Sunday, May 19, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻതിരഞ്ഞെടുപ്പ് 
കമ്മീഷനെ 
വരുതിയിലാക്കാൻ 
നിയമഭേദഗതി

തിരഞ്ഞെടുപ്പ് 
കമ്മീഷനെ 
വരുതിയിലാക്കാൻ 
നിയമഭേദഗതി

രാജ്യത്തെ വളരെ പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഭരണഘടനയുടെ 324–ാം അനുഛേദം അനുസരിച്ച് രൂപീകരിക്കപ്പെട്ട സ്ഥാപനമാണിത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകൾ നടക്കണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനും സ്വതന്ത്രമായിരിക്കണം. കമ്മീഷനുമേൽ സർക്കാരിനോ രാഷ്ട്രീയ പാർട്ടികൾക്കോ നിയന്ത്രണം പാടില്ല എന്ന് ഭരണഘടന നിഷ്-കർഷിക്കുന്നു.

എന്നാൽ ഭരണഘടനയുടെ അന്തഃസത്തയെ അട്ടിമറിക്കുന്നതാണ് പാർലമെന്റ് ഈയിടെ പാസ്സാക്കിയ ബിൽ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും (നിയമനവ്യവസ്ഥകളും സേവന കാലാവധിയും) 2023 എന്ന ബിൽ പാർലമെന്റ് ഈയിടെ പാസ്സാക്കി. ഇതിലെ വ്യവസ്ഥകൾ അനുസരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷൻ അംഗങ്ങളുടെയും നിയമനം കേന്ദ്ര സർക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച് നടക്കും.

ഭരണഘടന അനുശാസിക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്-പക്ഷത നിലനിൽക്കണമെങ്കിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷൻ അംഗങ്ങളുടെയും നിയമനം കുറ്റമറ്റതും നീതിനിഷ്–ഠവുമാകണം. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്-സഭയിലെ പ്രതിപക്ഷനേതാവ് അഥവാ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവർ അംഗങ്ങളായ സമിതിയായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള ശുപാർശ നൽകേണ്ടത് എന്ന് സുപ്രീംകോടതി അടുത്ത കാലത്ത് വിധിച്ചു. സുതാര്യത ലക്ഷ്യമിട്ടു കോടതി പ്രഖ്യാപിച്ച ഈ വിധിയെ മറികടക്കുന്നതിനാണ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്.

പുതിയ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിശ്ചയിക്കുന്ന ഒരു കേന്ദ്രമന്ത്രിയും ലോക്-സഭയിലെ പ്രതിപക്ഷനേതാവും അടങ്ങിയ സമിതിയായിരിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും അംഗങ്ങളുടെയും നിയമനം ശുപാർശ ചെയ്യുന്നത്. അതായത് മൂന്നംഗ സമിതിയിൽ പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയും ചേർന്നാൽ ഭൂരിപക്ഷമായി. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിന് ഒരുവിലയും ഉണ്ടാവില്ല. കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന വ്യക്തികൾ കമ്മീഷൻ അംഗങ്ങളാകും.

സമിതിയിൽ ചീഫ് ജസ്റ്റിസ് ഉണ്ടായാൽ കേന്ദ്ര സർക്കാരിന്റെ തന്നിഷ്ടം നടക്കില്ല. അതുകൊണ്ടാണ് ചീഫ് ജസ്റ്റിസിനെ സമിതിയിൽ നിന്ന് പുറത്താക്കിക്കൊണ്ട് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. സുപ്രീംകോടതി മുൻപുപുറപ്പെടുവിച്ച വിധിയെത്തന്നെ മോദി സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്.

2012ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ബിജെപി സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമാണ് ഈ നടപടി. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും നിയമമന്ത്രിയും ലോക്-സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷനേതാക്കളും ഉൾപ്പെടെ അഞ്ചംഗ സമിതിയായിരിക്കണം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷൻ അംഗങ്ങളെയും നിശ്ചയിക്കേണ്ടത് എന്നാണ് ബിജെപി നേതാവ് എൻ കെ അദ്വാനി അന്നാവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ നിരവധി പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ എത്തിയിട്ടുണ്ട്. അതിലെല്ലാം കമ്മീഷൻ പക്ഷപാതിത്വം കാണിക്കുന്നു എന്ന ആക്ഷേപവും ശക്തമായിരുന്നു.

