ആചാര്യ നരേന്ദ്രദേവ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കാരനായിരുന്നു. കോൺഗ്രസിലെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ളവർ രൂപപ്പെടുത്തിയ ഒരു പാർട്ടിയാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി. കേരളത്തിൽ അത് അപ്പാടെ കമ്യൂണിസ്റ്റ് പാർട്ടിയായി മാറി എന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും അങ്ങനെ സംഭവിച്ചില്ല. ചിലർ പിന്നീട് കോൺഗ്രസു മായുള്ള ബന്ധം വേർപെടുത്തുകയും പ്രത്യേകമായി സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു. അതിനെ തുടർന്ന് സോഷ്യലിസ്റ്റ് പാർട്ടിക്കാർ കോൺഗ്രസിനെതിരായി തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. അതിനൊരുദാഹരണമാണ് അന്ന് യുണൈറ്റഡ് പ്രോവിൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ഉത്തർപ്രദേശിലെ, ആചാര്യ നരേന്ദ്ര ദേവ്. 1934ൽ രൂപീകരിക്കപ്പെട്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. 1948ലാണ് മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് സോഷ്യലിസ്റ്റുകൾ വിട്ടുപോയത്. അതേ വർഷം യുപി നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഫൈസാബാദ് മണ്ഡലത്തിൽ നിന്ന് ആചാര്യ നരേന്ദ്രദേവ് കോൺഗ്രസിനെതിരായി മത്സരിച്ചു.
അങ്ങനെയൊരു ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത് സി എസ് പി അംഗങ്ങൾ കോൺഗ്രസ് വിടുന്നതോടെ കോൺഗ്രസിന്റെ കൂടെ നിന്ന് അവർ നേടിയെടുത്ത എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന് തീരുമാനിച്ചതോടു കൂടിയായിരുന്നു. കോൺഗ്രസ് വിട്ട 13 സിഎസ്‌പി അംഗങ്ങളാണ് തങ്ങളുടെ എംഎൽഎ സ്ഥാനം രാജിവച്ചത്. തീർത്തും ധാർമികമായ ഒരു തീരുമാനമായിരുന്നു അത്. 1948 ജൂൺ മാസം മൂന്ന്, നാല് ആഴ്ചകളിലായാണ് ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. 1948 ജൂലായിൽ ഫലം പ്രഖ്യാപിക്കപ്പെട്ടു.
ഗോവിന്ദ് വല്ലഭ് പന്തായിരുന്നു അന്നത്തെ യുപി മുഖ്യമന്ത്രി. പുരുഷോത്തം ദാസ് ഠണ്ഡനായിരുന്നു സ്പീക്കർ. കറകളഞ്ഞ മതനിരപേക്ഷവാദിയും സോഷ്യലിസ്റ്റും ആയിരുന്ന ആചാര്യ നരേന്ദ്ര ദേവിനെ തോൽപ്പിക്കേണ്ടത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അന്തസ്സിന്റെ പ്രശ്നമായിരുന്നു. അതിനുവേണ്ടി അയോധ്യയിൽ ഹിന്ദുക്കളായ സമ്മതിദായകർക്കിടയിൽ മതബോധം ആളിക്കത്തിക്കുന്നതിനു വേണ്ടിയുള്ള പ്രചാരണ രീതിയാണ് കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഭാവിയിൽ കോൺഗ്രസിന് വെല്ലുവിളിയായി വളർന്നുവരാവുന്ന ഒരു നേതാവായാണ് പന്ത് നരേന്ദ്ര ദേവിനെ കണ്ടത്. അതിനു വേറെയും കാരണമുണ്ടായിരുന്നു. 1937ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് യുപിയിൽ നല്ല വിജയം ലഭിച്ചു. അന്ന് യുപിയിലെ കോൺഗ്രസിന്റെ പ്രമുഖനായ നേതാവ് നരേന്ദ്ര ദേവായിരുന്നു. അദ്ദേഹം നെഹ്റുവിന്റെ അടുത്ത അനുയായിയുമായിരുന്നു. അന്ന് ആവശ്യപ്പെട്ടാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമായിരുന്നു. പക്ഷേ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങളാരും മന്ത്രി സ്ഥാനം സ്വീകരിക്കേണ്ടതില്ല എന്ന് ആ പാർട്ടി തീരുമാനിച്ചതിനാൽ അദ്ദേഹം അതിൽ നിന്ന് വിട്ടുനിൽക്കുകയാണുണ്ടായത്. ഗവൺമെന്റിൽ പദവികൾ സ്വീകരിക്കുന്നതോടെ പ്രത്യയശാസ്ത്രത്തിലും ധാർമ്മികതയിലും വെള്ളം ചേർക്കപ്പെടാൻ ഇടയുണ്ട് എന്നതായിരുന്നു അവരുടെ അന്നത്തെ ഭയം. നരേന്ദ്ര ദേവിന്റെ ഈ തീരുമാനത്തെ തുടർന്ന് കോൺഗ്രസിൽ രണ്ട് നേതാക്കൾ ഉയർന്നു വന്നു. അതിലൊന്ന് റാഫി അഹമ്മദ് കിദ്വായി ആയിരുന്നു. അദ്ദേഹം അന്നത്തെ കോൺഗ്രസിലെ ഏറ്റവും നല്ല സംഘാടകരിൽ ഒരാളും മതനിരപേക്ഷവാദിയുമായിരുന്നു. മറ്റേയാൾ പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു. നല്ലൊരു രാഷ്ട്രീയതന്ത്രജ്ഞനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അങ്ങനെയാണ് ഗോവിന്ദ് വല്ലഭ് പന്ത് മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയത്.
തുടർന്ന് നടന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ യുപി രാഷ്ട്രീയത്തിൽ മൂന്ന് കേന്ദ്രങ്ങൾ ഉയർന്നുവന്നു. അതിലൊന്ന് നരേന്ദ്രദേവ് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും അവരുടെ ഇടതുപക്ഷ കാഴ്ചപ്പാടും സാമൂഹ്യ, സാമ്പത്തികരംഗങ്ങളിൽ പരിഷ്കരണം ആവശ്യപ്പെടുന്ന അവരുടെ പുരോഗമനപരമായ പരിപാടിയുമായിരുന്നു. മറ്റൊന്ന് റാഫി അഹമ്മദ് കിദ്വായിയുടെ നേതൃത്വത്തിലുള്ള അതിശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള പ്രായോഗികവാദികളായ കോൺഗ്രസ്സുകാരായിരുന്നു. ഗോവിന്ദ് വല്ലഭ പന്തിന്റെ നേതൃത്വത്തിലുള്ളതായിരുന്നു മൂന്നാമത്തെ വിഭാഗം. ഹിന്ദു പുനരുജ്ജീവനവാദത്തിന്റെ അംശങ്ങൾ ഉൾക്കൊള്ളുന്നവരായിരുന്നു ഇവരിൽ ഭൂരിഭാഗവും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ യുപി കോൺഗ്രസിൽ ഈ മൂന്നാം വിഭാഗക്കാർക്കാണ് പിന്നീട് ആധിപത്യം ലഭിച്ചത്. അവർ ആദ്യം ലക്ഷ്യം വെച്ചത് റാഫി അഹമ്മദ് കിദ്വായിയെ തന്നെയായിരുന്നു. ഇന്ത്യാ വിഭജനത്തിന്റെ മറവിൽ ലേശം വർഗീയ വിഷം പുരട്ടിയ പ്രചാരണം നടത്തിയതോടുകൂടി റാഫി അഹമ്മദ് കിദ്വായി ഉത്തർപ്രദേശ് കോൺഗ്രസിൽ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായി. കിദ്വായിയുടെ മതനിരപേക്ഷതയെയാണ് അവർ ചോദ്യം ചെയ്തത്. ഹിന്ദു വർഗീയഅംശങ്ങൾ ഉൾക്കൊണ്ടിരുന്ന യുപിയിലെ കോൺഗ്രസുകാർക്കിടയിൽ എളുപ്പം ചെലവാകുന്ന ഒരു മരുന്നായിരുന്നു അത്.
പക്ഷേ അപ്പോഴും ആചാര്യ നരേന്ദ്രദേവിന്റെ വെല്ലുവിളി ശക്തമായി നിലനിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് സാമാന്യം നല്ല സ്വാധീനം കോൺഗ്രസിനകത്ത് തന്നെ ഉണ്ടായിരുന്നു. കോൺഗ്രസ് വിട്ടെങ്കിലും അദ്ദേഹം നെഹ്റുവിന്റെ അടുത്ത സുഹൃത്തായി തുടർന്നിരുന്നു. അന്ന് നെഹ്റുവും പട്ടേലും കോൺഗ്രസിനകത്ത് വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. പട്ടേലിന്റെ പിന്തുണ ഉത്തർ പ്രദേശിൽ പണ്ഡിറ്റ് പന്തിനായിരുന്നു. കേന്ദ്രത്തിൽ നെഹ്റു- പട്ടേൽ സമവാക്യത്തിൽ എന്തെങ്കിലും മാറ്റം വന്നാൽ അത് ആദ്യം ബാധിക്കുക തന്നെയായിരിക്കും എന്ന് പന്തിന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ വന്നാൽ നെഹ്റു‐ആചാര്യ നരേന്ദ്രദേവിനെ ഉപയോഗപ്പെടുത്തും എന്ന ഭയവും പന്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നരേന്ദ്ര ദേവിനെ പരാജയപ്പെടുത്തുക എന്നത് പന്തിന്റെ വ്യക്തിപരമായ ലക്ഷ്യം കൂടിയായിരുന്നു.
അതിന് ആദ്യമായി അവർ ചെയ്തത് ഫൈസാബാദിൽ സ്ഥാനാർത്ഥിയാവാൻ ഇടയുണ്ടായിരുന്ന സിദ്ധേശ്വരി പ്രസാദിനെ മാറ്റിനിർത്തുക എന്നതായിരുന്നു. എന്നിട്ട് അവർ അവിടെ പകരം സ്ഥാപിച്ചത് ബാബാ രാഘവദാസ് എന്ന സ്ഥാനാർത്ഥിയെ ആയിരുന്നു. ഹിന്ദുക്കൾക്കിടയിലെ മതവികാരം ചൂഷണം ചെയ്യാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയായിരുന്നു ബാബാ രാഘവദാസ്. കോൺഗ്രസിന്റെ ഉത്തർപ്രദേശിലെ ഭാവി വളർച്ചയിൽ ഏറ്റവും നിർണായകമായ ഒരു വഴിത്തിരുവായിരുന്നു ഇത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വർഗീയതയെ ഉപയോഗപ്പെടുത്താൻ കോൺഗ്രസ് ആരംഭിച്ചത് ഇതോടെയായിരുന്നു.
ബാബ രാഘവദാസ് ഒരു കോൺഗ്രസുകാരൻ ആയിരുന്നു എന്നു പറയുന്നതിനേക്കാൾ കൂടുതൽ ഒരു ഹിന്ദു സന്ന്യാസിയായിരുന്നു എന്ന് പറയുന്നതാവും നല്ലത്. അദ്ദേഹം കിഴക്കൻ ഉത്തർപ്രദേശിൽ ആണ് താമസിച്ചിരുന്നത്. അദ്ദേഹത്തെ കൊണ്ടുവന്ന് ഫൈസാബാദിൽ (അയോദ്ധ്യയിൽ) മത്സരിപ്പിക്കാനുള്ള തീരുമാനം ഹിന്ദു യാഥാസ്ഥിതികത്വത്തെ ആചാര്യ നരേന്ദ്ര ദേവിന്റെ യുക്തിവാദത്തിനും ഭൗതികവാദത്തിനും എതിരായി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു.
വൈരാഗികൾ (സന്ന്യാസികൾ) ധാരാളം ജീവിച്ചുവന്നിരുന്ന, നിരവധി രാമജന്മഭൂമികളുണ്ടായിരുന്ന, ഫൈസാബാദിനെ സംബന്ധിച്ചിടത്തോളം ഹിന്ദുമതവികാരം ഉപയോഗപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല സ്ഥാനാർത്ഥിയായിരുന്നു ബാബാ രാഘവദാസ്. നരേന്ദ്ര ദേവിനെ പരാജയപ്പെടുത്തേണ്ടത് തന്റെ ഭാവിക്ക് അത്യാവശ്യമാണെന്ന് കണ്ട പണ്ഡിറ്റ് പന്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പലപ്രാവശ്യം ഫൈസാബാദ് സന്ദർശിക്കുകയും ഹിന്ദു തീവ്രവാദ സ്വഭാവമുള്ളവരുടെ വികാരമാളിക്കത്തിക്കുന്നതിനുതകുന്ന പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. ആചാര്യ നരേന്ദ്ര ദേവ് ഒരു നിരീശ്വരവാദിയാണ് എന്ന കാര്യം അദ്ദേഹം പലവട്ടം ഊന്നിപ്പറഞ്ഞു. നരേന്ദ്ര ദേവിനെതിരായ മറ്റൊരു കുറ്റം അദ്ദേഹം രാമനിൽ വിശ്വസിക്കുന്നില്ല എന്നതായിരുന്നു. കുടുമ മുറിച്ചവനാണെന്നതും നരേന്ദ്ര ദേവിനെ കുറ്റപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ഉപയോഗപ്പെടുത്തപ്പെട്ടു.
മുസ്ലിം വിരുദ്ധവും ഹിന്ദു പക്ഷപാതപരവും ആയിരുന്നു പണ്ഡിറ്റ് പന്തിന്റെ പ്രസംഗങ്ങൾ. 1947 ന്റെ അവസാനത്തോടുകൂടി തന്നെ ഹിന്ദു മഹാസഭക്കാരും പ്രാദേശിക വൈരാഗികളും യോഗം ചേരുകയും ബാബറി മസ്ജിദ് ബലം പ്രയോഗിച്ച്പിടിച്ചെടുക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പാശ്ചാത്തലത്തിൽ അവിടുത്തെ മുസ്ലിം ജനവിഭാഗം കൂടുതൽ ഭയചകിതരായി മാറി. ഹനുമാൻഗ്രാഹിയിലെ മഹന്തായ സീതാറാം ദാസാണ് ഇതിനു മുൻകൈയെടുത്തത്. അയോധ്യയിൽ നിലനിൽക്കുന്ന മതപരമായ തൽസ്ഥിതി തുടരണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകളുമായി നിരവധി മുസ്ലിം പ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചെങ്കിലും അവയിൽ ഒന്നിലും ഉറപ്പു കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല.
ബാബാ രാഘവദാസ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ അദ്ദേഹം ഹിന്ദു യാഥാസ്ഥിതികത്വത്തിന്റെ പ്രതീകമായ തുളസി ഇലകൾ വോട്ടർമാർക്ക് വിതരണം ചെയ്തു. രാമജന്മഭൂമി കയ്യേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു തിരഞ്ഞെടുപ്പു വാഗ്ദാനം. തങ്ങൾ യാഥാസ്ഥിതികരായ ബ്രാഹ്മണരാണ് എന്ന് കാണിക്കാവുന്ന ഒരു അവസരവും രാഘവദാസും പണ്ഡിറ്റ് പന്തും കളഞ്ഞുകുളിച്ചില്ല. എന്തായാലും 1948 ജൂൺ 28ന് ഫൈസാബാദിൽ തിരഞ്ഞെടുപ്പ് നടന്നു. ബാബാ രാഘവദാസിന് 5392 വോട്ടും ആചാര്യ നരേന്ദ്രദേവിന് 4080 വോട്ടും കിട്ടി. പന്തിന്റെ വർഗീയ കാർഡിന് വിജയം നേടാനായി. അത് പിന്നീട് കോൺഗ്രസിനെ എങ്ങനെ ബാധിച്ചു എന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്തായാലും ഹിന്ദു വർഗീയവാദികൾക്ക് അതൊരു പാഠമായിരുന്നു. മതവിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയാൽ വിജയം നേടാനാവും എന്ന് അവർക്ക് ബോധ്യപ്പെട്ടു. തുടർന്ന് അയോധ്യയെ മതപരമായി എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടത് എന്ന് ബാബാ രാഘവദാസിന്റെ വിജയത്തിൽ നിന്ന് ഉൾക്കൊണ്ട പാഠം അവർ ഉപയോഗപ്പെടുത്തി.
അതിന്റെ തുടർച്ചയാണ് ജനുവരി 22ന് തുറന്നുകൊടുക്കുന്ന അയോധ്യയിലെ രാമക്ഷേത്രം. ♦