വിപ്ലവപാതയിലെ ആദ്യപഥികർ‐ 18
കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിന്റെ ആദ്യസമരനായകൻ എന്നനിലയിലാണ് ടി.സി.നാരായണൻ നമ്പ്യാരെ ഇപ്പോൾ കൂടുതൽ ഓർമിക്കപ്പെടുന്നത്. മലബാറിൽ കമ്യൂണിസ്റ്റ്്‐കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളോടൊപ്പം അദ്ദേഹം നടത്തിയ നാനമുഖ പരിശ്രമങ്ങളിൽ ഒന്നുമാത്രമായിരുന്നു അധ്യാപകരംഗത്തെ പ്രവർത്തനം.പുരാണേതിഹാസങ്ങളിലുള്ള ആഴത്തിലും പരപ്പിലമുള്ള അറിവ്, മനോഹരമായ ഭാഷ, താർക്കികയുക്തികൾ, ആഴത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം ഇതെല്ലാം ചേർന്ന് ചുട്ടകോഴിയെ പറപ്പിക്കുന്ന പ്രസംഗശൈലി. പാട്ടും അഭിനയവുമെല്ലാം ചേർന്ന ടി.സി.യുടെ ഉജ്ജ്വലപ്രസംഗം കേൾക്കുന്നതിന് എല്ലാവിഭാഗമാളുകളും പാതിരവരെയും കാത്തുനിൽക്കുമായിരുന്നു. മദിരാശി‐കേരളനിയമസഭകളിലും ഏറ്റവും മുഴങ്ങിനിന്ന, ഏറ്റവും ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു ടി.സി.യുടേത്.
1930ലെ നിയമലംഘനസമരത്തോടെയാണ് നാറാത്ത് സ്വദേശിയായ തേലക്കാടൻ ചാത്തോത്ത് നാരായണൻ നമ്പ്യാർ സജീവരാഷ്ട്രീയത്തിലിറങ്ങുന്നത്. കോൺ്ഗ്രസ് വോളന്റിയറായി തുടക്കം. ചെറിയ പ്രായത്തിൽത്തന്നെ അധ്യാപകനായ ടി.സി.യെ അധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി നിയോഗിക്കുകയായിരുന്നു കൃഷ്ണപിള്ള. തെക്കേമലബാർ മേഖലയിൽ 1931 അവസാനം അധ്യാപകസംഘടന പ്രവർത്തനമാരംഭിച്ചിരുന്നു. എന്നാൽ വടക്കേമലബാറിൽ അധ്യാപകർ സംഘടിക്കുന്നതിന് പിന്നെയും സമയമെടുത്തു. കോൺഗ്രസിലെ ഇടതുപക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ 1934 സെപ്റ്റംബറിലാണ് ചിറക്കൽ താലൂക്ക്് അധ്യാപകയൂണിയൻ രൂപീകൃതമായത്. യൂണിയൻ രൂപീകരണത്തിന് തുടക്കംകുറിച്ച് കല്യാശ്ശേരിയിലെ കാരാടൻ സ്കൂളിൽ (സൗത്ത് യു.പി.സ്കൂൾ) ചേർന്ന അധ്യാപകരുടെ പ്രാദേശികയോഗത്തിൽ യശോദ ടീച്ചർ, കെ.വി.നാരായണൻ നമ്പ്യാർ, സി.കെ.പണിക്കർ എന്നിവരടക്കം 13 പേരാണ് പങ്കെടുത്തത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായ ടി.സി. അധ്യാപകരെ ഓരോരുത്തരെയായി കണ്ട്് സംഘടനയുടെ ആവശ്യം ബോധ്യപ്പെടുത്തി. യോഗം വിളിച്ചുചേർത്തത് ഒ.വി.ഗോവിന്ദൻ നമ്പ്യാരാണ്. ആ യോഗത്തിന്റെ തുടർച്ചയായി സെപ്ററംബറിൽ ചേർന്ന കൺവെൻഷൻ ചിറക്കൽ താലൂക്ക് അധ്യാപകയൂണിയൻ രൂപീകരിച്ചു. അഡ്വ. ടി.നാരായണൻ നമ്പ്യാർ പ്രസിഡന്റും പി.എം. കുഞ്ഞിരാമൻ നമ്പ്യാർ സെക്രട്ടരിയുമായ കമ്മിറ്റിയിൽ സി.എസ്.പി.യുടെ നേതാവായ ടി.സി.