Friday, November 22, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഗവർണർ സർവാധിപതിയാകാനാണ് 
ശ്രമിക്കുന്നത്

ഗവർണർ സർവാധിപതിയാകാനാണ് 
ശ്രമിക്കുന്നത്

തന്റെ പ്രീതി നഷ്ടപ്പെട്ടതിനാൽ ധനമന്ത്രി 
കെ എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന ഗവർണറുടെ പ്രസ്താവനയോടുള്ള പ്രതികരണം

റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോർച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരം. ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനിൽ അദ്ദേഹം ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയനാവുകയാണോ എന്നാണ് സംശയം. മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല.

പ്രീതി പിൻവലിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ആർഎസ്എസ് മേധാവിയുടെ പ്രീതി നഷ്ടപ്പെട്ടാൽ ഗവർണറുടെ ജോലി തെറിക്കുമായിരിക്കും. ആ ഭീതി ആരിഫ് മുഹമ്മദ് ഖാനെ അലട്ടുന്നുണ്ടാകും. പക്ഷേ, അതുപോലെ ഗവർണർക്കു തെറിപ്പിക്കാൻ കഴിയുന്ന പദവിയല്ല മന്ത്രിസ്ഥാനം. ജനാധിപത്യസംവിധാനത്തിൽ ഗവർണറുടെ പ്രീതിയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് അദ്ദേഹം മറക്കണ്ട.

പ്രീതിയും തിരുവുള്ളക്കേടുമൊക്കെ രാജവാഴ്ചയുടെ ബാക്കി പത്രങ്ങളാണ്. തിരുവുള്ളക്കേടുണ്ടായാൽ ജോലിയിലും പദവിയില്‍ നിന്നു പുറത്താക്കാൻ ബ്രിട്ടീഷ് രാജാവിന് അധികാരമുണ്ടായിരുന്നു. അതാണ് പ്രീതി പ്രമാണം (doctrine of pleasure).

ബ്രിട്ടണിൽ രാജാവ് സേവകനെ പുറത്താക്കിയാൽ ചോദ്യം ചെയ്യാനോ കോടതിയിൽ പോകാനോ നഷ്ടപരിഹാരത്തിനോ വകുപ്പില്ല. പക്ഷേ, ഈ സങ്കൽപം നമ്മുടെ ഭരണഘടനയിൽ ബ്രിട്ടണെ അതേപോലെ പകർത്തി വെയ്ക്കുകയല്ല ചെയ്തത്. ഇവിടെ പ്രസിഡന്റിനും ഗവർണർക്കും തിരുവുള്ളക്കേടുണ്ടായാൽ ആരെയും പുറത്താക്കാനാവില്ല. എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിർദ്ദേശമനുസരിച്ചു വേണം. അക്കാര്യം ഭരണഘടന നിഷ്കർഷിച്ചിട്ടുണ്ട്. അങ്ങനെയേ ചെയ്യാവൂ എന്ന് ഏറ്റവുമൊടുവിൽ ബി പി സിംഗാള്‍ കേസിൽ സുപ്രിംകോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴും ഭരണഘടനയും സുപ്രീംകോടതിയുമൊക്കെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നു വിനയത്തോടെ ആരിഫ് മുഹമ്മദ് ഖാനെ ഓർമ്മിപ്പിക്കുന്നു.

പാഠം പഠിക്കാത്ത ഗവർണർ
ഹെെക്കോടതിയിൽനിന്നു കിട്ടിയ തിരിച്ചടികൊണ്ടെങ്കിലും ഗവർണർ പാഠം പഠിക്കുമോ? എല്ലാത്തിനും നിയമവും നടപടിക്രമങ്ങളും ഉണ്ടെന്നും അത് പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നുമാണ് കേരള സർക്കാർ ഗവർണറോട് എപ്പോഴും പറയുന്നത്. അദ്ദേഹത്തിന് ഏകപക്ഷീയമായ ഒരു എക്സിക്യൂട്ടീവ് അധികാരവും ഇല്ല. താനാണ് ഗവർണർ തനിക്ക് തോന്നിയതൊക്കെ ചെയ്യാൻ അവകാശമുണ്ട്, എന്ന അദ്ദേഹത്തിന്റെ ധാരണയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഹെെക്കോടതി വിധി.

വി സി നിയമനവും കോടതിവിധിയും
അദ്ദേഹത്തിന്റെ പത്രസമ്മേളനം നോക്കൂ. താൻ അഭിഭാഷകനാണെന്നും രാജ്യത്തെ മുതിർന്ന അഭിഭാഷകരോട് ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നുമൊക്കെ പറഞ്ഞ് തന്റെ വാദങ്ങൾ ന്യായീകരിക്കാൻ വി-ഫലശ്രമങ്ങൾ അദ്ദേഹം നടത്തി. കോടതിവിധി നോക്കൂ. രാജിവയ്ക്കണമെന്ന് ഒരാളിനോടും ആവശ്യപ്പെടാൻ ആർക്കും അധികാരമില്ലെന്ന് പറയാൻ കൂടുതൽ വിധിപ്രസ്താവനകളൊന്നും വേണ്ടെന്നാണ് ഹെെക്കോടതിയുടെ പരാമർശം.

അദ്ദേഹത്തിന്റെ നിയമപരിജ്ഞാനത്തിന്റെയും ഉന്നതരായ അഭിഭാഷകരുമായി നടത്തുന്ന ചർച്ചയുടെയും നിലവാരം എന്താണ് എന്ന് വ്യക്തമല്ലേ. സുപ്രീം കോടതി വിധിയുടെ കാര്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഹെെക്കോടതിയുടെ സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും ശരിവെച്ച നിയമനമാണ് അതെന്ന് ഗവർണർ ഓർക്കണം. സുപ്രീംകോടതി വിധിയോടെ ആ വിധികൾ അസാധുവായി എന്നതു ശരി.എന്നാൽ അതിൽ നിയമപരമായ ചില പ്രശ്നങ്ങളുണ്ട്. ഒരു നിയമവും പാലിക്കാതെ അല്ല വി സിമാരുടെ നിയമനങ്ങൾ നടത്തിയത്. സർവകലാശാലാ നിയമം പാലിച്ചു തന്നെയാണ്. സെർച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായി ഒരാളുടെ പേരു നിർദ്ദേശിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യാം എന്ന് സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുണ്ട്.

ചീഫ് സെക്രട്ടറിയൊക്കെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെട്ടതും അതതു സമയത്തെ ഗവർണറുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. ഇത്തരത്തിൽ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും ഒരു സുപ്രഭാതത്തിൽ ആരോടും ആലോചിക്കാതെ അസാധുവായി പ്രഖ്യാപിക്കാൻ തനിക്ക് അധികാരമുണ്ടെന്നാണ് ഗവർണറുടെ ഭാവം.
– ഡോ. ടി എം തോമസ് ഐസക്

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − fourteen =

Most Popular