ആഗസ്ത് പതിനഞ്ചിനേക്കാൾ പ്രാമുഖ്യമുള്ള ദിനമാണ് ജനുവരി 26. അധികാരകൈമാറ്റം എന്ന സാങ്കേതികതയാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരത്തോടെ ആഗസ്ത് പതിനഞ്ചിന് നടന്നതെങ്കിൽ സ്വാതന്ത്ര്യം വീണ്ടെടുത്ത ജനതയുടെ പരമാധികാരപ്രഖ്യാപനമാണ് ജനുവരി 26ന് നടന്നത്. പുരാതനകാലം മുതൽ പരിചയമുള്ള രാജവാഴ്ച ഉപേക്ഷിച്ചുകൊണ്ടാണ് നമ്മൾ സ്വയം റിപ്പബ്ളിക്കായി മാറിയത്. അറുനൂറോളം രാജാക്കന്മാരെ അടിത്തൂൺ കൊടുത്ത് സിംഹാസനത്തിൽനിന്ന് ഇറക്കാനും നമുക്ക് കഴിഞ്ഞു. പാർലമെന്ററി ജനാധിപത്യത്തിൽ രാജവാഴ്ച ആകാമെന്നിരിക്കെ ബ്രിട്ടീഷ് മാതൃകയിൽ നമുക്ക് ഒരു രാജാവ് ആകാമായിരുന്നു. രാജാവാകുന്നതിന് സർവഥാ യോഗ്യനായി ജവാഹർലാൽ നെഹ്റു എന്ന ജനപ്രിയ നേതാവും ഉണ്ടായിരുന്നു.
റിപ്പബ്ലിക്കൻ ഭരണവ്യവസ്ഥ സ്വീകരിച്ച ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിൽനിന്ന് അടർത്തിയെടുത്ത പാക്കിസ്താൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്താൻ എന്നറിയപ്പെട്ടു. ഇന്ത്യയെ ഹിന്ദു റിപ്പബ്ലിക് ആക്കുന്നതിനുള്ള സംഘടിത ശ്രമത്തെ അംബേദ്കറും കൂട്ടരും ചേർന്ന് പരാജയപ്പെടുത്തുകയായിരുന്നു. ഹിന്ദുസ്ഥാൻ എന്ന നാമകരണനിർദേശംപോലും ഭരണഘടനാ നിർമാണസഭയ്ക്ക് സ്വീകാര്യമായില്ല. സോഷ്യലിസവും മതനിരപേക്ഷതയും ജനാധിപത്യ റിപ്പബ്ലിക്കിന്റെ മൗലികഭാവമായി. ഔപചാരികമായ പ്രഖ്യാപനം ആവശ്യമില്ലാത്ത രീതിയിൽ മഹനീയമായ ആ ലക്ഷ്യങ്ങൾ ഭരണഘടനയിൽ അന്തർലീനമായി.
വെല്ലുവിളികൾ നേരിടുന്ന റിപ്പബ്ലിക്
എഴുപത്തിനാല് വർഷം പൂർത്തിയാക്കുന്ന റിപ്പബ്ലിക്കിന്റെ പൂമുഖത്തു നിന്നുകൊണ്ട് ഇത് അന്ന് നമ്മൾ സ്ഥാപിച്ച റിപ്പബ്ലിക് തന്നെ എന്നു പറയാൻ കഴിയുമോ? രാജ്യത്തിന്റെ അടിത്തറ ഭദ്രമായിട്ടുണ്ട്. പക്ഷേ റിപ്പബ്ളിക്കിന്റെ അടിത്തറ ദുർബലമായിരിക്കുന്നു. സോഷ്യലിസം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ നിഘണ്ടുവിൽ അപരിചിതമായ വാക്കായി മാറിക്കഴിഞ്ഞു. നവീകരിക്കപ്പെടുന്ന നിഘണ്ടുവിൽ ക്രോണി ക്യാപ്പിറ്റലിസം തുടങ്ങിയ വാക്കുകളാണ് കാണുന്നത്. മതനിരപേക്ഷത മടക്കിക്കെട്ടി. ഫെഡറലിസം എന്നാൽ എന്ത് എന്ന ചോദ്യത്തിന് അമിത് ഷായുടെയും നിർമലാ സീതാരാമന്റെയും ഇന്ത്യയിൽ ഉത്തരം പറയാൻ പ്രയാസം.