യുമുണ്ടായിരുന്നു. അടുത്ത വർഷം ആദ്യം തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്ന ആലോചനായോഗം അഖിലമലബാർ അധ്യാപക യൂണിയൻ രൂപീകരിക്കാൻ തീരുമാനിക്കുകയും നിയമാവലിയുണ്ടാക്കാൻ ടി.സി., കൊറ്റ്യത്ത് കൃഷ്ണൻ, ടി.ചാത്തുമാസ്റ്റർ, മനോമോഹനമേനോൻ എന്നിവരെ ചുമതലപ്പെടുത്തി. സ്വകാര്യ മാനേജ്മെന്റ് സമ്പ്രദായം അവസാനിപ്പിച്ച് വിദ്യാഭ്യാസമേഖല പൂർണമായും സർക്കാർ മേഖലയിലാക്കണമെന്ന് ടി.സി.നാരായണൻ നമ്പ്യാർ അവതരിപ്പിച്ച കൺവെൻഷൻ അംഗീകരിച്ചു. 1936 ഏപ്രിൽ 5, 6 തീയ്യതികളിൽ വടകരയിൽ ചേർന്ന സമ്മേളനം അഖിലമലബാർ എയിഡഡ് ടീച്ചേഴ്സ് യൂണിയൻ രൂപീകരിച്ചു. പി.എം. കുഞ്ഞിരാമൻ നമ്പ്യാർ പ്രസിഡന്റും പി.ആർ. നമ്പ്യാർ ജനറൽ സെക്രട്ടറിയും. ടി.സി.നാരായണൻ നമ്പ്യാരും കെ.പി.കെ. കൃഷ്ണനും ജോയിന്റ് സെക്രട്ടറി. പി.എസ്. വാരിയർ വൈസ്പ്രസിഡന്റ്. കെ.ജി.കിടാവ് ട്രഷറർ. കോൺഗ്രസ്സിലെ ഇടതു‐വലതു വിഭാഗങ്ങളും മിതവാദികളും തീവ്രവാദികളും രാഷ്ട്രീയമേയില്ലാത്തവരുമെല്ലാം അടങ്ങിയ സംഘടനയായതിനാൽ സി.എസ്.പി. നേതൃത്വം അധ്യാപകസംഘടനയിൽ നേരിട്ടിടപെടാതെ ടി.സി. മുഖേന കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ജോലിസ്ഥിരത ഉറപ്പാക്കുക, സ്വകാര്യ മാനേജ്മെന്റ് സമ്പ്രദായം ഉപേക്ഷിക്കുക, മാനേജർമാരുടെ പിടിച്ചുപറി അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളാണ് ടി.സി. തയ്യാറാക്കി അവതരിപ്പിച്ച് അംഗീകരിപ്പിച്ചത്.
സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ സമരം കണ്ണാടിപ്പറമ്പ് ഹയർ എലമെന്ററി സ്കൂളിലാണ് നടന്നത്. ഹെഡ്മാസ്റ്ററായ ടി.സി.നാരായണൻ നമ്പ്യാരെ മാനേജർ പിരിച്ചുവിട്ടു. 1936 ഡിസമ്പർ എട്ടിനായിരുന്നു സംഭവം. കുട്ടികളെയും ബ്രിട്ടീഷ് വിരുദ്ധരാക്കുന്നു, സ്കൂളിനെ രാഷ്ട്രീയകേന്ദ്രമാക്കുന്നു, ശംബളത്തിന്റെ പേരിൽ മറ്റ് അധ്യാപകരെയും മാനേജ്മെന്റിന് എതിരാക്കുന്നു തുടങ്ങി മാനേജർക്ക് ടി.സി.യെപ്പറ്റി ഒട്ടേറെ ആക്ഷേപങ്ങളുണ്ടായിരുന്നു. അതിന് പുറമേ പ്രദേശത്ത് വലിയ കോളിളക്കമുണ്ടാക്കിയ ഒരു സംഭവമുണ്ടായി. ആ സംഭവം ഒരിക്കൽ ടി.സി.യുടെ ശിഷ്യനായ പി.കെ.കുഞ്ഞനന്തൻ നായർ (ബെർലിൻ) ഈ ലേഖകനോട് വിവരിച്ചത് അതേപടി ചുവടെ ചേർക്കുന്നു. “ഈ പഞ്ചായത്തിൽ കണ്ണാടിപ്പറമ്പിൽ മുമ്പ് വിശ്വാസവുമായി ബന്ധപ്പെട്ട് നരബലി നടന്നിരുന്നു. കുതിരക്കാളി ക്ഷേത്രത്തിൽ. ഞങ്ങൾ പഠിച്ച കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി.സ്കൂളിന് (കണ്ണാടിപ്പറമ്പ് ഹയർ എലമെന്ററി സ്കൂൾ) അടുത്തുള്ള ധർമശാസ്താ ക്ഷേത്രത്തിന് തൊട്ടടുത്തായാണ് കുതിരക്കാളി ക്ഷേത്രം. ക്ഷേത്രമൊന്നുമില്ല. ഒരു വള്ളിക്കെട്ടാണ്. ഒരു കുളവുമുണ്ട്. പണ്ട്്്് നരബലി നടന്നതിന്റെ ഓർമയിലാവാം ദിവസേന ഒരാൾ‐ ചുകപ്പ് ധരിച്ച് വാളുമായി എമ്പ്രോൻ എന്ന സ്ഥാനപ്പേരുള്ള ആൾ‐ കോഴിയെയും കലശവും കൊണ്ടുവരും. കോഴി അറവ് സ്ഥിരമാണ്. സ്കൂളിൽ പഠനത്തെ വരെ ബാധിക്കുന്ന ശല്യം. ഹെഡ്മാസ്റ്ററായ ടി.സി. ഒരു ദിവസം ആ വള്ളിക്കെട്ടിലേക്ക് നടന്നു. കുതിരക്കാളിക്കായി അറുത്തിട്ട കോഴിത്തലകൾ അവിടെ കൂട്ടിയിട്ടിരുന്നു. ഹെഡ്മാസ്റ്ററെ ഞാനടക്കം ഏതാനും വിദ്യാർഥികളും പിന്തുടർന്നിരുന്നു. ടി.സി. ആ കോഴിത്തലകളെല്ലാം പെറുക്കിയെടുത്ത് ദൂരേക്ക് കളഞ്ഞു. സംഭവം വലിയ ഒച്ചപ്പാടായി. നാട്ടുകാർ തടിച്ചുകൂടി. സ്കൂൾ മാനേജരെത്തി ക്ഷോഭിച്ചു. ടി.സി.യെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് മാനേജർ രാമൻ നമ്പ്യാർ പോയത്’.
ഈ സംഭവങ്ങളെയെല്ലാം തുടർന്ന് 1936 ഡിസമ്പർ എട്ടിന് ടി.സി.യെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിട്ടാലും ടി.സി. പിരിഞ്ഞുപോകില്ല, വലിയ സമരത്തിനാണ് സാധ്യതയെന്ന് മനസ്സിലാക്കി മാനേജർ വളപട്ടണം പോലീസ് സ്റ്റേഷനിൽ പരാതി നൽകി കാലേക്കൂട്ടി പോലീസിനെ വരുത്തിയിരുന്നു. പതിവുപോലെ സ്കൂളിലെത്തിയ ഹെഡ്മാസ്റ്റർ ബെല്ലടിപ്പിച്ചപ്പോൾ പോലീസ് സ്കൂളിലേക്ക് കടക്കാനൊരുങ്ങി. സ്കൂൾ സമയത്ത് പോലീസല്ല പുറത്തുള്ള ആർക്കുംതന്നെ പ്രവേശനമില്ലെന്ന് ടി.സി.പ്രഖ്യാപിച്ചു. അറസ്റ്റാണെങ്കിൽ സ്കൂൾ സമയം കഴിഞ്ഞ് ആവാമെന്നും അറിയിച്ചു. പോലീസ് അകത്തുകടക്കാൻ നോക്കിയപ്പോൾ തന്റെ ശവത്തിൽ ചവിട്ടിയല്ലാതെ അകത്തുകടക്കാനാവില്ലെന്ന് ടി.സി.പ്രഖ്യാപിച്ചു. അപ്പോഴേക്കും ആളുകൾ എത്താൻ തുടങ്ങി. ചിറക്കൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അധ്യാപകർ കണ്ണാടിപ്പറമ്പിൽ എത്തിക്കൊണ്ടിരുന്നു. കർഷകസംഘം പ്രവർത്തകർ പ്രകടനമായെത്തിക്കൊണ്ടിരുന്നു. ടി.സി. പിരിഞ്ഞുപോകുന്ന പ്രശ്നമില്ലെന്ന് ജനങ്ങൾ പ്രഖ്യപിച്ചു. അറസ്റ്റ് നടത്താനാവില്ലെന്ന് പോലീസുകാർക്ക് ബോധ്യപ്പെട്ടു. അവർ മാനേജരെ വിളിച്ചുവരുത്തി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഒടുവിൽ മാനേജർ പിരിച്ചുവിടൽ ഉത്തരവ് നിരുപാധികം പിൻവലിച്ചു. വൻ വിജയമായ ഈ സമരം മലബാറിലാകെ അധ്യാപകപ്രസ്ഥാനത്തിന് ആവേശം പകർന്നു. എല്ലാവിഭാഗമാളുകളും യോജിച്ചണിനിരന്നാൽ സമരങ്ങൾ തകർക്കാൻ ഒരു ശക്തിക്കുമാവില്ലെന്ന പാഠമാണ് കണ്ണാടിപ്പറമ്പ് പകർന്നുനൽകിയത്. കണ്ണാടിപ്പറമ്പ്് ഒരു കണ്ണാടി എന്ന തലക്കെട്ടിൽ ഈ സംഭവത്തെക്കുറിച്ച് അടുത്തദിവസം മാതൃഭൂമി ലേഖനം പ്രസിദ്ധപ്പെടുത്തി.
