Thursday, May 2, 2024

ad

Homeരാജ്യങ്ങളിലൂടെലിംഗതുല്യതയ്‌ക്കുവേണ്ടി പൊരുതാനുറച്ച്‌ ബെൽജിയം സ്‌ത്രീകൾ

ലിംഗതുല്യതയ്‌ക്കുവേണ്ടി പൊരുതാനുറച്ച്‌ ബെൽജിയം സ്‌ത്രീകൾ

ആര്യ ജിനദേവൻ

ലിംഗതുല്യതയ്‌ക്കുവേണ്ടിയുള്ള സ്‌ത്രീയുടെ ഡിമാന്റുകൾ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി അടിയുറച്ച പോരാട്ടം തുടരുമെന്ന്‌ പുതുവർഷാരംഭത്തോടനുബന്ധിച്ച്‌ ബെൽജിയത്തിലെ സ്‌ത്രീമുന്നേറ്റ വേദിയായ സെല്ലെ’ (Zelle) പ്രതിജ്ഞചെയ്‌തു. വർക്കേഴ്‌സ്‌ പാർട്ടി ഓഫ്‌ ബെൽജിയത്തിന്റെ സ്‌ത്രീസംഘടനയായ ‘മറിയാന്നെ’യ്‌ക്ക്‌ 2023 നവംബറിലാണ്‌ ഫ്രഞ്ച്‌ ഭാഷയിൽ ചിറകുകൾ എന്നർഥം വരുന്ന ‘സെല്ലെ’ എന്ന പേരു നൽകിയത്‌. സ്‌ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന സംഘടനയാണ്‌ മറിയാന്നെ. സ്‌ത്രീകൾക്കുനേരെയുള്ള അക്രമത്തിനെതിരായി പൊരുതുന്ന മിറബൽ പ്ലാറ്റ്‌ഫോമിന്റെ കൂടി ഭാഗമാണ്‌ ഈ സംഘടന. റാഫേൽ ട്രുജില്ലോയുടെ സ്വച്ഛേധിപത്യത്തിനെതിരെ (1934‐1961) നടന്ന പോരാട്ടത്തിൽ അണിനിരന്ന, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ മൂന്ന്‌ മിറബൽ സഹോദരിമാരുടെ സ്‌മരണാർഥം 2017ൽ ഏതാനും പൗരസമൂഹ സംഘടനകൾ ചേർന്നാണ്‌ മിറബൽ പ്ലാറ്റ്‌ഫോം രൂപീകരിച്ചത്‌. 1999ൽ സ്‌ത്രീകൾക്കെതിരായ അക്രമങ്ങൾ തുടച്ചുനീക്കുന്നതിനായുള്ള അന്താരാഷ്‌ട്രദിനമായി നവംബർ 25നെ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ അംഗീകരിച്ചത്‌ ഈ മൂന്ന്‌ സഹോദരിമാരോടുമുള്ള ബഹുമാനാർഥമാണ്‌.

മറിയാന്നെയുടെയും മിറബലിന്റെയും ഭാഗമായ സെല്ലെ എന്ന ഈ സ്‌ത്രീ കൂട്ടായ്‌മ ഉന്നയിക്കുന്ന വിഷയങ്ങൾ ഉറച്ച പ്രത്യയശാസ്‌ത്ര ധാരണയോടുകൂടിയുള്ളതാണ്‌. സ്‌ത്രീകൾക്ക്‌ തുല്യതയും കൂലിതുല്യതയും വിവേചനത്തിൽനിന്നും ചൂഷണത്തിൽനിന്നും അക്രമത്തിൽനിന്നും മോചനവും നേടുന്നതിനുവേണ്ടി പൊരുതുമെന്ന്‌ സെല്ലെ ഉറച്ചുപ്രഖ്യാപിക്കുന്നു. പെൺഹത്യകൾക്കും ലൈംഗികാതിക്രമങ്ങൾക്കും, തൊഴിലിടങ്ങളിലും സാംസ്‌കാരികമേഖലയിലും കുടുംബങ്ങളിലും അവരോടു കാണിക്കുന്ന വിവേചനത്തിനും എതിരായി പൊരുതുമെന്നും സെല്ലെ ഉറച്ചുപറയുന്നു. 2023ൽ മാത്രം ബെൽജിയത്തിൽ കുറഞ്ഞത്‌ 25 പെൺഹത്യകളെങ്കിലും നടന്നിട്ടുണ്ടെന്ന്‌ സെല്ലെയുടെ നേതൃനിരയിലുള്ള Maartje de Vinies പറയുന്നു. ഇതിനൊപ്പംതന്നെ രാജ്യത്തെ മിനിമം കൂലി മണിക്കൂറിന്‌ 12.576 യൂറോ എന്നുള്ളത്‌ 17 യൂറോ ആയി വർധിപ്പിക്കണമെന്നും സെല്ലെ ആവശ്യപ്പെടുന്നു. പുരുഷാധിപത്യ വ്യവസ്ഥിതി മുന്നോട്ടുവയ്‌ക്കുന്ന കടുത്ത അസമത്വങ്ങൾക്കെതിരെ പൊരുതുവാനുറച്ച്‌ നിൽക്കുകയാണ്‌ ‘സെല്ലെ’ എന്ന ഈ പെൺകൂട്ടായ്‌മ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + 14 =

Most Popular