റിപ്പബ്ളിക് നേരിടുന്ന വെല്ലുവിളികൾ എന്ന സ്ഥിരം തലക്കെട്ടിൽ എന്തെങ്കിലും എഴുതുന്നത് മതിയാവാത്ത രീതിയിൽ റിപ്പബ്ളിക്കിന്റെ അപചയം സംഭവിച്ചു കഴിഞ്ഞു. മാറ്റാൻ കഴിയാത്തതിനെ അവഗണിക്കുക എന്ന സമീപനമാണ് ഭരണഘടനയോട് ബിജെപി സ്വീകരിക്കുന്നത്. ഭരണഘടനാപണ്ഡിതരെ വിസ്മയിപ്പിച്ച ഇന്ത്യൻ ഭരണഘടനയ്ക്ക് വിരലിലെണ്ണാവുന്ന വർഷങ്ങളുടെ ആയുസ് മാത്രമാണ് ഐവർ ജെന്നിങ്സ് പ്രവചിച്ചത്. പക്ഷേ നമ്മൾ ഇതുവരെയെത്തി. കേശവാനന്ദ ഭാരതിയിലൂടെ നമ്മൾ ഭരണഘടനയ്ക്ക് രക്ഷാദുർഗം നിർമിച്ചു. ദുർഗം തകർക്കുന്നതിന് ശ്രമമുണ്ടായപ്പോൾ ഭരണഘടനയുടെ സംരക്ഷകരായ ജനം നേരിട്ട് രംഗത്തിറങ്ങി. സ്മരണീയമായ ഏറ്റവും മികച്ച സന്ദർഭമായിരുന്നു 1977. അത് ഒറ്റപ്പെട്ട സംഭവമായി വില കുറച്ച് കാണാനും വയ്യ. ഒരു ജയപ്രകാശ് നാരായണൻ ഉണ്ടെങ്കിൽ 1977 ആവർത്തിക്കുന്നതിനുള്ള സമയമായി.
ഭരണഘടനയുടെ പ്രത്യക്ഷത്തിലുള്ള ഭാവമാറ്റത്തെ കേശവാനന്ദ ഭാരതി കേസിലെ വിധി തടയുന്നു. കാതലായ മാറ്റങ്ങൾ അഗോചരമാകാം. പൂവറിയാതെ പൂവിൽനിന്ന് ഈച്ച തേനൂറ്റുന്നതുപോലെ ജനമറിയാതെ അവരിൽനിന്ന് മൗലികാവകാശങ്ങൾ അപഹരിക്കപ്പെടുകയാണ്. കേശവാനന്ദ ഭാരതികേസ് പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നത് നിയമമറിയാവുന്ന് ഉപരാഷ്ട്രപതി തന്നെയാണ്. പതിനഞ്ച് ജഡ്ജിമാരുടെ ഒരു ബെഞ്ചാണ് അതിനു വേണ്ടത്. ചന്ദ്രചൂഡിന്റെ കാലം കഴിഞ്ഞാൽ അത് സംഭവിച്ചുകൂടെന്നില്ല. ഭരണഘടനയ്ക്കുവേണ്ടി വാദിക്കാൻ ഇന്നൊരു പാൽക്കിവാല ഇല്ലെന്നതും നാം സാന്ദർഭികമായി ഓർക്കേണ്ടതാണ്.