കണ്ണാടിപ്പറമ്പ് സംഭവത്തോടെ അധ്യാപക പ്രസ്ഥാനത്തിൽ ഇടതുപക്ഷത്തിന് വലിയ മേൽക്കൈ ലഭിച്ചു. ഇത് വലതുപക്ഷ വിഭാഗത്തെ ആശങ്കപ്പെടുത്തുകയുംചെയ്തു. 1938 ഡിസമ്പർ 29, 30 തീയ്യതികളിൽ ഒറ്റപ്പാലത്തുനടക്കുന്ന അധ്യാപക യൂണിയൻ സമ്മേളനത്തിന്റെ മുന്നോടിയായി പട്ടിണി ജാഥ മാതൃകയിൽ ടി.സി.യുടെ നേതൃത്വത്തിൽ ഒരു ജാഥ കണ്ണൂരിൽനിന്ന് ഒറ്റപ്പാലത്തേക്ക് പുറപ്പെട്ടു. നൂറ് സ്ഥിരാംഗങ്ങളുണ്ടായിരുന്ന ജാഥ 150 മൈൽ താണ്ടിയാണ് ഒറ്റപ്പാലത്തെത്തിയത്. മലബാറിൽ ബഹുജനവിപ്ലവപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ഈ ജാഥയിലൂടെ നടത്തിയത്.
അതിനിടെ ടി.സി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പ്രഭാതത്തിൽ എഴുതിയ ഒരു ലേഖനം വലിയതോതിൽ ചർച്ചയും വിവാദവുമായി. അധ്യാപകപ്രസ്ഥാനം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമാണ് എന്നാണ് ലേഖനത്തിൽ വിശദീകരിച്ചത്. ഇത് വലതുപക്ഷ വിഭാഗത്തെ ചൊടിപ്പിച്ചു. അധ്യാപകസംഘടനയുടെ വൈസ്പ്രസിഡന്റായ പി.എസ്. വാരിയർ രാജി പ്രഖ്യാപിച്ചു. രാജി ഒഴിവാക്കണമെങ്കിൽ സംഘടനയുടെ എകിസ്ക്യൂട്ടീവ്് ടി.സി.യെ തള്ളിപ്പറഞ്ഞ് പ്രമേയം പാസാക്കി പത്രക്കുറിപ്പ് നൽകണമെന്നാണ് വാരിയർ ആവശ്യപ്പെട്ടത്. കൊയിലാണ്ടിയിൽ സംഘടനയുടെ പ്രവർത്തകസമിതി ചേരാനിരിക്കെയാണ് ഈ പ്രശ്നമുണ്ടായത്. കമ്യൂണിസ്റ്റുകാർ രൂപപ്പെടാൻ പോകുന്ന അധ്യാപകസംഘടന പിടിച്ചെടുക്കുന്നതിന്റെ പ്രഖ്്യാപനമാണ് ടി.സി.യുടെ ലേഖനമെന്നാണ് വാരിയർ ആക്ഷേപിച്ചത്. സംഘടനയുടെ പ്രസിഡന്റ് പി.എം. കുഞ്ഞിരാമൻ നമ്പ്യാരും ജനറൽ സെക്രട്ടറി പി.ആർ. നമ്പ്യാരും കമ്മ്യൂണിസത്തോട് ആഭിമുഖ്യമുള്ളവരായിരുന്നില്ല. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും യോജിപ്പിക്കുന്ന കണ്ണികൾ എന്നനിലയിലാണ് അക്കാലത്ത്്് നിലകൊണ്ടിരുന്നത്. എന്നാൽ ടി.സി.യുടെ ലേഖനത്തെപ്പറ്റി നിലപാട്് സ്വീകരിക്കാതിരിക്കാനാവില്ലെന്ന ഘട്ടംവന്നപ്പോൾ അവരും ടി.സി.യുടെ അഭിപ്രായത്തിന് പിന്നിൽ ഉറച്ചുനിന്നു. പ്രവർത്തകസമിതി ഉറച്ച സ്വരത്തിൽ ടി.സി.യുടെ ലേഖനത്തെ പിന്തുണച്ചു. രാജി പ്രഖ്യാപിച്ചിരുന്ന വൈസ്പ്രസിഡന്റ്്് അതോടെ പഴയ നിലപാടിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
