14 ഇന ആവശ്യങ്ങൾ ഉന്നയിച്ച് പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ ജനുവരി 25ന് ഏകദിന പണിമുടക്ക് നടത്തി. യൂണിയൻ ബാങ്ക് യൂണിയനിലെ നാല് യൂണിയനുകൾ‐ ഓൾ ഇന്ത്യ യൂണിയൻ ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ, യൂണിയൻ ബാങ്ക് സ്റ്റാഫ് അസോസിയേഷൻ, ഡൽഹി യൂണിറ്റ് ഓഫ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ‐ ചേർന്ന സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.
ഐബിപിഎസ് പരീക്ഷയിലൂടെ മതിയായ ക്ലറിക്കൽ ജീവനക്കാരെ നിയമിക്കുക, സബ് സ്റ്റാഫുകളെ നിയമിക്കുക, സബ് സ്റ്റാഫ് വിഭാഗങ്ങളിൽ കരാർ, കാഷ്വൽ, താൽക്കാലിക ജീവനക്കാരെ റെഗുലറൈസ് ചെയ്യുക എന്നിവയാണ് ഉന്നയിക്കപ്പെട്ട പ്രധാന ഡിമാൻഡുകൾ. കൂടാതെ കാഷ്വൽ ജീവനക്കാർക്ക് മിനിമം വേതനം, ട്രാൻസ്‌ഫറുകൾ തടഞ്ഞുവെക്കുന്നത് അവസാനിപ്പിക്കുക എന്നിവയുൾപ്പെടെ ബാങ്കിന്റെ നയങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധ ആവശ്യങ്ങളും ജീവനക്കാർ ആവശ്യപ്പെടുന്നു.
യൂണിയനുകൾ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ ആവശ്യങ്ങൾ അവഗണിച്ചതാണ് ജീവനക്കാരെ സമരങ്ങളിലേക്കും പണിമുടക്കിലേക്കും നീങ്ങാൻ നിർബന്ധിതരാക്കിയിരിക്കുന്നത്. 2020ൽ ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും ലയിച്ചതിനുശേഷം 134 റീജിയണൽ ഓഫീസുകളിലായി 8700ലധികം ശാഖകളുള്ള രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായി യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ മാറി. 2024 സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ ബാങ്കിന്റെ ലാഭം 90% വർധിച്ച് 3511 കോടി രൂപയായി. ഇങ്ങനെ ലാഭകരമായി ബാങ്ക് മുന്നോട്ടുപോകുമ്പോഴും മതിയായ ജീവനക്കാരെ നിയമിക്കാതിരിക്കുകയും തസ്‌തികകൾ നികത്താതിരിക്കുകയുമാണ്. ഇത് നിലവിലെ ജീവനക്കാർക്കുമേൽ അമിതഭാരം അടിച്ചേൽപിക്കുന്നു. ഇത് സേവനങ്ങളെയും സാരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെയാണ് നിലവിലെ തസ്‌തികകൾ അടിയന്തരമായും നികത്തണമെന്ന് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഇവയെല്ലാം ഉ ൾപ്പെടെ 14 ഇന ആവശ്യങ്ങളാണ് യൂണിയനുകൾ ഉയർത്തുന്നത്. പണിമുടക്കിനു തൊട്ടു മുൻപത്തെ ദിനം ‘ബാഡ്‌ജ് ധരിക്കൽ’ ദിനമായി ആചരിച്ചു.
ജീവനക്കാരുടെ ഈ ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാത്തപക്ഷം പ്രക്ഷോഭങ്ങളുടെ പുതിയ പോർമുഖം തുറക്കാർ നിർബന്ധിതമായിത്തീരുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകുന്നു. ♦