Sunday, April 28, 2024

ad

Homeലേഖനങ്ങൾഡ്രൈവർമാർക്ക് കടുത്ത ഭീഷണിയുമായി ഭാരതീയ നിയമ സംഹിത

ഡ്രൈവർമാർക്ക് കടുത്ത ഭീഷണിയുമായി ഭാരതീയ നിയമ സംഹിത

അഡ്വ. എ എൻ സന്തോഷ്

ക്കുറി ഹിന്ദി ഹൃദയഭൂമികയിൽ 2024 പുതുവർഷപ്പുലരി പിറന്നത് ട്രക്ക്, ബസ്, ടാങ്കർ ലോറി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരത്തോടെയാണ്. 2021ൽ ഇന്ത്യ കണ്ട കർഷകസമരത്തിന്റെ ഓർമ്മകൾ കേന്ദ്ര സർക്കാരിനെ വേട്ടയാടിയിട്ടാണന്നു തോന്നുന്നു ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ്സിന്റെ സമരം 3 നാൾ പിന്നിട്ട പാടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സമരക്കാരെ വിളിച്ചിരുത്തി ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചത്.

എന്തിനായിരുന്നു സമരം? എന്ന് പരിശോധിച്ചാൽ രണ്ടാം മോദി സർക്കാരിന്റെ അവസാന കാലമായതോടെ കേന്ദ്ര സർക്കാരിന് വെളിപാട് ഉണ്ടായത്രേ! രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ അപ്പാടെ കൊളോണിയൽ ഭരണ കാലത്തെ പഴഞ്ചൻ ശേഷിപ്പുകൾ മാത്രമാണെന്ന്. ഉടനെ തീരുമാനിച്ചു 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമം പേര് മാറ്റി “ഭാരതീയ ന്യായ സംഹിത’ എന്ന് പുനർനാമകരണം ചെയ്യുവാൻ ഒപ്പം നിരവധി വകുപ്പുകൾ മാറ്റിയും തിരുത്തിയും 356 വകുപ്പോടെ ഭാരതീയ ന്യായസംഹിത എന്ന പേരിൽ പുതിയ നിയമം പുറത്തിറങ്ങുകയാണ് വരുന്ന റിപ്പബ്ലിക് ദിന പിറവിയോടെ.

കൊളോണിയൽ ഭരണകാലത്ത് പാസ്സാക്കിയെടുത്ത ക്രിമിനൽ നിയമത്തിൽ പരിഷ് കാരങ്ങളും ഭേദഗതികളും ആവശ്യമുണ്ടെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എന്നാൽ ഈ നിയമപരിഷ്കാരങ്ങൾ രാജ്യത്തെ പൗരജനങ്ങൾക്ക് പ്രയോജനപ്രദമായ ഒന്നായിരിക്കുകയും വേണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റങ്ങളുടെ നിർവചനത്തിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പെടെ നിരീക്ഷിച്ചാൽ യഥാർത്ഥത്തിൽ ഈ നിയമം പിന്തിരിപ്പൻ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിന് സുഗമമായ പരവതാനി ഒരുക്കുവാനുള്ളതാണന്നു കാണാം. പുതിയ നിയമത്തിന്റെ ഉള്ളടക്കത്തിൽ തന്നെ അങ്ങേയറ്റം ജനവിരുദ്ധമായതു കൊണ്ടു തന്നെയാണ് ട്രക്ക്, ബസ്, ടാങ്കർ മുതലാളിമാർക്കും തൊഴിലാളികൾക്കും അത്തരത്തിൽ ഒരു സമരത്തിന് തയ്യാറാവേണ്ടി വന്നതും.

