ഷൈലജ ദേശായിക്ക് താൻ കൗമാരകാലം ചെലവിട്ട കൊങ്കൺ തീരദേശ ഗ്രാമമായ വെങ്കുർലായിലേക്ക് ഇരുപത്തെട്ട് വർഷങ്ങൾക്കുശേഷം പോകാനുള്ള ഉൾപ്രേരണ എങ്ങനെയുണ്ടായി? നാം മൂവർ എന്നു പരിഭാഷപ്പെടുത്താവുന്ന Three of us എന്ന ഹിന്ദി സിനിമ അന്വേഷിക്കുന്നത് ഈ വിഷയമാണ്. ഈ ചിത്രത്തെ ഹിന്ദി സിനിമ എന്നു വിളിക്കുന്നതിനേക്കാൾ ഹിന്ദിയിലെടുത്ത മറാത്തി ചിത്രം എന്നു വിളിക്കുന്നതായിരിക്കും ഏറെ നല്ലത്. ഷെഫാലി ഷാ, ജയ്‌ദീപ് അഹൽവാദ്, സ്വാനന്ദ് കിർക്കിരെ എന്നീ അതുല്യ അഭിനേതാക്കൾ ജീവിച്ചുതീർത്ത മൂന്ന് കഥാപാത്രങ്ങളുണ്ട് ഈ സിനിമയിൽ മുഖ്യ കഥാപാത്രങ്ങളായി. മുംബൈയിലെ ഫാമിലി കോർട്ടിൽ കൗൺസിലിങ് നടത്തുന്ന ഷൈലജ ദേശായി അവരുടെ ഭർത്താവും ഇൻഷ്വറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ദീപാങ്കർ, ഷൈലജയുടെ കൗമാരകാല പ്രണയപ്രകാശമായ പ്രദീപ് കമ്മത്ത് എന്നിവരുടെ ബന്ധങ്ങൾ മഹാരാഷ്‌ട്രയിലെ കൊങ്കൺ പ്രദേശത്തുള്ള വെങ്കുർലാ എന്ന അർധനഗരമെന്നോ അർധഗ്രാമമെന്നോ വിളിക്കാവുന്ന ഒരിടത്ത് നിഴൽ പരത്തുമ്പോഴാണ് പ്രേക്ഷക മനസ്സ് പതുക്കെ പതുക്കെ നീറാൻ തുടങ്ങുന്നത്.
ഷൈലജ ദീപാങ്കറിനോട് തനിക്ക് വെങ്കുർലയിലേക്ക് പോകണമെന്നു പറയുമ്പോൾ അയാൾ ചോദിക്കുന്നത് നീ നാഗ്‌പൂരിൽ നിന്നുള്ളവൾ അല്ലേ എന്നാണ്. അവർ തമ്മിലുള്ള ദൂരത്തെ ഇത് സൂചിപ്പിക്കുന്നു. കുടുംബ കോടതിയിലെ കൗൺസിലർ ആണെങ്കിലും ഷൈലജ ഇന്ത്യയിലെ മിക്ക സ്‌ത്രീകളെയും പോലെ വീട്ടിലെ ജോലിക്കാരിയാണ്. ഷൈലജയെ നാം കാണുമ്പോൾ അവൾ വീട്ടുജോലികൾ നിശബ്ദമായി ചെയ്‌തുതീർക്കുകയാണ്. കറിക്ക് അൽപം ഉപ്പ് കുറവായി എന്നു തോന്നുമ്പോൾ ഇന്ത്യയിലെ മിക്ക ആണുങ്ങളെയുംപോലെ ‘ഉപ്പ്’ എന്ന് പറയുകയും അവൾ തീൻമേശയിൽനിന്ന് എഴുന്നേറ്റു പോയി ഉപ്പെടുത്ത് കൊടുക്കുകയുമാണ്.
