Sunday, May 19, 2024

ad

Homeചിത്രകലനിറങ്ങളുടെ സങ്കലനം

നിറങ്ങളുടെ സങ്കലനം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

രാജേന്ദ്രൻ പുല്ലൂർ

മ്മുടെ സംസ്കാരത്തിന്റെ ഉൾത്തുടുപ്പുകൾ കാത്തുസൂക്ഷിക്കുകയും ജനമനസ്സുകളിലേക്കെത്തിക്കുകയും ചെയ്യുന്ന നാടൻ അനുഷ്ഠാനകലകളിൽ മുഖ്യസ്ഥാനത്ത് നിൽക്കുന്നതാണ് വടക്കൻ കേരളത്തിലെ തെയ്യം. അടിസ്ഥാന നൃത്ത കലാരൂപം കൂടിയാണ് തെയ്യം. പ്രാചീനകാല മനുഷ്യർക്ക് ജീവിതം തന്നെയായിരുന്നു അവരുടെ കല. ജീവിതാനുഭവങ്ങളിൽനിന്നും ജീവിതക്രമങ്ങളിൽ നിന്നും പരിസ്ഥിതിയിൽ നിന്നുമാണ് ജീവിതചര്യയുടെ ഭാഗമായി കലാനിർവഹണത്തിലേക്കുമവർ കടന്നുചെല്ലുന്നതും, ഇന്ന് കാണുംവിധമുള്ള നാടൻ കലാരൂപങ്ങളും മനുഷ്യരൂപങ്ങളുമൊക്കെ വികാസം പ്രാപിച്ചതും. തെയ്യങ്ങളുടെ രൂപവൈവിധ്യത്തിന് മുഖത്തെഴുത്ത്, മെയ്യെഴുത്ത് ഇവ മുഖ്യ ഘടകങ്ങളാകുന്നു. ചിത്രകലയുമായി നേരിട്ട് ബന്ധമുള്ള ഘടകങ്ങളാണ് ഈ രചന സമ്പ്രദായം. രൂപവ്യതിരിക്തതയ്ക്ക് മാത്രമല്ല, വിവിധ സ്തോഭമുഹൂർത്തങ്ങളെയും സങ്കൽപ്പ വിശേഷങ്ങളെയും ആവിഷ്കരിക്കുവാനും സഹായകമാകുന്നു.

നാടൻ കലാരൂപങ്ങളുടെ നിർവഹണത്തിൽ ജന സ്വീകാര്യതയിലും പ്രചാരണത്തിലുമൊക്കെ കേരളത്തിന് അഭിമാനിക്കാവുന്ന പാരമ്പര്യമാണുള്ളത്. പലതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ പലവിധ ജനസമൂഹങ്ങളെ ഒന്നിപ്പിക്കാൻ സഹായകമാകുന്ന സവിശേഷ നാടൻ കലാരൂപങ്ങളാണ് നമ്മുടെ സമ്പത്ത് എന്നും ഓർക്കണം. സാമുദായിക ഐക്യത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണിത്. തെയ്യം, തിറയാട്ടം എന്നിവയുടെ പശ്ചാത്തലമാകുന്ന പുരാവൃത്തങ്ങളിൽനിന്നു നിരവധിയായ സാഹിത്യ‐ചലച്ചിത്ര നാടക‐ചിത്ര‐ശില്പ രൂപങ്ങളുമൊക്കെ പ്രമുഖരായ കലാകാരർ അവരുടെ രചനകളിലൂടെ സംഭാവന ചെയ്തിട്ടുണ്ട്.അവരിൽ ഒരാളാണ് ചിത്രകലാരംഗത്ത് ഇപ്പോൾ സജീവമാകുന്ന രാജേന്ദ്രൻ പുല്ലൂർ.

ആരാധന, അനുഷ്ഠാനം, ഉത്സവം, സംസ്കാരക്രിയകൾ, വൃക്ഷങ്ങൾ, പ്രകൃതി, മനുഷ്യർ, ഇവയൊക്കെ ചേരുന്ന വർണ്ണമാണ്, രൂപമേളനമാണ് രാജേന്ദ്രൻ പുല്ലൂരിന്റെ ഏറ്റവും പുതിയ പെയിന്റിംഗുകൾ നമ്മോട് സംവദിക്കുന്നത്. ദേവീദേവന്മാരുടെ കഥ പറയുന്ന തെയ്യങ്ങളുടെ പുരാവൃത്തവും ഭാവചൈതന്യവും പ്രകാശിതമാകുന്ന തരത്തിലുള്ള കാഴ്ചകളെ ഭാവനയും കലാബോധവും ഔചിത്യപൂർണ്ണതയുമൊക്കെ ചേർത്താണ് രാജേന്ദ്രൻ തന്റെ ചിത്രങ്ങളെ ആവിഷ്കരിച്ചിട്ടുള്ളത്.

