Sunday, September 8, 2024

ad

Homeനാടകംവസന്ത ബലികൾ

വസന്ത ബലികൾ

വി എസ്‌ ബിന്ദു

നാടകം ഒറ്റ രംഗം മാത്രം ഉള്ളതാണ്. അരങ്ങിന്റെ നടുവിൽ ഉല. അതിനു പിന്നിൽ ഉയർത്തിക്കെട്ടിയ ഇരിപ്പിടം.

25 വയസ്സു തോന്നിക്കുന്ന യുവതി ഉലയൂതുന്ന രംഗം. കത്താത്ത ഉലയിൽ ഊതിത്തളരുന്നവൾ. നിരാശയോടെ മെല്ലെ എഴുന്നേൽക്കുന്നു. നടന്ന് പിന്നിലെ പീഠത്തിലെത്തി മുഖംകൊണ്ടു താങ്ങി ഇരിക്കുന്നു. അവൾ നടക്കുമ്പോൾ നേർത്ത ചങ്ങലക്കിലുക്കം. പ്രകാശം അവളുടെ മുഖത്ത് കേന്ദ്രീകരിക്കുന്നു.

യുവതി എഴുന്നേറ്റ് വെളിച്ചത്തിലേക്കു പൂർണമായും നീങ്ങിനിൽക്കുന്നു. യുവതി – ഹൊ! എന്റെ ഉടലും ഉയിരും ഒരുപോലെ ജ്വലിക്കുകയാണ്. ഞാൻ നിലനിൽക്കുന്ന ഈ ചുറ്റുപാടും തീയാൽ നിറയുകയാണോ? ഒടുവിൽ എരിഞ്ഞടങ്ങി ഞാനിതിൽ അവസാനിക്കുമോ?

(വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അണിയറയിൽ വചനകവിത കേൾക്കുന്നു)

“കാമന്റെ തല അരിഞ്ഞ്
കാലന്റെ കണ്ണു തുരന്ന്
സൂമസൂര്യരെ പൊരിച്ചു പൊടിച്ചു തിന്നുന്നവൾക്ക്
നാമം നൽകുന്നതാര്, പറയു:’ (യുവതി ബാക്കി ചൊല്ലി സ്വപ്നത്തിലെന്നോണം നിൽക്കുന്നു)
വിശപ്പേ നീ നില്ല് നില്ല്
തൃഷ്ണേ നീ നില്ല് നില്ല്
കാമമേ നീ നില്ല് നില്ല്
ക്രോധമേ നീ നില്ല് നില്ല്
മരമേ നീ നില്ല് നില്ല് മാത്സര്യമേ നീ നില്ല് നില്ല് ….
( ചൊല്ലൽ നിർത്തുന്നു)

ഞാൻ മഹാദേവി. പ്രണയത്തിന്റെ ഭ്രാന്തു പേറുന്നവൾ. പാതിരാവിൽ മട്ടുപ്പാവിൽ പൂർണചന്ദ്രനെ നോക്കിക്കൊതിച്ചിരിക്കുന്നവൾ. അലക്കി വെളുപ്പിച്ച നിലാവിന്റെ ഭാഷ കടംകൊണ്ട് സ്വയം ചിതറിത്തെറിക്കുന്നവൾ (വലംകാലുയർത്തുന്നു. കാലിനെ ബന്ധിച്ചിരിക്കുന്ന ചങ്ങല ദൃശ്യമാകുന്നു)

സകലതും ബന്ധിക്കപ്പെട്ടിരിക്കുന്നു. സകലതും. എന്റെ വാക്കും നോക്കും വേഗവും എല്ലാം.

(വചന കവിത ചൊല്ലുന്നു)
പട്ടുനൂൽപ്പുഴു സ്നേഹത്തോടെ വീടു മെനഞ്ഞു
തന്റെ നൂല് തന്നെത്തന്നെ ചുറ്റി ചാവും പോലെ)
(നിലത്തിരുന്ന് വീണ്ടും ഉലയൂതുന്നു)
(മറ്റൊരു യുവതി പ്രവേശിക്കുന്നു. ഭിക്ഷുകി വേഷം. ഭിക്ഷാപാത്രവും വടിയുമുണ്ട്)

അമ്മേ തായേ വെയിലുമാഴിയും മഴയും താണ്ടി ഇവൾ വന്നിരിക്കുന്നു. ഇവളെ വെറുംകൈയോടെ പറഞ്ഞയക്കരുത്.