പ്രതീക്ഷാനിർഭരമാണ് ഷൈലജയുടെയും ദീപാങ്കറിന്റെയും വെങ്കുർലയിലേക്കുള്ള തീവണ്ടിയാത്ര. ബാഹ്യദൃശ്യങ്ങളിൽനിന്നും സഹയാത്രികരുടെ ചലനങ്ങളിലേക്കാണ് ഫ്രെയിമുകൾ പ്രകാശമാനമാകുന്നത്. സഹയാത്രികരായ കുഞ്ഞുങ്ങളോട് ഇരുവർക്കുമുള്ള സമീപനത്തിൽനിന്നും അവർ അടുത്തിരിക്കുന്നതുപോലെ തന്നെ എത്രയോ അകലെയാണിരിക്കുന്നത് എന്നും നമുക്ക് ബോധ്യമാകും.
മങ്ങിയ ഓർമകളാണ് ഷൈലജക്ക് താൻ തന്റെ കൗമാരകാലത്ത് കുറച്ചു വർഷങ്ങൾ ചെലവിട്ട വെങ്കുർലായെപ്പറ്റിയുള്ളത്. ടൗണിലെത്തി സ്‌കൂളിലേക്ക് വഴിചോദിക്കുമ്പോൾ ഇരുവരുടെയും ചലനവേഗങ്ങൾ വ്യത്യസ്‌തമാകുന്നു. അർധനിദ്രാവസ്ഥയിലെന്നപോലെ അവൾ ഓർമകളുടെ തീരത്തേക്ക് മുഴുകിപ്പോകുകയാണപ്പോൾ.
പത്താം ക്ലാസിൽ മൂന്നാം റാങ്ക് നേടിയ പ്രദീപിന്റെ പേര് ഷൈലജ സ്‌കൂൾ ബോർഡിൽ കാണുന്നുണ്ട്. പ്രദീപിനെ കാണുക അവൾക്ക് അത്രയും പ്രധാനപ്പെട്ടതാണ്. പണ്ട് അവൾ താമസിച്ച വീട്ടിലേക്കുള്ള വഴിയിൽവച്ച് അവൾ പരശുറാം എന്ന പഴയ സഹപാഠിയുടെ വീട്ടിലേക്കൊന്നു പാളിനോക്കി, നടന്നകലുന്നു. അപ്പോൾ ‘ഷൈലൂ’ എന്ന് വിളിച്ച് ഓടിയെത്തിയവൾ ‘ഗൗരി’യെന്ന പഴയ കൂട്ടുകാരി. നിനക്കായി എത്രയോ കാലം ഞാനീ വഴിയിലേക്ക് നോക്കിയിരുന്നില്ലേ എന്നവൾ അതിശയപ്പെടുന്നു.
പ്രദീപ് ഇന്ന് ബാങ്ക് മാനേജരാണ്. സ്വന്തം നാട്ടിൽ തന്നെ. ഒരു തീൻമേശയ്‌ക്ക് ഇരുവശത്തും അവരെയിരുത്തി ദീപാങ്കർ ഇൻഷ്വറൻസിലേക്ക് വഴുതിവീഴുമ്പോൾ ഷൈലജയ്‌ക്കും പ്രദീപിനും വാക്കുകൾ നഷ്ടമാകുന്നു. മിഴികളിലേക്ക് അവൾ ഒന്നും പകർന്നു നൽകുന്നുമില്ല. ഏന്തോ ഒരു വിങ്ങൽ അവരുടെ തൊണ്ടയിൽ കുടുങ്ങുന്നു. ഷൈലജ ഇപ്പോൾ മധ്യവയസ്‌കയായ സ്‌ത്രീയല്ല. കൗമാരക്കാരിയാണ്. ലജ്ജയോടെയും അടക്കാനാകാത്ത കൗതുകത്തോടെയുമാണവൾ എല്ലാം കാണുന്നത്. അപ്പോളവൾ പഴയ ഷൈലുവാണ്.
പ്രദീപ് തന്റെ കൗമാരകാല പ്രണയതാൽപര്യം ഇരുപത്തെട്ടു വർഷങ്ങൾ താണ്ടി തന്നെ തേടിയെത്തിയ വിവരം ഭാര്യ സരികയോട് പറയുമ്പോൾ അവൾ കയർക്കുന്നില്ല, ചീർക്കുന്നുമില്ല. ഷൈലജയുടെ ഓർമകൾക്ക് കൂട്ടുപോകാൻ തന്റെ പങ്കാളിയോട് പറയുകയാണവൾ.
