കാറൽ മാർക്സിന്റെ (1818‐-1883) മുപ്പതാമത് ചരമവാർഷികത്തോടനുബന്ധിച്ച് 1913ൽ വ്ളാദിമിർ ഇല്ലിച്ച് ലെനിൻ (1870‐1924) ഒരു ലേഖനം എഴുതി. ഇത് ‘പ്രോസ്‌വെഷ്‌ചെനിയെ’ (ജ്ഞാനോദയം) എന്ന ബോൾഷെവിക് മാസികയിൽ പ്രസിദ്ധീകരിച്ചു. ‘മാർക്സിസത്തിന്റെ മൂന്ന് ഉറവിടങ്ങളും മൂന്ന് ഘടകങ്ങളും’ എന്നായിരുന്നു ആ ലേഖനത്തിന്റെ ശീർഷകം. പലപ്പോഴും ഏറെ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും പ്രസിദ്ധവുമായ ഒരുതരം സൂക്തത്തിന്റെ മാതൃകയിലുള്ള ലെനിന്റെ ഈ വാചകം ആ കൃതിയിൽ ഉൾപ്പെടുന്നതാണ്: ‘‘മാർക്സിസ്റ്റ് സിദ്ധാന്തം സർവ്വശക്തമായിരിക്കുന്നത് അത് സത്യമായതുകൊണ്ടാണ്’’. ലെനിന്റെ നൂറാം ചരമവാർഷിക വേളയിൽ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ചും നിശ്ചയമായും ഇതുതന്നെ നമുക്ക് പറയാൻ കഴിയും.
ലെനിൻ മുന്നോട്ടുവെച്ച മറ്റൊരു ആശയംകൂടി നമുക്ക് ഇതുമായി ചേർത്ത് വായിക്കാം; കഷ്ടിച്ച് 30 വയസ്സ് മാത്രം ഉണ്ടായിരുന്നപ്പോൾ അദ്ദേഹം ഇങ്ങനെ എഴുതി: ‘‘മാർക്സിന്റെ സിദ്ധാന്തത്തെ സമ്പൂർണ്ണവും അലംഘനീയവുമായി നാം കണക്കാക്കുന്നില്ല. നേരെമറിച്ച് ആ ശാസ്ത്രത്തിന്റെ അടിസ്ഥാനശിലയിടുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത് എന്ന് നമുക്ക് ബോധ്യമുണ്ട്; ജീവിതാനുഭവത്തിനൊപ്പം ചുവടുറപ്പിക്കാൻ ആണ് സോഷ്യലിസ്റ്റുകൾ ആഗ്രഹിക്കുന്നതെങ്കിൽ അവർ അതിനെ സർവ്വദിശകളിലുമായി വികസിപ്പിക്കേണ്ടതാണ്. മാർക്സിന്റെ സിദ്ധാന്തത്തെ സ്വന്തം നിലയിൽ വിപുലീകരിക്കേണ്ടത് പ്രത്യേകിച്ചും റഷ്യൻ സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അനുപേക്ഷണീയമാണെന്ന് ഞങ്ങൾ കരുതുന്നു. കാരണം, മാർക്സിന്റെ സിദ്ധാന്തം പൊതുവായ ഒരു മാർഗ്ഗദർശകതത്വം മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. പൊതുവായ ആ തത്വമാകട്ടെ ഫ്രാൻസിൽ പ്രയോഗിക്കുന്നതിൽനിന്ന് വ്യത്യസ്തമായാണ് ഇംഗ്ലണ്ടിൽ പ്രയോഗിക്കുന്നത്; ജർമ്മനിയിൽനിന്ന് വ്യത്യസ്തമായാണ് ഫ്രാൻസിൽ പ്രയോഗിക്കുന്നത്; റഷ്യയിൽനിന്ന് വേറിട്ട രീതിയിലാണ് ജർമനിയിൽ പ്രയോഗിക്കുന്നത്; അതിനാൽ സൈദ്ധാന്തിക പ്രശ്നങ്ങൾ സംബന്ധിച്ചുള്ള ലേഖനങ്ങൾക്കായി ഞങ്ങളുടെ പത്രത്തിൽ അതീവ സന്തോഷപൂർവ്വം ഞങ്ങൾ ആവശ്യമുള്ളത്ര ഇടം നൽകുന്നതാണ്; തുറന്ന മനസ്സോടെ വിവാദപരമായ കാര്യങ്ങളെക്കുറിച്ചെല്ലാം ചർച്ച ചെയ്യുന്നതിന് എല്ലാ സഖാക്കളെയും ഞങ്ങൾ ക്ഷണിക്കുന്നു’’. (ലെനിന്റെ സമാഹൃതകൃതികൾ; വോള്യം IV, പേജ് 211‐212).