മഹാദേവി – (ഉലയൂതൽ നിർത്താതെ) നിൻ ഊരും പേരും ?

ഭിക്ഷുകി – മറന്നിരിക്കുന്നു. പാദങ്ങളിലെ ഈ പൊട്ടിത്തിണർച്ച നോക്കൂ. വഴിയേറെ കാലമേറെ താണ്ടിയതാണ്. ക്ഷീണമുണ്ട്. കുടിക്കാനൽപ്പം വെള്ളം കിട്ടിയാൽ.
മഹാദേവി എഴുന്നേറ്റ് അവളുടെ അടുക്കൽ ചെന്ന് കെട്ടിപ്പിടിക്കുന്നു. അവളുടെ കൈൽ നിന്ന് വടി വാങ്ങി തറ കുഴിക്കുന്നു. ജല നാദം. പാത്രം വാങ്ങി അതിൽ ആവോളം ജലം നിറച്ച് ആഗതയ്ക്കു കൊടുക്കുന്നു.

ഭിക്ഷുകി: അത്ഭുതം മഹാൽഭുതം!! പെണ്ണൊരുവൾ കിണർ കുത്തി ജലപാനം നൽകുന്നു. ആരെങ്കിലും കണ്ടോ! എന്നാൽ തല പോയതു തന്നെ. ( ചുറ്റുപാടും നോക്കുന്നു) ഒരു ഇല്ല. ആരും കണ്ടിട്ടില്ല. ജാതി ഭ്രഷ്ട്, കുലനാശം, ദേഹ നാശം ചിലപ്പോൾ വംശനാശം വരെ എത്തിയിട്ടുണ്ട് പെൺ ശിക്ഷ!

(മഹാദേവി ഒരു പഴം നൽകുന്നു)
മഹാദേവി – ഇതു കഴിച്ചോളു. (അകലേക്കു ചൂണ്ടി)
ആ പേരറിയാ മരത്തിൽ നിന്നാണ്. അവൾ തണലും പഴവും നൽകും. (അക്ക അതു വാങ്ങി ഭക്ഷിക്കുന്നു.)

അക്ക: ഹായ്! രുചി മധുരം. മരമേ നിനക്കു വന്ദനം. നിന്റെ വിത്ത് ഞാനിതാ ഇവിടെ നടുന്നു. നിനക്ക് പിൻമുറക്കാർ ഉണ്ടാകട്ടെ (വിത്തു നടുന്നു)
മഹാദേവി – വിശപ്പും ദാഹവും മാറിയെങ്കിൽ ഇവിടെ വിശ്രമിക്കൂ. യാത്ര പിന്നീടാകാം. അല്ലെങ്കിലും എത്ര ദൂരം സഞ്ചരിച്ചാലും നമ്മൾ ഒരിടത്തുമെത്തുന്നില്ല. നമുക്ക് ഭൂതകാലമില്ല. നമ്മുടെ കഥകൾ മറ്റുള്ളവർ പറയും. ഇവിടെ ഇരിക്കൂ. മുറിവിൽ ഞാൻ വെണ്ണ പുരട്ടിത്തരാം.

(വെണ്ണ പുരട്ടിക്കൊടുക്കുന്നു)

മഹാദേവി: -നിന്നെ ഞാൻ അക്കയെന്നു വിളിക്കട്ടെ. എന്റെ പേരിന്റെ ബാക്കി.

ഭിക്ഷുകി: – വിളിച്ചോളൂ. (കാലുയർത്തി)

ഹൊ! ഇന്നോളമില്ലാത്ത ആശ്വാസം. എനിക്ക് പാടാൻ തോന്നുന്നു. എന്റെ കണ്ണിൽനീർ തുളുമ്പുന്നു. ഞാനി ഉലയൊന്ന് ഊതിക്കോട്ടെ.