മലബാറിൽ കമ്യൂണിസ്റ്റ്്്‐ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള കാഡർമാരായി അധ്യാപകരെയാണ് ഉപയോഗപ്പെടുത്താനാവുകയെന്ന തിരിച്ചറിവോടെ കൃഷ്ണപിള്ള ക്ഷമാപൂർവമായ ചരടുവലികാളാണ് ടി.സി.മുഖേന നടത്തിയത്. 1938‐ൽ കെ.പി.സി.സിയിൽ ഇടതുപക്ഷത്തിന് മേൽക്കൈ ലഭിച്ചതും ഇ.എം.എസ്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും അധ്യാപകപ്രസ്ഥാനത്തിന്റെ പിൻബലത്തിലാണ്. കെ.പി.സി.സി.യിൽ 17 പേർ അധ്യാപകനേതാക്കളായിരുന്നു. 1940 സെപ്തംബർ 15ന് മൊറാഴയിൽ നടന്ന സംഭവത്തിൽ പ്രതികളായ 48 പേരിൽ 23 പേരും അധ്യാപകസംഘടനാ നേതാക്കളോ പ്രവർത്തകരോ ആയിരുന്നു. അധ്യാപകസംഘടന ഇടതുപക്ഷനിയന്ത്രണത്തിലാണെന്ന് വ്യക്തമായതോടെ രാജാജി മന്ത്രിസഭ (മദിരാശിയിൽ 1937‐ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ കോൺഗ്രസ് മന്ത്രിസഭ) ബ്രിട്ടീഷ് ഭരണാധികാരികളെപ്പോലെതന്നെ അധ്യാപകസംഘടനയെ തകർക്കാൻ ശ്രമം തുടങ്ങി. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ അധ്യാപകരായി തുടരരുതെന്ന് ഉത്തരവുണ്ടായി. അധ്യാപകർക്ക് രാഷ്ട്രീയം പാടില്ലെന്ന ഉത്തരവിനെതിരെ 1939 സെപ്റ്റംബർ 25ന് ചിറക്കൽ താലൂക്കിലെ അധ്യാപകർ പണിമുടക്കും ഹർത്താലും നടത്തി. ഇതിന്റെ പേരിൽ നിരവധി അധ്യാപകരെ പിരിച്ചുവിട്ടു. പിരിച്ചുവിടലിനെതിരെ വീണ്ടുംസമരം. രണ്ടാം ലോകയുദ്ധകാലത്ത് സർക്കാർ പ്രഖ്യാപിച്ച ക്ഷാമബത്ത സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് നിഷേധിച്ചതിനെതിരെ 1939 ഒക്ടോബർ ഏഴുമുതൽ മലബാർ എയിഡഡ് ടീച്ചേഴ്സ് യൂണിയൻ സമരം പ്രഖ്യാപിച്ചു. കുട്ടികൾക്ക് ക്ലാസ് നഷ്ടപ്പെടാതിരിക്കാൻ ഗുരുജനസമാജ ബഹിഷ്കരണം എന്ന സമരമാർഗമാണവലംബിച്ചത്. എല്ലാ മാസവും ഒരു ശനിയാഴ്ച ഡപ്യൂട്ടി ഇൻസ്പക്ടറുടെ നേതൃത്വത്തിൽ അധ്യാപകസംഗമം നടത്തി പഠനകാര്യങ്ങൾ ചർച്ചചെയ്യുന്നതിനാണ് ഗുരുജസമാജം. ഇതിനെ വിമർശിച്ചുകൊണ്ട് സഞ്ജയനാണ് ശനിയൻസഭ എന്നുപേരിട്ടത്. ശനിയൻസഭാ ബഹിഷ്കരണം ദീർഘകാലം നീണ്ടുനിന്നു. ചെറുകാടിന്റെ ക്ലാസിക് നോവലായ മുത്തശ്ശിയിൽ അതിന്റെ ശരിയായ വിവരണമുണ്ട്. ശനിയൻസഭാ ബഹിഷ്കരണത്തിന്റെ പേരിൽ ആദ്യം ജയിലിലടക്കപ്പെട്ടത് പി.എം.കുഞ്ഞിരാമൻ നമ്പ്യാരും ടി.സി.യുമാണ്. നാലുമാസം കഴിഞ്ഞാണ് വിട്ടയച്ചത്. ശനിയൻസഭാ ബഹിഷ്കരണത്തിന്റെ പേരിൽ ടി.സി.യടക്കമുള്ള 180 അധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടു. 123 പേരെ ജയിലിലടച്ചു. 79 പേരുടെ സർട്ടിഫിക്കറ്റ് സസ്പന്റ് ചെയ്യപ്പെട്ടു.