1898-‐99ൽ അദ്ദേഹം എഴുതിയ ‘പരിപാടിയെ സംബന്ധിച്ച്’ എന്ന ലേഖനത്തിൽനിന്നും 1917ലെ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് വെറും നാല് വർഷം മുൻപ് കാറൽ മാർക്സിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി 1913ൽ എഴുതിയ ലേഖനത്തിൽ നിന്നുമുള്ള രണ്ട് ഭാഗങ്ങളാണ് മേൽ ഉദ്ധരിച്ചിട്ടുള്ളത്; ഒറ്റനോട്ടത്തിൽ ഇത് രണ്ടും പരസ്പരവിരുദ്ധമാണെന്ന് തോന്നാം. 1913ലെ ലേഖനത്തിൽ മാർക്സിസം എന്ന അഭേദ്യമായ സിദ്ധാന്തവും അതിന്റെ പ്രയോഗവും തികച്ചും സത്യമായതുകൊണ്ട് അത് സർവ്വശക്തവും കരുത്തുറ്റതുമായിരിക്കുന്നു എന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നു. ഇങ്ങനെ ശക്തമായി വാദിക്കുന്നത് കാറൽ മാർക്സും ഫ്രെഡറിക് എംഗൽസും (1820‐-1895) ‘‘മാർക്സിസ്റ്റ് സിദ്ധാന്ത’’ത്തിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുള്ളതും പ്രസ്താവിച്ചതുമായ കാര്യങ്ങളാകെ വേദവാക്യംപോലെ കണക്കാക്കപ്പെടേണ്ട ഒന്നാണെന്ന ധാരണ ജനിപ്പിക്കുന്നതിന് ഇടയാക്കിയേക്കാം.
എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി ലെനിന്റെ സമാഹൃതകൃതികളുടെ നാലാം വോള്യത്തിൽനിന്നുള്ള, ഒടുവിൽ ചേർത്ത ഉദ്ധരണിയിൽ അദ്ദേഹം പ്രസ്താവിച്ചത് ഇങ്ങനെയാണ്: “‘മാർക്‌സിന്റെ സിദ്ധാന്തം സമ്പൂർണ്ണമോ അലംഘനീയമോ അല്ല’’. ഈ ഖണ്ഡികകളുടെ സാധാരണ വായനയിൽനിന്ന്, ഒന്നര പതിറ്റാണ്ടിനിടയിൽതന്നെ മാർക്സിന്റെ സിദ്ധാന്തത്തിന്റെ സ്വഭാവത്തെക്കുറിച്ച് ലെനിൻ പരസ്പരവിരുദ്ധമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത് എന്ന് പലരും പ്രസ്താവിക്കാനുള്ള സാധ്യതയുണ്ട്. സൈദ്ധാന്തികമായി ദൃഢതയില്ലാത്ത ഒരാളാണ് ലെനിൻ എന്നുപോലും ആരോപിക്കാനും ഇടയുണ്ട്.
