാ ശ്രമങ്ങളും കോൺട്രാക്ടർ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. അതോരെ സമരം ഒത്തുതീർപ്പാക്കിയാൽ മതിയെന്നായി കോൺട്രാക്ടർ. ലോക്കപ്പിലെത്തി നമ്പീശൻ മാഷിനെ കണ്ട കോൺട്രാക്ടർ തൊഴിലാളികളുമായി ചർച്ചയ്‌ക്ക് തയ്യാറായി. തൊഴിലാളികൾ ഉന്നയിച്ച പല ആവശ്യങ്ങളും അംഗീകരിക്കാൻ കോൺട്രാക്ടർ നിർബന്ധിതനായി. തൊഴിലാളിസമരവും അത് നേടിയ വിജയവും അവകാശസമര പോരാട്ടങ്ങൾക്ക് അമൂല്യമായ ഊർജമാണ് പകർന്നത്.
തൃശൂർ ജില്ലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നലകിയ നമ്പീശൻ മാഷ് ഉജ്വലനായ പോരാളിയും അതുല്യ സംഘാടകനുമെന്ന ഖ്യാതി നേടി. 1956ൽ അദ്ദേഹം പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയറ്റിലേക്കും സംസ്ഥാന കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ചു നിന്നവരിൽ ഒരാൾ നമ്പീശൻ മാഷായിരുന്നു. ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം സിപിഐ പക്ഷത്താണ് നിലയുറപ്പിച്ചത്. അന്ന് നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന നേതാക്കൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തൃശൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് എ എസ് എൻ നമ്പീശൻ ഉൾപ്പെടെയുള്ള അഞ്ച് നേതാക്കൾ ഇറങ്ങിപ്പോക്ക് നടത്തി.
വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം എന്നീ ഏരിയ കമ്മിറ്റികൾക്കു കീഴിലുള്ള പാർട്ടി ഘടകങ്ങളെയും അംഗങ്ങളെയും സിപിഐ എമ്മിനൊപ്പം നിർത്താൻ നമ്പീശൻ മാഷ് നിർണായക സംഭാവനയാണ് ചെയ്‌തത്.
സിപിഐ എമ്മിന്റെ പ്രഥമ ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അദ്ദേഹം അംഗമായി. 1972 വരെ അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1964ൽ സിപിഐ എം നേതാക്കൾ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. ഇരുപതു മാസക്കാലം അദ്ദേഹത്തെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. എ കെ ജി, അഴീക്കോടൻ, എം എം ലോറൻസ്, ഇ ബാലാനന്ദൻ, ടി കെ രാമകൃഷ്‌ണൻ തുടങ്ങിയ പ്രമുഖ നേതാക്കൾ അന്ന് അദ്ദേഹത്തോടൊപ്പം ജയിലിലുണ്ടായിരുന്നു.
1964 മുതൽ 1977 വരെ അദ്ദേഹം വേലൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1967ൽ കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1970ലും 1980ലും വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽനിന്നും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1970‐77 കാലത്ത് അദ്ദേഹം സിപിഐ എമ്മിന്റെ പാർലമെന്ററി പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 1987‐91 കാലത്ത് അദ്ദേഹം തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. 1996‐2001ൽ സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാനായും നമ്പീശൻ മാഷ് സേവനമനുഷ്‌ഠിച്ചു.
കലാകാരാൻ
മദ്ദള കലാകാരനായ അച്ഛനിൽനിന്ന് അദ്ദേഹം മദ്ദളം വായിക്കാൻ പരിശീലിച്ചു. കുട്ടിക്കാലത്ത് താളവാദ്യങ്ങൾ പരിശീലിപ്പിച്ച അദ്ദേഹം പല വേദികളിലും അവ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ആ കലാരൂപങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാനും നല്ല നിരൂപണം നടത്താനും അദ്ദേഹം സമയം കണ്ടെത്തി. താളങ്ങളെയും താളവാദ്യങ്ങളെയും പറ്റി സമഗ്രമായും ശാസ്‌ത്രീയമായും അദ്ദേഹം നടത്തിയ പഠനമാണ് ‘താളങ്ങൾ, താളവാദ്യങ്ങൾ’ എന്ന കൃതി. ‘താളവിദ്യയുടെ ശാസ്‌ത്രീയപഠനത്തിലെ പഥികൃത്ത്’ എന്നാണ് നമ്പീശൻ മാഷിനെ കെ ജി പൗലോസ് വിശേഷിപ്പിച്ചത്. ഇത്തരം ഒരു വിശേഷണത്തിന് മാഷിനെ അർഹനാക്കിയത് മാഷിന് ഈ രംഗത്തെക്കുറിച്ചുള്ള അറിവാണ്. പാരമ്പര്യമായി കിട്ടിയതും കണ്ടും കേട്ടും വളർത്തിയതും കലാകാരന്മാരുമായുള്ള സംവാദത്തിലൂടെ സമ്പുഷ്‌ടമായതുമാണ് ആ അറിവെന്ന് കെ ജി പൗലോസ് പറയുന്നു. ‘വാദ്യമഞ്‌ജരി’, ‘വാദ്യസുധ’ എന്നിവയും എ എസ് എൻ നമ്പീശന്റെ ശ്രദ്ധേയമായ കൃതികളാണ്.
കഥകളിയുടെ നല്ല ഒരാസ്വാദകനായിരുന്ന അദ്ദേഹത്തിന് അരങ്ങിലെ ചിട്ടവട്ടങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. കലാമണ്ഡലം വൈസ് ചെയർമാനായി അദ്ദേഹം രണ്ടുതവണ പ്രവർത്തിച്ചു. കലകളുടെയും കലാമണ്ഡലത്തിന്റെയും വികസനരംഗത്ത് സർഗാത്മകമായ പല സംഭാവനകളും ചെയ്യാൻ നമ്പീശൻ മാഷിന് ഈ കാലയളവിൽ സാധിച്ചു.
ഗ്രന്ഥശാലാ പ്രവർത്തകൻ, കലാ‐സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ നമ്പീശൻ മാഷിന് സാധിച്ചു.
2007 നവംബർ 22ന് എ എസ് എൻ നമ്പീശൻ അന്ത്യശ്വാസം വലിച്ചു. ഐരാണിക്കുളം തെക്കെപുഷ്‌പകം കുടുംബാംഗമായ ദേവകിയാണ് ജീവിതപങ്കാളി. ആര്യാദേവി, സതീദേവി, സോമനാഥൻ, ഗീതാദേവി എന്നിവർ മക്കൾ. ♦
കടപ്പാട്: ഐ വി ദാസ് എഡിറ്റ് ചെയ്‌ത് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘എ എസ് എൻ ജീവിതം, കല, രാഷ്‌ട്രീയം’, കെ വി അബ്ദുൾ ഖാദർ എഡിറ്റ് ചെയ്‌ത ‘സമരോജ്വല ജീവിതങ്ങൾ’