ഷൈലജയും പ്രദീപും പഴയ ഓർമസ്ഥലങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ വിദൂരതയിൽ ഒരു കാഴ്‌ചക്കാരനായി ദീപാങ്കറുണ്ട്. പ്രണയം മനുഷ്യരോട് എന്താണ് ചെയ്യുന്നതെന്നറിയാൻ നാം കുറഞ്ഞപക്ഷം ഈ സിനിമ കാണുകയെങ്കിലും വേണം. അവളാകെ പൂത്തുലയുന്നു. ചിരി അവളിലേക്ക് മടങ്ങിയെത്തുന്നു. താൻ പാർത്തിരുന്ന വീടിന്റെ ഉള്ളകങ്ങളിൽ വച്ച് ഓർമകൾ തിരിച്ചുപിടിച്ച് ചെപ്പിനുള്ളിൽ അടയ്‌ക്കാൻ നോക്കുന്നു. കാരണം ഓർമകൾ അവളിൽനിന്നും ഇറങ്ങിപ്പോവുകയാണ്. ഒന്നൊന്നായി മാഞ്ഞുപോകുന്ന അക്ഷരങ്ങൾ പോലെ ചിലപ്പോൾ ഭൂതകാലവും എന്തിന് താനാരെന്നു തന്നെയും അവൾ ഇനി ഓർത്തെന്നു വരില്ല. ഓർമനാശം അവളുടെ സഹസഞ്ചാരിണിയാണ്. എപ്പോൾ വേണമെങ്കിലും ഓർമനാശം അവൾക്ക് മുമ്പേ നടന്നേക്കാം.
പ്രദീപ് എന്ന എഴുത്തുകാരൻ വളർച്ച മുരടിച്ച മരംപോലെ കഴിയുകയായിരുന്നു. ഷൈലജയുടെ സ്‌പർശം അയാളുടെ കവിതകളുടെ ചിമിഴ് തുറന്നുകൊടുക്കുന്നു.
നീ എന്നോടൊപ്പം ഇത്ര സന്തോഷിച്ചിട്ടില്ലല്ലോ എന്ന് ദീപാങ്കർ പരിഭവിക്കുമ്പോൾ നാം ഒന്നിച്ചങ്ങനെ സങ്കടപ്പെട്ടിട്ടുപോലുമില്ലല്ലോ എന്നാണവൾ പ്രതികരിക്കുന്നത്. എനിക്കുതന്നെ അറിയാത്ത ഷൈലജയെയാണ് ഞാൻ അന്വേഷിക്കുന്നതെന്ന മറുപടി ആ സഹയാത്രികന്റെ സന്ദേഹങ്ങൾക്ക് വിരാമമുണ്ടാക്കുന്നു.
അവിനാശ് അരുൺ എന്ന സംവിധായകൻ സിനിമ എന്ന കാഴ്‌ചയെ അതിന്റെ ദർശനപരവും മനുഷ്യകേന്ദ്രീകൃതവുമായ സമീപനംകൊണ്ട് തിളക്കമാർന്നതാക്കി. വെങ്കുർലയെന്ന ചെറുപട്ടണത്തിലെ ആളൊഴിഞ്ഞ വീഥികൾ തകർന്ന മതിലുകൾ, മേൽക്കൂര പൊളിഞ്ഞ പോർച്ചുഗീസ് മാതൃകയിലുള്ള വീടുകൾ, ആകാശത്തേക്ക് കൈകളുയർത്തി നിൽക്കുന്ന തെങ്ങുകൾ, ലജ്ജാവതികളായ കവുങ്ങുകൾ, ഇടവഴികൾ, ആരാധനാലയങ്ങൾ.. ഇവയൊക്കെയും ഷൈലജ എന്ന കേന്ദ്ര കഥാപാത്രത്തെ ജീവസുറ്റതാക്കാൻ സഹായിച്ചിട്ടുണ്ട്.