എന്നാൽ ‘വൈരുദ്ധ്യവാദ’ത്തിന്റെ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച് നന്നായി അറിയാവുന്നവർ ആരും ഈ വിമർശനത്തോട് യോജിക്കില്ല. ഈ രണ്ട് ആശയങ്ങളും പരസ്പര പൂരകങ്ങളാണ്. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ ശാസ്ത്രീയവും വികസ്വരവുമായ (evolv-ing) സ്വഭാവത്തെ സംബന്ധിച്ച് തറപ്പിച്ച് പറയുകയുമാണിതിൽ.
മാർക്സിന്റെ സിദ്ധാന്തം വൈരുദ്ധ്യവാദം എന്ന ശാസ്ത്രത്തിന്റെ അടിസ്ഥാനശിലയിടുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നതാണ് സത്യം. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും ഈ അടിസ്ഥാനശിലയിൽനിന്ന് “എല്ലാ ദിശകളിലേക്കും’ അതിനെ നിരന്തരം വികസിപ്പിച്ചു കൊണ്ടിരിക്കേണ്ടതുണ്ട്.
വെെരുദ്ധ്യവാദം എന്ന ശാസ്ത്രം
ഇതേ ഭാഗത്തു തന്നെ, ഓരോ രാജ്യത്തിന്റെയും പശ്ചാത്തലത്തിൽ മാർക്സിന്റെ സിദ്ധാന്തത്തെ സ്വതന്ത്രമായി വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കറിച്ച് ലെനിൻ അടിവരയിട്ട് പറയുന്നുണ്ട്‐ – റഷ്യൻ സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അത് അനുപേക്ഷണീയമാണെന്ന് സൈദ്ധാന്തിക ധാരണകൾക്ക് മൂർച്ച കൂട്ടുന്നതിനായി, സ്വന്തം പത്രത്തിൽ ഇത്തരം നിർണായക വിഷയങ്ങളെ സംബന്ധിച്ചുള്ള തുറന്ന ചർച്ചകൾ നടത്തണമെന്ന് അദ്ദേഹം വാദിക്കുന്നുമുണ്ട്. അങ്ങനെ മാത്രമേ വിവാദങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
ലെനിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബോൾഷെവിക് പാർട്ടിയുടെയും സൈദ്ധാന്തികമായ സ്ഥൈര്യവും ബോധ്യവുംമൂലമാണ് റഷ്യയിൽ വികസിച്ചുവന്ന വസ്തുനിഷ്ഠമായ വിപ്ലവസാഹചര്യത്തെ ബോൾഷെവിക് സൈനികരുടെ പിന്തുണയോടെ തൊഴിലാളി‐കർഷക സഖ്യത്തിന് ശരിയായവിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞത്. അങ്ങനെയാണ് ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ചത്. വിന്റർ പാലസ് (സാർ ചക്രവർത്തിയുടെ ആസ്ഥാനം) തകർക്കുന്നതിനുള്ള ശരിയായതും സമയോചിതവുമായ നടപടികൾക്ക് രൂപം നൽകത്തക്കവിധം ഉയർന്നുവന്നുകൊണ്ടിരുന്ന വിപ്ലവ സാഹചര്യത്തെ മൂർത്തമായി വിശകലനം ചെയ്യുന്നതിനുള്ള ലെനിന്റെ ശേഷിയുടെ ഉത്തമ ദൃഷ്ടാന്തമാണ് അദ്ദേഹം എഴുതിയ ഏപ്രിൽ തീസിസ്.
ഈ പ്രക്രിയയുടെ ഭാഗമായി റഷ്യയിലെ മാർക്സിസത്തിന്റെ പിതൃരൂപമായി ശരിയായവിധംതന്നെ പരിഗണിക്കപ്പെട്ടിരുന്ന ജോർജി പ്ലെഖനോവിന്റെ (1856‐- 1918) പ്രമാണമാത്രവാദപരമായ വാദഗതികളോട് സൈദ്ധാന്തികമായും ലെനിൻ പ്രായോഗികമായും പൊരുതുകയുണ്ടായി.
