മെയ് 30ന് ആണ് ഒന്നാം മോദി ഗവൺമെന്റ് അധികാരത്തിലെത്തിയത്. അധികം താമസിയാതെ തന്നെ 29 സംസ്ഥാന ഗവർണർമാരിൽ 26 പേരെയും മാറ്റി. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ എല്ലാ ലഫ്-റ്റനന്റ‍് ഗവർണർമാരെയും സ്ഥാനഭ്രഷ്ടരാക്കി. മുൻ യുപിഎ ഗവൺമെന്റ് നിയമിച്ച വി എൻ വോറ, ഇ എസ് എൻ നരസിംഹൻ, എസ് സി ജാമിർ എന്നിവരെ മാത്രം മാറ്റിയില്ല. അവർ മൂവരും മോദി സർക്കാരിനു വേണ്ടപ്പെട്ടവരാണ് എന്നതായിരുന്നു അധിക യോഗ്യത.
കാലാവധി കഴിയാത്ത ഗവർണർമാരെ പല വിധ സമ്മർദതന്ത്രങ്ങൾ പ്രയോഗിച്ച് രാജിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാക്കി. വലുതും പ്രധാനപ്പെട്ടതുമായ സംസ്ഥാനങ്ങളിൽ ഗവർണർമാരായി ശോഭിച്ചവരെ ചെറിയ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി അപമാനിച്ചു. അതേത്തുടർന്ന് പലരും രാജിവച്ച് സ്ഥലം വിട്ടു. മഹാരാഷ്ട്ര ഗവർണറായിരുന്ന കെ ശങ്കരനാരായണനെ മേഘാലയയിലേക്കു സ്ഥലം മാറ്റിയതുതന്നെ അതിനു മികച്ച ഉദാഹരണമാണ്. ഗത്യന്തരമില്ലാതെ ശങ്കരനാരായണൻ രാജിവച്ച് കേരളത്തിലേക്ക് മടങ്ങുകയായിരുന്നല്ലോ.
കൃത്യമായ രാഷ്ട്രീയ ദൗത്യം ഏൽപ്പിച്ചാണ് ഗവർണർമാരെ മോദി സർക്കാർ രാജ്ഭവനുകളിലേക്ക് പറഞ്ഞയക്കുന്നത് എന്ന് അവർ തെളിയിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാനതലങ്ങളിലും അഖിലേന്ത്യാതലത്തിലും നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചിരുന്നവരായിരുന്നു ഗവർണർമാരായി നിയമിക്കപ്പെട്ട മിക്കവരും. കേന്ദ്രമന്ത്രി, മുൻ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രി, ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്മാർ, മുൻ അധ്യക്ഷൻമാർ എന്നീനിലകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നവരോ ഒക്കെയാണ് ഗവർണർമാരായി നിയമിക്കപ്പെട്ടവരിലേറെയും. കുമ്മനം രാജശേഖരൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചുവരവെയാണല്ലോ അദ്ദേഹത്തെ മിസോറാം ഗവർണറായി നിയമിച്ചത്. പി എസ് ശ്രീധരൻപിള്ളയുടെ നിയമനകാര്യവും ആലോചിച്ചു നോക്കുക. കേന്ദ്ര മന്ത്രിസഭയോ ബിജെപി ഭരിക്കുന്ന സംസ്ഥാന മന്ത്രിസഭകളോ അഴിച്ചുപണിയുമ്പോൾ പുതിയതിൽ ഇടം ലഭിക്കാത്തവരിൽ ചിലരും ഗവർണർമാരായിട്ടുണ്ട്. സജീവ രാഷ്ട്രീയക്കാരെ നിയമിച്ചു എന്ന ആരോപണത്തിനു മറയിടാനെന്നോണം കടുത്ത ബിജെപി അനുഭാവികളായ ചില മുൻ ഉദ്യോഗസ്ഥ പ്രമുഖരെയും ഗവർണർമാരായി മോദി സർക്കാർ നിയമിച്ചിട്ടുണ്ട്.ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ചെറിയ പഴുതെങ്കിലും ലഭിച്ചാൽ അത് പരമാവധി ഉപയോഗിക്കുക, റിസോർട്ട് രാഷ്ട്രീയത്തിനും കുതിര കച്ചവടത്തിനും പരമാവധി പ്രോത്സാഹനം നൽകുക, ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടാൻ വെെകിച്ച് സംസ്ഥാന സർക്കാരുകൾക്ക് പരമാവധി പാര പണിയുക. ഇതാണ് ഗവർണർമാരെ മോദി സർക്കാർ ഏൽപ്പിച്ച ദൗത്യം.