അഭിപ്രായപ്രകടന സ്വാതന്ത്ര്യം വിലപ്പെട്ട മൗലികാവകാശമാണ്. മനുഷ്യാവകാശങ്ങളുടെ പട്ടികയിലും അതുൾപ്പെടുത്തിയിട്ടുണ്ട്. അതില്ലെങ്കിൽ വേറൊന്നുമില്ല. അതുണ്ടെങ്കിൽ വേറൊന്നും വേറിട്ട് കരുതേണ്ടതുമില്ല. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ ഇന്നത്തെ ഇന്ത്യയിലെ അവസ്ഥയെന്താണ്? ജനാധിപത്യത്തിന്റെ ആഗോളസൂചികയിൽ ഇന്ത്യയുടെ സ്ഥാനം പരിതാപകരമായി താഴുന്നതിന്റെ പ്രധാന കാരണം അഭിപ്രായപ്രകടനസ്വാതന്ത്യത്തിന്റെ പരിമിതിയാണ്. ഇക്കാര്യം പരാമർശിക്കപ്പെടാതെ വിട്ടു എന്നതാണ് കോഴിക്കോട്ടെ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ എം ടി വാസുദേവൻ നായർ നടത്തിയതും ഏറെ വ്യാഖ്യാനിക്കപ്പെട്ടതുമായ പ്രസംഗത്തിലെ പോരായ്മ. ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആകുലത എഴുത്തുകാരനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കണം. വാക്കുകൾ രാജ്യദ്രോഹമാകുന്ന കാലമാണിത്. രാജ്യദ്രോഹം എന്ന കുറ്റം സുപ്രീം കോടതിയുടെ വിമർശനാത്മകമായ പരിഗണനയിലായപ്പോൾ പുതിയ ന്യായ സംഹിതയിൽ ദേശദ്രോഹം എന്ന് പേരു മാറ്റി കൂടുതൽ തീവ്രതയോടെ അവതരിപ്പിക്കുന്നതിനുള്ള സർഗവൈഭവമാണ് ബിജെപി സർക്കാർ പ്രകടിപ്പിച്ചത്.
പ്ളാറ്റോയുടെ കാലം മുതൽ വികാസം പ്രാപിച്ചു തുടങ്ങിയ ആശയമാണ് റിപ്പബ്ളിക്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകത്തിന്റെ പേരും അതുതന്നെ. കൊളോണിയൽ അധിനിവേശകരുടെ ഭരണക്രമമായ മൊണാർക്കിയെ സ്വീകരിക്കാതെ റിപ്പബ്ളിക് എന്ന ആശയത്തെ ഉൾക്കൊള്ളാൻ ഇന്ത്യയിലെ ജനങ്ങൾക്കു കഴിഞ്ഞുവെന്നത് അത്ഭുതമാണ്. ജനാധിപത്യത്തെ തൊട്ടിലാട്ടിയത് ആതൻസാണെന്ന് ചരിത്രം പറയുന്നു. എങ്കിൽ ജനാധിപത്യം പിറന്നത് ഇന്ത്യയിലാണെന്ന് നരേന്ദ്ര മോദി പറയുന്നു. പറയുന്നതിൽ യുക്തിയും ന്യായവും വേണമെന്ന് നിർബന്ധമില്ലാത്തതുകൊണ്ട് മോദിക്ക് എന്തും പറയാം. ചാതുർവർണ്യത്തിന്റെയും നിന്ദ്യമായ അടിച്ചമർത്തലിന്റെയും ചരിത്രം മാത്രം പറയാനുള്ള ഇന്ത്യയിൽ അപരിചിതമായ ആശയമായിരുന്നു ജനാധിപത്യം. റിപ്പബ്ളിക്കൻ മാതൃകയിലുള്ള ജനാധിപത്യ സംവിധാനത്തിൽ ഇന്ത്യയെ മാറ്റിയെടുക്കാനുള്ള ജനതയുടെ, ഭാരതത്തിലെ ജനങ്ങളായ നമ്മുടെ, തീരുമാനം ലോകത്തിനു മുന്നിൽ നമ്മൾ സമർപ്പിച്ച മഹാത്ഭുതമായിരുന്നു. പിസയ്ക്ക് കാണിക്കാനുള്ളത് നോട്ടപ്പിശകുകൊണ്ട് ചരിഞ്ഞുപോയ ഗോപുരമാണെങ്കിൽ ഇന്ത്യ കാണിക്കുന്നത് ആകാശത്തേയ്ക്ക് ഉയർന്നു നിൽക്കുന്ന ജനാധിപത്യത്തിന്റെ അചഞ്ചലമായ ഗോപുരങ്ങളാണ്.