കൗട്സ്കിയെക്കുറിച്ച്
ഫ്രെഡറിക് എംഗൽസിന്റെ ശിഷ്യനായിട്ടാണ് കാറൽ കൗട്സ്കി (1854‐1938) പരിഗണിക്കപ്പെട്ടിരുന്നത്; പ്ലഖനോവിന്റെ കാര്യത്തിലെന്നപോലെ, ഒക്ടോബർ വിപ്ലവത്തിനും തൊഴിലാളിവർഗ്ഗത്തിന്റെ സർവ്വാധിപത്യത്തിനും എതിരായി കൗട്സ്കി സൃഷ്ടിപരമല്ലാത്ത വാദഗതികൾ മുന്നോട്ടുവെച്ചപ്പോൾ അദ്ദേഹത്തെ തൊഴിലാളിവർഗ്ഗ വിപ്ലവവും വഞ്ചകനായ കൗഡ്സ്‌കിയും എന്ന തന്റെ കൃതിയിൽ ലെനിൻ യാതൊരു മടിയുംകൂടാതെ നിരാകരിക്കുകയും തുറന്നുകാട്ടുകയും ചെയ്തു. ശ്രദ്ധേയമായ, പ്രാധാന്യമുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ലെനിന്റെ മുഖ്യ സംഭാവനകൾ ഇവയാണ്: തൊഴിലാളിവർഗ്ഗ പാർട്ടി ഘടനയെ സംബന്ധിച്ച വിശദമായ ധാരണയുണ്ടാക്കൽ, ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങൾ, വിപ്ലവത്തിന്റെ വിവിധ ഘട്ടങ്ങൾ, സാമ്രാജ്യത്വ ശൃംഖലയിലെ ഏറ്റവും ദുർബലമായ കണ്ണിയെ പൊട്ടിക്കുന്നത് സംബന്ധിച്ച വിപ്ലവസിദ്ധാന്തം, ഒരു രാജ്യത്ത് മാത്രമായി സോഷ്യലിസം വികസിപ്പിക്കലും ദൃഢീകരിക്കലും സംബന്ധിച്ച സിദ്ധാന്തം, മേൽപ്പറഞ്ഞതിന്റെ ഭാഗമായ പുത്തൻ സാമ്പത്തികനയം, മുതലാളിത്തത്തിന്റെ സാമ്രാജ്യത്വത്തിലേക്കുള്ള വികാസം, കോമിറ്റേണിലൂടെയുള്ള കമ്യൂണിസ്റ്റുകാരുടെ സാർവദേശീയാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിന്റെ പ്രാധാന്യം, ഇടതുപക്ഷ വ്യതിയാനവുമായും പരിഷ്കരണവാദപരമായ വ്യതിയാനവുമായും നിരന്തരം പൊരുതൽ, ജനങ്ങളെയാകെ ഉണർത്തുന്ന ‘ഭൂമി, സമാധാനം, ഭക്ഷണം’ എന്ന മുദ്രാവാക്യമായി പാർട്ടി പരിപാടിയെ പരാവർത്തനം ചെയ്യൽ. അവസാനമായി എല്ലാ അധികാരവും സോവിയറ്റുകൾക്ക് എന്ന അതിഗംഭീര മുദ്രാവാക്യവും!
ലെനിനിൽനിന്നു പരിശീലനം ലഭിച്ച നേതാക്കൾ
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് 55 വയസ്സു പോലും പൂർത്തിയാകുന്നതിനുമുമ്പ് ലെനിൻ മരണപ്പെട്ടതാണ്. ലെനിന്റെ മരണാനന്തരവും പ്രധാനമായും ലെനിൻ കെട്ടിപ്പടുത്ത സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും ലെനിനിൽനിന്നുള്ള പരിശീലനം ലഭിച്ച നേതൃനിരയുടെയും കീഴിൽ സോവിയറ്റ് ജനത ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി.
കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രവും സാങ്കേതികവിദ്യയും, സ്ത്രീതുല്യതയും ശാക്തീകരണവും, സംസ്കാരം, പാർപ്പിടം, നിരക്ഷരതയും ദാരിദ്ര്യവും തൊഴിലില്ലായ-്-മയും നിർമ്മാർജ്ജനം ചെയ്യൽ എന്നീ രംഗങ്ങളിലെല്ലാം കൈവരിച്ച നേട്ടങ്ങൾ സുവിദിതമാണ്. ഫാസിസത്തെയും നാസിസത്തെയും പരാജയപ്പെടുത്തുന്നതിൽ സോവിയറ്റ് ചെമ്പട വഹിച്ച ധീരോദാത്തമായ പങ്ക് ആരെയും അമ്പരപ്പിക്കുന്നതാണ്. ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്കും പുതുതായി മോചിപ്പിക്കപ്പെട്ട രാജ്യങ്ങൾക്കും സോവിയറ്റ് യൂണിയനിൽനിന്നും ലഭിച്ച സഹായവും പിന്തുണയും പ്രത്യേക പരാമർശം അർഹിക്കുന്നു. ഈ ഐതിഹാസികമായ നയങ്ങൾക്കുവേണ്ട അടിത്തറപാകിയത് ലെനിൻ ആണ്. ചൂഷണാധിഷ്ഠിതമായ സാമൂഹികക്രമത്തിൽ നിന്നും ചൂഷണരഹിതവും സമത്വാധിഷ്‌ഠിതവുമായ ഒരു സമൂഹനിർമ്മിതിക്കായും, അവിടെനിന്ന് സോഷ്യലിസത്തിലേക്കും അതിനപ്പുറത്തേക്കും നീങ്ങുന്നതിനുള്ള പരീക്ഷണങ്ങളിലൂടെ സോഷ്യലിസ്റ്റ് സാമൂഹ്യപരിവർത്തനത്തിന് തുടക്കംകുറിച്ചത് ഈ നയങ്ങൾ തന്നെയാണ്.
എന്നാൽ ലെനിന്റെ മരണം കഴിഞ്ഞ് 67 വർഷങ്ങൾക്കുശേഷം സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളും ശിഥിലമായി. ലെനിനിൽ നിന്ന് പരിശീലനം ലഭിച്ച സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തുകൊണ്ടാണ് ഈ തിരിച്ചടിയെ തടയാൻ കഴിയാതെ പോയത് എന്നത് ഒരു ചോദ്യം തന്നെയാണ്. 1992ൽ മദ്രാസിൽ ചേർന്ന സിപിഐഎമ്മിന്റെ പതിനാലാം കോൺഗ്രസ് ഇതുമായി ബന്ധപ്പെട്ട ചില കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്തിട്ടുണ്ട്. ഇന്ന് വ്യത്യസ്തമായ മറ്റൊരു വിധത്തിൽ, നമുക്ക് ഇതിന്റെ ഉത്തരം ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്: വൈരുദ്ധ്യവാദം എന്ന ശാസ്ത്രത്തിന്റെ അടിസ്ഥാന ശിലയിൽനിന്നും മാർക്സിന്റെ സിദ്ധാന്തത്തെ നാനാദിശകളിൽ വികസിപ്പിക്കുക എന്ന ലെനിൻ മുന്നോട്ടുവെച്ച കടമ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകുന്നതിൽ സിപിഎസ്‌യു പരാജയപ്പെട്ടു.
മൂർത്തമായ സാഹചര്യങ്ങളിൽ ശാസ്ത്രീയ സിദ്ധാന്തം പ്രയോഗിക്കുന്നതിൽ ലെനിൻ പ്രകടിപ്പിച്ച ക്രിയാത്മകമായ സമീപനത്തിന്റെ പ്രത്യക്ഷമായ സ്വാധീനം ഇന്നത്തെ ലോകത്തും ദൃശ്യമാണ്.
