അമേരിക്കയുടെ അധീനപ്രദേശമായ പ്യൂർട്ടോറിക്കോയിൽ പലസ്‌തീൻ വിമോചനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം അനുദിനം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. ‘യുദ്ധത്തിനെതിരെ അമ്മമാർ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ദ്വീപിലെ ഇസ്രായേൽ കോൺസുലേറ്റിനു മുന്നിൽ എല്ലാ ആഴ്‌ചയിലും പ്രക്ഷോഭം നടന്നുവരുന്നു. 2023 ഡിസംബർ 18ന്, സാൻജുവാനിലെ ഇസ്രായേലി കോൺസുലേറ്റിൽനിന്ന് യുഎസ് ഫെഡറൽ കോടതിയിലേക്ക് ദ്വീപിലെ വിദ്യാർഥികളും പലസ്‌തീനിൽനിന്നും കുടിയേറിയ ജൂതവിഭാഗത്തിൽപെട്ട ജനങ്ങളും പ്രകടനം സംഘടിപ്പിച്ചിരുന്നു. നൂറ്റാണ്ടിലേറെക്കാലമായി അമേരിക്കയുടെ അധീനതയിൽ കഴിയുന്ന, ഇന്നും സ്വാതന്ത്ര്യത്തിനുഗവണ്ടി പൊരുതുന്ന പ്യൂർട്ടോറിക്കോയിലെ ജനങ്ങൾക്ക് പലസ്‌തീനിലെ ജനങ്ങളുടെ ദുരിതമെന്തെന്ന് മറ്റേതൊരു സമൂഹത്തേക്കാളും കൂടുതൽ മനസ്സിലാക്കാനാവുമെന്ന് അവിടത്തെ ജനങ്ങൾ പറയുന്നു.
1898ൽ യുദ്ധത്തിലൂടെ പ്യൂർട്ടോറിക്കോയെന്ന ദ്വീപരാഷ്‌ട്രം അമേരിക്കൻ ഗവൺമെന്റ് പിടിച്ചടക്കിയ അന്നുമുതലിന്നോളം തങ്ങൾ തുടർച്ചയായ കൊളോണിയൽ ആക്രമണങ്ങൾ നേരിടുകയാണെന്ന് പ്യർട്ടോറിക്കൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിൽക്കുന്ന ഡയണെ വീര പറയുന്നു. പ്യൂർട്ടോറിക്കോ എന്ന രാജ്യത്തെ കീഴ്‌പ്പെടുത്തി തങ്ങളുടെ അധീനതയ്‌ക്ക് കീഴിലാക്കിയ അമേരിക്കൻ സാമ്രാജ്യത്വം ഇന്നും ആ കൊച്ചുരാജ്യത്തെ രാഷ്‌ട്രീയമായും സാമ്പത്തികമായും വീർപ്പുമുട്ടിക്കുകയാണ്; അവിടത്തെ ജനങ്ങളെ താഴ്‌ന്ന വംശീയവിഭാഗമായാണ് അമേരിക്കൻ ഭരണകൂടം കാണുന്നത്.
പലസ്‌തീനെപ്പോലെതന്നെ പ്യൂർട്ടോറിക്കോയ്‌ക്കും പറയാനുള്ളത് സംഘടിതമായ, സമരോത്സുകമായ ചെറുത്തുനിൽപ്പിന്റെ ചരിത്രമാണ്. 1954ൽ പ്യൂർട്ടോറിക്കൻ വിമോചനപോരാളികൾ അമേരിക്കൻ കോൺഗ്രസിനെതിരായി നടത്തിയ ആക്രമണം, പ്യൂർട്ടോറിക്കോയിലെ ദേശീയവാദ നായകനായ പെദ്രൊ അൽബിസു കാസ്‌പോസിന്റെ നേതൃത്വത്തിൽ 1950ൽ പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ, ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളെ തകർക്കുന്നതിനുവേണ്ടി സാൻജുവാനിലെ മുനിസ് താവളത്തിൽനിന്ന് അമേരിക്ക ഉയർത്തിയ വിമോനങ്ങൾക്കുനേരെ ബൊറീക്വ ജനകീയസേന നടത്തിയ വെടിവെയ്പ് എന്നിവയെല്ലാം ആ ചെറുത്തുനിൽപ്പ് മുന്നേറ്റങ്ങളിൽപെടുന്നു. അതുകൊണ്ടുതന്നെ, ഈ രണ്ട് പ്രദേശങ്ങളും യഥാർഥത്തിൽ നേരിടുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തെയാണ്. വംശവെറിയും സാമ്പത്തിക അടിമത്തവും സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ കൊന്നൊടുക്കുന്ന സാമ്രാജ്യത്വ അജൻഡതന്നെയാണ് ഇസ്രായേലും അമേരിക്കയുമടക്കമുള്ള രാജ്യങ്ങൾ പലസ്‌തീനിൽ നടപ്പാക്കുന്നത്. അതിനെതിരായി ഉറച്ച നിലപാടെടുത്തുകൊണ്ട് പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്യൂർട്ടോറിക്കോയിലെ പോരാളികൾക്ക് അഭിവാദ്യങ്ങൾ. ♦