മതനിരപേക്ഷത
അട്ടിമറിക്കപ്പെടുന്നു
അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മതനിരപേക്ഷതയിൽ അധിഷ്ഠിതമായ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഗോപുരങ്ങൾ ഇളകി. ക്ഷേത്രനിർമാണവും പ്രതിഷ്ഠയും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അജൻഡയായി. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് ചെങ്കോലും സന്ന്യാസിമാരും കടന്നുവന്നു. പ്രധാനമന്ത്രി പുരോഹിതനും കാർമികനുമായി. ആംഗ്ലിക്കൻ സഭ രാജ്യത്തിന്റെ ഔദ്യോഗികമതമായ ഇംഗ്ലണ്ടിൽപോലും കാണാത്ത കാഴ്ചകൾ ഇന്ത്യയിൽ കണ്ടു. ശങ്കരാചാര്യസ്വാമിമാരെ അകറ്റി നിർത്തത്തക്കവിധം ആചാരവിരുദ്ധമായി അയോധ്യയിലെ കാര്യങ്ങൾ. ജനാധിപത്യത്തിന്റെ ആചാരക്രമങ്ങൾ അനുസരിച്ചും അവ ആചാരവിരുദ്ധമായി. സോമനാഥ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽനിന്ന് രാഷ്ട്രപതിയെ തടഞ്ഞ പ്രഥമ പ്രധാനമന്ത്രിയിൽനിന്ന് നാം ഇപ്പോൾ എവിടെയെത്തിയിരിക്കുന്നു. ഇതാണ് റിപ്പബ്ളിക്കിന്റെ ഇന്നത്തെ അവസ്ഥ. പറയാതെയും പ്രഖ്യാപിക്കാതെയും ഇന്ത്യ ഹിന്ദുരാഷ്ട്രമായിരിക്കുന്നു. ഹിന്ദുക്കൾക്കുപോലും അംഗീകരിക്കാൻ കഴിയാത്ത ഭരണഘടനാവിരുദ്ധമായ രൂപാന്തരമാണിത്.
പൗരത്വ നിയമ ഭേദഗതിയിലൂടെ മതനിരപേക്ഷ റിപ്പബ്ളിക്കിന്റെ പൗരത്വം മതാധിഷ്ഠിതമായി. ശ്രദ്ധിക്കാതെ വിടാവുന്ന ചെറിയ കാര്യമായിരുന്നില്ല അത്. ഹിന്ദു രാഷ്ട്രം എന്ന പ്രഖ്യാപനത്തിനുള്ള ഡെഡ് ലൈൻ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. മനുസ്-മൃതിയിൽ അധിഷ്ഠിതമായ ഹിന്ദു ഭരണഘടനയുടെ കരട് നാഗപ്പൂരിൽ തയാറായിരിക്കുന്നു. പ്രതിഷേധിക്കുന്നതിനുപോലും അവകാശമില്ലാതെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അടങ്ങിയൊതുങ്ങി കഴിയണം. മണിപ്പുർ ഒരു ടീസർ മാത്രമാണ്. മുക്കാൽ നൂറ്റാണ്ടു മുമ്പ് നമ്മൾ സ്ഥാപിച്ച റിപ്പബ്ലിക് ഇങ്ങനെയായിരുന്നില്ല. പീഠികയിൽ പ്രതിഷ്ഠിതമായ മൂല്യങ്ങളുടെ നിരാസത്തിൽ റിപ്പബ്ലിക്കൻ സൗധം അപകടകരമായി ഉലയുന്നു. റിപ്പബ്ലിക്കിന്റെ അപചയം ജനാധിപത്യത്തെ മാരകമായി ബാധിക്കും. റിപ്പബ്ളിക്കായി സ്വയം പരിണമിക്കാൻ നമ്മൾ തീരുമാനിച്ചത് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, അന്തസ് എന്നീ മൂല്യങ്ങൾ പൗരസമൂഹത്തിന് ഉറപ്പ് നൽകുന്നതിനുവേണ്ടിയാണ്. ഇവയിൽ ഒന്നിനു സംഭവിക്കുന്ന പോരായ്മ റിപ്പബ്ലിക്കിനെ അത്രയും അപ്രസക്തമാക്കും.