ചൈനീസ് സമ്പദ്‌ഘടനയിൽ പൊതുവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ പുരോഗതിയും അതിദാരിദ്ര്യനിർമാർജനവും മൊത്തത്തിൽ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തെ നേരിടുന്നതിലെ സൃഷ്ടിപരമായ വശങ്ങളുമെല്ലാം വലിയൊരു പരിധിവരെ ചൈനീസ് പശ്ചാത്തലത്തിൽ ലെനിന്റെ പുത്തൻ സാമ്പത്തിക നയ (NEP) പരീക്ഷണങ്ങൾ പ്രയോഗിച്ചതുമായി ബന്ധപ്പെടുത്താൻ കഴിയും. വിയത്‌നാം സമൂഹത്തെയും ക്യൂബൻ സമൂഹത്തെയും പോലെയുള്ള മറ്റു ചുരുക്കം ചില സമ്പദ്‌ഘടനകളുടെ കാര്യത്തിലും ഇതുതന്നെ പറയാൻ കഴിയും.
1957ലെ ഇ എം എസ് ഗവൺമെന്റിന്റെ കാലംമുതൽ നമ്മൾ കേരളത്തിൽ വ്യത്യസ്‌തമായി ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനെ ഈ പശ്ചാത്തലവുമായി പൂർണമായ അർഥത്തിൽ ബന്ധപ്പെടുത്താനാവില്ല. കാരണം, ഇന്ത്യാ രാജ്യത്തിനുള്ളിലെ ഒരു കൊച്ചു സംസ്ഥാനം മാത്രമാണ് കേരളം; ഇന്ത്യാ രാജ്യത്താകട്ടെ, ചൂഷണാധിഷ്‌ഠിത സാമ്പത്തിക വ്യവസ്ഥയാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും, ഭാവനാപൂർണമായ വിധത്തിലുള്ള ക്ഷേമനടപടികളിലൂടെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദുരിതത്തിന് ആശ്വാസമേകാൻ സിപിഐ എം നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റുകൾ കൈക്കൊള്ളുന്ന വിവിധ നടപടികളും ഒപ്പം അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെ യും പരീക്ഷണങ്ങളും കിഫ്‌ബിയെ പോലെയുള്ള വിവിധ ബദലുകൾക്കായുള്ള അന്വേഷണങ്ങളുമെല്ലാം ഒരു പരിധിവരെ ലെനിനിസ്റ്റ് സമീപനങ്ങളിൽനിന്ന് പ്രചോദനവും ആശയവും ഉൾക്കൊണ്ട് നടത്തുന്നതാണ്. ലോകത്തിലെ ഇടത്തരം വരുമാനമുള്ള വികസിത സമ്പദ്‌ഘടനകളുമായി കിടപിടിക്കത്തക്കവിധമുള്ള ആധുനിക വിജ്ഞാനാധിഷ്‌ഠിത സമൂഹവും സമ്പദ്‌ഘടനയുമാക്കി സംസ്ഥാനത്തെ രൂപപ്പെടുത്താനും രണ്ടാണ്ടിനുള്ളിൽ അതിതീവ്രമായ ദുരിതങ്ങളും ദാരിദ്ര്യവും പാടെ തുടച്ചുനീക്കുമെന്ന് ഉറപ്പാക്കാനുമുള്ള കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റിന്റെ തീരുമാനം ശ്രദ്ധേയമായ മറ്റൊരു നീക്കമാണ്. ചൂഷണാധിഷ്‌ഠിത തീവ്ര മുതലാളിത്ത നയങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്തിനുള്ളിലാണ് ഈ യത്‌നം ആസൂത്രണം ചെയ്യപ്പെടുന്നത് എന്ന വസ്‌തുത പരിഗണിച്ചാൽ ഇത് അടിസ്ഥാനപരമായി തന്നെ വലിയൊരു മാറ്റത്തിനിടയാക്കും.