2015ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിഹാറിൽ ആർജെഡി– ജെഡിയു സഖ്യമാണ് സീറ്റുകൾ തൂത്തുവാരിയത്. പിന്നീട് ഗവർണറുടെയും കേന്ദ്ര ഏജൻസികളുടെയും സഹായത്തോടെ നിധീഷ്- കുമാർ മന്ത്രിസഭയെ ബിജെപി അട്ടിമറിച്ചു. നിധീഷ്- കുമാറിന് വീണ്ടും മുഖ്യമന്ത്രിസ്ഥാനം ലഭിച്ചെങ്കിലും പ്രധാന വകുപ്പുകൾ പലതും ബിജെപി കെെക്കലാക്കുകയായിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് യാഥാർഥ്യബോധമില്ലാതെ കൂടുതൽ സീറ്റുകളിൽ മത്സരിച്ചതുമൂലമാണ് ആർജെഡി നേതൃത്വത്തിലുള്ള മുന്നണിക്ക് അധികാരം കിട്ടാതെപോയത്. എന്നാൽ പിന്നീട് ബിജെപിയുമായി ഒത്തുപോകാൻ കഴിയാതെ വന്നതിനെ തുടർന്ന് നിധീഷ്- കുമാറിന് എൻഡിഎ സഖ്യം വിടേണ്ടിവന്നു. ആർജെഡിയുമായി സഖ്യംചേർന്ന് നിധീഷ്- കുമാർ വീണ്ടും അധികാരത്തിൽ വന്നു എന്നത് സമീപകാല ചരിത്രം. ആർജെഡി– ജെഡിയു സഖ്യം അധികാരത്തിലെത്താതിരിക്കാൻ ഗവർണർ പരമാവധി ശ്രമിച്ചു എന്നതാണ് വസ്തുത.
2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ ഇരു സംസ്ഥാനങ്ങളിലെയും ഗവർണർമാർ ജനവിധിയെ അട്ടിമറിക്കാൻ കൂട്ടുനിന്നു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളാണ് അവിടങ്ങളിൽ അധികാരമേറിയത്.
2018ൽ നടന്ന തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ജനങ്ങൾ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കുകയായിരുന്നു. പകരം കോൺഗ്രസ് സർക്കാരിനെയാണ് ജനങ്ങൾ അധികാരത്തിലേറ്റിയത്. എന്നാൽ 2020ൽ ജേ-്യാതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഏതാനും കോൺഗ്രസ് എംഎൽമാരെ കൂറുമാറ്റിയെടുത്ത് മന്ത്രിസഭയെ ബിജെപി അട്ടിമറിച്ചു. അതിൽ ഗവർണറുടെ പങ്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ.
2018ൽ കർണാടക നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് –ജനതാദൾ സഖ്യമാണ് അധികാരത്തിൽ വന്നത്. അന്ന് ബിജെപിക്ക് കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റിയെടുത്ത് ആ മന്ത്രിസഭയെ ബിജെപി അട്ടിമറിച്ചു. അതിലും ഗവർണറുടെ ‘സഹായം’ വലുതായിരുന്നു.
2019 മെയ് ഒടുവിലാണ് രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നത്. 2021 ജൂലെെ ആറിന് എട്ട് പേരെ ഗവർണർമാരായി രാഷ്ട്രപതി നിയമിച്ചു. കർണാടകത്തിൽ നിയമിക്കപ്പെട്ടത് താരാചന്ദ് ഗെലോട്ട് ആണ്. അദ്ദേഹം 2014 മുതൽ 2021 വരെ മോദി മന്ത്രിസഭയിൽ അംഗമായിരുന്നു. അന്ന് രാജ്യസഭാ നേതാവും അദ്ദേഹമായിരുന്നു. ബിജെപിയുടെ സമുന്നത സമിതികളായ പാർലമെന്ററി ബോർഡിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗവുമായിരുന്നു ഗെലോട്ട്.
മിസോറാമിൽ ഗവർണറായി നിയമിക്കപ്പെട്ട ഹരിബാബു കംഭാപതി ബിജെപിയുടെ ആന്ധ്രപ്രദേശ് സംസ്ഥാന പ്രസിഡന്റായിരുന്നു. പതിനാറാം ലോക്-സഭയിൽ വിശാഖപട്ടണം ലോക്-സഭാ മണ്ഡലത്തിൽനിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ച ആളാണ് അദ്ദേഹം.
മധ്യപ്രദേശ് ഗവർണറായി അവരോധിക്കപ്പെട്ട മംഗുഭായ് ഛഗൻഭായ് പട്ടേൽ ഗുജറാത്തിൽ നിന്നുള്ള ബിജെപി നേതാവാണ്. ഗുജറാത്തിലെ മുൻ സ്-പീക്കറും മുൻ മന്ത്രിയുമാണ് അദ്ദേഹം.
ഹിമാചൽപ്രദേശ് ഗവർണറായി നിയമിക്കപ്പെട്ട രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗോവയിലെ പ്രമുഖ ബിജെപി നേതാവും മുൻമന്ത്രിയും മുൻ സ്-പീക്കറുമാണ്.
ത്രിപുരയിൽ ഗവർണറായി നിയോഗിക്കപ്പെട്ട സത്യദേവ് നാരായൺ ആര്യ, ബിഹാറിൽനിന്നുള്ള ബിജെപി നേതാവും അവിടുത്തെ മുൻമന്ത്രിയുമാണ്.