സംഘടനാരംഗത്തെ അതികായനായിരുന്ന ടി.സി. കർക്കശമായപെരുമാറ്റം കൊണ്ടും ശ്രദ്ധേയനായിരുന്നു. പ്രവർത്തകരോടും കാഡർമാരോടും സ്നേഹോഷ്‌മളമായി പെരുമാറുമ്പോഴും വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. 1939 മെയ്മാസം ബക്കളത്തു നടന്ന പത്താം കേരളരാഷ്ട്രീയസമ്മേളനമാണല്ലോ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവൽക്കരണത്തിന്റെ ഡ്രസ് റിഹേഴ്സലായി മാറിയത്. ആ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറിമാർ കെ.പി.ആറും ടി.സിയുമായിരുന്നു. ചിറക്കൽ താലൂക്കിലാകെ പലതവണ സഞ്ചരിച്ച് ബോധവൽക്കരണം നടത്തി സമ്മേളനം ഐതിഹാസികമാക്കാൻ ടി.സി. പരിശ്രമിച്ചു. 1956 ഏപ്രിലിൽ പാലക്കാട്ട് നടന്ന നാലാം പാർട്ടി കോൺഗ്രസ്സിന്റെ സംഘാടകസമിതി കാര്യദർശിയായും പ്രവർത്തിച്ചത് അന്ന് മദിരാശി നിയമസഭയിലെ ചീഫ് വിപ്പായിരുന്ന ടി.സി.യാണ്. കെ.ദാമോദരന് ശേഷം പാർട്ടിയുടെ മലബാർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചത് ടി.സി.യായിരുന്നു. ടി.സി.യുടെ പേരിൽ മലപ്പട്ടത്തെ ഒരു ജന്മി നല്കിയ കേസ് തമാശനിറഞ്ഞതാണ്‐ കുറക് കേസ്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ ഏറ്റവും നല്ല ഭാഗമായ കുറക് ജന്മിക്ക് കൊടുക്കണമെന്നായിരുന്നു അക്കാലത്തെ അലിഖിത നിയമം. പാർട്ടിയും കർഷകസംഘവും അത് നിഷേധിക്കാൻ ആഹ്വാനംചെയ്തു. ക്ഷുഭിതനായ ജന്മി കൃഷിക്കാരെ വീട്ടിലേക്ക് വിളിപ്പിച്ചു. കുറക് നൽകാത്തവർക്ക് പിഴശിക്ഷ വിധിച്ചു. പിഴയടക്കരുതെന്ന് പാർട്ടി ആഹ്വാനംചെയ്തു. ഇതുമായി ബന്ധപ്പെട്ട് വലിയ കുഴപ്പമുണ്ടായതോടെ ടി.സി.യുടെ നേതൃത്വത്തിൽജന്മിയുടെ പത്തായപ്പുരയിലേക്ക് മാർച്ച് നടന്നു. ടി.സി.യും ജന്മിയും തമ്മിൽ വാദപ്രതിവാദമായി. കാട്ടിനുള്ളിൽനിന്ന് വേട്ടയാടി കിട്ടുന്നത് കുറുക്കനെയാണെങ്കിൽ അതിന്റെ കുറകും നിങ്ങൾക്ക് വേണോ? അതും നിങ്ങൾ തിന്നുമോ? എന്ന് ടി.സിയുടെ ചോദ്യം. കൂടിനിന്നവരെല്ലാം ജന്മിയെ പരിഹസിച്ച് ചിരിച്ചു. അതോടെ ക്ഷുഭിതനായ ജന്മി തന്നെ ധിക്കരിച്ചുവെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ടി.സി.യ്ക്കും എ.കുഞ്ഞിക്കണ്ണനുമെതിരെ കേസ് കൊടുക്കുകയായിരുന്നു. കുറക് കേസ് എന്നാണ് അതറിയപ്പെട്ടത്.
