Friday, September 20, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻകൂട്ടിലടച്ച തത്തയിൽനിന്ന് തുടലിലിട്ട നായ്ക്കളിലേക്ക‍്

കൂട്ടിലടച്ച തത്തയിൽനിന്ന് തുടലിലിട്ട നായ്ക്കളിലേക്ക‍്

കേന്ദ്ര അനേ-്വഷണ ഏജൻസികൾ എക്കാലവും മാറിമാറിവരുന്ന കേന്ദ്ര ഗവൺമെന്റുകളുടെ താൽപര്യ സംരക്ഷണത്തിനാണ് മുൻതൂക്കം നൽകിയിരുന്നത്. പ്രതിപക്ഷത്തിനും എതിർകക്ഷികൾ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ നേതൃത്വങ്ങൾക്കുമെതിരെ സമയാസമയങ്ങളിൽ പ്രയോഗിക്കുവാനുള്ള ആയുധമായാണ് കേന്ദ്ര സർക്കാർ എൻഐഎ, സിബിഐ, ഇ ഡി തുടങ്ങിയ അനേ-്വഷണ ഏജൻസികളെ കാണുന്നത്. കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയാണെങ്കിൽപോലും, 2014ൽ നരേന്ദ്രമോദി അധികാരത്തിൽ വരുന്നതിനുമുൻപുവരെ ചില വിവേചനാധികാരങ്ങളും സ്വതന്ത്രാവകാശങ്ങളും കുറെയൊക്കെ പുലർത്തുവാൻ ഈ ഏജൻസികൾക്കു കഴിഞ്ഞിരുന്നു. എന്നാൽ 2014നുശേഷം ഈ ഏജൻസികളെ ബിജെപിയുടെ വർഗീയ – ധ്രുവീകരണ അജൻഡകൾക്കടക്കം കാവൽനായ്ക്കളാക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.

ബിജെപി ഗവൺമെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം ഹിന്ദുത്വ തീവ്രദേശീയവാദികൾ മുൻപു നടത്തിയതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതുമായ കലാപങ്ങൾക്കും സ്ഫോടനങ്ങൾക്കും കൊള്ളരുതായ്മകൾക്കും കുടപിടിക്കുന്ന പണിയാണ് കേന്ദ്ര അനേ–്വഷണ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഹിന്ദുത്വ തീവ്രവാദാക്രമണങ്ങൾ
2008 സെപ്തംബർ 29ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള മാലേഗാവിൽ ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ പള്ളി മുറ്റത്തുനടന്ന സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു. ചില മുസ്ലീം തീവ്രവാദ സംഘടനകളാണ് സ്ഫോടനത്തിനുത്തരവാദികൾ എന്ന പ്രചരണം വ്യാപകമായതിനെ തുടർന്ന് കേസനേ-്വഷണം മഹാരാഷ്ട്ര ആന്റി – ടെററിസ്റ്റ് സ്ക്വാഡ് ഏറ്റെടുത്തു. അന്ന് മഹാരാഷ്ട്ര എടിഎസിലെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഹേമന്ത് കർക്കറെയുടെ നേതൃത്വത്തിൽ നടന്ന അനേ-്വഷണത്തിൽ സ്ഫോടനം നടത്തിയത് അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദ സംഘടനയാണെന്ന് കണ്ടെത്തി. 2008 കാലത്ത് അഭിനവ് ഭാരതിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നവരാണ് പ്രതികൾ എന്നായിരുന്നു എടിഎസിന്റെ കണ്ടെത്തൽ. ഹിന്ദു മഹാസഭയുടെ അന്നത്തെ പ്രസിഡന്റും, നാഥുറാം ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ മകളുമായ ഹിമാനി സവർക്കർ, എബിവിപി ദേശീയ എക്സിക്യൂട്ടീവ് അംഗവും സാധ-്വിയുമായ പ്രജ്ഞാസിംഗ് താക്കൂർ, 1990കളിൽ കിഴക്കൻ ഡൽഹിയിൽനിന്നുള്ള ലോക്-സഭാംഗമായിരുന്ന സജീവ ആർഎസ്എസ് പ്രവർത്തകൻ ബി എൽ ശർമ്മ, മുൻപ് ബിജെപിയുടെ എക്സ‍് – സർവീസ്-മാൻ സെല്ലിന്റെ മുംബെെ ഘടകം തലവനായിരുന്നിട്ടുള്ള റിട്ടയേർഡ് മേജർ രമേഷ് ഉപാധ്യായ, കർക്കറെയുടെ നിരീക്ഷണത്തിൽ സംഘടനയുടെ പ്രധാന ചാലകശക്തിയായി പ്രവർത്തിക്കുന്ന സെെനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്ന നേതാക്കൾ. കേസിൽ ഹേമന്ത് കർക്കറെ സമർപ്പിച്ച അനേ-്വഷണ റിപ്പോർട്ട് പ്രതികൾക്കെതിരെ വ്യക്തവും ശക്തവുമായ തെളിവുകൾ അടങ്ങിയതായിരുന്നു, 2007ലും 2008ലും സ്ഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അഭിനവ് ഭാരതിന്റെ രഹസ്യ യോഗങ്ങളെ സംബന്ധിച്ച് അതിന്റെ സംഘാടകർതന്നെ സ്വന്തം ലാപ്ടോപ്പിൽ രേഖപ്പെടുത്തിയതും തെളിവുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്തുതന്നെയായാലും, 2008 നവംബറിൽ നടന്ന മുംബെെ സ്ഫോടനത്തിനിടയിൽ ദുരൂഹ സാഹചര്യത്തിൽ ഹേമന്ത് കർക്കറെ കൊല്ലപ്പെട്ടു.