പാർലമെന്റിനെ
അപ്രസക്തമാക്കുന്നു
തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അധികാരം കൈയാളുന്ന സംവിധാനമാണ് റിപ്പബ്ലിക്. ബ്രിട്ടനിലെ പാർലമെന്ററി ജനാധിപത്യത്തിലും അമേരിക്കയിലെ പ്രസിഡൻഷ്യൽ ജനാധിപത്യത്തിലും പാർലമെന്റിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിൽ പാർലമെന്റിനു പുതിയ മന്ദിരമുണ്ടായപ്പോൾ പാർലമെന്ററി സംവിധാനത്തിന്റെ അസ്തിവാരം മാന്തപ്പെടുന്ന അവസ്ഥയായി. പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള ഇടം കൂടിയാണ് പാർലമെന്റ്. പ്രതിഷേധിച്ച പ്രതിപക്ഷത്തെ ഒന്നടങ്കം പുറത്താക്കിക്കൊണ്ട് പ്രധാനപ്പെട്ട നിയമനിർമാണം നടന്നു. പാർലമെന്റിന്റെ അപ്രസക്തി രാജ്യത്തെ ബോധ്യപ്പെടുത്തൂന്നതിനുള്ള ശ്രമം കൂടിയായിരുന്നു അത്. പാർലമെന്റ് ഒരു നേരംകൊല്ലി ക്ലബ്ബ് മാത്രമാണെന്ന ആശയം കുറേക്കാലമായി സംഘപരിവാർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മതരാഷ്ട്രമാകുന്നതിനൊപ്പം പ്രസിഡൻഷ്യൽ രീതിയിലേക്ക് രാജ്യത്തെ മാറ്റുകയെന്ന അജൻഡ ബിജെപിക്കുണ്ട്. രാജ്യത്തിന്റെ വൈവിധ്യവും വ്യത്യസ്തതയും അംഗീകരിക്കാത്ത നടപടികളാണ് വരാനിരിക്കുന്നത്. ഫെഡറലിസത്തെ ആധാരശിലയാക്കുന്ന റിപ്പബ്ളിക്കൻ സംവിധാനം ഇന്ത്യ സ്വീകരിച്ചത് നല്ല രീതിയിലുള്ള ആലോചനയ്ക്ക് ശേഷമായിരുന്നു. ആസൂത്രിതമായി നടക്കുന്ന ആക്രമണങ്ങൾ റിപ്പബ്ളിക് എന്ന സൗധത്തെ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതെ നിലംപതിപ്പിക്കും. എല്ലാ റിപ്പബ്ളിക്കുകളുടെയും പതനത്തിനു തുടക്കം ഇത്തരം അപചയങ്ങളാണ്. റോമൻ റിപ്പബ്ലിക്കിന്റെ ആസന്നമായ പതനത്തെക്കുറിച്ച് സിസെറോ മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് അവഗണിക്കപ്പെട്ടപ്പോൾ സാമ്രാജ്യത്തിന്റെ ആഗമനമായി. ഇന്ത്യയിൽ മുന്നറിയിപ്പുകൾ അശ്രാവ്യമാകത്തക്കവിധം വൈതാളികരുടെ ഭേരി ഉച്ചസ്ഥായിയിലാണ്. ♦