പ്രത്യക്ഷത്തിൽ ലജ്ജാലുവായി കാണപ്പെടുന്ന ഷൈലജ ശക്തമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് നാം ക്രമേണ മനസ്സിലാക്കുന്നു. കൗമാരകാലത്ത് പ്രദീപിനോടുണ്ടായിരുന്ന അവികസിതമായ പ്രണയത്തെ മുൻനിർത്തി വെങ്കുർലയിലേക്ക് പോകണമെന്നുള്ള അവളുടെ തീരുമാനം ഉറച്ചതാണ്. ഭർത്താവിനോട് കൂടെച്ചെല്ലണമെന്ന് അവൾ ആവശ്യപ്പെടുമ്പോൾ ഒപ്പം ചെന്നില്ലെങ്കിലും പോകുമെന്ന ധ്വനിയാണുള്ളത്. പഴയ ചങ്ങാതിയോട് കൂട്ടുചേർന്ന് ഓർമസ്ഥലങ്ങളിലേക്ക് പോകാനും അതിൽ ഭർത്താവിന്റെ സാന്നിധ്യം ഒരു തടസ്സമാകാതെ നോക്കാനും അവൾക്കു കഴിയുന്നുണ്ട്.
ഓർമനാശത്തിന്റെ വക്കിൽ നിൽക്കുന്ന ഒരുവൾ തന്റെ ഭൂതകാലമനേഷിച്ചുപോകാനുള്ള പ്രേരണ പഴയ അപൂർണ പ്രണയം തന്നെയാകണം. അവൾ പ്രദീപിനെ കണ്ടുതീർക്കുകയാണ്. അവളുടെ നിറമിഴികളിൽ, തിളങ്ങുന്ന കവികളുകളിൽ പ്രദീപ് ദൃശ്യനാകുന്നു. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് ഒപ്പം നടക്കാനാവാത്ത വഴികളിൽ അവർ ഒപ്പം നടക്കുന്നു. കളികൾക്കിടയിൽ സ്വസോദരി അബദ്ധത്തിൽ കിണറിൽ വീണു മരിക്കാനിടയായ സംഭവം അവളുടെ ഭൂതകാല നീറ്റലാണ്. ആ കിണറിനടുത്തെത്തുമ്പോൾ അവൾ ഇപ്പോഴും ഭയചകിതയാകുന്നു. പഴയ അധ്യാപികയുടെ മുന്നിൽ അവൾ പഴയ വിദ്യാർഥിനിയാകുന്നു. അവളോട്, മങ്ങാത്ത ഫോട്ടോഗ്രാഫ് മുൻനിർത്തി അവളുടെ അധ്യാപിക ക്ഷോഭിക്കുന്നു. ‘ഫോട്ടോഗ്രാഫ്’ എന്നാൽ എന്താണെന്ന്. അവൾ പറയുന്നു. ഫോട്ടോയെന്നാൽ വെളിച്ചം, ഗ്രാഫ് എന്നാൽ ചിത്രം. വെളിച്ചമെഴുതിയ ചിത്രങ്ങളാണ് ഫോട്ടോഗ്രാഫുകൾ. ഒരിക്കൽ കൊങ്കണിലെ പല വർണത്തിലുള്ള ഇലകൾ കോർത്തുവച്ച് അവൾ കൊളാഷ് സൃഷ്ടിക്കുന്നു. കഞ്ചുകത്തിൽ നൂൽചിത്രങ്ങൾ വരയ്‌ക്കുന്നു. പണ്ട് ഭരതനാട്യം പഠിച്ച സ്‌കൂളിലെത്തി പരിശീലനത്തിനെത്തിയ നർത്തകികൾക്കൊപ്പം ചുവടുവെയ്‌ക്കുന്നു. ചുവടൊന്നു പിഴച്ചപ്പോൾ തൂണിന്റെ മറപറ്റി കരയുന്നു. ഇതെല്ലാം വഴി സംവിധായകൻ ഊന്നുന്നത് എന്താണ്? വിവാഹത്തോടെ ഒരു അടുക്കള വേലക്കാരി മാത്രമാകുന്ന ഇന്ത്യൻ സ്‌ത്രീയല്ലേ അവൾ. എന്തെല്ലാം കഴിവുകൾ ഉണ്ടെങ്കിലും ദാന്പത്യം എന്ന ഹോമകുണ്‌ഠത്തിൽ എരിഞ്ഞുതീരാൻ മാത്രമുള്ള കഴിവുകൾ. ഷൈലജ ഇതൊക്കെയും തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. ഓർമകൾ തന്നെ വിട്ടുപോകുമെന്ന ഭയം അവൾക്കുള്ളതായി തോന്നുന്നില്ല. എന്നാൽ ഓർമകൾ അകലുന്നതിനു മുന്പ് ഓർമകൾകൊണ്ട് പുതയ്‌ക്കാൻ അവൾ കൊതിച്ചു. ഗംഭീരമായ പാത്രസൃഷ്ടിയാണ് ഷൈലജയിലൂടെ സംവിധായകൻ നിർമിച്ചെടുത്തത്. ഷഫാലി ഷാ എന്ന പ്രതിഭാധനയായ നടി എത്ര മികവോടെ, ചന്തത്തോടെ മിതമാർന്ന അഭിനയത്തിലൂടെ അത് നിർവഹിച്ചു!
