Friday, September 20, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഇന്ത്യൻ ഭരണഘടന സംഘപരിവാർ 
കൊലക്കത്തിക്കുകീഴിൽ

ഇന്ത്യൻ ഭരണഘടന സംഘപരിവാർ 
കൊലക്കത്തിക്കുകീഴിൽ

രണഘടനാ നിർമാണസഭയിൽ ഹിന്ദുമഹാസഭയുടെ വക്താക്കളും പുറമെ ആർഎസ്എസ് മുഖപത്രമായ ഓർഗനെെസറും ഉയർത്തിയ വാദം ഇന്ത്യൻ ഭരണഘടന മനുസ്-മൃതിയെ ആധാരമാക്കി ആയിരിക്കണം എന്നതാണ്. അതായത്, ജനാധിപത്യത്തിന്റെ സ്ഥാനത്ത് രാജവാഴ്ചയും സവർണ ജാതിമേധാവിത്വവും സ്ത്രീവിരുദ്ധതയുമെല്ലാം കൊടികുത്തി വാഴുന്ന ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി സ്വതന്ത്ര ഇന്ത്യയെ മാറ്റണം എന്നാണ് സംഘപരിവാർ തുടക്കം മുതൽ വാദിച്ചിരുന്നത്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ സമത്വബോധത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച സ്വാതന്ത്ര്യ സമരനായകർക്ക് ഭരണഘടനാ നിർമാണ സമിതിയിൽ നിർണായകമായ മുൻകെെ ഉണ്ടായിരുന്നതുകൊണ്ട് അന്ന് സംഘപരിവാറിന്റെ ആ നീക്കം വിലപ്പോയില്ല.

ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മാത്രമല്ല സംഘപരിവാർ എതിർക്കുന്നത്; ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന എല്ലാ മാനുഷിക മൂല്യങ്ങൾക്കും സംഘപരിവാർ എതിരാണ്. ഒരുദാഹരണം മാത്രമെടുക്കാം. സംവരണംപോലെയുള്ള സാമൂഹികനീതി നടപ്പാക്കാനുള്ള വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ജാതിമേധാവിത്വത്തെ ഉയർത്തിപ്പിടിക്കുന്ന സംഘപരിവാറിന് സഹിക്കുന്ന കാര്യമല്ല. ഇത്തരത്തിൽ തുല്യനീതിയും പിന്നോക്കം നിൽക്കുന്നവരെ മുൻനിരയിലേക്ക് കെെപിടിച്ചുയർത്താനുള്ള നീക്കങ്ങളെ പ്രകൃതിനിയമത്തിന് എതിരായത് എന്നാണ് സംഘപരിവാർ വിവക്ഷ. ബലവാൻ ദുർബലനെ കൊന്നുതിന്നുന്ന കാട്ടുനീതിയുടെ വക്താക്കളാണവർ. അപ്പോൾ അത്തരമൊരു ഭരണഘടനയാണ് ആർഎസ്-എസ് വിഭാവനം ചെയ്യുന്നത്. വിചാരധാരപോലെയുള്ള സംഘപരിവാറിന്റെ അടിസ്ഥാനകൃതികളിൽ അത്തരം ആശയങ്ങൾ ആവോളം കാണാം.

ഭാഷാ ദേശീയത, ഫെ-ഡറലിസം എന്നീ സമീപനങ്ങളും സംഘപരിവാറിന് ചതുർഥിയാണ്. സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം, ജനാധിപത്യം, മതനിരപേക്ഷത, മനുഷ്യാവകാശങ്ങൾ എന്നിവയെല്ലാം, ആധുനികമായതെല്ലാം, കൊളോണിയൽ ആശയങ്ങളാണെന്ന വിതണ്ഡവാദങ്ങളാണ് സംഘപരിവാർ ഉയർത്തുന്നത്. പൊതുപ്രചരണത്തിൽ ഇതൊന്നും അവർ പറയില്ല. അധികാരം കിട്ടാൻ ഓരോ വിഭാഗത്തിനോടും തരാതരം പ്രചരണം നടത്താൻ ഒരു കൂസലുമില്ലാത്ത കൂട്ടരാണവർ.

രാജ്യത്ത് വർഗീയധ്രുവീകരണം സംഘടിപ്പിച്ച് അധികാരം ഉറപ്പിക്കുന്നതിനനുസരിച്ച് അവർ തങ്ങളുടെ വിഷപ്പല്ലുകൾ പുറത്തെടുക്കുന്നതാണ് നാമിന്ന് കാണുന്നത്. വാജ്പേയി സർക്കാരിൽനിന്ന് മോദി കാലം വേറിട്ടുനിൽക്കുന്നത് ബലാബലത്തിൽ വന്ന വ്യത്യാസം മൂലമാണ്. ഒന്നാം മോദി സർക്കാരിന് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം രണ്ടാം മോദി സർക്കാരിനു ലഭിച്ചപ്പോൾ ഉണ്ടായ വ്യത്യാസം നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