ഇക്കാലത്ത് ഹിന്ദുത്വ തീവ്രവാദികൾ നടത്തിയ മറ്റു മൂന്ന് ഭീകരവാദ ആക്രമണങ്ങളായിരുന്നു 2007 ഫെബ്രുവരിയിൽ നടന്ന സംഝോത എക്സ്പ്രസ് സ്ഫോടനം, 2007 മെയിൽ നടന്ന മെക്ക മസ്ജിദ് സ്ഫോടനം, 2007 ഒക്ടോബറിൽ നടന്ന അജ്മീർ ദർഗ സ്ഫോടനം എന്നിവ. 2007 ഫെബ്രുവരി 18ന് ലാഹോർ – ഡൽഹി സംഝോത എക്സ്പ്രസിൽ ആർഎസ്എസുകാർ നടത്തിയ സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെടുകയും അനവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2007 മെയ് 18ന് ഹെെദരാബാദിലെ ചരിത്ര പ്രസിദ്ധമായ മെക്ക മസ്ജിദിൽ നടന്ന സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 58 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 2007 ഒക്ടോബർ 11ന് രാജസ്താനിലെ അജ്മീർ ദർഗയിൽ നോമ്പുതുറ സമയത്തു നടന്ന സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 17 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കേസുകളനേ-്വഷിച്ച എൻഐയും സിബിഐയും എടിഎസും മറ്റും കണ്ടെത്തിയത് ഇതിനെല്ലാം നേതൃത്വം നൽകിയത് ആർഎസ്എസാണ് എന്നാണ്. അജ്മീർ സ്ഫോടന കേസിലെ കുറ്റപത്രത്തിൽ പ്രതികളിലൊരാളായ സ്വാമി അസീമാനന്ദ, മജിസ്ട്രേറ്റിനുമുമ്പാകെ നടത്തിയ കുറ്റസമ്മതമൊഴിയിൽ ഈ കേസുകളിൽ ഭാഗമായിട്ടുള്ള ആർഎസ്എസ് നേതാക്കളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അജ്മീർ കേസിലെ പ്രതിപ്പട്ടികയിലുള്ള ആർഎസ്എസ് എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ, സുനിൽ ജോഷി തുടങ്ങിയവരുടെ ഈ കേസിലെ പങ്കും സുനിൽ ജോഷിയുടെ സംഝോത സ്ഫോടനത്തിലെ പങ്കുമെല്ലാം അസീമാനന്ദയുടെ കുറ്റസമ്മത മൊഴിയിൽ വ്യക്തമായി പറയുന്നുണ്ട്.

