Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതമിഴ്‌നാട്‌: ട്രാൻസ്‌പോർട്ട്‌ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

തമിഴ്‌നാട്‌: ട്രാൻസ്‌പോർട്ട്‌ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

കെ ആർ മായ

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ രാജ്യത്തെമ്പാടും തൊഴിലാളികളെ പ്രക്ഷോഭത്തിലേക്ക്‌ നയിക്കാൻ നിർബന്ധിതമാക്കിയിരിക്കുകയാണ്‌. അതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങൾ ഉയർന്നുവരികയും തീവ്രമായിക്കൊണ്ടിരിക്കുകയുമാണ്‌. തമിഴ്‌നാട്ടിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രാൻസ്‌പോർട്ട്‌ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലാണ്‌. 96 മാസമായി ഡിഎ പരിഷ്‌കരിക്കാത്തതും ഒഴിവുകൾ നികത്താത്തതുമുൾപ്പെടെ തൊഴിലാളികൾ ദീർഘകാലമായി ഉന്നയിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ തമിഴ്‌നാട്‌ സർക്കാരും ഗതാഗതവകുപ്പും പരാജയപ്പെട്ടതിനെത്തുടർന്നാണ്‌ ട്രാൻസ്‌പോർട്ട്‌ യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌. തമിഴ്‌നാട്‌ സ്‌റ്റേറ്റ്‌ ട്രാൻസ്‌പോർട്ട്‌ കോർപറേഷനിലെ (ടിഎൻഎസ്‌ടിസി) തൊഴിലാളികൾ ജനുവരി 9 മുതൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിൽ സിഐടിയു ഉൾപ്പെടെയുള്ള വിവിധ ട്രേഡ്‌ യൂണിയനുകളാണ്‌ പങ്കെടുക്കുന്നത്‌.

2018 മുതലുള്ള ഒഴിവുകളിൽ നിയമനം നടത്തും, റദ്ദാക്കിയ 4000ത്തോളം സർവീസുകൾ പുനഃസ്ഥാപിക്കും, 2018നുശേഷം വിരമിച്ചവർക്ക്‌ പെൻഷൻ ആനുകൂല്യങ്ങൾ നൽകും, 96 മാസമായി കുടിശ്ശികയായിട്ടുള്ള ക്ഷാമബത്ത ഉടൻ വിതരണംചെയ്യും തുടങ്ങി ട്രാൻസ്‌പോർട്ട്‌ തൊഴിലാളികളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ തമിഴ്‌നാട്‌ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്‌. തദ്ദേശസ്ഥാപനങ്ങളിൽ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയാണ്‌. ഇവയെല്ലാമാണ്‌ തൊഴിലാളികളെ അനിശ്ചിതകാല സമരത്തിലേക്ക്‌ തള്ളിവിട്ടത്‌. 60000ത്തോളം തൊഴിലാളികളാണ്‌ പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്‌.

നിലവിൽ കോർപറേഷനിലെ 20000 ഒഴിവുകളുണ്ട്‌. എന്നിട്ടും അത്‌ നികത്താതെ സർക്കാർ ഔട്ട്‌സോഴ്‌സിങ്ങും കരാർവൽക്കരണവുമാണ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. തൊഴിലാളികളിൽനിന്നും പിരിച്ചെടുത്ത പിഎഫ്‌ തുക അവർക്കു നൽകാതെ അത്‌ കോർപറേഷൻ മറ്റ്‌ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതായി ട്രേഡ്‌ യൂണിയനുകൾ ആരോപിക്കുന്നു. ഡ്യൂട്ടി സമയം കഴിഞ്ഞും തൊഴിലാളികൾക്ക്‌ അധികസമയം പണിയെടുക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്‌ നിലവിലുള്ള ഒഴിവുകളിൽ ആവശ്യത്തിന്‌ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുക എന്നതാണ്‌.

ഒട്ടേറെ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും നിയമപോരാട്ടങ്ങൾക്കു ശേഷവും സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതാണ്‌ ഇപ്പോൾ ഈ തൊഴിലാളികളെ കടുത്ത സമരരൂപങ്ങളിലേക്ക്‌ കടക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + seven =

Most Popular