പ്രത്യക്ഷമായും പരോക്ഷമായും നിലനിൽക്കുന്ന നിരവധി അസമത്വങ്ങളുടെ നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. സാമ്പത്തിക അസമത്വങ്ങൾ, വംശീയവും ജാതീയവുമായ അസമത്വങ്ങൾ, സ്ത്രീ‐പുരുഷ അസമത്വങ്ങൾ എന്നിങ്ങനെ അസമത്വത്തിന്റെ നിരവധി രൂപങ്ങൾ നമുക്കിടയിലുണ്ട്. അസമത്വങ്ങളുടെ ഇരകൾക്കുപോലും ആ അവസ്ഥ സ്വയം തിരിച്ചറിയാനാവാത്ത സ്ഥിതി കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. ജൻഡർ അസമത്വങ്ങൾ ഈ ഗണത്തിൽപെടുന്നു. ‘അവൾ’, ‘അവൻ’ എന്നചുരുക്കെഴുത്തുകൾക്കപ്പുറം വളരെ സങ്കീർണ്ണമായൊരു മാനസികസാമൂഹികതലം കൂടി ജൻഡർ എന്ന പദത്തിനുണ്ട് എന്ന തിരിച്ചറിവിന്റെ കാലത്താണ് ‘സമലോകം: ജൻഡറിനെക്കുറിച്ചൊരു പാഠംപുസ്തകം’ എന്ന പുസ്തകം പ്രസക്തമാകുന്നത്.
ഒരു പാഠപുസ്തകം എന്ന നിലയിലാണ് ഇത് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. എങ്കിലും വിദ്യാർത്ഥികൾക്ക് മാത്രമല്ല, എല്ലാവിഭാഗത്തിൽപെട്ടവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഉള്ളടക്കവും അവതരണരീതിയുമാണ് ഈ പുസ്തകത്തിനുള്ളത്. വിഷയങ്ങൾ വളരെ അനൗപചാരികമായ ശൈലിയിലാണ് ഇവിടെ കൈകാര്യംചെയ്യപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ ഇന്നോളം കേട്ടുപഴകിയതും ചെയ്ത് ശീലിച്ചതുമായ ഒട്ടനവധി പ്രവൃത്തികളെ മറ്റൊരുതലത്തിൽ കൂടി നോക്കിക്കാണാൻ നമ്മളെ പ്രാപ്തരാക്കുന്നുണ്ട് ഈ പുസ്തകം. സ്ത്രീ‐പുരുഷ അസമത്വങ്ങൾപോലെതന്നെ അറിഞ്ഞിരിക്കേണ്ടമറ്റു അസമത്വങ്ങളിലേക്കും, സാമൂഹിക സാംസ്കാരിക സാമ്പത്തിക ചുറ്റുപാടുകളിലേക്കുംകൂടി ഈ പുസ്തകം വിരൽചൂണ്ടുന്നു. അതിനൊപ്പം ക്ലാസ്സ് മുറികളിൽ സജീവമായി ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള ഇടംകൂടി അധ്യായങ്ങളിൽ ഉടനീളം ചേർത്തിട്ടുണ്ട്.
എന്താണ് ജൻഡർ? നാം എന്തിനത് പഠിക്കണം? ഈരണ്ടുചോദ്യങ്ങളിൽ നിന്നുമാണ് യൂണിറ്റ് ഒന്ന് ആരംഭിക്കുന്നത്. സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ട് ഘടകങ്ങളായി മാത്രം കണക്കാക്കിയിരുന്ന സാമൂഹിക സാംസ്കാരിക ഭൗതിക പശ്ചാത്തലത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഒന്നാം യൂണിറ്റ് പുരോഗമിക്കുന്നത്. നാം എന്തിന് ജൻഡറിനെക്കുറിച്ച് പഠിക്കണം എന്നതിന്റെ പ്രധാന കാരണം പലർക്കും ജൻഡർ എന്നത് വ്യത്യസ്തമായ അനുഭവങ്ങൾ ആയിരിക്കും എന്നതുകൊണ്ടാണ്. സ്ത്രീയോ പുരുഷനോ ആവുക എന്നതിനപ്പുറം നിരവധി ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഇടയിലൂടെയാവും ഓരോ യൗവനവും കടന്നുപോകുന്നത്. അത് തിരിച്ചറിയപ്പെടേണ്ടതാണ്, പഠിക്കേണ്ടതാണ്.