ചടയൻ ഗോവിന്ദനടക്കമുള്ള നിരവധി കാഡർമാരെ കണ്ടെത്തി വളർത്തുന്നതിൽ ടി.സി വലിയ പങ്കു വഹിച്ചു. ടി.സി.യുടെ അയൽക്കാരൻ കൂടിയായ ചടയൻ അതേക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ലേഖകനോട് പറഞ്ഞത് ചുവടെ ചേർക്കുന്നു: ‘‘1948ൽ കമ്പിൽ അങ്ങാടിയിൽ നടന്ന അടിയെ തുടർന്ന് ആ മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം തൽക്കാലം നിലച്ചിരുന്നു. പരസ്യപ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഒരു പൊതുയോഗം നിശ്ചയിച്ചു. മെഗാഫോണിൽ വിളിച്ചുപറഞ്ഞതുകേട്ട് ധാരാളമാളുകൾ യോഗസ്ഥലത്ത് എത്തിച്ചേർന്നു. മൈക്ക് വെച്ച് പ്രസംഗിക്കാനായിരുന്നു പരിപാടി. അപ്പോഴേക്കും സർക്കിൾ ഇൻസ്പക്ടർ റേയുടെ നേതൃത്വത്തിൽ കവലയാകെ പോലീസ് വലയംചെയ്തു. ടി.സി.യാണ് പ്രസംഗകൻ. യോഗം നടത്താൻ അനുവദിക്കില്ലെന്ന് സർക്കിൾ ഇൻസ്പക്ടർ പ്രഖ്യാപിച്ചു. നടത്തിയേ അടങ്ങൂ എന്ന് ടി.സി.യും പ്രഖ്യാപിച്ചു. നാട്ടുപ്രമാണിമാർ സമ്മതിച്ചാൽ യോഗം നടത്താനനുവദിക്കാമെന്നായി സർക്കിൾ ഇൻസ്പക്ടർ. അതുപ്രകാരം നാലുപേർ എത്തി. പാർട്ടിയാണവരെ ഹാജരാക്കിയത്. അല്പവസ്ത്രക്കാരായ അവരെ നോക്കി പരിഹാസത്തോടെ റേയുടെ ചോദ്യം‐ ഇവരോ പ്രമാണിമാർ?. അതേ ഇവരാണ് ഈ നാട്ടിലെ പ്രമാണിമാർ എന്ന് ടി.സി. ഒടുവിൽ യോഗം നടത്താൻസമ്മതിച്ചു. പക്ഷേ മൈക്ക് അനുമതിയില്ല. കടുത്ത സംഘർഷാവസ്ഥ. ഞാനും വേറെ ഒന്നുരണ്ടാളുംകൂടി പൊന്തേൻ വീട്ടിൽപോയി ഒരു മേശയെടുത്തുകൊണ്ടുവന്നു. ടി.സി. ആ മേശമേൽ ചാടിക്കയറി. കത്തിക്കയറുന്ന ഒരു പ്രസംഗമായിരുന്നു. ആളുകൾ ആവേശത്തിൽ, രോഷത്തിൽ തിളച്ചുകൊണ്ടിരിക്കെ സി.ഐ. ജോർജ് റേ ആകാശത്തേക്ക് പലതവണ നിറയൊഴിച്ചു. പേടിച്ച് കുറച്ചാളുകൾ ഓടിപ്പോയി. ഭൂരിപക്ഷം അവിടെത്തന്നെ നിന്നു. ടി.സി. പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് ആഞ്ഞടിച്ചപ്പോൾ രോമങ്ങൾ എഴുന്നുനിന്നുപോയി. എന്റെ രാഷ്ട്രീയജീവിതത്തിലെ പ്രധാന ചാലകശക്തി ആ പ്രസംഗമായിരുന്നു’
ചടയൻ സൂചിപ്പിച്ച കമ്പിൽ അങ്ങാടിയിലെ അടി സംഭവം പാർട്ടി നേതാക്കളായ രണ്ട് വിപ്ലവകാരികളെ (ഇ.പി.കൃഷണൻ നമ്പ്യാരെയും ഇ.കുഞ്ഞിരാമൻ നായരെയും. ഇ.പി. പിൽക്കാലത്ത് സി.പി.ഐ.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്നു. ടി.സി.യെപ്പോലെതന്നെ ഉജ്ജ്വല വാഗ്മി. വിഷകണ്ഠൻ എന്ന് പുസ്തകത്തിന്റെ കർത്താവ്. ഇ.കുഞ്ഞിരാമൻ നായർ അവിഭക്ത പാർട്ടിയുടെയും പിന്നീട് സി.പി.ഐ.