ഷൈലജയോട് പ്രദീപ് പറയുന്നു, സ്‌കൂൾ കാലമോ? അത് വേറൊരു ജന്മത്തിലേതല്ലേ. ഷൈലജയുടെ മറപറ്റി നിശബ്ദം നീങ്ങുന്ന പ്രദീപിനുള്ളിൽ മുഴങ്ങുന്നത് പ്രണയക്കടൽ തന്നെയല്ലേ? ഒരിക്കലും അലയടങ്ങാത്ത ജീവന്റെ തുടിപ്പ്. ജയ്‌ദീപ് അഹൽവാദ് പ്രദീപിനെ നിത്യവിസ്‌മയമാക്കിത്തീർത്തു. അയാൾ ഏറെയൊന്നും മിണ്ടുന്നില്ല. എന്നാൽ അയാളുടെ കണ്ണുകളും പേശികളും സദാ സംസാരിച്ചുകൊണ്ടിരിക്കും.
ജയ്‌ന്റ്‌വീൽ രംഗം ഈ സിനിമയിലെ അതുല്യ കാഴ്‌ചയാണ്. ഇരന്പുന്ന കടലിനെ സാക്ഷിനിർത്തി ജയന്റ്‌വീലിൽ അടുത്തടുത്തിരിക്കുമ്പോഴാണ് പിരിയാതെപോയ സ്‌നേഹത്തെപ്പറ്റി അവർ തമ്മിൽ പറയുന്നത്. ആ മനോഹര നിമിഷം നിങ്ങൾ ചലച്ചിത്രത്തിലൂടെ തന്നെ അറിയണം. നിറഞ്ഞ ആകാശവും കടലും ആകാശത്തേക്കുയരുന്ന വീൽ. അതിൽ മധ്യാഹ്നം കഴിഞ്ഞ രണ്ടു മനുഷ്യർ. പ്രണയമേ, നിങ്ങൾ പാവം മനുഷ്യരോട് ചെയ്യുന്നത് എന്താണ്?
ഒരു ഒഴിവുകാലം കഴിഞ്ഞ് ഷൈലജയും നമ്മുടെയുള്ളിൽ തുടരും. ആവശ്യമില്ലാത്ത ഒരു ദൃശ്യമോ സംസാരമോ ഈ ചിത്രത്തിലില്ല. പ്രദീപ്‐ഷൈലജ ബന്ധം മധ്യവർഗമായ അവരുടെ കുടുംബങ്ങളിൽ അലയൊലി സൃഷ്ടിക്കുന്നില്ല എന്നത് അമിതമായ ആദർശവൽക്കരണമോ കുടുംബം എന്ന സംവിധാനത്തിന്റെ ഉദാത്തവൽക്കരണമോ ആയി അനുഭവപ്പെടാം. എന്നാൽ ഫോട്ടോഗ്രാഫിക് മികവോടെ നിർമിച്ചെടുത്ത ചിത്രമാണ് ത്രീ ഓഫ് അസ്. ദൃശ്യത്തോട് ചേർന്നുനിന്ന് ഉള്ളുലയ്‌ക്കുന്ന സംഗീതം നൽകിയ അളകനന്ദ ദാസ്‌ഗുപ്‌തയും ഛായാഗ്രഹണം നിർവഹിച്ച അവിനാഷ് അരുണും പ്രത്യേക പരാമർശം അർഹിക്കുന്നു. ♦