ജൻഡർ പഠനം എന്നത് മൂന്ന് വ്യത്യസ്ത ഘടകങ്ങൾ ആയി സൂചിപ്പിക്കുന്നുണ്ട്. ഒന്ന്, സ്ത്രീപ്രസ്ഥാനങ്ങൾ രൂപീകൃതമാവുകയും ജൻഡർ എന്ന വിഷയത്തെക്കുറിച്ച് സജീവമായി സംസാരിച്ചു തുടങ്ങുകയും ചെയ്ത 1970, 1980 കാലഘട്ടം. രണ്ട്, ജൻഡർ എന്നത് ആപേക്ഷികമാണ് എന്ന തിരിച്ചറിവിലേയ്ക്കും “ജൻഡർവർണ്ണരാജി” എന്ന വിശാലതയിലേക്കുമുള്ള യാത്രയാണ്. ജൻഡർ പഠനത്തിന്റെ മൂന്നാംഘട്ടത്തിലാണ് ഈ പുസ്തകം നിലനിൽക്കുന്നതും പ്രസക്തമാകുന്നതും. വർഗ്ഗവും ജാതിയും പോലെതന്നെ ജൻഡറും അസമത്വത്തിന്റെ സുപ്രധാന ഏടാണ്.
‘ദക്ഷിണേഷ്യ, പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക എന്നീ പ്രവിശ്യകളിൽനിന്നും പത്തുകോടി സ്ത്രീകളെ കാണാതായി’ എന്ന പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞൻ അമർത്യസെന്നിന്റെ വാദത്തിൽനിന്നുമാണ് ‘കാണാതാകുന്ന സ്ത്രീകൾ: ഭ്രൂണ ലിംഗനിർണയവും പ്രത്യാഘാതങ്ങളും’ എന്ന യൂണിറ്റ് ആരംഭിക്കുന്നത്. സ്ത്രീകളുടെ ജനസംഖ്യയിൽ വരുന്ന ഗണ്യമായ കുറവ് ഉയർന്ന മരണനിരക്കിലേക്കു കൂടിയാണ് വിരൽചൂണ്ടുന്നത്. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം ഇന്ത്യയിൽ സാധ്യമല്ല എങ്കിൽപോലും പുറത്തുവരുന്ന കണക്കുകൾ ഭയപ്പെടുത്തുന്നതാണ്. പെൺകുട്ടിയെ ‘മറ്റൊരിടത്തേയ്ക്ക്’ വിവാഹം ചെയ്തയക്കേണ്ട ഒന്നായി മാത്രമാണ് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷവും കണക്കാക്കുന്നത്. അത് പെൺകുട്ടികളിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ വലുതാണ്. ജനിച്ച് ഇന്നോളം വളർന്ന വീടും സ്വന്തം എന്നു കരുതിയ അച്ഛനും അമ്മയും ഉൾപ്പടെയുള്ള ബന്ധങ്ങളിൽ നിന്നുപോലും പറിച്ചെറിയപ്പെടുന്ന അവസ്ഥ… പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസം. വിവാഹം എന്നത് ഓരോ പെൺകുട്ടിയിലും അവശേഷിപ്പിക്കുന്ന മുറിവുകൾ ചെറുതല്ല. എന്താണ് ലിംഗാനുപാതം, അതിന്റെ പ്രാധാന്യം ഇവയൊക്കെ അവ്യക്തമായ ഒരു സമൂഹത്തിലാണ് ഈ പാഠപുസ്തം പ്രസക്തമാകുന്നത്.