മോദി വന്നു, പ്രതികളെ 
രക്ഷിക്കാൻ എൻഐഎയും
2014 ൽ മോദി അധികാരത്തിൽ വന്നതിനുശേഷം, മാലേഗാവ് സ്ഫോടനമടക്കം മേൽപറഞ്ഞിട്ടുള്ള സ്ഫോടനകേസുകളിലെ പ്രതികളെയെല്ലാം രക്ഷിച്ചെടുക്കുന്നതിന് കേന്ദ്ര സർക്കാർ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ (എൻഐഎ) ശരിക്കുപയോഗപ്പെടുത്തി. മോദി സർക്കാർ അധികാരത്തിൽ വന്നയുടൻ തന്നെ സംഝോത – അജ്മീർ സ്ഫോടനങ്ങളിൽ വിചാരണ നേരിടുന്ന ഇന്ദ്രേഷ് കുമാർ, ‘പുതിയ ഗവൺമെന്റ് തങ്ങളുടെ കേസുകൾ പുനഃപരിശോധിക്കു’മെന്ന് വിളംബരം ചെയ്യുകയുണ്ടായി. എൻഐഎക്കുമേൽ കേന്ദ്ര ഗവൺമെന്റിന്റെ ഇടപെടൽ ആദ്യമായുണ്ടായത് 2014 ജൂണിലാണ‍്. മാലേഗാവ് സ്ഫോടനക്കേസിൽ എൻഐഎയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാനോട് എൻഐഎ ഉദ്യോഗസ്ഥർ പ്രതികളുടെ കാര്യത്തിൽ വിട്ടുവീഴ്ചാ നിലപാട് പുലർത്തണമെന്നാവശ്യപ്പെടുകയായിരുന്നു. 2015ൽ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ രോഹിണി ഇത് വ്യക്തമാക്കുന്നുണ്ട്. വീണ്ടും വീണ്ടും അവർക്കുമേൽ സമ്മർദ്ദങ്ങൾ ശക്തമാക്കുകയും ഒടുവിൽ രോഹിണി സാലിയാൻ ഇതുസംബന്ധിച്ച് ബോംബെ ഹെെക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. അപ്പോഴേക്കും എൻഐഎ അതിന്റെ നയസമീപനം പൂർണമായും മോദി സർക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച് മാറ്റിയിരുന്നു. ഹേമന്ത് കർക്കറെ തയ്യാറാക്കിയ വിശദമായ കുറ്റപത്രമടക്കം എൻഐഎ തള്ളിക്കളഞ്ഞു; തെളിവുകൾ ദുർബലമാണെന്ന് എൻഐഎ തന്നെ പറഞ്ഞു. 2016ൽ പ്രജ്ഞാ സിംഗ് താക്കുറിന്റെ പേര് കുറ്റപത്രത്തിൽനിന്ന് എൻഐഎ നീക്കം ചെയ്തു. പ്രതികളുടെ കുറ്റസമ്മതവും സാക്ഷിരേഖകളും സമർപ്പിക്കുന്നതിനുപകരം എൻഐഎ വീണ്ടും ചോദ്യംചെയ്യൽ തുടങ്ങി; ഒട്ടേറെ സാക്ഷികൾ ഈ ഘട്ടത്തിൽ കൂറുമാറി. ഒടുവിൽ, എൻഐഎയുടെ ഈ മലക്കംമറിച്ചിൽ മാലേഗാവ് കേസിലെ ആർഎസ്-എസുകാരായ പ്രതികളെ എല്ലാവരെയും വെറുതെ വിടുന്നതിൽ കലാശിച്ചു. പ്രതികളെ മോചിപ്പിച്ചുകൊണ്ടുള്ള കീഴ്കോടതി വിധിക്കെതിരെ അപ്പീൽ പോകാൻപോലും എൻഐഎ തയ്യാറായില്ല.

മെക്ക മസ്ജിദ് കേസിലും അജ്മീർ സ്ഫോടനകേസിലും ഇതുതന്നെ സംഭവിച്ചു; മെക്ക മസ്ജിദ് കേസിൽ മുതിർന്ന ആർഎസ്എസ് പ്രവർത്തകരിലേക്കു വിരൽചൂണ്ടുന്ന സുപ്രധാന രേഖകളാകെ അപ്രത്യക്ഷമായി. ഒടുവിൽ 2018 ഏപ്രിലിൽ അഞ്ച് പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി പിറ്റേ ദിവസം തന്നെ രാജിവെച്ചു. അജ്മീർ സ്ഫോടന കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറി. കേസനേ-്വഷിച്ച എൻഐഎ ഉദ്യോഗസ്ഥൻ ഒരു തവണപോലും കോടതിയിൽ ഹാജരായില്ല. തുടർന്ന് 2015ൽ തന്നെ അസീമാനന്ദ അടക്കമുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 2017ൽ എല്ലാ പ്രതികളെയും വെറുതെവിടുകയും ശ്രീകർ പ്രസാദ് പുരോഹിതിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ദേശീയ അനേ-്വഷണ ഏജൻസിയായ എൻഐഎയെ ആർഎസ്എസുകാരായ പ്രതികളെ രക്ഷിക്കാൻ മോദി ഗവൺമെന്റ് ഉപയോഗിച്ചതിന്റെ ക്ലാസിക് ഉദാഹരണമാണിത്.

ഇത്തരത്തിൽ, മൊത്തത്തിൽ തങ്ങളുടെ വരുതിയിലാക്കിയതിനുശേഷം 2019ൽ എൻഐഎ ആക്ട് ഭേദഗതി ചെയ്തുകൊണ്ട് മോദി ഗവൺമെന്റ് എൻഐഎക്ക് കൂടുതൽ അധികാരങ്ങൾ നൽകി. പുതിയ ഭേദഗതി പ്രകാരം മനുഷ്യക്കടത്ത്, കള്ളനോട്ട്, ബാങ്ക് തട്ടിപ്പ്, നിരോധിത ആയുധങ്ങളുടെ നിർമാണവും വിൽപനയും, സെെബർ ടെററിസം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും അനേ–്വഷിക്കാൻ എൻഐഎക്ക് അധികാരം നൽകി. ഇതിൽ പലതും മോദി ഗവൺമെന്റിന്റെ ഹീനകൃത്യങ്ങൾക്ക് ഒത്താശ ചെയ്യുവാനും എതിർശബ്ദങ്ങളെ അടിച്ചമർത്താനും വേണ്ടിയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + 15 =

Most Popular