ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരം ഭാരതീയ ന്യായസംഹിതയും ക്രിമിനൽ നടപടി ക്രമത്തിനു പകരമായി ഭാരതീയ നാഗരിക് സുരക്ഷ സംഹിതയും തെളിവു നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ നിയമവും ഇന്ത്യൻ പാർലമെന്റ് പാസാക്കി. പാർലമെന്റിലെ നൂറ്റമ്പതോളം പ്രതിപക്ഷാംഗങ്ങളെ സസ്പെന്റ് ചെയ്ത ശേഷമാണ് യാതൊരു ചർച്ചയുമില്ലാതെ മേൽ നിയമങ്ങൾ പാസ്സാക്കിയത്. മേൽ നിയമങ്ങളുടെ കരട് തയ്യാറാക്കാനായി 2020 മെയ് മാസത്തിൽ കേന്ദ്ര ഗവൺമെന്റ് അഞ്ചംഗങ്ങൾ അടങ്ങിയ ക്രിമിനൽ നിയമ പരിഷ്കരണ കമ്മിറ്റിയെ നിയമിച്ചു. രാജ്യത്തിന്റെ ക്രിമിനൽ നിയമങ്ങൾ എല്ലാം തിരുത്തി എഴുതുവാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയിൽ ഒരു റിട്ടേർഡ് സുപ്രീം കോടതി ജഡ്ജിയേയോ റിട്ടേർഡ് ഹൈക്കോടതി ജഡ്ജിയേയോ ഉൾപ്പെടുത്തിയില്ല. ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ഡോ. റൺദീപ് സിംഗ്, പ്രൊഫസർ ജി.എസ് വാജ്പേയ്, പ്രൊഫസർ ബാൽരാജ് ചൗഹാൻ, സീനിയർ അഡ്വക്കേറ്റ് മഹേഷ് ജത്-മലാനി, റിട്ടേർഡ് ജില്ലാ ജഡ്-ജി ജി പി തരേജ എന്നിവരായിരുന്നു ക്രിമിനൽ നിയമ പരിഷ്കരണ കമ്മിറ്റിയിലെ അംഗങ്ങൾ.
നിലവിലെ ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ട വകുപ്പുകൾ ഏതൊക്കെയെന്നതിനെക്കുറിച്ചും ഒഴിവാക്കുന്നതും പുതുതായി ഉൾപ്പെടുത്തുന്നതുമായ അധ്യായങ്ങളും വകുപ്പുകളും ഏതൊക്കെയെന്നതിനെക്കുറിച്ചും ഒരു ഡ്രാഫ്റ്റ് ആദ്യം കേന്ദ്ര ഗവൺമെന്റ് പ്രസിദ്ധീകരിക്കണമായിരുന്നു. തുടർന്ന് അതിൻമേൽ സമൂഹത്തിന്റെ വിവിധതുറകളിലുള്ള ജനവിഭാഗങ്ങളുടെ അഭിപ്രായം തേടിയ ശേഷം അതിൽ അർത്ഥവത്തായവ ഉൾപ്പെടുത്തി അന്തിമ ഡ്രാഫ്റ്റ് പ്രസിദ്ധികരിക്കണം. തുടർന്ന് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് നിയമനിർമ്മാണ പ്രക്രിയയിൽ സഭയുടെ എല്ലാവിധ അധികാരങ്ങളും ഉറപ്പുവരുത്തുകയായിരുന്നു പതിവ്. ഒരു നിയമനിർമ്മാണത്തിന് മുമ്പുള്ള സാധാരണ കൂടിയാലോചനകൾ പോലും നടത്താതെയും ഇതുമായി ബന്ധപ്പെട്ട 2014 ലെ ലെജിസ്ലേറ്റീവ് പോളിസിക്ക് വിരുദ്ധമായും ആണ് കേന്ദ്ര മന്ത്രിസഭ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാൻ അനുവദിച്ചത്. മേൽ മൂന്ന് നിയമങ്ങളുടെയും പേര് സംസ്കൃതത്തിലോ സംസ്കൃതമാക്കിയ ഹിന്ദിയിലേക്കോ മാറ്റിയതല്ലാതെ പുതിയ ക്രിമിനൽ നിയമത്തിന്റെ ഭൂരിഭാഗവും പദാനുപദ പുനരുൽപാദനമാണ്. രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പുതിയ നിർദ്ദേശങ്ങൾ ഒന്നുംതന്നെ പുതിയ ക്രിമിനൽ നിയമങ്ങളിൽ ഇല്ലെന്നുമാത്രമല്ല ക്രൂരമായ കൊളോണിയൻ പാരമ്പര്യങ്ങളും വ്യവസ്ഥകളും കൂടുതൽ രൂക്ഷമായ രൂപത്തിൽ തുടരുകയും ചെയ്യുന്നു. വളരെ ചെറിയ ദേദഗതികൾ സൗന്ദര്യ വർദ്ധക രൂപത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു എന്നല്ലാതെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുന്ന ഒരു മാറ്റവും ഇല്ലാതെയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ പാസ്സാക്കപ്പെട്ടത്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഒന്ന് പ്രകാരം ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്.