സ്ത്രീകളുടെ തൊഴിലിനെക്കുറിച്ചുള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് എങ്ങനെ മാറ്റിയെഴുതണം എന്നാണ് ‘സ്‌ത്രീകളുടെ തൊഴിൽ: രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും’ എന്ന അധ്യായം ചർച്ചചെയ്യുന്നത്. ഒരു കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ സാമ്പത്തിക പിന്തുണ നൽകേണ്ട പൂർണ്ണ ചുമതല പുരുഷന്മാരിലും വീട്ടുപണികൾക്ക് തടസ്സംവരാത്ത തൊഴിലുകളിൽ മാത്രം ഏർപ്പെടാനുള്ള അവസരം സ്ത്രീകൾക്കുമായി പറഞ്ഞുവെക്കപ്പെടുമ്പോൾ അത് രണ്ടുകൂട്ടരിലും കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ 65% സ്ത്രീകളും സാക്ഷരരായി ഉള്ളപ്പോൾ തൊഴിൽപ്രായത്തിലുള്ള 35 കോടി സ്ത്രീകളിൽ 11.2 കോടിസ്ത്രീകൾ മാത്രമാണ് നിലവിൽ തൊഴിലാളികളായി ഉള്ളത് എന്നാണ് സെൻസസ് റിപ്പോർട്ട്. സ്കൂൾ, കോളേജ് വിദ്യാഭ്യാസകാലത്തിനപ്പുറം തൊഴിലിടങ്ങളിലേക്ക് എന്തുകൊണ്ട് സ്ത്രീകൾ എത്തുന്നില്ല എന്നത് ഗൗരവമുള്ള ഒരു ചോദ്യമാണ്. കൂലിയില്ലാത്ത കുടുംബജോലി, ‘തൊഴിലില്ലാത്ത’ ഒരാളുടെ ജീവിതത്തിലെ ഒരുദിവസം, സ്ത്രീ-‐പുരുഷവേതനത്തിലുള്ള അന്തരം എന്നിങ്ങനെ തുടങ്ങി പെമ്പിളൈ ഒരുമയിൽ എത്തിയാണ് ഈ അധ്യായം പൂർത്തിയാകുന്നത്.
ഇരകളെ കുറ്റക്കാർ ആക്കുമ്പോൾ നമ്മൾ ആവർത്തിച്ചു ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്.
● ബലാൽസംഗം ഒറ്റപ്പെട്ട സ്ഥലങ്ങളിലോ അല്ലെങ്കിൽ രാത്രിയിലോ മാത്രമാണോ നടക്കുന്നത്?
● ബലാൽസംഗത്തിന്റെ ഇരകൾ എല്ലായിപ്പോഴും യുവതികൾ ആണോ?
● ബലാൽസംഗം ചെയ്യപ്പെടുന്നതള് പൊതുവേ അപരിചിതരാലാണോ?
● പ്രായമായ സ്ത്രീകളും ചെറിയ കുട്ടികളും ബലാൽസംഗംചെയ്യപ്പെടാറുണ്ടോ?
● ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീകൾക്ക് അവരുടെ അഭിമാനം നഷ്ടമാകുമോ?
ഈ അഞ്ചു ചോദ്യങ്ങളിലൂടെയാണ് ‘ലൈംഗികാതിക്രമത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ’ എന്ന അധ്യായം നമ്മൾ വായിച്ചു തുടങ്ങുന്നത്. ഒരു സ്ത്രീ ബലാൽസംഗത്തിനിരയായി എന്നറിയുമ്പോൾ നമ്മുടെ സമൂഹത്തിൽ ആദ്യം ഉയരുന്ന കുറച്ച് ചോദ്യങ്ങളിൽ ഒന്ന് അവളുടെ സ്വഭാവശുദ്ധി, വസ്ത്രധാരണം, സംഭവം നടന്ന സമയംഎന്നിങ്ങനെയാണ്. ഇരയായിരിക്കുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരാൻ ശക്തമായി ആഗ്രഹിക്കുമ്പോഴും നിനക്ക് വിലപ്പെട്ടത് എന്തോ നഷ്ടപ്പെട്ടു എന്നും ജീവിതം നിനക്കിനി അന്യമാണ് എന്നുമാണ് ചുറ്റുപാടും അവളെ പിന്തുടർന്ന് ഓർമ്മിപ്പിക്കുന്നത്. അത്തരത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ് എങ്കിൽപോലും. ആൺകുട്ടിയെ ആൺകുട്ടിയാക്കലും അവനിൽ പുരുഷത്വം വളർത്തലും ഒക്കെ ഇത്തരം ലൈംഗിക അതിക്രമസ്വഭാവം സൃഷ്ടിക്കുന്നതിലേക്ക് വഴിയൊരുക്കാം എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
