Sunday, April 28, 2024

ad

Homeലേഖനങ്ങൾആഗോള കായിക ഉച്ചകോടിയും കായിക സമ്പദ് വ്യവസ്ഥയുടെ വികാസവും

ആഗോള കായിക ഉച്ചകോടിയും കായിക സമ്പദ് വ്യവസ്ഥയുടെ വികാസവും

ഡോ. പി ടി അജീഷ്

സുസ്ഥിര വികസന പാതയിൽ പുതുപ്രതീക്ഷകളോടെ കായിക കേരളം

കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാകുന്നതിനുള്ള നൂതനവികസന മാതൃകയുടെ പട്ടികയിൽ കായിക സമ്പദ് വ്യവസ്ഥയെക്കൂടി കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കായിക മേഖലയിലെ വിവിധ ഘടകങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് സാമ്പത്തിക സ്രോതസ് സൃഷ്ടിക്കുകയും കായിക വികസനത്തിനുവേണ്ടി അത് വിനിയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനാണ് കായിക സമ്പദ് വ്യവസ്ഥയിൽ മുഖ്യ പ്രാധാന്യം നൽകുന്നത്.കായികപരമായ പുരോഗതി കൈവരിക്കുന്തോറും മാനവീകതയുടെ വളർച്ചയെയും സമാനനിലയിൽ ഉയർത്തിക്കൊണ്ടുവരാനും ഇതിലൂടെ ഉദ്ദേശിക്കുന്നു.ഇന്ത്യയുടെ കായിക വളർച്ചയിൽ നിർണായക സംഭാവന നൽകിയിട്ടുള്ള സംസ്ഥാനമാണ് കേരളം. വികസിത നവലോകനിർമ്മിതിക്കുവേണ്ടി ബദലുകൾ സൃഷ്ടിച്ചുമുന്നോട്ടുപോകുന്ന കേരളം അന്തർദേശീയ കായിക ഉച്ചകോടിക്ക് ആതിഥ്യമരുളുന്നു. 2024 ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബ് ആണ് ഈ ആഗോള പരിപാടിക്ക് വേദിയാകുന്നത്. “ശരിയായ കായിക മനോഭാവത്തിലൂടെ സാമൂഹിക പരിവർത്തനം” എന്നതാണ് കായിക ഉച്ചകോടിയുടെ മുഖ്യ തീം. ഇന്ത്യൻ കായിക മേഖലയിലെ സൂപ്പർ ശക്തിയായി കേരളത്തെ മാറ്റുക എന്നത് ഉച്ചകോടിയുടെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളം ആദ്യമായാണ് ഒരു അന്തർദേശീയ കായിക ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ പരിപൂർണ്ണമായ ഏകോപനത്തോടുകൂടിയാണ് ഈ ഉച്ചകോടിയുടെ നടത്തിപ്പ്. ലോകത്തിനുപരിചിതമായതും അല്ലാത്തതുമായ കായിക വികസിത സാധ്യതകളെ പരിചയപ്പെടുത്തുകയും കേരള സാഹചര്യത്തിൽ ഇവ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ആഗോള ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനം പുതുതായി വിഭാവനം ചെയ്തിട്ടുള്ള കായിക നയത്തിലൂടെ നടപ്പിലാക്കുവാൻ ആലോചിക്കുന്ന പദ്ധതികളിൽ സ്വകാര്യ മേഖലയിലെ നിക്ഷേപകരെക്കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുന്നതിനും മികച്ച കായിക പശ്ചാത്തല സൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതും ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നു. പങ്കാളികളും നിക്ഷേപകരും കായിക വിദഗ്ധരും ഉൾപ്പെടെ 50000 ത്തോളം പ്രതിനിധികളുടെ പങ്കാളിത്തമാണ് ആഗോള ഉച്ചകോടിയിൽ പ്രതീക്ഷിക്കുന്നത്. അന്തർദേശീയ മേഖലയിൽ നിന്നുള്ള പ്രാസംഗികർ , സ്റ്റാർട്ടപ്പുകൾക്കും മൈക്രോ ഇവന്റുകൾക്ക് നേതൃത്വം നൽകുന്ന പ്രൊഫഷണൽസ് തുടങ്ങിയവർ ഈ മെഗാ ഇവന്റിന്റെ ഭാഗമാകുന്നു. ഫലപ്രദമായ സംവാദങ്ങളിലൂടെയും ക്രിയാത്മകമായ ചർച്ചകളിലൂടെയും പങ്കുവയ്ക്കപ്പെടുന്ന നൂതനമായ ആശയങ്ങൾ കേരളത്തിലെ ഭാവി കായിക സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്ക് ചാലക ശക്തിയായി മാറുമെന്നാണ് പ്രതീക്ഷ. അക്കാദമിക സെഷനുകൾ, ബിസിനസ് കോൺക്ലേവ്, സ്പോർട്സ് എക്സിബിഷൻ, ഡെമോൺസ്ട്രേഷനുകൾ,തീംപ്രസന്റേഷനുകൾ, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, നൂതനമായ സ്റ്റാർട്ടപ്പുകളുടെ അവതരണങ്ങൾ, നവീന കായിക ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനം എന്നിവ ഉൾപ്പെടെ വളരെ ബൃഹത്തായ രീതിയിലാണ് കായിക ഉച്ചകോടിയുടെ സംഘാടനം ആസൂത്രണം ചെയ്തിട്ടുള്ളത്. പങ്കെടുക്കുവാൻ താല്പര്യമുള്ള വ്യക്തികൾക്ക് നേരിട്ടോ ഓൺലൈൻ രീതിയിലൂടെയോ ഈ ബ്രഹദ് സംരംഭത്തിന്റെ ഭാഗമാകുവാൻ കഴിയും. സ്പോർട്സ് ഇക്കോണമി, സ്പോർട്സ് ഇൻഡസ്ട്രി, വെൽനെസ് ലീഗുകളും ചാമ്പ്യൻഷിപ്പുകളും, ഗ്രാസ്റൂട്ട്സ് ഡെവലപ്മെൻറ്, അക്കാദമികളും ഹൈ പെർഫോർമൻസ് സെന്ററുകളും, ഇ സ്പോർട്സ്, സ്പോർട്സ് സയൻസ്, ടെക്നോളജി ആൻഡ് സ്പോർട്സ് എൻജിനീയറിംഗ്, തദ്ദേശീയ കായിക രൂപങ്ങൾ തുടങ്ങിയവയാണ് പ്രധാന കോൺഫറൻസ് തീമുകൾ.ഉച്ചകോടിക്ക് മുന്നോടിയായിട്ടുള്ള ജില്ലാതല സമ്മിറ്റുകള്‍ പൂർത്തിയായിട്ടുണ്ട്. തുടർന്നുള്ള പഞ്ചായത്ത്, മുനിസിപ്പല്‍തല മൈക്രോ സമ്മിറ്റുകള്‍,കായിക വിഭവശേഷി മാപ്പിങ് പ്രക്രിയ എന്നിവ നടന്നുവരികയാണ്.

