Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെഇക്കഡോറിൽ മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം

ഇക്കഡോറിൽ മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം

സിയ റോസ

എംഎഫിന്റെ നിർദേശാനുസരണം സാമ്പത്തിക ഭരണനയങ്ങളിൽ മാറ്റം വരുത്തിയതിന്റെ ഭാഗമായി ഇക്കഡോറിൽ മാഫിയ അഴിഞ്ഞാട്ടം.അത്യാധുനിക റൈഫിളുകളും ഗ്രനേഡുകളും മറ്റുമാമറ്റുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന മാഫിയ കൂട്ടങ്ങൾ സ്‌ഫോടനങ്ങളും കലാപങ്ങളും വെടിവെയ്‌പും കാർ കത്തിക്കലും മറ്റുമായി അഴിഞ്ഞാടുകയാണ്‌. ഗ്വയാകൂളിൽ നടന്ന അക്രമവും തുടർന്നുണ്ടായ സംഭവങ്ങളും കഴിഞ്ഞ അഞ്ചുവർഷത്തോളമായി രാജ്യത്ത്‌ നടമാടുന്ന സംഘടിതമായ അക്രമ പേക്കൂത്തുകളിലൊന്ന്‌ മാത്രമാണ്‌. ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ സുരക്ഷിത രാജ്യമായ ഇക്കഡോറിന്റെ ഈ മാറ്റം, പൂർണമായും കലാപകലുഷിതമായ അന്തരീക്ഷത്തിലേക്കുള്ള ഈ മാറ്റം ദുഃഖകരമാണ്‌; 2019 മുതലങ്ങോട്ട്‌ ഇക്കഡോറിലെ നരഹത്യാനിരക്ക്‌ 800 ശതമാനത്തോളമായി ഉയർന്നിരിക്കുന്നു.

ഗ്വില്ലെർമൊ ലാസോയ്‌ക്കു പകരം അധികാരത്തിൽ വന്ന പ്രസിഡന്റ്‌ ഡാനിയേൽ നൊബൊവ സ്ഥിതിഗതികളെ നിയന്ത്രിക്കുന്നതിനുവേണ്ടി രാജ്യത്ത്‌ അടിയന്തരാവസ്ഥയും കർഫ്യൂവും ഏർപ്പെടുത്തിയെങ്കിലും മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്‌. ഇടതുപക്ഷത്തിന്റെ ബാനറിൽ അധികാരത്തിൽ വന്നശേഷം ഐഎംഎഫിന്റെയും സാമ്രാജ്യത്വത്തിന്റെയും തീട്ടൂരങ്ങൾക്കു വഴങ്ങി സാമ്പത്തികരംഗത്ത്‌ വഞ്ചനാപരമായ മാറ്റങ്ങൾ വരുത്തിയ ലെനിൻ മൊറേനയുടെ വലതുപക്ഷ പരിഷ്‌കാരങ്ങളും അതുതന്നെ തുടർന്നുവന്ന ഗ്വില്ലെർമോ ലാസ്സോയുടെ ഭരണപരിഷ്‌കാരങ്ങളുമാണ്‌ രാജ്യത്ത്‌ മാഫിയ സംഘങ്ങളുടെ ഈ ഗതിയിലുള്ള വളർച്ചയ്‌ക്ക്‌ വഴിയൊരുക്കിയത്‌. ചെലവുചുരുക്കലും ഭരണകൂടത്തിന്റെ പിൻവലിയലുമെല്ലാം അതിർത്തിയിലെ നിയന്ത്രണങ്ങൾ ദുർബലമാക്കുകയും മാഫിയ സംഘങ്ങളുടെ വ്യാപനത്തിനും കടന്നുകയറ്റത്തിനും വഴിയൊരുക്കുകയും ചെയ്‌തു.

ലോകത്തിലെതന്നെ ഏറ്റവും വലിയ കൊക്കെയ്‌ൻ ഉൽപാദനകേന്ദ്രങ്ങളായ കൊളംബിയയുടെയും പെറുവിന്റെയും മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഇക്കഡോറിന്റെ ഭൂമിശാസ്‌ത്രപരമായ കിടപ്പും ഇതിലേക്ക്‌ വഴിവെച്ച അന്താരാഷ്‌ട്ര ഘടകമാണ്‌. ധനപരമായ നിയന്ത്രണം എടുത്തുമാറ്റൽ, അതായത്‌, മാഫിയ സംഘങ്ങൾക്ക്‌ പണം കൊള്ളയടിക്കുന്നതിനും കണ്ടെത്തുന്നതിനും സൗകര്യമൊരുക്കുന്ന ഡോളർവൽകൃത സമ്പദ്‌ഘടന മയക്കുമരുന്ന്‌ കടത്തിന്‌ തുരങ്കംവെയ്‌ക്കുന്ന പ്രവർത്തനങ്ങൾക്ക്‌ തടയിടുകയും ചെയ്‌തതോടെ മാഫിയ സംഘങ്ങൾക്ക്‌ കൂടുതൽ സൗകര്യമായി. ചുരിക്കിപ്പറഞ്ഞാൽ സാമ്രാജ്യത്വത്തിന്റെയും ഐഎംഎഫിന്റെയും തീട്ടൂരങ്ങൾക്ക്‌ വഴങ്ങി രാജ്യത്തെ ഭരണാധികാരികൾ നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ്‌ ഇക്കഡോറിനെ ഇത്തരത്തിൽ കലാപകലുഷിതവും ഭീതിജനകവുമായ സാഹചര്യത്തിലേക്ക്‌ തള്ളിവിട്ടത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 4 =

Most Popular