Saturday, November 23, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻസമ്പൂര്‍ണ്ണ സ്വേച്ഛാധിപത്യത്തിലേക്ക്

സമ്പൂര്‍ണ്ണ സ്വേച്ഛാധിപത്യത്തിലേക്ക്

പാര്‍ലമെന്റിന്റെ മൂല്യം കെടുത്തുന്നതും പാര്‍ലമെന്ററി നടപടിക്രമങ്ങളെ അവഹേളിക്കുന്നതും പ്രത്യേകിച്ചും മോദി ഗവണ്‍മെന്റിന്റെ രണ്ടാമൂഴത്തില്‍ അതിരൂക്ഷമായിരിക്കുകയാണ്. 2021 ല്‍ പാര്‍ലമെന്റ് 50 ദിവസംപോലും യോഗം ചേര്‍ന്നില്ല. നിയമനിര്‍മ്മാണങ്ങളെ സംബന്ധിച്ച ചര്‍ച്ചയൊന്നും നടക്കുന്നില്ലായെന്നു മാത്രമല്ല, അവതരിപ്പിക്കപ്പെടുന്ന ബില്ലുകളിന്മേല്‍ സൂക്ഷ്മപരിശോധന തന്നെ ഉണ്ടാകുന്നില്ല. യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ലോക്-സഭയില്‍ 60 ശതമാനം മുതല്‍ 70 ശതമാനം വരെ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നത് മോദി ഗവണ്‍മെന്റിന്റെ ഒന്നാമൂഴത്തില്‍ 22 ശതമാനമായും രണ്ടാമൂഴത്തില്‍ വെറും 13 ശതമാനമായും കുറഞ്ഞിരിക്കുന്നു. വിഷയങ്ങള്‍ ഉന്നയിക്കാനും നിയമനിര്‍മ്മാണപ്രക്രിയയ്ക്കിടയില്‍ വോട്ടെടുപ്പിനായി പ്രസ് ചെയ്യാനുമുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിച്ചുകൊണ്ട് ഇത് കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഉപരിസഭയില്‍ ബില്ലുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെടുപ്പും ഒഴിവാക്കുന്നതിനായി പല നിയമനിര്‍മ്മാണനടപടികളെയും മണിബില്ലുകളായി പ്രഖ്യാപിച്ചുകൊണ്ട് രാജ്യസഭയുടെ പദവിയെയും തരംതാഴ്ത്തി.

ഭരണഘടന പരിപാവനമായി ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പൗരരുടെ ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നതിനിടയാക്കുന്നതാണ് ഈ സ്വേച്ഛാധിപത്യ നീക്കം.

ഭിന്നാഭിപ്രായങ്ങളുടെ ക്രിമിനല്‍വല്‍ക്കരണവും പൗരസ്വാതന്ത്ര്യങ്ങളുടെ അടിച്ചമര്‍ത്തലുമാണ് സ്വേച്ഛാധിപത്യ വാഴ്ചയുടെ മുഖമുദ്ര. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമവും (യുഎപിഎ) രാജ്യദ്രോഹവകുപ്പും പോലെയുള്ള കിരാതമായ നിയമങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഇത് അഭൂതപൂര്‍വമായ ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ്. 2014 നും 2020 നും ഇടയ്ക്കായി, ഏഴ് വര്‍ഷത്തിനിടയില്‍ യുഎപിഎപ്രകാരം ഏകദേശം 690 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്; 10,552 ആളുകളെ ഈ നിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം ഉള്‍പ്പെടുന്നു.