പരമ്പരാഗതമായ കായിക രീതികളും ആധുനിക കായിക മത്സരയിനങ്ങളും ഉൾച്ചേർന്നുകൊണ്ട് സവിശേഷമായ സമന്വയത്തിലൂടെ ഊർജ്ജസ്വലവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ പാരമ്പര്യമാണ് കേരളത്തിന്റെ കായിക ആവാസവ്യവസ്ഥയ്ക്കുള്ളത്. വൈവിധ്യമാർന്ന ഈ സംവിധാനത്തെ കാര്യക്ഷമമായ രീതിയിൽ പരിപോഷിപ്പിക്കുന്നതിലൂടെ പുതുതലമുറയെ പ്രചോദിപ്പിച്ചുകൊണ്ട് ലോകത്തിനുതന്നെ മാതൃകയാകുന്നനിലയിലുള്ള നിരവധി താരങ്ങളെ സംഭാവന ചെയ്യുവാൻ നമുക്ക് സാധിക്കും. കായികപാരമ്പര്യത്തോടുള്ള ആദരവിനൊപ്പം ആധുനിക കായിക ഇനങ്ങളുടെ ശക്തികേന്ദ്രമാകുവാൻ കേരളത്തിന്റെ കായിക ആവാസവ്യവസ്ഥയിൽ വലിയ സാധ്യതകൾ ഉണ്ട്.നിലവിലുള്ള വെല്ലുവിളികളെ തിരിച്ചറിയുകയും തരണം ചെയ്യുകയും ചെയ്യുന്നതോടൊപ്പം കേരളത്തിന്റെ ഭാവി ചാമ്പ്യരെ പരിപോഷിപ്പിക്കുവാനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും സമഗ്രതയും മികവും ഉൾക്കൊള്ളുന്ന കേരളത്തിലെ കായിക സംസ്കാരത്തിനാകും. 1919 ൽ ആധുനിക ഒളിമ്പിക്സിന്റെ ഉപജ്ഞാതാവായ ബാരൻ പിയറി ഡി കുബർട്ടിൻ ആവിഷ്കരിച്ച ‘എല്ലാവർക്കും സ്പോർട്സ്’ (Sports for all) എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കുവാൻ ഉതകുന്ന പദ്ധതികൾ നടപ്പിലാക്കി വരുന്ന സംസ്ഥാനമാണ് കേരളം. തൊഴിലാളികളും യുവാക്കളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കായികവിനോദം ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. കായിക സമ്പദ്ഘടന മെച്ചപ്പെടുത്തിക്കൊണ്ട് സമാനതകളില്ലാത്ത കായിക വികസനം സംസ്ഥാനത്ത് എത്തിക്കുകയാണ് ആഗോള ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. ആയുർവേദം, കളരിപ്പയറ്റ് പോലുള്ള കേരളത്തിന്റെ തനത് സമ്പത്തുകളുടെ സാന്നിധ്യം കായിക ആവാസവ്യവസ്ഥയ്ക്ക് വേറിട്ട സാംസ്കാരികമാനം നൽകുകയും അന്താരാഷ്ട്ര താല്പര്യത്തെ ആകർഷിക്കുകയും ടൂറിസം മേഖലയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