മാറിയ ലോകം
പൂർണമായും സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള സർവയ്‌ലൻസും നിർമിതബുദ്ധിയുടെ നാനാവിധ ആപ്ലിക്കേഷനുകളും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ പാടെ മാറിയ ഇന്നത്തെ ലോകത്ത് ഓരോ രാജ്യത്തെയും കമ്യൂണിസ്റ്റുകാർ അതാതിടത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സ്വഭാവത്തെും പ്രകൃതത്തെയുംകുറിച്ചും, വിവിധ വിഭാഗം ജനങ്ങളുടെ ജീവിതത്തെയും മനോഭാവങ്ങളെയും ജനാധിപത്യപ്രസ്ഥാനത്തെയും ഇവ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും ആഴത്തിൽ വിശകലനം നടത്തേണ്ടതുണ്ട്. അപ്പോൾ മാത്രമേ, വിപ്ലവപ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുവേണ്ട ശരിയായ സമീപനങ്ങൾ രൂപപ്പെടുത്താൻ കഴിയൂ. തന്റെ സഹപ്രവർത്തകരുടെ സഹായത്തോടുകൂടി ലെനിൻ ഒറ്റയ്‌ക്ക് നിർവഹിച്ച കാര്യങ്ങൾ ഇന്ന് തൊഴിലാളിവർഗ പാർട്ടി/പാർട്ടികൾ മൊത്തത്തിൽ തന്നെ കൂട്ടായി ഏറ്റെടുക്കേണ്ടതാണ്.
മറ്റേതൊരു യൂറോപ്യൻ (വികസിത) മുതലാളിത്ത രാജ്യങ്ങളെക്കാൾ മുൻപെ റഷ്യയിൽ വിപ്ലവമുന്നേറ്റം ആരംഭിക്കാനുള്ള സാധ്യതയെ സംബന്ധിച്ചും റഷ്യയിലെ വിപ്ലവപ്രസ്ഥാനത്തിൽ ഉയർന്നുവരുന്ന ‘ചില മികവുറ്റ സഖാക്കളെ’ സംബന്ധിച്ചും മാർക്‌സിനും എംഗത്സിനും വളരെ കൃത്യമായ ഉൾക്കാഴ്‌ചയുണ്ടായിരുന്നുവെന്നറിയുന്നത് കാര്യമായ താൽപ്പര്യമുണർത്തുന്ന ഒരു വസ്‌തുതയാണ്.
കമ്യൂണിസ്റ്റു മാനിഫെസ്‌റ്റോയുടെ 1882ലെ റഷ്യൻ പതിപ്പിനാണ് മാർക്‌സും എംഗത്സും സംയുക്തമായി ഏറ്റവും അവസാനം മുഖവുര എഴുതിയത് (ജനീവയിലായിരുന്ന ജോർജി പ്ലെഖനോവാണ് ഇത് റഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയത്). അതിന്റെ അവസാന ഖണ്ഡികയിൽ, റഷ്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ഭൂമി പൊതുവായി കൈവശം വെയ്‌ക്കുന്ന സമ്പ്രദായം മൂലം റഷ്യയിൽ മുതലാളിത്തം വികസിക്കുന്നതിനു മുമ്പുതന്നെ നേരിട്ട് സോഷ്യലിസ്റ്റ് സമൂഹമായി മാറുന്നതിനുള്ള സാധ്യതയെക്കുറിച്ച് അവർ ചർച്ചചെയ്യുന്നുണ്ട്. 1881ൽ റഷ്യൻ വിപ്ലവകാരിയായ വേര സാസുലിച്ചുമായുള്ള (1849‐1919) കത്തിടപാടുകളിലും മാർക്‌സ് ഇക്കാര്യം ചർച്ചചെയ്‌തു.
