Friday, September 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബ്രിഗേഡ് ഗ്രൗണ്ടിനെ ചെങ്കടലാക്കിയ യുവജനറാലി

ബ്രിഗേഡ് ഗ്രൗണ്ടിനെ ചെങ്കടലാക്കിയ യുവജനറാലി

ഷുവജിത് സർക്കാർ

2024 ജനുവരി 7 ബംഗാളിനെയും അതിന്റെ രാഷ്ട്രീയത്തെയും അടയാളപ്പെടുത്തിയ ചരിത്ര ദിനമാണ്. സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ ബ്രിഗേഡ്‌ പരേഡ്‌ ഗ്രൗണ്ടിൽ സംഘടിപ്പിച്ച 5 ലക്ഷത്തിലേറെ പേർ അണിനിരന്ന റാലി ഒരു ചരിത്ര സംഭവമായി മാറി. സിപിഐഎമ്മിന്റെയും ഇടതുമുന്നണിയുടെയും വമ്പിച്ച റാലികൾക്ക് ബ്രിഗേഡ് ഗ്രൗണ്ട് മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇക്കുറി യുവജന സംഘടനയുടെ മഹാസമ്മേളനമാണ് അരങ്ങേറിയത്. വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും പിന്തുണ അർപ്പിച്ചുകൊണ്ട് റാ ലിയിൽ പങ്കെടുത്തു. ശുഭ്ര, രക്ത പതാകകളുടെ അലകടലായി അക്ഷരാർഥത്തിൽ കൊൽക്കത്ത മാറി. സംസ്ഥാനതൊട്ടാകെയുള്ള ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരെ കൊണ്ട് നഗരമാകെ നിറഞ്ഞു. റാലിക്ക് രണ്ടു ദിവസം മുമ്പേതന്നെ ആളുകൾ എത്തിച്ചേരാൻ തുടങ്ങിയിരുന്നു. നേരത്തെ എത്തിച്ചേർന്നവർക്ക് ഭക്ഷണവും കിടക്കാൻ ഇടവും നൽകി വോളണ്ടിയർമാർ അവരുടെ ജോലി ഭംഗിയായി നിറവേറ്റി.

റാലി നടത്തുന്നതിന് ഭരണകൂടം ആദ്യം അനുമതി നൽകിയിരുന്നില്ല. ഈ ഗ്രൗണ്ട് സൈന്യത്തിന്റെ അധികാരപരിധിയിൽ വരുന്നതിനാൽ റാലി റദ്ദാക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ വലിയതോതിൽ ശ്രമം നടത്തി.എന്നാൽ ഇടതു പ്രവർത്തകരുടെ ആവേശവും ഡിവൈഎഫ്ഐയുടെ ധീരതയും സിപിഐഎമ്മിന്റെ പോരാട്ടവീര്യവും ഒത്തുചേർന്നാണ് മഹാസമ്മേളനം സാധ്യമാക്കിയത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം, കേന്ദ്ര കമ്മിറ്റി അംഗം അഭാസ് റോയ് ചൗധരി, ഡിവൈഎഫ്ഐയുടെ കേന്ദ്ര സംസ്ഥാന നേതാക്കളായ മീനാക്ഷി മുഖർജി, ഹിമഗ്നരാജ് ഭട്ടാചാര്യ, എ എ റഹിം, എസ്എഫ്ഐ നേതാവ് സുജൻ ഭട്ടാചാര്യ എന്നിവർ റാലിയെ അഭിസംബോധന ചെയ്തു. ഡിവൈഎഫ്ഐ പശ്ചിമബംഗാൾ സംസ്ഥാന പ്രസിഡണ്ട് ദുബ്രജ്യോതി സാഹ അധ്യക്ഷത വഹിച്ചു. ഇവരുടെയെല്ലാം തീപാറിയ പ്രസംഗങ്ങൾ അവിടെ കൂടിയ പ്രവർത്തകരെയും ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരെയും ആവേശം കൊള്ളിച്ചു.
തൊഴിലില്ലായ്മയും അനീതിയും തുറന്നുകാട്ടുക എന്നതായിരുന്നു പ്രധാന അജണ്ട. ഇന്ത്യയുടെ മതേതരഘടന ഗുരുതരമായ ഭീഷണി നേരിടുന്നതിനാൽ അതിനെ സംരക്ഷിക്കുക എന്നത് ഉറപ്പാക്കണം.നിലവിലെ ബിജെപി ഭരണം ഭിന്നിപ്പിക്കൽ രാഷ്ട്രീയം കളിക്കുകയാണ്. ബ്രിട്ടീഷുകാർ അവരുടെ കാലത്ത് അനുവർത്തിച്ചുപോകുന്ന ഭിന്നിപ്പിച്ചു ഭരിക്കൽ നയം തന്നെയാണ് രാജ്യത്ത് തങ്ങളുടെ ഭരണമുറപ്പാക്കാൻ ബിജെപി സർക്കാരും ഉപയോഗിക്കുന്നത്. മോദി സർക്കാർ ഒരു വർഷം രണ്ടുകോടി തൊഴിലുകൾ യുവജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നു. മോദിയുടെ 10 വർഷം തീരാറായതിനാൽ ഇപ്പോഴത് 20 കോടിയായി. എന്നാൽ ഇന്ന് തൊഴിൽ തന്നെ ഇല്ലാതായിരിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും വലിയ തോതിൽ കുതിച്ചുയർന്നത് ഈ ഭരണകാലത്താണ്. പശ്ചിമബംഗാളിലെ സർക്കാരിന്റെ കാര്യവും ഇതുതന്നെയാണ്. തൃണമൂലധ്യക്ഷ മമതാ ബാനർജി പ്രതിവർഷം 2 ലക്ഷം തൊഴിലുകൾ വാഗ്ദാനം ചെയ്തിരുന്നു. അതായത് 13 വർഷം കൊണ്ട് 26 ലക്ഷം തൊഴിലവസരങ്ങൾ. എന്നാൽ അതിൻറെ 10% പോലും പൂർത്തിയായിട്ടില്ല.കൂടാതെ സ്ഥിര നിയമനത്തിനായി നടത്തുന്ന പതിവ് എൻട്രൻസ് പരീക്ഷകൾ നിർത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ യുവാക്കളെയും വിദ്യാർത്ഥികളെയും വഞ്ചിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മേഖല ആകെ കളങ്കപ്പെട്ടു. എല്ലായിടത്തും അഴിമതി വളർന്നു. സംസ്ഥാനത്ത് സമാധാനത്തിന്റെയും സാമൂഹ്യ സാമ്പത്തിക സ്ഥിരതയുടെയും അന്തരീക്ഷം ഉറപ്പാക്കുന്നതിന് ബിജെപിയെയും പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അതിനാൽ ഈ ശക്തികൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം എന്നും മുഹമ്മദ് സലീം റാലിയെ അഭിസംബോധന ചെയ്യവേ ആഹ്വാനം ചെയ്തു. മൈതാനത്തിലേക്ക് ആളുകൾക്ക് കടക്കാൻ കഴിയാത്ത വിധത്തിൽ സംസ്ഥാന സർക്കാരും അതിന്റെ പിണിയാളുകളും തടസ്സങ്ങൾ സൃഷ്ടിച്ചതിനാൽ സമ്മേളനത്തിൽ എത്തിയവർക്ക് അവിടേക്ക് പ്രവേശിക്കാൻ ഏറെ കടമ്പകൾ കടക്കേണ്ടി വന്നു. എന്നാൽ അവർ എല്ലാ തടസ്സങ്ങളെയും തകർത്തുകൊണ്ട് മൈതാനത്തിനകത്ത് പ്രവേശിച്ച് സമ്മേളനത്തിൽ പങ്കാളികളായി. ഇതുവരെ രാഷ്ട്രീയപാർട്ടികൾ നടത്തിയിട്ടുള്ളതിൽ വച്ച് ജനപങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ സമ്മേളനമായി ഇതുമാറി.