ജുഡീഷ്യറി സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും എക്സിക്യൂട്ടീവിന്റെ അതിക്രമങ്ങള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്യാതിരിക്കുന്നതാണ് സ്വേച്ഛാധിപത്യവാഴ്ചയുടെ നൈസര്‍ഗ്ഗികമായ പ്രത്യേകത. സുപ്രീം കോടതി കൂടുതല്‍ കൂടുതലായി എക്സിക്യൂട്ടീവ് കോടതിയെപ്പോലെ പെരുമാറാന്‍ തുടങ്ങി. സാക്കിയ ജഫ്രി കൊടുത്ത അപ്പീലില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ ഡിക്കുള്ള അധികാരവും അധികാരപരിധിയും സംബന്ധിച്ച വിധിയും വെളിപ്പെടുത്തുന്നത് ഈ രാജ്യത്തെ അത്യുന്നത കോടതി എക്സിക്യൂട്ടീവിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് പൗരരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയിരിക്കുന്നതെങ്ങനെയെന്നാണ്. എന്നാൽ, ഈയടുത്തിടെ ഈ പ്രവണതയില്‍ ആശ്വാസകരമായൊരു മാറ്റം കാണുന്നുണ്ട്.

കഴിഞ്ഞ 75 വര്‍ഷങ്ങളിലേക്ക് നാം തിരിഞ്ഞുനോക്കുകയാണെങ്കില്‍ ജനാധിപത്യത്തിനു നേരെയുള്ള ഏറ്റവും വലിയ ആക്രമണം സംഭവിച്ചത് 1975 ജൂണില്‍ ഇന്ദിരഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ അടിച്ചേല്പിച്ചതാണ്. സ്വേച്ഛാധിപത്യ വാഴ്ചയുടെ ഈ കാലഘട്ടം കണ്ടത് പ്രതിപക്ഷനേതാക്കളെ ജയിലിലടച്ചതും പൗരാവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്തതും പത്രങ്ങള്‍ക്കുമേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതുമാണ്. എന്നാല്‍ ഇത് 20 മാസം മാത്രമാണ് നിലനിന്നത്; അതിനെത്തുടര്‍ന്നുവന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരസ്കരിച്ചു.

ഇപ്പോള്‍ ജനാധിപത്യത്തിനു നേരെ നടക്കുന്ന കടന്നാക്രമണം കൂടുതല്‍ ഗുരുതരമാണ്; സമഗ്രവുമാണ്. ജനാധിപത്യത്തിന് അംഗഭംഗം വരുത്തിയും മതനിരപേക്ഷതയെയും ഫെഡറലിസത്തെയും തകര്‍ത്തും റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ മാറ്റാനാണ് ശ്രമം നടക്കുന്നത്.

ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന സ്വേച്ഛാധിപത്യത്തിന്റെ ക്രൂരമായ ഈ രൂപം എന്തുകൊണ്ടാണ് രാജ്യത്തിനുമേല്‍ പിടിമുറുക്കിയത്? ഇതൊരു വഴിതെറ്റലോ യാദൃച്ഛികമായ ഒരു വഴിത്തിരിവോ അല്ല, ഒരു വ്യക്തിയുടെ സ്വേച്ഛാധിപത്യപ്രവണതയായി ആരോപിക്കാനും കഴിയില്ല. സ്വേച്ഛാധിപത്യത്തിലേക്കുള്ള ഈ പരിണതിക്കിടയാക്കിയ ശക്തികളുടെ സംയോജനത്തെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഹിന്ദുത്വ കോര്‍പ്പറേറ്റ് സഖ്യം
സ്വേച്ഛാധിപത്യ നടപടികള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് കോര്‍പ്പറേറ്റ്þ ഹിന്ദുത്വ ശക്തികള്‍ ഊട്ടിയുറപ്പിച്ച കൂട്ടുകെട്ട്. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിനും സമൂഹത്തിനുമേല്‍ ഹിന്ദുത്വ മൂല്യങ്ങള്‍ അടിച്ചേല്പിക്കുന്നതിനും ഒരേപോലെ അനിവാര്യമാണ് ശക്തമായ സ്വേച്ഛാധിപത്യവാഴ്ച. നാല് ലേബര്‍ കോഡുകളിലൂടെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുകയാണ്.

