Sunday, May 5, 2024

ad

Homeഇവർ നയിച്ചവർപി ആർ രാജൻ: ജീവനക്കാരുടെ സംഘടനയിൽനിന്ന്‌ പാർട്ടി നേതൃത്വത്തിലേക്ക്‌

പി ആർ രാജൻ: ജീവനക്കാരുടെ സംഘടനയിൽനിന്ന്‌ പാർട്ടി നേതൃത്വത്തിലേക്ക്‌

ഗിരീഷ്‌ ചേനപ്പാടി

ർവീസ്‌ സംഘടനാരംഗത്ത്‌ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച്‌ സിപിഐ എമ്മിന്റെ തൃശൂർ ജില്ലയിലെ അമരക്കാരനായി മാറിയ സമർത്ഥനായ സംഘാടകനായിരുന്നു പി ആർ രാജൻ. എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെജിഒഎയുടെ സംസ്ഥാന നേതാവും എന്ന നിലയിൽ സംസ്ഥാന ഗവൺമെന്റ്‌ ജീവനക്കാരുടെ ചരിത്രപ്രധാനമായ പല സമരങ്ങൾക്കും ധീരമായ നേതൃത്വം നൽകാൻ അദ്ദേഹത്തിന്‌ സാധിച്ചു. സ്വന്തം അവകാശങ്ങളെക്കുറിച്ച്‌ ജീവനക്കാർ സംസാരിക്കാൻ പോലും ഭയന്നിരുന്ന കാലത്താണ്‌ ഇ പത്മനാഭനെയും പി രാജനെയും പോലെയുള്ള നേതാക്കൾ അവരെ സമരോത്സുകരാക്കിയതും നിരവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകിയതും. പിരിച്ചുവിടുമെന്നും കഠിന യാതനകൾ സഹിക്കേണ്ട സ്ഥലങ്ങളിലേക്ക്‌ സ്ഥലംമാറ്റുമെന്നുമുള്ള ഭീഷണികളുടെയും മധ്യത്തിൽിന്ന്‌ സംഘടനയെ നയിക്കുക എന്നത്‌ ചെറിയ കാര്യമായിരുന്നില്ല.

1936 മെയ്‌ 24ന്‌ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി നടുവിൽക്കരയിൽ പൊയ്യാറ പി എസ്‌ രാമന്റെയും എ കെ നാരായണിയുടെയും മകനായാണ്‌ പി ആർ രാജന്റെ ജനനം. ഇടത്തരം കർഷകകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്‌. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം പുരോഗമനപ്രസ്ഥാനങ്ങളോട്‌ ആഭിമുഖ്യം പുലർത്തിയിരിന്നു. പാലക്കാട്‌ വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റിനും ബിഎസ്‌സിക്കും പഠിക്കുമ്പോൾ അദ്ദേഹം വിദ്യാർഥി ഫെഡറേഷന്റെ സജീവ പ്രവർത്തകനായിരുന്നു. അന്ന്‌ കോളേജിൽ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി നടന്ന പല സമരങ്ങളുടെയും മുൻനിരയിൽ പി ആർ രാജൻ ഉണ്ടായിരുന്നു.

ജയിൽ വകുപ്പിനു കീഴിൽ ജയിലറായാണ്‌ അദ്ദേഹം സർവീസിൽ പ്രവേശിച്ചത്‌. വിൽപനനികുതി വകുപ്പിലേക്ക്‌ പിന്നീട്‌ മാറുകയായിരുന്നു. എൻജിഒ യൂണിയന്റെ ആരംഭകാലം മുതൽ അതിന്റെ സംസ്ഥാന നേതൃനിരയിൽ ഉണ്ടായിരുന്നു അദ്ദേഹം. 1966 സെപ്‌തംബറിൽ ചേർന്ന യൂണിയന്റെ മൂന്നാം സംസ്ഥാന സമ്മേളനം പി ആർ രാജനെ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഈ പത്മനാഭൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഇ ജെ ഫ്രാൻസിസ്‌ പ്രസിഡന്റും എം കെ സുധാകര പണിക്കർ ട്രഷററും എം ശാരദ വൈസ്‌ പ്രസിഡന്റുമായ കമ്മിറ്റിയാിരുന്നു സംഘടനയെ നയിച്ചത്‌. ജീവനക്കാരുടെ 36 അടിയന്തരാവകാശങ്ങൾ ഉൾപ്പെട്ട അവകാശപത്രിക അംഗീകരിച്ച സമ്മേളനം എന്ന നിലയിൽ ചരിത്രപ്രധാനമായ സമ്മേളനമായിരുന്നു മൂന്നാം സംസ്ഥാന സമ്മേളനം. അന്ന്‌ കേരളത്തിൽ രാഷ്‌ട്രപതിഭരണം നിലനിന്ന സമയമായിരുന്നു. അതിനാൽ ഗവർണറുടെ ഉപദേഷ്ടാവിനാണ്‌ അവകാശപത്രിക യൂണിയൻ സമർപ്പിച്ചത്‌.

