ഒന്പത് മാസക്കാലത്തോളമായി സുഡാനിൽ നടന്നുവരുന്ന ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമായി രാജ്യത്ത് പട്ടിണി പെരുകുന്നു. 2023 ഏപ്രിൽ 15ന് അർധസൈനികവിഭാഗമായ എസ്‌എഎഫും (Sudaneese Armed Force) ആർഎസ്‌എഫും (Rapid Support Force) തമ്മിൽ അധികാരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിൽ രാജ്യത്തെ പ്രകൃതിവിഭവങ്ങളും സന്പത്തും മനുഷ്യജീവിതവുമെല്ലാം തകർന്നുതരിപ്പണമായി. ഈ രണ്ടുകൂട്ടരും തമ്മിൽ തമ്മിൽ ഏറ്റുമുട്ടുന്നതിനൊപ്പം സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുകയും കൊള്ളയടിക്കുകയും സ്‌ത്രീകളെ ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്യുകയാണ്. ചെറിയ കുഞ്ഞുങ്ങളെപ്പോലും ബലാത്സംഗത്തിനിരയാക്കുന്നു.
ഇതിനിടയിൽ സുഡാനിലെ ‘ഭക്ഷ്യത്തൊട്ടിലെ’ന്നറിയപ്പെടുന്ന ജസീറയിൽനിന്നു വരുന്ന വാർത്ത അവിടത്തെ കാർഷികോത്പാദനം നിലച്ചിരിക്കുന്നു എന്നതാണ്. രാജ്യത്തെ ജനസംഖ്യയിൽ 40% പേരും ‘തീവ്രമായ പട്ടിണി’ നേരിടുന്ന ഘട്ടത്തിലാണ് ഈ വാർത്ത പുറത്തുവരുന്നത്. ഏതാനും ആഴ്‌ചകൾക്കുമുന്പ് ആർഎസ്‌എഫ് ജസീറ പിടിച്ചെടുക്കുകയും എസ്‌എഎഫ് അവിടെനിന്ന് പിൻവലിയുകയും ചെയ്‌തു. തുടർന്ന് രാജ്യത്ത് ഉത്‌പാദിപ്പിക്കപ്പെടുന്ന ഗോതന്പിന്റെ പകുതിയോളം ഉത്‌പാദിപ്പിക്കുന്ന ഈ സംസ്ഥാനത്തെ കൊയ്‌ത്തുതന്നെ അവതാളത്തിലായി. ഭയപരവശരായ കർഷർ പ്രാണഭയംമൂലം പാടങ്ങളിലേക്കു പോകാൻപോലും തയ്യാറാകുന്നില്ല. നഗരത്തിൽ ആധിപത്യം സ്ഥാപിച്ച് കഷ്ടിച്ച് ഒരാഴ്‌ചയ്‌ക്കുള്ളിൽ ആർഎസ്‌എഫ് 3 പൗരരെ കൊലപ്പെടുത്തി; കൊച്ചുകുഞ്ഞിനുനേരെയടക്കം പീഡനശ്രമങ്ങളുണ്ടായി; വീടുകളും കമ്പോളങ്ങളും കൊള്ളയടിക്കുകയും കാറുകൾ മോഷ്ടിക്കുകയും ചെയ്‌തു. നഗരത്തിലാകെ മാലിന്യം കുമിഞ്ഞുകൂടുകയും മെഡിക്കൽ സേവനസ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെടുകയും ചെയ്‌തിരിക്കുന്നു. ഈ നിലയിലാണെങ്കിൽ സുഡാൻ അടുത്തുതന്നെ പരിപൂർണമായ ക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. ♦