(Article 1:India, that is Bharat, shall be a Union of States ) പുതിയ ക്രിമിനൽ നിയമങ്ങളുടെ നാമകരണം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരുമാണ്. മാത്രമല്ല അനുച്ഛേദം 348 (1) (b) അനുസരിച്ച് എല്ലാ ബില്ലുകളുടെയും ദേദഗതിയുടെയും ആധികാരികമായ വാചകം ഇംഗ്ലീഷിൽ തന്നെ ആയിരിക്കണം. അനുച്ഛേദം 348 (1) (ii) അനുസരിച്ച് പാർലമെന്റിലും നിയമസഭയിലും അവതരിപ്പിക്കുന്ന എല്ലാ നിയമവും പ്രസിഡന്റും ഗവർണ്ണറും പ്രഖ്യാപിക്കുന്ന എല്ലാ ഓർഡിനൻസുകളും ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കണം. അതായത് സംസ്കൃതത്തിലോ സംസ്കൃതമാക്കിയ ഹിന്ദിയിലോ ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം അനുവദിക്കുന്നില്ല. മാത്രമല്ല ഈ നിയമങ്ങളിൽ പല ഭാഗത്തും വ്യക്തതക്കുറവും സംശയവും നിലനിൽക്കുകയാണ്. ഭാരതീയ ന്യായ സംഹിതയിലും ഭാരതീയ നാഗരിക സുരക്ഷ സംഹിതയിലും പരസ്പര വിരുദ്ധമായ വ്യവസ്ഥകളും ഉൾപ്പെട്ടിരിക്കുന്നു. ഇത് തികച്ചും നിർഭാഗ്യകരമാണ്.
യുക്തിരഹിതവും നവീകരണ ഉള്ളടക്കത്തിന്റെ കുറവും പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതുമായ ശിക്ഷാരീതികൾ ഭാരതീയ ന്യായ സംഹിതയിൽ തുടരുകയാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ 512 വകുപ്പുകൾ ഉണ്ടായിരുന്നത് ഭാരതീയ ന്യായ സംഹിതയിൽ 20 അധ്യായങ്ങളിലായി 358 വകുപ്പുകളായി പരിമതപ്പെടുത്തിയിട്ടുണ്ട്. അധ്യായം 4 ആണ് ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നത്. പ്രധാന ശിക്ഷാരീതികൾ താഴെ ചേർക്കുന്നു:
1. വധശിക്ഷ
2. ജീവപര്യന്തം , മനുഷ്യന്റെ സ്വാഭാവിക ജീവിതകാലം മുഴുവൻ ജയിൽവാസം
3. തടവ്(രണ്ടു തരം)
i. കഠിനതടവ്
ii. ലളിതമായ തടവ്
4. ഭൂമി കണ്ടുകെട്ടൽ
5. പിഴശിക്ഷ
6. സാമൂഹ്യ സേവനം
മേൽ ശിക്ഷാരീതികളിൽ ജീവപര്യന്തം തടവിന് ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ജയിൽവാസം എന്ന് നിർവ്വചിച്ചിട്ടുണ്ട്. എന്നാൽ പുതുതായി ആവിഷ്-കരിച്ച സാമൂഹ്യ സേവനം എന്ന “ശിക്ഷാരീതി”യെക്കുറിച്ച് പരിചയപ്പെടുത്തുകയോ നിർവ്വചിക്കുക്കുകയോ ചെയ്തിട്ടില്ല. ഏറ്റവും ഗൗരവമായ കാര്യം വധശിക്ഷ ഭാരതീയ ന്യായ സംഹിത നിയമത്തിന്റെ വിവിധഭാഗത്ത് പ്രധാന ശിക്ഷയായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്. വധശിക്ഷ ആധുനിക പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അത് ഒഴിവാക്കേണ്ടതാണ് എന്ന സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും അപൂർവ്വങ്ങളിൽ അപൂർവ്വമായ സാഹചര്യങ്ങളിലേ വധശിക്ഷ പ്രഖ്യാപിക്കാവൂ എന്ന വിധിന്യായങ്ങളും എല്ലാം മറന്നു കൊണ്ടാണ് ഭാരതീയ ന്യായ സംഹിതയിൽ നിരവധി കുറ്റകൃത്യങ്ങളുടെ ശിക്ഷയായി വധശിക്ഷയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു കോടതി വധശിക്ഷ വിധിക്കുകയും മേൽ കോടതികൾ അത് ശരിവെക്കുകയും ചെയ്ത ശേഷം ബന്ധപ്പെട്ട ഗവൺമെന്റിന് ശിക്ഷ ഇളവ് നൽകാവുന്നതാണ്. ശിക്ഷ ഇളവ് വിവരിക്കുന്ന ഭാരതീയ ന്യായ സംഹിതയിലെ അധ്യായം 5 വളരെ അവ്യക്തമാണ്. വധശിക്ഷയെ സാധാരണ ജീവപര്യന്തമായാണോ അതോ ശേഷിക്കുന്ന ജീവിതകാലം മുഴുവനായിട്ടാണോ അതോ മറ്റേതെങ്കിലും ശിക്ഷയിലേക്കാണോ ഇളവ് നൽകുവാൻ ഗവൺമെന്റിന് അധികാരം എന്ന് വ്യക്തമാക്കുന്നില്ല. അതു കൊണ്ട് തന്നെ ഈ വകുപ്പുകൾ ഏകപക്ഷീയവും യുക്തിരഹിതവുമാണ്.
ജിവപര്യന്തം തടവിന്റെ ശിക്ഷായിളവ് പ്രതിപാദിക്കുന്ന ഭാഗത്തും അവ്യക്തത തുടരുകയാണ്. ഗവൺമെന്റിന് ഒരു ജീവപര്യന്തം തടവുശിക്ഷയെ 14 വർഷം അധികരിക്കാത്ത ശിക്ഷയായി ഇളവു നൽകാം എന്ന അധികാരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ വകുപ്പ് 475 ന് പൂർണ്ണമായും വിരുദ്ധമാണ്. വകുപ്പ് 475 പ്രകാരം ഒരു ഗവൺമെന്റിന് വധശിക്ഷയെ ജീവപര്യന്തമാക്കിയും ജീവപര്യന്തം തടവിനെ ഏഴു വർഷത്തിൽ കുറയാത്ത തടവാക്കിയും ഇളവു നൽകാവുന്നതാണ്. അതായത് പ്രധാനപ്പെട്ട ശിക്ഷകളുടെ ഇളവ് സംബന്ധിച്ച് ഭാരതീയ ന്യായ സംഹിതയും ഭാരതീത നാഗരിക് സുരക്ഷാ സംഹിതയും തമ്മിൽ വലിയ രൂപത്തിലുള്ള വൈരുദ്ധ്യം നിലനിൽക്കുന്നു.
മാത്രമല്ല മനുഷ്യത്വരഹിതവും മനുഷ്യാവകാശ നിയമങ്ങൾക്ക് എതിരും ആയ “ഏകാന്ത തടവ് ” ഒരു പ്രധാന ശിക്ഷയായി ഭാരതീയ ന്യായ സംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. “ഏകാന്ത തടവ്’ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന എറ്റവും സുപ്രധാനമായ മൗലികാവകാശം ഉൾപ്പെടുന്ന അനുച്ഛേദം 21 ന് പൂർണ്ണമായും എതിരാണ്. കൂടാതെ താരതമ്യേന കുറഞ്ഞ ശിക്ഷ നിശ്ചയിച്ചിരിക്കുന്ന ചില കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിച്ചാൽ ജീവപര്യന്തം ശിക്ഷയോ 10 വർഷം വരെ നീളുന്ന ശിക്ഷയോ വിധിക്കുന്നതും വിചിത്രവും യുക്തിരഹിതവും ഏകപക്ഷീയവുമാണ്. അധ്യായം X, (Offence related to coin, Currency notes Banking notes and government stamps) അധ്യായം XVII (offence against property) എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിച്ചാലാണ് ജീവപര്യന്തം ഉൾപ്പെടെയുള്ള കഠിന തടവ് വിധിക്കുന്നത്.