പുതിയ ശിക്ഷാനിയമം പ്രാബല്യത്തിൽ വരുന്നതോടെ ട്രക്ക്, ബസ്, ടാങ്കർ ഡ്രൈവർ മാത്രമല്ല നിരത്തിലൂടെ വാഹനം ഓടിക്കുന്ന ഏതൊരു ഡ്രൈവറെ സംബന്ധിച്ചും തികച്ചും ഭീതിയും ആശങ്കയും ഉണ്ടാക്കുന്നതാണ് നിലവിലുള്ള 304 (A) വകുപ്പിനു പകരമായി ചേർത്തിട്ടുള്ള 106 വകുപ്പ്. ഈ വകുപ്പ് പ്രകാരം അപകട മരണത്തിന് കാരണക്കാരനായയാൾക്ക് 304 (A) നിഷ്കർഷിച്ചിരുന്ന 2 വർഷം തടവ് എന്ന ശിക്ഷാ കാലയളവ് ബി.എൻ.എസ് വകുപ്പ് 106 ആകുന്നതോടെ 5 വർഷമായി ഉയരുന്നു എന്നതാണ്. എന്നാൽ ടി അപകട വിവരം പോലീസിനെയോ ബന്ധപ്പെട്ട മറ്റ് അധികൃതരെയോ അറിയിക്കാതെ “ഇടിച്ചിട്ട് ഓടി കളയുകയും” (hit and run) ഇര മരണപ്പെടുകയും ചെയ്താൽ അത്തരം കേസുകളിൽ തടവ് 10 വർഷം വരെയും പിഴ 7 ലക്ഷം രൂപയായും നൽകേണ്ടി വരുകയും ചെയ്യും. അതായത് തന്റേതല്ലാത്ത കാരണത്താൽ സംഭവിക്കുന്ന മന.പൂർവ്വമല്ലാത്ത നരഹത്യക്ക് പോലും നിലവിൽ 2 വർഷം തടവ് എന്നത് 5 വർഷമായി വർധിക്കുന്നു.ഇതാണ് ട്രക്ക് ഉടമകളെയും ഡ്രൈവർമാരെയും പൊടുന്നനെ സമരരംഗത്തേക്ക് ഇറങ്ങി തിരിക്കുന്നതിന് പ്രേരകമായത്. ഇത്തരം ശിക്ഷാ സമ്പ്രദായം നടപ്പാക്കുമ്പോൾ ഡ്രൈവർമാർ ഈ തൊഴിൽ തന്നെ ഉപേക്ഷിച്ച് പോകാൻ കാരണമാകുമെന്ന ട്രക്ക്, ടാങ്കർ ഉടമകളുടെ വാദത്തെയും ഇത് ഡ്രൈവർ തൊഴിൽ എടുക്കുന്നവരെ സാമ്പത്തികമായി പാപ്പരീകരിക്കുന്നതാണന്ന വാദത്തെയും തള്ളികളയാനാവില്ല. അതുപോലെ യാദൃച്ഛികമായി സംഭവിക്കുന്ന ഇത്തരം അപകടത്തെ തുടർന്ന് വാഹനം നിർത്തി നിയമ പ്രകാരമുള്ള കടമ നിർവഹിക്കാൻ തുനിഞ്ഞാൽ അപകടത്തിന് ഹേതുവായ ഡ്രൈവർ പലപ്പോഴും ആൾക്കൂട്ട ആക്രമണത്തിനും മറ്റും ഇരയാകുന്ന സാഹചര്യങ്ങളും നിരവധിയാണ്. ഇത്തരം സാഹചര്യങ്ങൾ കൂടിയാണ് ഹിറ്റ് ആന്റ് റൺ സാഹചര്യത്തിനും മറ്റും ഇടയാക്കുന്നത് എന്നതും കാണാതിരുന്നുകൂട.

രാജ്യത്ത് വാഹന അപകടങ്ങളും അപകട മരണ നിരക്കും വർധിക്കുന്നതിന് നിരവധി കാരണങ്ങൾ പൊതുവായുണ്ട്. ദേശീയവും അന്തർദേശീയവുമായ നിരവധി പഠന ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കുക, ഡ്രൈവറുടെ അശ്രദ്ധ, ഹെൽമറ്റും സീറ്റ് ബൽറ്റും ധരിക്കാതിരിക്കുക, ലൈൻ ട്രാഫിക് ധിക്കരിച്ചുള്ള ഓവർ ടേക്കിംഗ്, റോഡിന്റെ മോശം സ്ഥിതിയും വളവുകളും തിരിവുകളും എന്നിങ്ങനെ പൊതുവായ നിരവധി കാരണങ്ങൾ വർധിച്ചു വരുന്ന വാഹന അപകടങ്ങൾക്കും അപകട മരണ നിരക്കിനും ഹേതുവാകുന്നു. നിരന്തരമായ ബോധവത്കരണത്തിലൂടെയും ശാസ്ത്രീയമായ രീതികൾ അവലംബിച്ചും റോഡ് അപകടങ്ങൾ കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിക്കുക എന്നത് തന്നെയാണ് അഭികാമ്യം. വാഹന അപകടങ്ങൾക്കും, ഹിറ്റ് ആന്റ് റൺ സംഭവങ്ങൾക്കും ഇടയാക്കുന്ന സാഹചര്യങ്ങൾ എന്ത് കൊണ്ടു ഉണ്ടാകുന്നു എന്നും അതിനെ പ്രതിരോധിക്കുവാനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ എന്തെന്നും തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുന്നതിന് പകരം രാജ്യത്തെ പൗരന് താങ്ങാൻ ആവാത്ത തടവും പിഴയും ചുമത്തി വാഹന അപകടവും മരണനിരക്കും കുറക്കാമെന്ന് വിചാരിക്കുന്നത് പരിഷ്കൃത ജനസമൂഹത്തിന് യോജിച്ചതല്ല.

റോഡ് ഗതാഗതമന്ത്രാലയം 2022-ൽ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 4,61,312 റോഡപകടങ്ങൾക്കും അതിലൂടെ 1,68,491 പേരുടെ മരണത്തിനും 4,43,366 പേർ ഗുരുതരമായ പരിക്കുകൾക്ക് വിധേയരായി എന്നുമാണ്. ഇത് തൊട്ടു മുൻ വർഷത്തെക്കാൾ ശതമാനത്തിന്റെ വർധിച്ച കണക്കാണെന്നും പറയുന്നു. ഇത് ആഗോള റോഡപകട സ്ഥിതിവിവരക്കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഭീതിജനകം തന്നെയാണ്. ഇന്ത്യയിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി റോഡ് സൗകര്യം വർധിക്കുന്നില്ല. ഇത് വാഹന അപകടങ്ങളുടെ എണ്ണവും അപകട മരണ നിരക്കും വർധിക്കാൻ ഇടവരുത്തുന്നുണ്ട്. അതുകൊണ്ട് കേവലം തടവ് ശിക്ഷാ കാലയളവും പിഴയും വർധിപ്പിച്ച് വാഹന അപകടങ്ങൾ എങ്ങിനെയാണ് കുറയ്ക്കാനാകുക? അപകടങ്ങൾ എന്നത് യാദൃശ്ചികമായി സംഭവിക്കുന്നതാണ്. അത്തരം യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞായിരിക്കണം ഇത്തരം കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുവാൻ. അശ്രദ്ധയും അമിതവേഗതയും അപകടഹേതുവായി എന്ന് കണ്ടെത്തുന്ന കേസുകളിലാണ് തടവ് ശിക്ഷാ കാലയളവ് 2 വർഷം എന്നതിൽ നിന്നും 5 വർഷമായി വർധിപ്പിക്കുന്നതിനും പിഴശിക്ഷ ഈടാക്കുന്നതിനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന വാഹന അപകടങ്ങളിലും പോലീസ് കുറ്റവാളിയെന്ന് കണ്ടെത്തി പ്രതിപട്ടികയിൽ ചേർക്കപ്പെടുന്ന വ്യക്തി പലപ്പോഴും യഥാർത്ഥത്തിൽ കുറ്റക്കാരനായിരിക്കണമെന്നില്ല. അപകടത്തെ തുടർന്ന് പ്രതിക്ക് ഇരയോടു തോന്നുന്ന അനുകമ്പയും സഹാനുഭൂതിയും വരെ ഇത്തരം കേസുകളിൽ നിരപരാധി ആണങ്കിലും പ്രതിസ്ഥാനത്ത് വരാൻ കാരണമാകാറുണ്ട്.അതുകൊണ്ട് തന്നെ ഈ തടവ് കാലയളവും പിഴയും അമിതമായി വർധിപ്പിച്ചു കൊണ്ടുള്ള ഭാരതീയ ന്യായ സംഹിത അപകടം കുറക്കുന്നതിന് ഉപകരിക്കില്ല.പകരം വാഹന അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന ഇൻഷ്വറൻസ് കമ്പനികൾക്ക് നഷ്ടപരിഹാര ബാദ്ധ്യതയിൽ നിന്ന് മോചനമേകുമെന്നു മാത്രം.

ഒരുവന്റെ പ്രവൃത്തിയിൽ അച്ചടക്കവും (Discipline), ആദരവും (Respect) ബുദ്ധിശക്തിയും (Intelligence) ദീർഘവീക്ഷണവും (Vision) കാര്യക്ഷമതയും (Efficiency) ഉത്തരവാദിത്വവും (Responsibility) അലിഞ്ഞു ചേരുമ്പോഴാണ് അയാൾ ഡ്രൈവർ ആയി മാറുന്നത്. അതാണ് ഡ്രൈവർ എന്ന പദപ്രയോഗത്തിലൂടെ ലക്ഷ്യമാക്കുന്നതും. അതുകൊണ്ട് തന്നെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ മറ്റിതര കുറ്റവാളികളെ പോലെ പരിഗണിക്കുന്ന മനോഭാവത്തിലും മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + 1 =

Most Popular