മഹാദേവി – ഊതി ഊതി മടുത്തു ഞാൻ. അതിൽ കനലുകൾ പോലുമില്ല . പാഴ്ശ്രമം.

അക്ക – ഇപ്പോൾ ഞാൻ സുഖമറിയുന്നു ഭാഷയറിയുന്നു. എന്റെ കണ്ണുകൾ സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്നു. നിങ്ങളെ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ.

(പരസ്പരം പുണരുന്നു. അക്കയുടെ മടിയിൽ കിടക്കുന്ന മഹാദേവി, കവിത ചൊല്ലുന്ന അക്ക)
ഈ രാത്രി ശൂന്യമാണ്
മലമുകൾ മുതൽ സമുദ്രം വരേയ്ക്കും
എങ്കിലും ഞാൻ,
നിന്നെ താരാട്ടുന്നവൾ
തനിച്ചല്ല

(മഹാദേവിയുടെ കാലിലെ ചങ്ങല അഴിച്ചെറിയുന്നു)
മഹാദേവി മെല്ലെ എഴുന്നേറ്റ് കാലുകളിലേക്ക് നോക്കി ആർത്തുവിളിക്കുന്നു.

ഭ്രാന്തമായി ഓടുന്നു. നൃത്തം തുടങ്ങുന്നു)

അക്ക:- ആട് നീയാട് പെണ്ണേ മുല്ലപ്പൂ വിരിയും ഭാഷയിൽ
ആട് നീയാട് പെണ്ണേ മുളകെരിയും ഭാഷയിൽ
ആട് നീയാട് പെണ്ണേ കരയും കടലും മാനവും ഒന്നാകും ഭാഷയിൽ (മഹാദേവി നൃത്തം നിർത്തുന്നു)

അക്കേ, കല്ലാകട്ടെ എന്ന് നമ്മളെ ശപിച്ചതാരാണ്?
കല്ലറ കെട്ടി അതിനുള്ളിൽ അടച്ചതാരാണ്?
നാവുകളരിഞ്ഞു കളഞ്ഞതാരാണ്?
ബലിമൃഗമായി നമ്മളെ
കൊന്നൊഴിച്ചതാരാണ്?
വ്യഭിചാരിണികളായി നമ്മെ ചുട്ടെരിച്ചതാരാണ്?
അക്ഷരങ്ങളിൽ നിന്ന് പുറത്താക്കിയവരാരാണ്?
ആരാണ്? ആരാണ്? ആരാണ്?
(മഹാദേവി തേങ്ങിത്തളർന്നിരിക്കുന്നു)

അക്ക: നമ്മളെ ഭയന്നവർ. അവർ നമ്മളെ ഇല്ലാതാക്കാൻ ശ്രമിച്ചു. അവർ പരാജയപ്പെട്ടു. ചരിത്രത്തിലുടനീളം പരാജയമടയുന്ന പുരുഷാധിപത്യം.
മഹാദേവി: (പുച്ഛത്തോടെ) പരാജയപ്പെട്ടെന്നോ. ഇല്ല! അനീതി ഇന്നും തുടരുന്നു. ആ അധികാരത്തിന്റെ ഹുങ്കിൽ നാം ഈയാം പാറ്റകൾ. അക്ക: എങ്കിലും നാം അതിനെതിരെ പൊരുതുന്നു. ഇനിയും ഞാനും നീയും കണ്ടുമുട്ടിയതുപോലെ സ്ത്രീകൾ ഒന്നിച്ചു ചേരും. വിമോചന ഗാഥകൾ പാടും. അല്ല. രചിക്കും. അതൊരു തുടർച്ചയാണ്.

(ചുറ്റും നോക്കി)

ആഹാ. ഇതെന്താണ്? പൂമരങ്ങളൊന്നാകെ വസന്തം പൊഴിക്കുകയാണല്ലോ.
(പൂക്കളെ വാസനിക്കുന്നതായി അഭിനയിക്കുന്നു) എന്റെ ചുണ്ടുകൾ വിങ്ങുകയും മാറിടം തുടിക്കുകയും ചെയ്യുന്നു. ഇന്നോളമറിയാത്ത ആനന്ദാനുഭൂതിയിൽ ഞാൻ സ്വയം മറക്കുന്നു. എന്നിൽ കവിത തുളുമ്പുകയാണ്.