ഭാരതീയ ന്യായസംഹിതയിൽ
വകുപ്പ് 64 അനുസരിച്ച് ബലാത്സംഗ കേസുകളിലെ ശിക്ഷയുടെ കാര്യത്തിൽ ജീവപര്യന്തം തടവ് എന്നത് ജീവിതാവസാനം വരെയുള്ള തടവാണോ എന്ന് വ്യക്തമാക്കുന്നില്ല. എന്നാൽ കഠിന രൂപത്തിലുള്ള ബലാത്സംഗങ്ങളിലും 16 വയസിനും 12 വയസിനും താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലും ഇരുപത് വർഷത്തിൽ താഴാതെയുള്ള കഠിന തടവോ ജീവപര്യന്തമോ ജീവിതകാലം മുഴുവനായുള്ള തടവോ വിധിക്കാവുന്നതാണ്.
ഭാരതീയ ന്യായ സംഹിതയിൽ ആൾക്കുട്ട കൊലപാതകവുമായി ബന്ധപ്പെട്ട ശിക്ഷ സാധാരണ കൊലപാതങ്ങളുടെ ശിക്ഷയേക്കാൾ വളരെ കുറവാണ്. ജാതി, വംശം, ലിംഗം, വിശ്വാസം, ജനനസ്ഥലം, ഭാഷ എന്നിവയുടെ പേരിൽ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ശിക്ഷ വെറും 7 വർഷം മാത്രമാണ്. ഒരു കൊലപാതകത്തിന് വധശിക്ഷയോ ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കുന്ന രാജ്യത്താണ് പ്രത്യേക ലക്ഷ്യത്തോടെ പരസ്യമായി ആൾക്കൂട്ടകൊലപാതം നടത്തിയാൽ 7 വർഷം മാത്രം ശിക്ഷ ലഭിക്കുന്നത്. ഇത് വിവേചനപരവും യുക്തിരഹിതവുമാണ്.
വകുപ്പ് 116 പ്രകാരം അപകടകരമായ ആയുധം ഉപയോഗിച്ച് കഠിനമായ ദേഹോപദ്രവം ഏല്പിക്കുന്ന കുറ്റത്തിന് കൂടിയ ശിക്ഷ ജീവപര്യന്തവും കുറഞ്ഞ ശിക്ഷ ഒരു വർഷത്തിൽ കുറയാത്തതും പത്തു വർഷത്തിൽ കൂടാത്തതുമായ ശിക്ഷയും പിഴയും ആണ്. കൂടിയ ശിക്ഷയും കുറഞ്ഞ ശിക്ഷയും തമ്മിലുള്ള വൻ അന്തരം ജുഡീഷ്യൽ ഓഫീസർമാരുടെ വിവേചനാധികാരപ്രയോഗത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.
അകന്നു താമസിക്കുന്ന ഭാര്യയുമായി ഭാര്യയുടെ അനുവാദമില്ലാതെ ബലപ്രയോഗത്തിലൂടെ ക്രൂരമായി ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിസ്സാരമായ ഒരു കുറ്റകൃത്യമായാണ് ഭാരതീയ ന്യായ സംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടെ അനുവാദമില്ലാതെ ബലപ്രയോഗത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണ്. ബലാത്സംഗത്തിന് വധശിക്ഷയും ജീവപര്യന്തം തടവുശിക്ഷയും ഉള്ള രാജ്യത്ത് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ഭർത്താവിൽ നിന്നും അകന്നു താമസിക്കുന്ന ഭാര്യയും പ്രതി ഭർത്താവും ആണെങ്കിൽ വളരെ ചെറിയ തടവുശിക്ഷ എന്നത് വിവേചനപരവും ഭരണഘടനയുടെ അനുച്ഛേദം 21 ന് എതിരാണെന്നും മാഃത്രമല്ല തികച്ചും സ്ത്രീവിരുദ്ധവുമാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ ഒരു പ്രത്യേക അധ്യായത്തിൻ കീഴിൽ ഉൾപ്പെടുത്തിയെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളുടെ ശിക്ഷയുടെ കാഠിന്യം കുറയുന്നു എന്നതും ഭാരതീയ ന്യായ സംഹിതയുടെ അധ്യായം V സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ കഴിയും. വകുപ്പ് 63 ലെ ഒഴിവാക്കൽ ( 2 ) അനുസരിച്ച് ഒരു പുരുഷൻ തന്റെ 18 വയസിൽ താഴെയല്ലാത്ത ഭാര്യയുടെ മേൽ നടത്തുന്ന ഏത് തരത്തിലുള്ള ലൈംഗികാതിക്രമവും ബലാത്സംഗമായി പരിഗണിക്കില്ല. ഇത് തികച്ചും മനുഷ്യവകാശലംഘനവും സ്ത്രീ വിരുദ്ധവും സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും തകർക്കുന്നതും ആണ്.
ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയും സുപ്രീം കോടതി വിവിധ ഘട്ടങ്ങളിൽ ഇടപെടുകയും ചെയ്ത വകുപ്പായിരുന്നു ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A രാജ്യദ്രോഹ കുറ്റം. ഈ വകുപ്പിനു പകരം ഭാരതീയ ന്യായ സംഹിതയിൽ വകുപ്പ് 150 ആയി ഉൾപ്പെടുത്തിയിരിക്കുന്നത് രാജ്യ ദ്രോഹ കുറ്റത്തിന്റെ കൂടുതൽ കഠിനമായ മറ്റൊരു മുഖമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്-ക്കും എതിരെ എന്ന് മുദ്രകുത്തി വാക്കാലോ എഴുതപ്പെട്ടതോ ആയ അഭിപ്രായ പ്രകടനങ്ങളെയോ ലേഖനങ്ങളെയോ പ്രസംഗങ്ങളെയോ കല – സാഹിത്യ സൃഷ്ടികളെയോ ഒക്കെ ഭരണാധികാരികൾക്ക് രാജ്യദ്രോഹമാക്കി മാറ്റിത്തീർക്കാൻ കഴിയും. എല്ലാവരാലും എതിർക്കപ്പെട്ട കൊളോണിയൻ കാലഘട്ടത്തിന്റെ സംഭാവനയായ രാജ്യദ്രോഹ കുറ്റത്തെ വീണ്ടും ചെത്തിമിനുക്കി കൊണ്ടുവരുകയാണ് കേന്ദ്ര ഗവൺമെന്റ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 ലൂടെ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിൽ സംഘടിത കുറ്റകൃത്യങ്ങൾ തടയാനും തീവ്രവാദ പ്രവർത്തനങ്ങളെ അമർച്ച ചെയ്യാനുമായി ഉൾപ്പെടുത്തിയിരിക്കുന്നത് പ്രധാനമായും വകുപ്പ് 111, 113 എന്നിവയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ അധ്യായങ്ങളിൽ ചിതറിക്കിടന്ന നിരവധി വകുപ്പുകളും അഴിമതി നിരോധന നിയമത്തിലെയും തീവ്രവാദ നിരോധന നിയമത്തിലെ വകുപ്പുകളും ചെറിയ മാറ്റത്തോടെ ഉൾപ്പെട്ടിട്ടുണ്ട്. തീവ്രവാദ സംഘടനയിൽ ആളെ ചേർക്കുന്നതും തീവ്രവാദ സംഘടനകളിൽ അംഗമാകുന്നതും തീവ്രവാദ പ്രവർത്തനത്തിലൂടെ നേരിട്ടോ അല്ലാതെയോ പണം സംഭരിക്കുന്നതും ഗൗരവമായ കുറ്റമായി കാണുകയും ജീവപര്യന്തം തടവും വലിയ പിഴശിക്ഷയും കിട്ടുന്ന ഒരു കുറ്റകൃത്യമായി ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ തട്ടിക്കൊണ്ടു പോകൽ, കവർച്ച, വാഹനമോഷണം, കൊള്ളയടിക്കൽ, ഭൂമി പിടിച്ചെടുക്കൽ, കരാർ കൊലപാതകം, സാമ്പത്തിക കുറ്റകൃത്യം, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, മയക്കുമരുന്നുകൾ, ആയുധക്കടത്ത്, വേശാവൃത്തിക്കും മറ്റാവശ്യങ്ങൾക്കുമായുള്ള മനുഷ്യക്കടത്ത്, ഒറ്റക്കോ കൂട്ടമായോ ഒരു സംഘടിത കുറ്റകൃത്യ സംഘത്തിൽ അംഗമാകുന്നത് തുടങ്ങിയ കുറ്റകൃത്യങ്ങൾ എല്ലാം സംഘടിത കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്-ക്കും സാമ്പത്തിക സുരക്ഷയ്ക്കും എതിരായ എല്ലാ പ്രവർത്തനങ്ങളും വകുപ്പ് 113 പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്.