യൂണിറ്റ് 15, ‘നമ്മുടെ ശരീരങ്ങൾ നമ്മുടെ ആരോഗ്യം’ എന്ന അവസാനഭാഗം നമ്മുടെ ശരീര അവയവങ്ങളെക്കുറിച്ചുള്ളതാണ്. അവയുടെ ധർമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് ഈ പാഠപുസ്തകം അവസാനിക്കുന്നത്. സ്ത്രീക്ക് പുരുഷനും പുരുഷനു സ്ത്രീയും നിഗൂഢമായ എന്തോ ഒന്നായി നിലനിൽക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് ശരീരങ്ങളെപ്പറ്റിയും അവയുടെ പ്രവർത്തനങ്ങളെപ്പറ്റിയും പരസ്പരം കൃത്യമായി അറിഞ്ഞിരിക്കുക എന്നത് അനിവാര്യമാണ്.
സൂസിതരൂ, എ സുനിത, ഉമാമഹേശ്വരി ബ്യുഗണ്ട എന്നിവരുടെ വർഷങ്ങൾനീണ്ട പഠനത്തിന്റെയും പ്രവർത്തനങ്ങളുടെയും ഒരു തുടർച്ചകൂടിയാണ് ഈ പുസ്തകം. ഇവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം രചയിതാക്കൾ ചേർന്നാണ് തെലുങ്ക്‐ഇംഗ്ലീഷ് ദ്വിഭാഷാ പാഠപുസ്തകമായി ഇത് ആദ്യം തയ്യാറാക്കുന്നത്.
ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന ഓരോ തെറ്റായ വിവരങ്ങളും അശാസ്ത്രീയമായ അറിവുകളും നാളത്തെ സാമൂഹിക നിർമ്മിതിയെ തകർക്കാനുള്ള മൂർച്ചയുള്ള ഒരു ആയുധമായി മാറും. നമ്മളിൽ എത്രപേർ സ്ത്രീയ്‌ക്കും പുരുഷനും അപ്പുറമുള്ള ലൈംഗികസ്വത്വങ്ങളെപ്പറ്റി പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ട്? ഇന്ത്യയിൽ എത്ര നദികൾ ഉണ്ട് എന്നും ഏറ്റവും ഉയരംകൂടിയ പർവ്വതം ഏത് എന്നും പഠിപ്പിക്കുന്നതുപോലെ സ്ത്രീപുരുഷ ശരീര അവയവങ്ങളെപ്പറ്റി എത്ര ടീച്ചർമാർ ക്ലാസ്സെടുത്തിട്ടുണ്ട്? സ്വന്തം ശരീരത്തെപ്പറ്റിയും സ്വന്തം ജെൻഡർ ഐഡന്റിറ്റിയെപ്പറ്റിയും പഠിക്കുകയും മറ്റുള്ളവരുടെ ഐഡന്റിറ്റിയെ ബഹുമാനിക്കുകയും ചെയ്യുന്നിടത്താണ് ഒരു വ്യക്തി രൂപപ്പെടുന്നത്. അത്തരം ഒരു പാകപ്പെടുത്തലിന് നമ്മുടെ പുതിയ തലമുറയെ സഹായിക്കുന്ന ഒന്നാണ് ആർ പാർവതിദേവി പരിഭാഷപ്പെടുത്തി ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ സമലോകം ജൻഡറിനെക്കുറിച്ച് ഒരു പാഠപുസ്തകം എന്ന ഈ പുസ്തകം. നിർബന്ധമായും നാമെല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത് എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയാം. മാത്രമല്ല നമ്മുടെയൊക്കെ ഗൃഹാന്തരീക്ഷത്തിൽ ഇത് ചർച്ചചെയ്യപ്പെടുകയും വേണം. ♦