മോചനത്തിന്റെ തീയാണ് കവിത.

മഹാദേവി: ഞാനും. കാലിലെന്നോ ആരോ ബന്ധിച്ച ചങ്ങലകളാണ്. ഇപ്പോൾ (പൊട്ടിച്ചിരിക്കുന്നു) വലിഞ്ഞുമുറുകിയ അടയാളം പോലുമില്ല.
(അക്ക മഹാദേവിയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് വട്ടം കറങ്ങുന്നു)

പെണ്ണായി പിറന്ന നാളിൽ
ഉപ്പുതൊട്ടു കൊന്നെന്നേ
നെല്ലു വച്ചു കൊന്നെന്നേ
നടുവൊടിച്ചു കൊന്നെന്നേ
മകളായി പോന്ന നാളിൽ
അടിമയെന്നു വച്ചെന്നേ
പൊണ്ടാട്ടിയായപ്പോഴോ
കെട്ടിച്ചുട്ടു
കൊന്നെന്നേ
തള്ളയെക്കൊണ്ടുചെന്നു
തള്ളിയൊഴിച്ചെന്നേ
( രണ്ടു പേരും ഏങ്ങലടിച്ചു കരയുന്നു)
പാട്ടു തുടരുന്നു.)
പള്ളിക്കൂടം കണ്ടു പിന്നെ
അച്ചുകൂടം കണ്ടു പിന്നെ
തൊഴിലെടുത്തു സമരോം ചെയ്തു
കൂലിക്കണക്കും പഠിച്ചെടുത്തു.
ദേശം ഭരിച്ചു പിന്നെ
വിമാനം പറത്തീ പിന്നെ
നീതിയ്ക്കായി പൊരുതി പിന്നെ

അക്ക: എന്നാൽ ഞാനിനി പുറപ്പെട്ടോട്ടെ.
മഹാദേവി: -എവിടേയ്ക്കാ?
അക്ക: – ഇപ്പോഴും പെണ്ണുങ്ങള് ചങ്ങലേലൊണ്ട്. അക്ക അവിടെയുമെത്തും. നീയും ഇനി ദേശ സഞ്ചാരം തുടങ്ങൂ.
മഹാദേവി: പോകുന്നതിനു മുൻപ് ഈ ഉല ഒന്നൂതിത്തെളിക്കണമെന്നുണ്ട്. എത്ര നാളായി ഞാനതിനു ശ്രമിക്കുന്നു.

(അക്ക കുഴൽ എറിഞ്ഞു കൊടുക്കുന്നു )
മഹാദേവി ഊതുന്നു. ഉലയിൽ ചുവന്ന വെളിച്ചം നിറയുന്നു. രണ്ടു പേരും നിറഞ്ഞ ഊർജത്താൽ പാടുന്നു)

ഫാത്തിമത്തുരുത്തിലൊന്നു പോകണം
രാത്രി വഞ്ചിയിൽ നിലാവു കാണണം
പൂക്കളോടു പൂക്കളെ തിരക്കണം (4 വരി) മഹാദേവിയും അക്കയും ദീർഘ സഞ്ചാരിണികളാകാൻ വേണ്ട തയാറെടുപ്പുകൾ നടത്തുന്നു.
ഉല്ലസിച്ചു പുറത്തേക്കു പോകുന്നു. രംഗത്ത് ചുവന്ന വെളിച്ചം നിറഞ്ഞ ഉല.
കവിതകൾ‐ വചന കവിത
കടപ്പാട്‐ ഡി.വിനയ ചന്ദ്രൻ
ഞാൻ തനിച്ചല്ല‐ സുദർശൻ ശർമ്മ
ഫാത്തിമത്തുരുത്ത്‐ കുരീപ്പുഴ ശ്രീകുമാർ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + 2 =

Most Popular