വിവിധ നിയമങ്ങളിലായി ചിതറിക്കിടന്നിരുന്ന സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളെ ഒറ്റ പീനസ്സൽ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമം നടത്തുമ്പോഴും പൊലീസ് കസ്റ്റഡിയിൽ നടക്കുന്ന പീഡനങ്ങളും കസ്റ്റഡി മരണങ്ങളും ഒരു പ്രത്യേകവകുപ്പിനു കീഴിൽ കൊണ്ടുവരാനോ ശക്തമായ ശിക്ഷകൾ ചുമത്താനോ ഭാരതീയ ന്യായ സംഹിതയിൽ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മാത്രമല്ല വാഹനാപകടങ്ങളുടെ ഭാഗമായി മരണം സംഭവിക്കുന്ന കേസുകളിൽ പ്രതിക്ക് എഴു വർഷം വരെ ശിക്ഷ വർദ്ധിപ്പിച്ചതും പിഴ ഇടാക്കാനും അധികാരം നൽകുന്ന വകുപ്പ് 106 നെതിരെ ജനങ്ങളിൽ നിന്ന് വ്യാപക പ്രതിക്ഷേധത്തിന് കാരണമായി. ആകസ്മികമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് പിന്നിൽ കൊല്ലണമെന്ന ഉദ്ദേശ്യം ഇല്ല എന്ന് വ്യക്തമാണ്. ഒരു വാഹനാപകടത്തിൽ മറ്റൊരാളുടെ മരണം സംഭവിച്ച വിവരം പോലീസിനെയോ ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നവർക്ക് 10 വർഷം വരെ ശിക്ഷ 106 (2) ഉറപ്പുവരുത്തുന്നുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളിൽ ജനങ്ങൾ ഏറ്റവും ആശങ്ക പങ്കുവെച്ചത് വകുപ്പ് 132 മായി ബന്ധപ്പെട്ടാണ്. ഒരു പൊതു പ്രവർത്തകന്റെ ഡ്യൂട്ടി തടസപ്പെടുത്തുന്ന പ്രവൃത്തികൾ ചെയ്തു എന്ന് ആരോപിക്കപ്പെട്ടാൽ അത് 2 വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. പൊതു ആവശ്യം ഉയർത്തി ഗവൺമെന്റ് ഓഫീസുകൾക്ക് മുന്നിൽ ധർണ്ണയോ സത്യാഗ്രഹമോ യോഗങ്ങളോ സംഘടിപ്പിക്കപ്പെടുമ്പോൾ ഈ വകുപ്പ് പ്രയോഗിക്കാൻ കഴിയും. ജനാധിപത്യ സമരങ്ങൾ മൂലം തന്റെ ഡ്യൂട്ടി തടസ്സപ്പെട്ടു എന്ന് ഒരു ഉദ്യോഗസ്ഥൻ മന:പൂർവ്വം പരാതി നൽകിയാൽ പോലും സമരക്കാർക്കെതിരെ ഈ വകുപ്പുകൾ ചുമത്താൻ കഴിയും. ഈ വകുപ്പ് ജനാധിപത്യ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുവാനും ജനങ്ങളെ ഭയപ്പെടുത്തുവാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരത്തിൽ പാർലമെന്റിലോ പാർലമെന്റിനു പുറത്തോ ഒരു സമഗ്ര ചർച്ചയും നടക്കാതെയും ജനങ്ങളുടെ അഭിപ്രായ രൂപീകരണം നടത്താതെയും ആണ് ക്രിമിനൽ നിയമങ്ങളിൽ ഈ മാറ്റങ്ങളും ഭേദഗതിയും പാസാക്കിയത്. ക്രിമിനൽ നിയമങ്ങളുടെ ഭാരതീയവത്കരണം എന്ന പേരിൽ നടത്തിയ ഈ നിയമനിർമ്മാണങ്ങൾക്ക് രാജ്യത്തിന്റെ നീതിന്യായ പ്രക്രിയയിൽ പ്രകടമായ യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിയില്ല എന്നത് തീർച്ചയാണ്. ♦
(തുടരും)