Saturday, May 4, 2024

ad

Homeകവര്‍സ്റ്റോറിപാര്‍ലമെന്ററി ജനാധിപത്യവും സംഘപരിവാറും

പാര്‍ലമെന്ററി ജനാധിപത്യവും സംഘപരിവാറും

എം വി ഗോവിന്ദന്‍

സ്വാതന്ത്ര്യ സമരത്തില്‍ ഉയര്‍ന്നുവന്ന നിരവധി ധാരകളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്ന ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം അതിന്റെ മൂല്യങ്ങളെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയുടേയും സമത്വത്തിന്റേയും ഫെഡറലിസത്തിന്റേയും സാമൂഹ്യ നീതിയുടേയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റേയും രീതികളെ അവര്‍ക്ക് അംഗീകരിക്കാനാവുമായിരുന്നില്ല.

ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മതനിരപേക്ഷ സമീപനങ്ങളെയാകെ മാറ്റി മതരാഷ്ട്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം അവര്‍ കൊണ്ടുവന്നത്. പൗരത്വത്തിന്റെ മാനദണ്ഡം മതമായിത്തീരുന്നതോടെ അത് മതരാഷ്ട്രമായി മാറുന്നതിന്റെ ചുവടുവെപ്പുകളാണ്.

ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു
ന്യൂനപക്ഷ പരിരക്ഷ എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ഏത് രാജ്യത്തായാലും ആ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ അവയെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് മുന്നോട്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ന്യൂനപക്ഷങ്ങൾക്ക് പരിരക്ഷ നല്‍കുന്നില്ലെന്നു മാത്രമല്ല വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ അവരെ അടിച്ചമര്‍ത്തുന്നതിനുള്ള നടപടികളാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. മുസ്ലീം മതവിഭാഗത്തിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസുകളെ മാത്രം ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്നു. മുസ്ലീം ജനവിഭാഗങ്ങള്‍ ഭൂരിപക്ഷമായ ജമ്മു þ കാശ്മീരിന്റെ സംസ്ഥാന പദവിയും പരിരക്ഷയും ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചു. ഏകീകൃത സിവില്‍ നിയമം അടിച്ചേല്‍പ്പിക്കുന്നതിനുള്ള നടപടികളിലേക്കും കടന്നു. ഇങ്ങനെ ജനാധിപത്യത്തിന്റെ കടയ്-ക്കല്‍ കത്തിവെക്കുന്ന നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളാവട്ടെ മണിപ്പൂരിലുള്‍പ്പെടെ വന്‍തോതില്‍ വേട്ടയാടപ്പെടുന്ന സ്ഥിതിയുണ്ടായി. ഗ്രഹാം സ്റ്റെയിൻസിനെയും കുട്ടികളെയും കൊലപ്പെടുത്തിയ സംഘപരിവാര്‍ അവര്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഐക്യ ക്രിസ്ത്യന്‍ ഫോറം പറയുന്നത് 2023 ലെ ആദ്യത്തെ 8 മാസങ്ങളിലായി ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരെ 525 ആക്രമണങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. മെയ് 3 മുതല്‍ മണിപ്പൂരില്‍ ആരംഭിച്ച വംശീയ ആക്രമണങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരായി നടന്ന അക്രമങ്ങളും അതെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും ഇതില്‍പ്പെടുന്നില്ല. ഇതില്‍ മിക്കവാറുമെല്ലാംതന്നെ സായുധ സംഘങ്ങളുടെ ആക്രമണങ്ങളും ആള്‍ക്കൂട്ട അക്രമങ്ങളുമാണ്. 2014 ല്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ 151 ആക്രമണങ്ങള്‍ നടന്നപ്പോള്‍ അത് ക്രമമായി ഉയര്‍ന്ന് 2022 ല്‍ 599 ലും 2023 ലെ ആദ്യത്തെ 8 മാസങ്ങളില്‍ 525 ലും എത്തിച്ചേര്‍ന്നു. ഇത്തരത്തില്‍ ന്യൂനപക്ഷങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവര്‍ വേട്ടയാടപ്പെടുന്ന സ്ഥിതിയുമാണുള്ളത്.

