Wednesday, March 4, 2026

ad

Homeഇലക്‌ഷൻ കാമ്പയിൻഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് !

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് !

2014ൽ നടന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടനപത്രിക യിലൂടെയാണ് ബിജെപി ആദ്യമായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യത്തിന്റെ യുക്തിസഹമായ തുടർച്ചയാണ് ഒരു രാജ്യം ഒരു നേതാവ് എന്നത്. ആ മുദ്രാവാക്യവും ബിജെപി നിരന്തരമായി ആവർത്തിക്കാറുണ്ട്. സാധാരണഗതിയിൽ അഞ്ചുവർഷത്തിലൊരിക്കലാണ് നിയമസഭയിലേക്കും ലോക്-സഭയിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒക്കെ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. ഇതെല്ലാം ഒന്നിച്ചു നടത്തിയാൽ പലവട്ടം നടത്തുന്ന തിരഞ്ഞെടുപ്പുകളുടെ ഫലമായി വരുന്ന ചെലവുകൾ കുറയ്-ക്കുന്നതിനും മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ പേരിൽ വികസന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതും ഒക്കെ ഇല്ലാതാക്കാനാവും എന്ന വാദമാണ് ബിജെപിയും സംഘപരിവാർ അനുകൂലികളും ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് ചെലവുകൾ തന്നെ ഇല്ലാതാക്കുന്നതിന് തിരഞ്ഞെടുപ്പ് തന്നെ വേണ്ടെന്നു വയ്ക്കണം എന്നാവും അവരുടെ അടുത്ത വാദം.

2020 ഡിസംബർ 20ന് ബിജെപി ഈ മുദ്രാവാക്യത്തിന്റെ പ്രചാരണത്തിനായി 25 വെബ്ബിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി. അതിലൊന്നിൽ ബിജെപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് പറഞ്ഞത് “‘തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിലേക്കുള്ള യുക്തമായ ഒരു മാർഗമാണ്. എന്നാൽ ആവർത്തിച്ചുള്ള തിരഞ്ഞെടുപ്പുകൾ കാണിക്കുന്നത് ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെ തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു എന്നാണ്. ഭരണം എന്നത് പിന്തള്ളപ്പെട്ടിരിക്കുകയാണ്’’ എന്നാണ്. തിരഞ്ഞെടുപ്പിന് അല്ല ഭരണത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് വ്യംഗ്യഭാഷയിൽ അദ്ദേഹം പറഞ്ഞത്. നിതി ആയോഗിന്റെ മുഖ്യ നിർവഹണാധികാരിയായിരുന്ന അമിതാഭ് കാന്ത് പറഞ്ഞതും മറ്റൊന്നായിരുന്നില്ല. കർഷക സമരത്തെ കുറിച്ചുള്ള പ്രതികരണമായി അദ്ദേഹത്തിൽ നിന്ന് പുറത്തുവന്നത് ജനാധിപത്യത്തോടുള്ള അസഹിഷ്ണുതയായിരുന്നു.

2017ൽ നിതി ആയോഗ് പുറത്തിറക്കിയ സംവാദരേഖയിലും 2018ലെ ലാ കമ്മീഷന്റെ കരട് റിപ്പോർട്ടിലും നിരവധി നിർദ്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചില നിയമസഭകളുടെ കാലാവധി ചുരുക്കുക,ചിലതിന്റേത് വർദ്ധിപ്പിക്കുക അങ്ങനെ അവയിലേക്കുള്ള തിരഞ്ഞെടുപ്പ് ലോക്-സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പമാക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. അതല്ലെങ്കിൽ അഞ്ചുവർഷത്തിനിടയിൽ ഏറ്റവും ചുരുങ്ങിയത് രണ്ടു തിരഞ്ഞെടുപ്പുകൾ മാത്രമായി കുറയ്ക്കുക എന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടായിരുന്നു. സ്വന്തം നിയമസഭാ സാമാജികരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പൗരർക്കുള്ള മൗലികമായ ജനാധിപത്യാവകാശത്തിന്റെ ലംഘനമാണ് ഈ കൂട്ടലും കുറയ്ക്കലുമൊക്കെ.

ഭരണഘടനാവിരുദ്ധം, ജനാധിപത്യവിരുദ്ധം

ലോക്-സഭയിലേക്കും നിയമസഭകളിലേക്കും ഉള്ള തിരഞ്ഞെടുപ്പ് ഏകീകരിക്കുക എന്നു പറയുന്നത് ഒരു സാങ്കേതിക പ്രശ്നമല്ല. മറിച്ച് നിലവിലുള്ള ഭരണഘടനയുടെ അടിസ്ഥാനത്തിൽ അപ്രായോഗികം കൂടിയാണ്. ഇന്ന് ഭരണഘടനാനുസൃതമായി നിലനിൽക്കുന്ന പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അടിവേരറുത്തല്ലാതെ ഇത് നടപ്പിലാക്കാനാവില്ല. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 75(3) അനുസരിച്ച് കേന്ദ്ര മന്ത്രിസഭ ലോക്-സഭയോട് കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട ഒന്നാണ്. അതേപോലെ സംസ്ഥാനങ്ങളിലെ മന്ത്രിസഭ ഭരണഘടനയുടെ അനുഛേദം 164 (1) അനുസരിച്ച് സംസ്ഥാന നിയമസഭയോട് കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ ബാധ്യസ്ഥമാണ്. ഭരണഘടന അനുസരിച്ച് നിയമസഭയിൽ വിശ്വാസപ്രമേയം മൂലമോ, ധന ബില്ലിൽ വോട്ടെടുപ്പ് ഉണ്ടാകുമ്പോൾ കുറവ് വരുന്നതിനാലോ, ഗവൺമെന്റിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി തെളിഞ്ഞാൽ മന്ത്രിസഭ രാജിവയ്ക്കാൻ ബാധ്യസ്ഥമാണ്. ഒരു ബദൽ ഗവൺമെന്റ് രൂപീകരിക്കാൻ സാധ്യമല്ലാതെ വരുന്ന പക്ഷം നിയമസഭയോ ലോക്-സഭയോ പിരിച്ചുവിടുകയും ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുകയും വേണം.

ലോക്-സഭയ്ക്കോ, നിയമസഭകൾക്കോ, കാലാവധിയായി അഞ്ചുവർഷം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും നിലവിലെ ഗവൺമെന്റിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ അത് ബാധകമല്ലാതെ വരും. ഭരണഘടനയുടെ 83 (2), 172 (1) അനുച്ഛേദങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. ഈ ഭരണഘടനാ വകുപ്പുകളെ മറികടന്ന് ഭൂരിപക്ഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും അഞ്ചുവർഷ കാലാവധി നിശ്ചയിക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനാ വിരുദ്ധമായി ചില നിയമസഭകളുടെ കാലാവധി കുറയ്ക്കാനും ചിലത് കൂട്ടാനും ഒക്കെ തീരുമാനിക്കുന്നതും ഇതുപോലെ ജനാധിപത്യവിരുദ്ധമായ കാര്യമാണ്. അതുപോലെ ചില നിയമസഭകളെ നിലനിർത്തിക്കൊണ്ട് ഗവർണർ ഭരണം ഏർപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് അത് നിയമസഭയിൽ ആയാലും ശരി ലോക-്സഭയിൽ ആയാലും ശരി അവർ തിരഞ്ഞെടുത്ത ഗവൺമെന്റിനെതിരായി വോട്ട് ചെയ്യാൻ അവകാശമില്ല എന്ന ഭേദഗതിയും ജനാധിപത്യവിരുദ്ധമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × one =

Most Popular