യുടെയും പ്രമുഖ നേതാവായിരുന്നു. കർഷകസംഘ സ്ഥാപകയോഗത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആളുമായിരുന്നു) കോൺഗ്രസ്് ഗുണ്ടാസംഘം മൃഗീയമായി ആക്രമിച്ചതും അതിനെ പ്രതിരോധിക്കാൻ പാർട്ടിയുടെ വോളന്റിയർമാർ നടത്തിയ പ്രത്യാക്രമണവുമാണ്. 1948 ഏപ്രിൽ 20‐നോ 21‐നോ ആണ് കമ്പിൽ സംഭവം നടന്നത്. കമ്പിൽ അങ്ങാടിയിലൂടെ കമ്മ്യൂണിസ്റ്റുകാർ നടക്കരുതെന്ന് എം.എസ്.പി.യും കോൺഗ്രസ്സും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിനെ വെല്ലുവിളിക്കാൻ പാർട്ടി തീരുമാനിച്ചു. നേതാക്കളായ ഇ.പി.കൃഷ്ണൻ നമ്പ്യാരും ഇ.കുഞ്ഞിരാമൻ നായരും നടക്കും. ആക്രമണമുണ്ടായാൽ ഉടൻ ഇടപെടാൻ പറശ്ശിനി മേഖലയിൽനിന്നുള്ള വോളന്റിയർ സംഘം വിളിപ്പാടകലെ തയ്യാറായി നിൽക്കണം. അങ്ങനെ ഇ.പി.യും കുഞ്ഞിരാമൻനായരും നടന്നു. ഗുണ്ടകൾ അവരെ പിടിച്ചുകെട്ടി. പ്ലാൻ ചെയ്തതുപോലെ കുഞ്ഞിരാമൻനായർ വിസിലടിച്ചെങ്കിലും വോളന്റിയർമാർ എത്തിയില്ല. അവർ അല്പം വൈകിപ്പോയി. ഇ.പി.കൃഷണൻ നമ്പ്യാരെ ക്രൂരമായി തല്ലിച്ചതച്ച ശേഷം തലയിൽ ആസിഡൊഴിച്ചു. തലവെന്ത കിട്ടൻ എന്നാണ് കുറേക്കാലം ഇ.പി.അറിയപ്പെട്ടത്. കുഞ്ഞിരാമൻനായർക്കും ക്രൂരമായ മർദനമേറ്റു. അല്പം കഴിഞ്ഞപ്പോഴേക്കും കാന്തലോട്ട് കരുണന്റെ നേതൃത്വത്തിലുള്ള വോളന്റിയർമാർ എത്തുകയും കമ്പിൽ അങ്ങാടിയിലെ കോൺഗ്രസ്സുകാരെ ആക്രമിക്കുകയും ചെയ്തു. ഈ സംഭവമറിഞ്ഞ് വടിയുമായി എത്തി പാർട്ടിയുടെ പ്രതിരോധസംഘത്തിൽ അണിചേർന്നുകൊണ്ടാണ് ചടയൻ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് ചേലേരിയിൽ നടന്ന നെല്ലെടുപ്പ് സമരത്തിലും പങ്കെടുത്ത ചടയൻ ഷെൽട്ടർ നഷ്ടപ്പെട്ട് അലക്ഷ്യമായിനടന്ന്് എത്തിയത് വിജനഭീകരമായ പാടിക്കുന്നിലാണ്. അവിടെനിന്നുള്ള നടത്തത്തിനിടയിൽ പോലീസിന്റെ വലയിലാണ് പെട്ടത്. ക്രൂരമായ മർദനമാണുണ്ടായത്. ചേലേരി അനന്തൻ നമ്പ്യാരുടെ വീട്ടുമുറ്റത്തുകൊണ്ടുപോയും മർദിച്ചു. ജനനേന്ദ്രിയത്തിൽ ഈർക്കിൾ കയറ്റി. ചടയൻ കൊല്ലപ്പെട്ടെന്ന പ്രചരണമുണ്ടായി. എന്നാൽ ഇല്ല മരിച്ചിട്ടില്ല എന്ന്് പോലീസിന് പരസ്യമായി പ്രചരണം നടത്തേണ്ടിവന്നു. ഏതാനും മാസങ്ങൾക്കു ശേഷം ജയിൽ മോചിതനായ ചടയൻ കുറച്ചുകാലം വീരാജ് പേട്ടയിലേക്ക്് ഒളിവിൽ പോയി ഉരുട്ടുകട്ടയുണ്ടാക്കുന്ന ജോലിചെയ്തു. വീണ്ടും തിരിച്ചെത്തി പാർട്ടി പ്രവർത്തനത്തിലേക്ക്്്. പാർട്ടിയുടെയും കർഷകസംഘത്തിന്റെയും നേതാക്കളെ പോലീസിന് പിടിച്ചുകൊടുക്കാനും മറ്റും നേതൃത്വം നൽകിയ ഒരു ഗുണ്ടാനേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലും (കയരളം കേസ്) ചടയൻ പ്രതിയായി. അതിന്റെ പേരിലും അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു.♦