ഒരു ഉദാഹരണം മാത്രം സൂചിപ്പിക്കട്ടെ, 2019ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്ന് ബിജെപി അഖിലേന്ത്യ അധ്യക്ഷനായിരുന്ന അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന പരാതി കമ്മീഷന് ലഭിച്ചു. വസ്തുനിഷ്ഠമായ തെളിവുകളുടെ പിൻബലത്തിലാണ് പരാതികൾ നൽകപ്പെട്ടത്. എന്നാൽ, പരാതികൾ പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു. കമ്മീഷന്റെ ഈ നിലപാട് ഏറെ വിവാദം സൃഷ്ടിച്ചു. കമ്മീഷൻ ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നു എന്ന ധാരണ വ്യാപകമായി. അത് കമ്മീഷന്റെ വിശ്വസ്തതയെ കുറച്ചൊന്നുമല്ല കളങ്കപ്പെടുത്തിയത്.

മോദിക്കും ഷായ്ക്കും കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയത് അന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസയുടെ ശക്തമായ എതിർപ്പോടെയായിരുന്നു എന്ന കാര്യം പുറത്തുവന്നു. താമസിക്കാതെ ലവാസയുടെ അടുത്ത ബന്ധുക്കളെ കേന്ദ്ര അനേ-്വഷണ ഏജൻസികളെ ഉപയോഗിച്ച് ഗവൺമെന്റ് വേട്ടയാടി. ലവാസയുടെ ബന്ധുക്കൾക്കെതിരെ അനേ-്വഷണവുമായി സിബിഐയും ഇ ഡിയും മറ്റും രംഗത്തുവന്നു. ഇത്തരം ഭീഷണിയും സമ്മർദ്ദതന്ത്രങ്ങളും തുടർന്നതോടെ ലവാസ കമ്മീഷണർ സ്ഥാനം രാജിവച്ചു. അതോടെ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കെതിരായ അനേ-്വഷണവും നിലച്ചു.

ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഭരണനേതൃത്വം ഉദ്യോഗസ്ഥന്മാരുമായി ഒത്തുകളിച്ച് വോട്ടർപട്ടികയിൽനിന്ന് നിരവധിയാളുകളെ അകാരണമായി ഒഴിവാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്. ബിജെപിക്കെതിരായി ചെയ്യാൻ സാധ്യതയുള്ള വോട്ടുകളാണ് ഇങ്ങനെ തെരഞ്ഞുപിടിച്ച് ഒഴിവാക്കിയത് എന്ന പരാതി കമ്മീഷന് മുമ്പിൽ എത്തിയിട്ടുണ്ട്. എന്നാൽ അത്തരം പരാതികൾക്കുനേരെ പലപ്പോഴും മുഖംതിരിക്കുകയായിരുന്നു കമ്മീഷൻ.

അതേസമയം പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉണ്ടായ ചില ആക്ഷേപങ്ങൾക്ക് കമ്മീഷൻ അമിതപ്രാധാന്യം നൽകുകയും ചെയ്തു. വിശദീകരണ നോട്ടീസുകളും മറ്റു നടപടികളും തകൃതിയായിരുന്നു.

അഞ്ചു സംസ്ഥാനങ്ങളിലേക്ക് അടുത്തകാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾ ചട്ടലംഘനം നടത്തിയതിന്റെ നിരവധി പരാതികൾ കമ്മീഷനുമുമ്പിൽ എത്തുകയുണ്ടായി. എന്നാൽ അവയെയൊക്കെ അവഗണിക്കുകയായിരുന്നു കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ്ക്കുതന്നെ മങ്ങലേറ്റുനിൽക്കുമ്പോഴാണ് മോദി സർക്കാരിന്റെ പുതിയ നിയമം.

തങ്ങളുടെ വരുതിയിൽ നിൽക്കുന്നവരും ഇഷ്ടക്കാരുമായവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായും കമ്മീഷൻ അംഗങ്ങളായും നിയമിക്കാനുള്ള നിയമഭേദഗതി ഫലത്തിൽ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ദുഷ്ടലാക്കാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 5 =

Most Popular