ജാർഖണ്ഡിൽ നിയമിക്കപ്പെട്ട രമേഷ് സചിസാകട്ടെ 1999ലെ വാജ്പേയ് മന്ത്രിസഭയിലെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. ഛത്തീസ്ഗഢിലെ മുതിർന്ന ബിജെപി നേതാവും റായ്-പ്പൂരിൽനിന്ന് ഏഴു തവണ ബിജെപി ടിക്കറ്റിൽ എംപിയുമായ ആളാണദ്ദേഹം.
ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയാകട്ടെ അവിഭക്ത ആന്ധ്രയിലെയും പിന്നീട് തെലങ്കാനയിലെയും ബിജെപി നേതാവാണ്. 2014ൽ സെക്കന്തരാബാദിൽനിന്ന് ലോക്-സഭയിലേക്ക് ബിജെപി ടിക്കറ്റിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഗോവ ഗവർണറായി പി എസ് ശ്രീധരൻപിള്ള നിയമിക്കപ്പെട്ടത് 2021ൽ ആണ്.
അട്ടിമറി സാധ്യതയുള്ള സംസ്ഥാനങ്ങളിലെല്ലാം മന്ത്രിസഭകളെ അട്ടിമറിക്കുക എന്ന ദൗത്യം ‘ഭംഗി’യായി ഗവർണർമാർ ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ആദ്യം ദേവേന്ദ്ര ഫഡ്നാവിസിനെയും അജിത് പവാറിനെയും യാഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി രായ്ക്കുരാമാനം ഗവർണർ സത്യപ്രതിജ്ഞ ചെയ്യിച്ചതു നാം കണ്ടു. ബിജെപി ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതോടെ ഗത്യന്തരമില്ലാതെയാണ് അന്ന് ഉദ്ധവ് താക്കറെയെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത‍്. രണ്ടര കൊല്ലം തികയും മുൻപ് ശിവസേനയെ പിളർത്തി ഏക്-നാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്ത് ബിജെപി അവരോധിച്ചത് സമീപകാല ചരിത്രം.
കേരളം, തമിഴ്നാട്, തെലങ്കാന തുടങ്ങിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അട്ടിമറി സാധ്യതയില്ലെന്ന് ബിജെപി നേതൃത്വത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ അവിടങ്ങളിലെ സർക്കാരുകളെ സാമ്പത്തികമായി പരമാവധി ശ്വാസംമുട്ടിക്കുക, ഗവർണർമാരെ ഉപയോഗിച്ച് ഓർഡിനൻസുകളും ബില്ലുകളും തടഞ്ഞുവയ്ക്കുക, അതിലൂടെ ഭരണസ‍്തംഭനമുണ്ടാക്കാൻ പരമാവധി പരിശ്രമം നടത്തുക എന്ന തന്ത്രമാണ് ബിജെപി അനുവർത്തിക്കുന്നത്. സഹികെട്ടപ്പോഴാണ് തെലങ്കാന സർക്കാർ ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ നിലപാടും സംസ്ഥാന സർക്കാരിന്റെ നിലപാടിനെ അനുകൂലിക്കുന്നതായിരുന്നു.
തെലങ്കാന ഗവർണർ തമിഴ് ഇസെെ സൗന്ദർരാജന് അതേതുടർന്ന് മാസങ്ങളായി തടഞ്ഞുവച്ചിരുന്ന ബില്ലുകളിൽ ഒപ്പിടേണ്ടിവന്നു.
മോദി സർക്കാർ നിയമിച്ച ഗവർണർമാർ നിരന്തരമായ രാഷ്ട്രീയക്കളിയിലൂടെ ഗവർണർ സ്ഥാനത്തിന്റെ അന്തസ്സിനെ കളഞ്ഞു കുളിച്ചിരിക്കുകയാണ്. സഹികെട്ടാണ് കേരളം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിൽനിന്ന് രൂക്ഷ വിമർശനം ഗവർണർമാർക്ക് ലഭിക്കുകയും ചെയ്തു.
പഞ്ചാബ് സർക്കാരും കേരള സർക്കാരും നൽകിയ കേസുകളിൽ നിയമസഭ പാസ്സാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാതെ ദീർഘകാലമായി തടഞ്ഞുവെച്ചതിനെ അതിരൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശിച്ചത്. ബില്ലുകൾക്കുമേൽ മാസങ്ങളും വർഷങ്ങളുമായി അടയിരിക്കുന്ന ഗവർണർമാർ എന്തു ചെയ്യുകയായിരുന്നു എന്നാണ് സുപ്രീംകോടതി ചോദിച്ചത്.
ഗവർണർക്ക് സർക്കാർ സമർപ്പിക്കുന്ന ഓർഡിനൻസുകളുടെയും ബില്ലുകളുടെയും കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമയപരിധിയിൽ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ വേണമെന്നാണ് സുപ്രീംകോടതി നിർദേശപ്രകാരം കേരള സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന്റെ കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ ഇക്കാര്യം പരിശോധിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. ♦