ജീവനക്കാരുടെ ആദ്യത്തെ അനിശ്ചിതകാല പണിമുടക്ക്‌
1966 ഒക്ടോബർ 17ന്‌ അവകാശപത്രിക സമർപ്പിക്കപ്പെട്ടു. എന്നാൽ അതിലെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ കൂട്ടാക്കിയില്ല. പ്രക്ഷോഭത്തിലൂടെ മാത്രമേ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയൂ എന്ന ഉറച്ച ധാരണയിൽ അതോടെ എൻജിഒ യൂണിയൻ എത്തിച്ചേർന്നു. ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷന്റെ തീരുമാനവും അതുതന്നെയായിരുന്നു. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ജീവനക്കാർ കൂട്ടത്തോടെ ഡിസംബർ ഒന്നിന്‌ ശമ്പളബഹിഷ്‌കരണം നടത്തി; ഡിസംബർ 8ന്‌ യൂണിയന്റെ എല്ലാ ബ്രാഞ്ചുകളും കേന്ദ്രീകരിച്ച്‌ വമ്പിച്ച പ്രകടനവും പൊതുയോഗവും നടത്തി.

ഇ എം എസ്‌ ഉപ്പെടെയുള്ള നേതാക്കൾ നടത്തിയ ഒത്തുതീർപ്പ്‌ ചർച്ചകൾ ഫലം കണ്ടില്ല. അതോടെ 1967 ജനുവരി 5ന്‌ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക്‌ ആരംഭിച്ചു. ഗവൺമെന്റിന്റെ പല ഭീഷണിളെയും അതിജീവിച്ചുകൊണ്ട്‌ സമരം ശക്തമായി മുമ്പോട്ടുപോയി. പണിമുടക്കിൽ 85 ശതമാനം ജീവനക്കാരും പങ്കെടുത്തെന്ന്‌ അന്നത്തെ ചീഫ്‌ സെക്രട്ടറി തന്നെ സമ്മതിച്ചു. പന്ത്രണ്ടുദിവസത്തെ പണിമുടക്കിനൊടുവിൽ ഗവർണർ എൻജിഒ യൂണിയൻ നേതക്കളുമായി ചർച്ച നടത്താൻ തയ്യാറായി. നാലു വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പണിമുടക്ക്‌ ഒത്തുതീർപ്പായി. അതോടെ ജീവനക്കാരുടെ ആത്മവിശ്വാസം വർധിച്ചു.

പണിമുടക്ക്‌ വിജയിപ്പിക്കാൻ പി ആർ രാജൻ ഉൾപ്പെടെയുള്ള നേതാക്കൾ കഠിനാധ്വാനം ചെയ്‌തു. ജീവനക്കാർക്കിടയിലെ ആശങ്കകളും ഭയവും അകറ്റുന്നതിന്‌ നിരവധി പൊതുയോഗങ്ങളിലും ജനറൽ ബോഡികളിലും അദ്ദേഹം പങ്കെടുത്ത്‌ പ്രസംഗിച്ചു.

1967ൽ ഇ എം എസ്‌ സർക്കാർ അധികാരത്തിൽ വന്നതോടെ ജീവനക്കാർ നിരന്തരം ഉന്നയിച്ച പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു; മുൻ കോൺഗ്രസ്‌ സർക്കാർ പിരിച്ചുവിട്ട എൻജിഒ യൂണിയന്റെ ആദ്യകാല നേതാക്കളെ തിരിച്ചെടുത്തു.