2019നുശേഷം ഹിന്ദുത്വ– കോർപറേറ്റ് ശക്തികളുടെ വക്താക്കൾ ഭരണഘടനയുടെ പൊളിച്ചെഴുത്ത്, പുതിയ ഭരണഘടന തുടങ്ങിയ വാദങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം രണ്ടുവാദങ്ങൾ നമുക്ക് നോക്കാം. ഒരു വാദം നരേന്ദ്രമോദിയോട് അടുത്തുനിൽക്കുന്ന, പ്രൈമിനിസ്റ്റേഴ്സ് ഇക്കണോമിക് അഡെെ-്വസറി കൗൺസിൽ അംഗമായ ബിബേക് ദെബ്രോയ് ഇന്ത്യക്ക് പുതിയൊരു ഭരണഘടനയുടെ ആവശ്യമുണ്ടെന്ന ഒരു ചർച്ചാ വിഷയം മുന്നോട്ടുവച്ചിരിക്കുന്നു. 1789 മുതലുള്ള, അതായത് അമേരിക്കൻ ഭരണഘടന നിലവിൽ വന്നതുമുതലുള്ള വിവിധ ഭരണഘടനകളുടെ ശരാശരി ആയൂർദെെർഘ്യം 17 വർഷമാണെന്നും ആ നിലയിൽ 2022ൽ ഇന്ത്യൻ ഭരണഘടനയ്ക്ക് 73 വർഷം കഴിഞ്ഞുവെന്നും പ്രസ്താവിക്കുന്ന ഒബ്രോയ് ഇത് മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. ‘‘ഭേദഗതികൾ കൊണ്ട് ഒരു കാര്യവുമില്ലെ’’ന്ന് വാദിക്കുന്ന ഒബ്രോയ് പറയുന്നത്, ‘‘1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ ആധാരമാക്കി എഴുതിയ കൊളോണിയൽ ഭരണഘടന’’യാണ് നിലവിലുളളത് എന്നാണ്. അതുകൊണ്ട് ഈ രാജ്യത്തെ ജനങ്ങൾ എന്ന നിലയിൽ ‘‘നാം പുതിയൊരു ഭരണഘടനയ്ക്ക് രൂപം നൽകണം’’ എന്നാണ് ഒബ്രോയ് വ്യക്തമാക്കുന്നത്. അതെങ്ങനെയായിരിക്കണം എന്നു മാത്രം ഒബ്രോയ് പറയുന്നില്ല. ഇതാണ് സംഘപരിവാർ ശെെലി.

എന്നിരുന്നാലും നിലവിലെ ഭരണഘടനയിൽ ഒഴിവാക്കപ്പെടേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഒബ്രോയ് പറയുന്നുമുണ്ട്– ഹെെക്കോടതികളുടെ സ്വാതന്ത്ര്യം, രാജ്യസഭാ സംവിധാനം, 370–ാം വകുപ്പ് തുടങ്ങിയ അനാവശ്യകാര്യങ്ങൾ ഒഴിവാക്കണമെന്ന് പറയുന്ന അദ്ദേഹം കേന്ദ്രത്തിന് സമ്പൂർണ അധികാരം നൽകി ഭരണപരമായ കാര്യക്ഷമതയും ക്രമസമാധാനവും ഉറപ്പാക്കണമെന്നും പറയുന്നതിലൂടെ ഫെഡറൽ സംവിധാനം അനാവശ്യമാണെന്ന സൂചനയും നൽകുന്നുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ കാലാവധി കഴിഞ്ഞുവെന്ന് വാദിക്കുന്ന മറ്റൊരു പ്രമാണി വിധി സെന്റർ ഫോർ ലീഗൽ പോളിസി എന്ന നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട പ്രമുഖ സ്ഥാപനമത്തിന്റെ സ്ഥാപകരിലൊരാളായ ആർഗിയ സെൻഗുപ്തയാണ്. മോദി വാഴ്ചക്കാലത്ത് കൊണ്ടുവന്ന ആധാർ നിയമം, ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ തുടങ്ങിയ പല പ്രതിലോമകരമായ നിയമനിർമാണങ്ങൾക്കും സർക്കാരിനെ സഹായിച്ചത്, കോർപറേറ്റുകളുടെ ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനമാണ്. The Colonial Constitution എന്ന പേരിൽ സെൻഗുപ്ത എഴുതിയ കൃതിയിൽ ഒബ്രോയ്-യുടെ ആശയങ്ങൾ തന്നെ കാണാം. കൊളോണിയൽ കാലത്തിന്റെ ഉൽപ്പന്നമാണ് ഇന്നത്തെ ഇന്ത്യൻ ഭരണഘടനയെന്നു പറയുന്ന സെൻഗുപ്ത തന്റെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നതു നോക്കൂ: ‘‘ഇന്ത്യയിലെ ജനാധിപത്യം വെറുമൊരു മേൽക്കുപ്പായം മാത്രമാണ്; ശരിക്കും അത് ജനാധിപത്യവിരുദ്ധമാണ്. അതുകൊണ്ട് ഭരണസംവിധാനം എങ്ങനെ ആയിരിക്കണമെന്ന് നിശ്ചയിക്കാനുള്ള അധികാരം നിയമനിർമാണ സഭകൾക്ക് വിട്ടുകൊടുക്കുന്നത് ബുദ്ധിപരമല്ല.’’ തങ്ങളെപ്പോലുള്ള ബുദ്ധി കേന്ദ്രങ്ങൾക്ക് അത് വിട്ടുകൊടുത്താൽ മതിയെന്ന് വ്യംഗ്യം. കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കലാണല്ലോ ഇവർക്ക് ജനാധിപത്യം! നിലവിലുള്ള ഭരണഘടനയെ പൊളിച്ചെഴുതാൻ ഉറച്ചുതന്നെയാണ് സംഘപരിവാർ എന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + ten =

Most Popular