മതനിരപേക്ഷ കാഴ്ചപ്പാടുകളെ തകിടം മറിച്ചുകൊണ്ടാണ് രാമക്ഷേത്ര നിര്‍മ്മാണമുള്‍പ്പെടെ നമ്മുടെ രാജ്യത്ത് അരങ്ങേറിയിട്ടുള്ളത്. മതവും, രാഷ്ട്രവൂം രണ്ടായി നില്‍ക്കുകയെന്ന മതനിരപേക്ഷതയുടെ അടിസ്ഥാന കാഴ്ചപ്പാടുകളാണ് ഇവിടെ തകിടം മറിക്കപ്പെടുന്നത്. ഇന്ത്യന്‍ മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവെച്ച ബാബറി മസ്ജിദ് തകര്‍ത്ത നടപടിയെ ആഘോഷമായി കണക്കാക്കപ്പെടുന്നിടത്തേക്ക് രാജ്യം എത്തിച്ചേര്‍ന്നിരിക്കുകയാണ്.

പാര്‍ലമെന്ററി 
സംവിധാനത്തിനെതിരായ ആക്രമണം
പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്നതിനുള്ള നടപടിയാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത്. നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്ക് അതിന്റേതായ പരിമിതികളുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ ആശയങ്ങളും, അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതിനുള്ള അവസരസ്രമത്വം നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന് രാജ്യത്ത് വെല്ലുവിളി നേരിട്ട ഘട്ടമുണ്ടായിരുന്നു അടിയന്തരാവസ്ഥക്കാലം. അടിയന്തരാവസ്ഥയെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തുപയോഗിച്ച് മറികടക്കാന്‍ കഴിഞ്ഞുവെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളി നേരിടുന്നത് സംഘപരിവാറില്‍ നിന്നാണ്. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ അല്ല. അത് ആര്‍.എസ്.എസിനാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടിയാണ്. ആര്‍.എസ്.എസാവട്ടെ ഒരു ഫാസിസ്റ്റ് സംഘടനയാണ്. അവര്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിന് പകരം പ്രസിഡന്‍ഷ്യല്‍ ഭരണ രീതിയാണ് അവര്‍ വിഭാവനം ചെയ്യുന്നത്. അതുവഴി അധികാരം വ്യക്തികേന്ദ്രീകൃതമാക്കാനും ഫാസിസ്റ്റ് അജൻഡകള്‍ മുന്നോട്ടുവെക്കാനുമുള്ള കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കപ്പെടുന്നത്.
ആര്‍.എസ്.എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയില്‍ ജനാധിപത്യ വ്യവസ്ഥയെ സംബന്ധിച്ച് ഇങ്ങനെ പറയുന്നുണ്ട്:

‘‘ജനാധിപത്യ വ്യവസ്ഥ ആത്മപ്രശംസ, പരദൂഷണം എന്നീ രണ്ട് ദോഷങ്ങള്‍ വളര്‍ത്തുന്നു. അവ മനുഷ്യ മനസ്സിന്റെ ശാന്തിയേയും, പരിശുദ്ധിയേയും വിഷമയമാക്കുകയും വ്യക്തിയും, സമൂഹവും തമ്മിലുള്ള സ്വരച്ചേര്‍ച്ച താറുമാറാക്കുകയും ചെയ്യുന്നു”.

ഇങ്ങനെ ജനാധിപത്യ വ്യവസ്ഥ ആത്മപ്രശംസയും പരദൂഷണവും ഉണ്ടാക്കുന്നുവെന്ന് പറഞ്ഞശേഷം രാജ വാഴ്ചയും, ചാതുര്‍വര്‍ണ്യവുമാണ് ഉജ്ജ്വലമെന്ന് പറയുന്നുണ്ട്. അത് ഇങ്ങനെയാണ്:

‘‘പാശ്ചാത്യ രാജ്യങ്ങളില്‍ ഏകാധിപത്യത്തെ സൃഷ്ടിക്കുകയും രക്തപങ്കിലമായ വിപ്ലവങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്ത രാജവാഴ്ച ഇവിടുത്തെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വാതന്ത്ര്യത്തിന്റെ ജീവന്‍ പകരുകയും, നമ്മുടെ ജനതയ്ക്കാകമാനം സമാധാനവും, സമൃദ്ധിയും അരുളുകയും ചെയ്തുകൊണ്ട് ആയിരമായിരം ആണ്ടുകളോളം ശ്രേയസ്സ്കരമായ ഒരു വ്യവസ്ഥയായി നിലകൊണ്ടത് ശ്രദ്ധേയമാണ്”.