ഇ എം എസ്‌ സർക്കാർ 1969ൽ രാജിവെച്ചതിനെത്തുടർന്ന്‌ എൻജിഒ യൂണിയനെ പിളർത്താൻ തുടർന്നുവന്ന അച്യുതമേനോൻ സർക്കാരിന്റെ പിന്തുണയോടെ ശ്രമം നടന്നു. കമ്യൂണിസ്റ്റ്‌ പാർട്ടിയിലെ ഭിന്നിപ്പ്‌ ജീവനക്കാരുടെയിടയിലേക്കും ശരിക്കും വ്യാപിച്ചുതുടങ്ങിയത്‌ ഈ സമയത്താണ്‌. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ഉപ്പെടെയുള്ള നേതാക്കൾ സിപിഐയോടാണ്‌ ആഭിമുഖ്യം പുലർത്തിയത്‌.

പി ആർ രാജൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ജാഗ്രതയും നിരന്തരമായ പ്രവർത്തനങ്ങളും യൂണിയനിൽ വലിയ പിളർപ്പൊഴിവാക്കാൻ സാധിച്ചു. എൻജിഒ യൂണിയന്റെ പ്രധാന പ്രവർത്തകരെയും നേതാക്കളെയും നേരിൽകണ്ട്‌ അവരെ യൂണിയനിൽ ഉറപ്പിച്ചുനിർത്താൻ അദ്ദേഹം കഠിനാധ്വാനം ചെയ്‌തു.

1973ലെ പണിമുടക്ക്‌
ജീവനക്കാർ നേരിടുന്ന ആവശ്യങ്ങൾ ഗവൺമെന്റ്‌ പാടേ നിരാകരിച്ചതിനെത്തുർന്നാണ്‌ 1973 ജനുവരി 10ന്‌ ഗവൺമെന്റ്‌ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കാരാംഭിച്ചത്‌. പണിമുടക്കിന്‌ മുന്നോടിയായി സമരഹായസമിതികൾ നാട്ടിലാകെ രൂപംകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അഭൂതപൂർവമായ ജനപിന്തുണയോടെയാണ്‌ ജീവനക്കാർ പണിമുടക്കാരംഭിച്ചത്‌.

പണിമുടക്കിനെ നേരിടാൻ സർക്കാർ സർവ്വസന്നാഹങ്ങളും നത്തി. പല സർവീസുകളും അവശ്യസർവീസുകളായി പ്രഖ്യാപിച്ചുകൊണ്ട്‌ ഓർഡിനൻസ്‌ പുറപ്പെടുവിച്ചു. അവശ്യസർവീസുകളിൽ പണിമുടക്കുകയോ പണിമുടക്കിനെ സഹായിക്കുകയോ ചെയ്‌താൽ തടവുശിക്ഷയുൾപ്പെടെ കഠിനമായ ശിക്ഷകൾ ഉൾപ്പെടുത്തിയായിരുന്നു ഓർഡിനൻസ്‌ സർക്കാർ പുറപ്പെടുവിച്ചത്‌. സമരത്തെ പരാജയപ്പെടുത്താൻ പൊലീസിനൊപ്പം കോൺഗ്രസ്‌ ഗുണ്ടകളും രംഗത്തിറങ്ങി. സമരംചെയ്‌ത നൂറുകണക്കിന്‌ ജീവനക്കാരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

1973 ജനുവരി 13ന്‌ സമരസഹായസമിതി യോഗം ചേർന്ന്‌ സമരം ഒത്തുതീർപ്പാക്കണമെന്ന്‌ ഗവൺമെന്റിനോട്‌ ആവശ്യപ്പെട്ടു. അടിച്ചമർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളെ സമരസഹായസമിതി ശക്തിയായി അപലപിച്ചു. ജനുവരി 17ന്‌ സ്‌കൂൾ അധ്യാപകരും പണിമുടക്കിൽ പങ്കെടുത്തു. ജീവനക്കാരുടെ സമരത്തോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്‌ ജനുവരി 19ന്‌ പൊതുപണിമുടക്ക്‌ പ്രഖ്യാപിക്കപ്പെട്ടു.

സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ കേരള ബന്ദ്‌ സംഘടിപ്പിക്കപ്പെട്ടു. ജനപിന്തുണ ജീവനക്കാർക്കാണെന്ന്‌ ബോധ്യപ്പെടുത്തുന്നതായിരുന്നു സമരത്തിന്‌ ലഭിച്ച വമ്പിച്ച ജനപിന്തുണ.

വിവിധ യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ്‌ പണിമുടക്ക്‌ ആഹ്വാനംചെയ്‌തത്‌. അതിനിടയിൽ സർക്കാരിന്റെയും ഭരണമുന്നണിയുടെയും ഭീഷണിയെത്തുടർന്ന്‌ ചില യൂണിയനുകൾ പണിമുടക്കിൽനിന്ന്‌ പിന്മാറി. ജീവനക്കാരുടെ ഐക്യം നിലനിർത്തുന്നതിനായി പണിമുടക്ക്‌ പിൻവലിക്കാൻ എൻജിഒ യൂണിയൻ തീരുമാനിച്ചു. അങ്ങനെ 1973 മാർച്ച്‌ മൂന്നിന്‌ ചേർന്ന സമരസമിതി യോഗത്തിൽ പണിമുടക്ക്‌ പിൻവലിക്കാൻ തീരുമാനിച്ചു. അങ്ങനെ ഏതാണ്ട്‌ രണ്ടുമാസത്തോളം നിലനിന്ന പണിമുടക്ക്‌ മാർച്ച്‌ 5ന്‌ പിൻവലിക്കപ്പെട്ടു.

പണിമുടക്കിനുശേഷവും സർക്കാർ പല പ്രതികാര നടപടികളുമായി മുന്നോട്ടുപോയി. പണിമുടക്കിന്റെ പേരിൽ അച്ചടക്ക നടപടികൾ പലരുടെയും പേരിൽ എടുത്തിരുന്നു. അതിനെതിരെ പി ആർ രാജൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ വിപുലമായ ചെറുത്തുനിൽപ്പുകളാണ്‌ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചത്‌.

ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ 1980ൽ അധികാരത്തിൽ വന്ന നായനാർ സർക്കാരും തുടർന്നുവന്ന എൽഡിഎഫ്‌ സർക്കാരുകളും നടപ്പാക്കി എന്നത്‌ ചരിത്രം.

അടിയന്തരാവസ്ഥക്കാലത്ത്‌ അറസ്റ്റിലാകുന്നു
1976ലെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ ചില പരാമർശങ്ങൾ ദുരുപയോഗം ചെയ്‌ത്‌ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന പി ആർ രാജനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഡിഐആർ അനുസരിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട പി ആർ രാജനെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു; അദ്ദേഹത്തെ സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യുകയും ചെയ്‌തു. സമർ മുഖർജി എംപിയും അഖിലേന്ത്യാ ഫെഡറേഷനും രാജനെതിരെയുള്ള കേസ്‌ പിൻവലിക്കണമെന്ന്‌ സർക്കാരിനോടാവശ്യപ്പെട്ടു. എന്നാൽ ഗവൺമെന്റ്‌ ആ ആവശ്യം നിരാകരിച്ചു. ഒമ്പതുമാസക്കാലം അദ്ദേഹത്തിന്‌ ജയിൽവാസം അനുഭവിക്കേണ്ടിവന്നു. തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചതിനെത്തുടർന്ന്‌ കോടതി രാജന്‌ ജാമ്യം അനുവദിച്ചു. രോഗം ബാധിച്ചതിനെത്തുടർന്ന്‌ അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

1960കളിലും 1970കളിലും എൻജിഒ യൂണിന്റെ നിരവധി സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു പി ആർ രാജൻ. അഴിമതിക്കെതിരെയും അദ്ദേഹം ശക്തമായ നിലപാടാണ്‌ സ്വീകരിച്ചത്‌. അഴിമതി കൊടികുത്തിവാണ വിൽപനനികുതിവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരിക്കെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തത്‌ സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു. വിൽപനനികുതി വെട്ടിപ്പ്‌ നടത്തുന്ന കച്ചവടക്കാർക്കും അതിന്‌ ഒത്താശ ചെയ്യുന്ന ജീവനക്കാർക്കും പേടിസ്വപ്‌നമായിരുന്നു പി ആർ രാജൻ.