കായിക മേഖലയുടെ ജനാധിപത്യ സ്വഭാവം, ജനകീയത, സാർവത്രികത, സമത്വം, ബഹുസ്വരത, നീതി എന്നിവയെ പൊതുസവിശേഷതയായി കണ്ടുകൊണ്ടുള്ള വികസന നയത്തെയും രൂപരേഖയെയുമാണ്‌ സ്വാഗതം ചെയ്യേണ്ടത്.കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പ്രധാനമായും സേവനമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഉൾപ്പെടുന്നത്.കേരളം മുന്നോട്ടുവയ്ക്കുന്ന പുരോഗമനാത്മക കാഴ്ചപ്പാടിൽ കായിക മേഖലയിലെ ഓരോ ഘടകങ്ങളെയും സാധ്യതകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസന പുരോഗതിയും പ്രതീക്ഷിക്കണം. കായിക മേഖലയിലെ ഓരോ വാണിജ്യ സാധ്യതകളെയും പ്രയോജനപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന വരുമാനത്തിലൂടെ കായിക സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുവാൻ കഴിയണം. അതിനുവേണ്ടി കായിക മേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ നിക്ഷേപ സാധ്യതകളെയും വിഭവങ്ങളെയും പരമാവധി പ്രയോഗവത്കരിക്കുന്നതിലൂടെ ധനവിഭവസമാഹരണശേഷി രൂപപ്പെടുത്തിയെടുക്കുവാനുള്ള ഫലപ്രദമായ ശ്രമം സമൂഹത്തിലെ എല്ലായിടങ്ങളിൽനിന്നും ഉണ്ടാകേണ്ടതുണ്ട്. ആഗോള കായിക രംഗം കേവലം മത്സരത്തിനും വിനോദത്തിനും അപ്പുറത്തേക്കുള്ള വിശാലമായ തലത്തിലേക്ക് മുന്നേറുകയാണ്. സമീപ ദശകങ്ങളിൽ ഈ വ്യവസായം ദ്രുതഗതിയിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കും. അതിനാൽ സ്പോർട്സ് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. വരുംവർഷങ്ങളിൽ സ്‌പോർട്‌സ് ടീമുകളുടെ ഏറ്റെടുക്കൽ, ലീഗ് പങ്കാളിത്തം, മീഡിയ കരാറുകൾ, നിർമ്മാണ മേഖല, പരസ്യം, സംപ്രേക്ഷണ അവകാശം,ഉപകരണ വിൽപ്പന തുടങ്ങി കായിക വ്യവസായത്തിന്റെ വിവിധ തലങ്ങളിൽ ഗണ്യമായ നിക്ഷേപം ആകർഷിക്കുവാൻ സാധിക്കും. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചയിൽ ഗണ്യമായ സംഭാവന ചെയ്യാൻ കഴിവുള്ള സമ്പൂർണ സമ്പദ്‌വ്യവസ്ഥയായി കായിക മേഖല ഘട്ടം ഘട്ടമായി വളരുമെന്നുറപ്പാണ്.

കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ ടൂർ ഡി കേരള സൈക്ലത്തോണും റോഡ് ഷോയും ആഗോള കായിക ഉച്ചകോടിയുടെ ഭാഗമായി നടന്നുവരികയാണ്. ജനുവരി 12ന് ആരംഭിച്ച ഈ പരിപാടികൾ 23ന് തിരുവനന്തപുരത്ത്‌ സമാപിക്കും. ‘കേരളം ഒരുമിച്ച് ഒരൊറ്റ ലക്ഷ്യത്തിലേക്ക്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കെ -വാക്ക് എന്ന മെഗാ വാക്കത്തോണും തനത് കായിക രൂപങ്ങളെ ആസ്പദമാക്കിയുള്ള ഹൈബ്രിഡ് ക്യാമ്പയിനും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ‘എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും കായിക ക്ഷമത’ എന്ന മുദ്രാവാക്യവുമായാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കലാകായിക രൂപങ്ങൾ സമന്വയിക്കുന്ന സാംസ്കാരിക പ്രകടനവും കായികം പ്രധാന പ്രമേയമായ മ്യൂസിക് പ്രകടനവും ഉണ്ടാകും. വിവിധ കായിക വിഷയങ്ങളെ അധിഷ്ഠിതമായി ആസൂത്രണം ചെയ്തിട്ടുള്ള കായിക വെബിനാർ പരമ്പര നടന്നുവരികയാണ്. കായിക വികസനവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം നൂതന പദ്ധതി നിർദ്ദേശങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നു. കായികരംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും ഉച്ചകോടി യിലൂടെ ലക്ഷ്യം വയ്ക്കുന്നു. കേരളത്തിലെ കായിക മേഖലയിൽ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താല്പര്യമുള്ള മുഴുവൻ സ്ഥാപനങ്ങളും വ്യക്തികളും ഉച്ചകോടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിവർത്തനാത്മക കായിക ആവാസ വ്യവസ്ഥയിൽ വികസിതമാകുന്ന കായിക സമ്പദ്ഘടന കായികമേഖലയുടെ വളർച്ചയ്ക്കും വികാസത്തിനുംവേണ്ടി നിരന്തരം പ്രവർത്തിക്കുകയും സംഭാവന നൽകുകയും ചെയ്യുന്ന വിവിധ ഘടകങ്ങളുടെ പരസ്പര ബന്ധിതമായ ശൃംഖലയാണ് കായിക ആവാസ വ്യവസ്ഥ. ഇത് ചലനാത്മകവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതും നവീകരിക്കപ്പെടുന്നതുമാണ്. സാമ്പത്തികവും സാമൂഹികവും സാങ്കേതികവും സാംസ്കാരികവുമായ വിവിധ ഘടകങ്ങളാൽ ഇതിന്റെ പ്രവർത്തനങ്ങൾ സ്വാധീനിക്കപ്പെടുന്നു. ഇത്തരം ഘടകങ്ങൾ തമ്മിലുള്ള നിരന്തര സഹകരണവും ഇടപെടലും കായിക വ്യവസായത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കും സുസ്ഥിതിയ്ക്കും സംഭാവന നൽകുന്നു. പരസ്പരബന്ധിതമായ ഇത്തരം ഘടകങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമാണ് കായിക ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനടിസ്ഥാനം. ഇതിലൂടെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും വരുമാനം വർദ്ധിക്കുകയും നിക്ഷേപം ധാരാളമായി ആകർഷിക്കുവാൻ സാധിക്കുകയും സാംസ്കാരികവും സാമൂഹികവുമായ നിരവധി നേട്ടങ്ങൾ ഉണ്ടാവുകയും കായിക സമ്പദ്ഘടന രൂപപ്പെടുകയും ചെയ്യുന്നു. ലോക ജി.ഡി.പിയിൽ ഏകദേശം 5% ത്തോളം വരുമാനം ലഭിക്കുന്നത് കായിക സമ്പദ് വ്യവസ്ഥയിൽ നിന്നാണ്. ഇന്ത്യൻ കായിക ഉൽപ്പന്നങ്ങളുടെ 60 ശതമാനവും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.കൂടാതെ ഏകദേശം 500,000 ആളുകൾ ഇന്ത്യയിൽ സ്‌പോർട്‌സ് ഉൽപ്പന്ന നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരുന്നു. കായിക ആവാസ വ്യവസ്ഥയുടെ ഭാഗമായി നിലനിൽക്കുന്ന കായിക താരങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സമൂഹത്തിൽനിന്നും സാമ്പത്തിക സ്രോതസ്സുകൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ സാധ്യതകളിലൂടെ കായിക സമ്പദ് വ്യവസ്ഥ വികസിക്കുന്നു. പ്രൊഫഷണൽ കായിക മേഖലയുടെ വിജയത്തിന് മാത്രമല്ല ഗ്രാസ് റൂട്ട് സ്പോർട്സിന്റെ വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും ഇത് ബ്രഹത്തായ സംഭാവന ചെയ്യുന്നു.