ഇത്തരത്തില്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയേക്കാള്‍ വിശിഷ്ടമായി മൂന്ന് രീതികളെ അവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. രാജാധിപത്യവും ചാതുര്‍വര്‍ണ്യത്തിലൂന്നിയ ജനാധിപത്യ ഘടനയും വ്യക്തിയിലധികാരം കേന്ദ്രീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ രീതിയേയുമാണ് അവര്‍ അംഗീകരിക്കുന്നത്. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ മുന്നോട്ടുവെക്കുന്ന ഈ കാഴ്ചപ്പാടുമായി ചേര്‍ത്തുവച്ച് വേണം പാര്‍ലമെന്ററി ജനാധിപത്യത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന സമീപനത്തെ വിലയിരുത്താന്‍.

തകർക്കപ്പെടുന്ന ജനാധിപത്യം
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പഴയ ആചാരങ്ങളെ പ്രതിഷ്ഠിച്ചതും ചെങ്കോല്‍ കൊണ്ടുവന്നതും എന്തുകൊണ്ടാണെന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്. പ്രസിഡന്റിനെപ്പോലും പരിപാടിയില്‍ ക്ഷണിക്കാത്തതിന്റെ കാരണമെന്തെന്നും ഇവരുടെ ഈ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്.

പാര്‍ലമെന്റില്‍ പോലും എം.പിമാരുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാര്‍ലമെന്റ് ആക്രമണത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട എം.പിമാരെ പാര്‍ലമെന്റില്‍ നിന്ന് തന്നെ സസ്പെന്റ് ചെയ്ത സര്‍ക്കാരിന്റെ നടപടി. പാര്‍ലമെന്റ് ആക്രമണത്തെ തടയാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല അത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടവരെ പുറത്താക്കുന്ന രീതി കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന നടപടികളാണ് മോദി സർക്കാർ സ്വീകരിക്കുന്നത്.

ഹിന്‍ഡന്‍ ബര്‍ഗ്ഗിന്റെ വെളിപ്പെടുത്തലുകളും, ഗവണ്‍മെന്റും അദാനി ഗ്രൂപ്പും തമ്മിലുള്ള ബന്ധങ്ങളെയും സംബന്ധിച്ച ഒരു ചോദ്യത്തിനും ഉത്തരം പറയാന്‍ ഭരണകക്ഷി പാര്‍ലമെന്റില്‍ കൂട്ടാക്കാത്ത സ്ഥിതിയുമുണ്ടായി. ഇത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടിയാണ് ഉണ്ടായത്. പാര്‍ലമെന്റിനോട് ഉത്തരവാദിത്വം കാണിക്കുക എന്ന ഭരണഘടനാപരമായ കടമ പോലും നിര്‍വ്വഹിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് ചുമതലപ്പെട്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ചുമതലപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തെത്തന്നെ തടയിടുന്നതിനുള്ള ഇടപെടലാണ് നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ അത് നടപ്പിലാക്കുന്നതിനുള്ള സാമ്പത്തികമായ അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കണമെന്നാണ് രേഖപ്പെടുത്തിയത്. ഇത് യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെ ലംഘിക്കുന്നതും, രാഷ്ട്രീയ പാര്‍ട്ടികളുടെ ജനാധിപത്യപരമായ അവകാശങ്ങളെ ഹനിക്കുന്നതുമാണ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയും പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ്. സംസ്ഥാന നിയമസഭകളില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ കാത്തിരിക്കുകയും ചെയ്യണം എന്ന വ്യവസ്ഥ കൊണ്ടുവരുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തേയും, ഫെഡറലിസത്തേയും ദുര്‍ബലപ്പെടുത്തുന്നതാണ്.