ഫാസിസ്റ്റുകൾക്കും അവരുടെ സഖ്യങ്ങൾക്കും എതിരായ പോരാട്ടം തുടരും. പോരാട്ടത്തിന്റെ മുൻനിരയിൽ വിദ്യാർത്ഥികളെയും യുവജനങ്ങളെയും അണിനിരത്തുക വഴി ഇടത് ജനാധിപത്യ ശക്തികൾ ചരിത്രം രചിച്ചിരിക്കുകയാണ്. ഇത്തരത്തിൽ പുതുതലമുറയെ എല്ലായ്‌പ്പോഴും മുന്നണിയിയിലേക്ക് കൊണ്ടുവരുന്നതിൽ ഒന്നാമത് നിൽക്കുന്ന പാർട്ടിയും ഇടതുപക്ഷം തന്നെയാണ് എന്ന് തെളിയിച്ചിരിക്കുകയാണിവിടെ.

ജനുവരി ഏഴാം തീയതി വൈകുന്നേരം മുതൽ മാധ്യമങ്ങളും വിവിധ വിമർശകരും പുതിയ ആഖ്യാനങ്ങൾ ഉയർത്താൻ തുടങ്ങി. ഭൂരിപക്ഷം ആളുകളും പറയുന്നത് കണക്കുകൾ പ്രകാരം ഈ സമ്മേളനം വളരെ വലുതായിരുന്നു എന്നും ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇടതുപക്ഷത്തിന് അനുകൂലമായി മാറും എന്നുമാണ്. മറ്റൊരു ആഖ്യാനം പങ്കെടുത്തവരുടെ യഥാർത്ഥ സംഖ്യ സംബന്ധിച്ചാണ്. ഏകദേശം 5 ലക്ഷത്തിലേറെ വരുമെന്നാണ് പോലീസ്ഭാഷ്യം. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 5‐6 ലക്ഷം എന്നാണ്. സിപിഎം നേതാക്കളും യുവജന വിദ്യാർഥി സംഘടനകളും പറയുന്നത് ആകാശത്തിലെ എണ്ണാനാകാത്ത നക്ഷത്രങ്ങൾ പോലെയാണ് എന്നാണ് ; ബ്രിഗേഡ് മൈതാനിയിൽ എത്തിച്ചേർന്ന മനുഷ്യരെ എണ്ണിത്തിട്ടപ്പെടുത്താൻ ആവില്ല എന്നാണ്. അതൊരു പ്രക്ഷോഭ റാലി ആയിരുന്നു. നീതിക്കായുള്ള റാലി. അവിടെ ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരെ കൂടാതെ സംസ്ഥാനത്തെ പൊതുജനങ്ങളും വലിയ തോതിൽ അണിനിരന്നു. സാധാരണക്കാരായ ഭൂരിപക്ഷംപേരുടെയും കാഴ്ചപ്പാട്, വിജയകരമായി തീർന്ന ഈ സമ്മേളനം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്ക് അനുകൂലമായ തരംഗം ഉണ്ടാകുമെന്നാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 2 =

Most Popular