ഭരണഘടനയുടെ ആമുഖത്തിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഭരണകൂട സ്ഥാപനങ്ങളെയാകെ രൂപമാറ്റം വരുത്തുന്ന നടപടികളാണ് നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വേച്ഛാധിപത്യത്തിനായുള്ള മണ്ണൊരുക്കം നടത്തുന്നത് രാഷ്ട്രീയ മണ്ഡലത്തില്‍ മാത്രമല്ല, സാമൂഹികþസാംസ്കാരിക രംഗങ്ങളിലും കൂടിയാണ്. കന്നുകാലികളെ കൊല്ലുന്നതിനും മാട്ടിറച്ചി കഴിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തുന്നത്, മോറല്‍ പൊലീസിങ്, ആര്‍ട്ടിസ്റ്റുകളെയും സാംസ്കാരിക ഉല്പന്നങ്ങളെയും ഹിന്ദുവിരുദ്ധമെന്ന് മുദ്രകുത്തുന്നത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേലുള്ള നിയന്ത്രണം ഉപയോഗിച്ച് ഹിന്ദുത്വമൂല്യങ്ങള്‍ക്കനുസൃതമായി അവയെ മാറ്റുന്നത് എന്നിവയെല്ലാം തന്നെ സ്വേച്ഛാധിപത്യകടന്നാക്രമണത്തിന്റെ സവിശേഷതകളാണ്.

ജനാധിപത്യത്തിനായുള്ള പോരാട്ടം
ഇന്ത്യയിലെ ജനാധിപത്യം ഇപ്പോള്‍ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലാണ്. മോദി ഗവണ്‍മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വ സ്വേച്ഛാധിപത്യ വാഴ്ച നിലനില്ക്കുന്നത് ജനാധിപത്യത്തിനും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്കും നേരെയുള്ള ശക്തമായ വെല്ലുവിളിയാണ്. ജനാധിപത്യവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നാല്‍ ജനാധിപത്യത്തിനായുള്ള സമരത്തെ ഹിന്ദുത്വത്തിനും നവലിബറലിസത്തിനുമെതിരായ സമരവുമായി ബന്ധിപ്പിക്കേണ്ടതുമുണ്ട്.

തൊഴിലാളിവര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിനായുള്ള പോരാട്ടം നിര്‍ണ്ണായകമാണ്; അതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് റോസ ലക്സംബര്‍ഗ്ഗ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്:

‘‘ജനാധിപത്യം ബൂര്‍ഷ്വാസിക്ക് ഭാഗികമായി ഉപരിപ്ലവവും ഭാഗികമായി പ്രശ്നമുണ്ടാക്കുന്നതുമാണെങ്കില്‍, തൊഴിലാളിവര്‍ഗ്ഗത്തെ സംബന്ധിച്ച് അത് അവശ്യം വേണ്ടതും അനുപേക്ഷണീയവുമാണ്. ഒന്നാമതായി, ബൂര്‍ഷ്വാ സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള പ്രേരകശക്തിയും ആധാരബിന്ദുവുമെന്ന നിലയില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് പ്രയോജനകരമായ രാഷ്ട്രീയ രൂപങ്ങള്‍ (സ്വയം ഭരണസര്‍ക്കാര്‍, തിരഞ്ഞെടുപ്പ് അവകാശം തുടങ്ങിയവ) സൃഷ്ടിക്കുന്നതാണ് ജനാധിപത്യം എന്നതുകൊണ്ടാണ് അത് അത്യാവശ്യമാകുന്നത്. എന്നാല്‍, രണ്ടാമതായി ജനാധിപത്യത്തിനായുള്ള സമരത്തിനു മാത്രമേ തൊഴിലാളിവര്‍ഗ്ഗത്തെ സ്വന്തം വര്‍ഗ്ഗതാല്പര്യങ്ങളെക്കുറിച്ചും അതിന്റെ ചരിത്രപരമായ കടമകളെക്കുറിച്ചും ബോധ്യപ്പെടുത്താനാകൂ എന്നതുകൊണ്ടും ജനാധിപത്യം അനുപേക്ഷണീയമാണ്.’’

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 5 =

Most Popular