തിരഞ്ഞെടുപ്പുകളില്‍ ജനഹിതത്തെ പണക്കൊഴുപ്പും, അധികാര ദുര്‍വിനിയോഗവും നടത്തി അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളും ഗൗരവമായിട്ടുള്ളവയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇത്തരത്തില്‍ ജനഹിതത്തെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നാം കണ്ടതാണ്. കര്‍ണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതിരുന്നിട്ടുംഅവർക്ക് മന്ത്രിസഭ ഉണ്ടാക്കാൻ കഴിഞ്ഞത് പണക്കൊഴുപ്പുകൊണ്ട് ജനഹിതത്തെ അട്ടമറിച്ചതുകൊണ്ടാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്ത് പണം സ്വരൂപിച്ചുകൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കരുത്തിനെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ളതാണ്.

ഫെഡറലിസത്തിനെതിരെ
ഫെഡറല്‍ സംവിധാനത്തേയും അട്ടിമറിക്കുകയാണ് മോദി സർക്കാർ. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന നടപടികളിലേക്ക് അവര്‍ കടക്കുകയാണ്. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുണ്ടായിരുന്ന സഹകരണ മേഖലയെ കേന്ദ്രത്തിന്റെ അധികാരത്തിലേക്ക് കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. സുപ്രീം കോടതി ഇടപെട്ടതുമുതലാണ് തല്‍ക്കാലം ഈ നടപടിയിലേക്ക് കടക്കാന്‍ അവര്‍ക്ക് കഴിയാതെ പോയത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതിരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കപ്പെടുന്നത്. സംസ്ഥാനങ്ങളുടെ കടം വാങ്ങാനുള്ള അവകാശങ്ങളെപ്പോലും ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സംസ്ഥാനങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന നടപടികളും സ്വീകരിക്കുകയാണ് മോദി സർക്കാർ. കേരളത്തിന്റെ വികസന നേട്ടങ്ങളെ തകര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള നടപടികളും മോദി സർക്കാർ സ്വീകരിക്കുകയാണ്.

മാധ്യമസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു
ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തൂണുകളിലൊന്നാണ് മാധ്യമങ്ങള്‍. ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിന് ഇവ പ്രധാനമാണ്. ഇന്ന് നമ്മുടെ രാജ്യത്ത് മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് കോര്‍പ്പറേറ്റുകളാണ്. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. അതുകൊണ്ടുതന്നെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന സ്ഥിതിവിശേഷവും രൂപപ്പെട്ടുവന്നിട്ടുണ്ട്. അതോടൊപ്പം തന്നെ വിമര്‍ശനങ്ങളുന്നയിക്കുന്ന മാധ്യമങ്ങളെ അധികാരമുപയോഗിച്ച് ദുര്‍ബലപ്പെടുത്തുന്ന രീതിയും രാജ്യത്തുയര്‍ന്നുവരികയാണ്. ന്യൂസ്- ക്ലിക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഈ ദിശയിലുള്ളതാണ്. ഗൗരിലങ്കേഷിനേയും, ഗോവിന്ദ് പന്‍സാരയേയും പോലുള്ളവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും ജനാധിപത്യത്തിന്റെ ജീവവായുവായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതിന്റെ ലക്ഷണമാണ്.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ ഗുണപരമായ പാരമ്പര്യങ്ങളേയും തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആര്‍.എസ്.എസ് രൂപീകരിച്ച് 100 വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്. കോടതികളെപ്പോലും അതിനായി പരുവപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. രാജ്യം നേടിയ ഗുണപരമായ എല്ലാ പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ബിജെപിയെ കേന്ദ്രത്തിലെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ഉത്തരവാദിത്വം വോട്ടർമാർ നിർവഹിക്കണം. അതിലൂടെ മാത്രമേ ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ സംരക്ഷിക്കാനാകൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − 6 =

Most Popular