രാജേന്ദ്രൻ പുല്ലൂരിന്റെ രണ്ട് ഏകാങ്ക ചിത്രപ്രദർശനങ്ങളാണ് ഡിസംബർ, ജനുവരി മാസങ്ങളിലായി കാഞ്ഞങ്ങാട് വടകരയിലുമായി സംഘടിപ്പിക്കപ്പെട്ടത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ നിന്നും തെയ്യാനുഭവത്തിൽ നിന്നുമാണ് രാജേന്ദ്രൻ പുല്ലൂർ തന്റെ ചിത്രതലങ്ങളെ വർണ്ണാഭമാക്കിയിരിക്കുന്നത്. ആഖ്യാനങ്ങളുടെ അനന്തസാധ്യതകളെ പ്രകടമാക്കുന്ന തെയ്യവും പശ്ചാത്തലമാകുന്ന അലൗകിക അന്തരീക്ഷവുമെല്ലാം സമകാലിക രാഷ്ട്രീയ സാംസ്കാരിക സാമൂഹിക അന്തരീക്ഷത്തിന്റെ നേർചിത്രങ്ങൾ ആകുന്നു. ചരിത്രവും സമകാലിക അന്തരീക്ഷവും തമ്മിലിഴചേരുമ്പോൾ തേങ്ങുന്ന പ്രകൃതിയുടെ ഭാഗമായി തെയ്യങ്ങൾചിത്ര തലങ്ങളിൽ നിറയുന്നു. പാരമ്പര്യത്തിന്റെ ഊർജ്ജപ്രവാഹത്തിലേക്ക് സഞ്ചരിക്കുന്ന നിറങ്ങളിലൂടെ ആകാശ നീലിമയും, അമ്പലമുറ്റവും, തീപ്പൊരിചന്തവും, ജനസഹസ്രവുമെല്ലാം യഥാതഥമായ ചിത്രങ്ങളായി ആസ്വാദകരിലേക്ക് എത്തുന്നു.കടുത്ത കറുപ്പിന്റെയും ചുവപ്പിന്റെയും സങ്കലനം ഇവിടെ കാണാം.പച്ചപ്പിന്റെ മണ്ണിൽ ചുവപ്പു വന്ന് മൂടുമ്പോൾ പ്രകൃതിയുടെ താളം തെറ്റുന്നുവെന്നും ആധുനികവൽക്കരണത്തിന്റെ പ്രതീകാത്മക രൂപങ്ങളായി തെയ്യങ്ങൾ നൃത്തം ചെയ്യുന്നതായും രാജേന്ദ്രൻ പുല്ലൂർ വരച്ചിടുന്നു. തന്റെ ദേശത്തിന്റെ പുരാവൃത്തങ്ങളിലൂടെ വ്യക്തമായൊരു രാഷ്ട്രീയ ബോധ്യത്തിലേക്കാണ് പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ട സ്വാഭാവികവും ജൈവപരവുമായ ഇഴ ചേരലായി ഈ ചിത്രങ്ങളെ അദ്ദേഹം രൂപപരിണാമം സംഭവിപ്പിക്കുന്നത്.

മുറിവേറ്റുകൊണ്ടിരിക്കുന്ന തെയ്യത്തെ സമൂഹത്തിന്റെ വേദനയായാണ് രാജേന്ദ്രൻ തന്റെ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. പ്രകൃതിയുടെ താളവ്യവസ്ഥകളെ തകിടംമറിക്കുന്ന ആധുനികവൽക്കരണത്തിന്റെ കടന്നുകയറ്റം തെയ്യ രൂപങ്ങളിലൂടെ അതിന്റെ പശ്ചാത്തലങ്ങളിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. അനുഷ്ഠാന നൃത്തരൂപമായ തെയ്യം മണ്ണിനെയും വൃക്ഷത്തെയും പുഴയെയും ജീവജാലങ്ങളെയുമൊക്കെ സംരക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. ഒപ്പം നാടിനും സമൂഹത്തിനുമൊക്കെ ജീവജലം പകരുന്ന ക്രിയാത്മകമായ ചിന്തകളിലേക്കാണ് രാജേന്ദ്രൻ പുല്ലൂർ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ചിത്രകലയിൽ ബിരുദം നേടിയ രാജേന്ദ്രൻ പുല്ലൂർ ദേശീയ ചിത്രകല ക്യാമ്പുകളിലും ചിത്രപ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. രാജ രവിവർമ്മ ചിത്രകല അവാർഡ്, സിദ്ധാർത്ഥ ഫൗണ്ടേഷൻ ചിത്രകല പുരസ്കാരം, ഡൽഹിയിലെ ഐഫെക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചിത്രകാരനായി ആയി ജോലി ചെയ്യുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 1 =

Most Popular