എന്നാൽ, ഇതിനെല്ലാം ഒരു പതിറ്റാണ്ട് മുമ്പ് 1872 ജൂണിൽ ജർമൻ വിപ്ലവകാരിയായ ജോഹാൻ ഫിലിപ്പ് ബെക്കറിന് (1809‐1886) എംഗത്സ് ഒരു കത്തെഴുതിയിരുന്നു. ആ കത്തിൽ ‘മൂലധന’ത്തിന്റെ ഒന്നാം വോള്യത്തിന്റെ റഷ്യൻ പരിഭാഷയെ സംബന്ധിച്ചും (മൂലധനത്തിന്റെ ജർമൻ പതിപ്പ് പ്രസിദ്ധീകരിച്ചശേഷം ഇംഗ്ലീഷ്‐ഫ്രഞ്ച് പരിഭാഷകൾക്കു മുമ്പ് റഷ്യൻ ഭാഷയിലേക്കായിരുന്നു ആദ്യ പരിഭാഷ ഉണ്ടായത്) അതിന് റഷ്യയിലെ ജനങ്ങളിൽനിന്ന് ലഭിച്ച വ്യാപകമായ സ്വീകാര്യതയെക്കുറിച്ചും ചർച്ച ചെയ്‌തശേഷം അദ്ദേഹം ചുവടെപറയുന്ന നിരീക്ഷണം നടത്തി: ‘‘പൊതുവിൽ റഷ്യക്കാരെ സംബന്ധിച്ചിടത്തോളം മുമ്പുതന്നെ യൂറോപ്പിലേക്കു വന്ന കുലീനരും പ്രഭുകുലജാതരുമായ റഷ്യക്കാരും ഇപ്പോൾ യൂറോപ്പിലേക്കു വരുന്ന സാധാരണക്കാരും തമ്മിൽ ഭീമമായ അന്തരമുണ്ട്. അവരുടെ പ്രാഗത്ഭ്യത്തെയും സ്വഭാവത്തെയും സംബന്ധിച്ചിടത്തോളം അവരിൽ ചിലർ നമ്മുടെ പാർട്ടിയിലെ ഏറ്റവും മികച്ചവരിൽ ഉൾപ്പെടുന്നുണ്ട്. അവർക്കൊരു നിസംഗത്വമുണ്ട് (Stoicism); സ്വഭാവത്തിന്റെ കരുത്തും അതേസമയംതന്നെ സിദ്ധാന്തം ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്, അതെല്ലാം ശരിക്കും പ്രശംസനീയം തന്നെയാണ്’’.
മിഖായേൽ ബക്കുനിനെപ്പോലെ (1814‐1876)യുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അവരിൽനിന്ന് വ്യത്യസ്‌തരും ഭാവിയിലെ വാഗ്‌ദാനങ്ങളുമായ റഷ്യൻ സഖാക്കളുടെ പുതിയ തലമുറയെ സംബന്ധിച്ച തന്റെയും മാർക്‌സിന്റെയും വിലയിരുത്തലുകൾ എംഗത്സ് പങ്കുവെച്ച കാലത്ത് ലെനിൻ രണ്ടുവയസ്സുമാത്രം പ്രായമുള്ള കുട്ടിയായിരുന്നു. എന്നാൽ മഹാന്മാരായ ആ രണ്ട് പ്രതിഭാശാലികളുടെയും വിശകലനശേഷിയുള്ള മനസ്സുകൾക്ക് ഭാവിയിൽ എന്താണുണ്ടാകാൻ പോകുന്നതെന്ന് മുൻകൂട്ടി കാണാൻ കഴിഞ്ഞിരുന്നു.
റഷ്യയിൽ വിപ്ലവസാഹചര്യം രൂപപ്പെടാമെന്നു മാത്രമല്ല; ആ സാഹചര്യം ഉപയോഗപ്പെടുത്താൻ സെെദ്ധാന്തികമായും പ്രായോഗിക വിപ്ലവസമരത്തിനുള്ള നേതൃശേഷിയിലും കരുത്തുള്ള ഒരു വിപ്ലവനേതൃത്വം ഉയർന്നുവരുമെന്ന സാധ്യത ആചാര്യന്മാർ മുൻകൂട്ടി കണ്ടു. ♦