കായിക ലോകത്തിന്റെ രൂപീകരണത്തിൽ അശ്രാന്തം പരിശ്രമിക്കുന്ന നിരവധി സ്ഥാപനങ്ങൾ, ഓർഗനൈസേഷനുകൾ,വ്യക്തികൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഇതിൽ ഭാഗമാണ്. ഏറ്റവും സജീവമായി പങ്കാളികളാകുന്ന വ്യക്തികൾ എന്ന നിലയിൽ കായിക താരങ്ങളാണ് കായിക ആവാസവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ടവർ. പരിശീലകർ,വിവിധ ടീമുകൾ, ക്ലബ്ബുകൾ, അടിസ്ഥാന സൗകര്യ വികസനം, മീഡിയ, ആരാധകർ, സാങ്കേതികവിദ്യ സ്പോർട്സ് നിയമ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി പരസ്പരപൂരകമായ പ്രവൃത്തികളിൽ നിരന്തരം ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. കായിക ആവാസവ്യവസ്ഥ ഫലപ്രദവും ശക്തവുമാകുന്നതിലൂടെ സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തുവാൻ സാധിക്കുന്നു. ജനങ്ങളുടെ ആരോഗ്യം,കായികക്ഷമത സാമൂഹിക ബന്ധം എന്നിവ മെച്ചപ്പെടുത്തുവാൻ കഴിയുന്നു. ഒരു മെഗാ കായിക ഇവന്റിന്റെ നിർവ്വഹണത്തിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദേശ മൂലധനത്തിന്റെ സുരക്ഷിതമായ ഒഴുക്കിനും കായികതാരങ്ങളെ സൃഷ്ടിക്കുന്നതിനും കഴിയുന്നു. അങ്ങനെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവന നൽകുന്നതിനും സാധിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 17 =

Most Popular