വിൽപനനികുതിവകുപ്പിൽ ഗസറ്റഡ്‌ ഓഫീസറായതോടെ അദ്ദേഹം എൻജിഒ യൂണിയന്റെ ഭാരവാഹിത്വം ഒഴിഞ്ഞു.

‘‘കെജിഒഎയുടെ സംസ്ഥാന സെക്രട്ടറിയറ്റംഗമായി തുടർന്ന്‌ പ്രവർത്തിച്ച അദ്ദേഹം ആ സംഘടനയ്‌ക്ക്‌ സമർത്ഥമായ മാർഗനിർദേശമാണ്‌ നൽകിയത്‌. അദ്ദേഹത്തിന്റെ സംഘടനാപാടവം കെജിഒയ്‌ക്ക്‌ എന്നും മുതൽക്കൂട്ടായിരുന്നു’’. കെജിഒഎയുടെ മുൻ സംസ്ഥാന പ്രസിഡന്റ്‌ വി വി സുധാകരൻ പറഞ്ഞു.

1991ൽ ഉദ്യോഗം രാജിവെച്ച്‌ അദ്ദേഹം കൊടകരയിൽനിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിച്ചു. വിജയം സുനിശ്ചിതമായിരിക്കെയാണ്‌ അപ്രതീക്ഷിതമായി രാജീവ്‌ഗാന്ധി കൊല്ലപ്പെട്ടതും രാഷ്‌ട്രീയസാഹചര്യമാകെ മാറിയതും. എന്നിട്ടും തുച്ഛമായ വോട്ടുകൾക്കാണ്‌ അദ്ദേഹം പരാജയപ്പെട്ടത്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ച അദ്ദേഹം 2000ൽ ദേശാഭിമാനി തൃശൂരിൽനിന്ന്‌ ആരംഭിച്ചപ്പോൾ യൂണിറ്റ്‌ മാനേജരായി പ്രവർത്തിച്ചു. അഞ്ചുവർഷക്കാലം ദേശാഭിമാനി യൂണിറ്റ്‌ മാനേജരായി പ്രവർത്തിച്ച അദ്ദേഹം പത്രത്തിന്റെ പ്രചാരണത്തിന്‌ നിർണായകമായ സംഭാവനയാണ്‌ ചെയ്‌തത്‌.

2005ൽ അദ്ദേഹം സിപിഐ എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു; പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായും ആ വർഷം തിരഞ്ഞെടുക്കപ്പെട്ടു. 2006ൽ രാജ്യസഭാംഗമായ അദ്ദേഹം പാർലമെന്ററി പ്രവർത്തനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

സിപിഐ എമ്മിനെ തൃശൂർ ജില്ലയിലെ കരുത്തുറ്റ പ്രസ്ഥാനമാക്കി വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച നേതാക്കളിൽ ഒരാളാണ്‌ പി ആർ രാജൻ. 2014 ഫെബ്രുവരി 19ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഹെഡ്‌മിസ്‌ട്രസായി വിരമിച്ച ഇന്ദിരാദേവിയാണ്‌ ജീവിതപങ്കാളി. ദീപ, സ്‌മിത, രാജേഷ്‌ എന്നിവർ മക്കൾ.

കടപ്പാട്‌: കെ വി അബ്ദുൾ ഖാദർ എഡിറ്റ്‌ ചെയ്‌ത്‌ ഗ്രാന്മ ബുക്‌സ്‌ പ്രസിദ്ധീകരിച്ച ‘സമരോജ്വല ജീവിതങ്ങൾ’ എന്ന പുസ്‌തകം

എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘കേരളത്തിലെ എൻജിഒ പ്രസ്ഥാനം’ എന്ന കൃതി.
എഡിറ്റർമാർ: വി ജി രവീന്ദ്രൻ, സി ഭാസ്‌കരൻ.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular