2019 ആഗസ്ത് അഞ്ചുമുതൽ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണ്. ജമ്മു ഡിവിഷനിലെ പിർ പഞ്ചാൾ പ്രദേശത്തുടനീളം ഭീകരവാദികൾ നഖമാഴ-്ത്തി പടർന്നുപിടിച്ച പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷാ സാഹചര്യം ഭയാനകമായി തുടരുകയാണ്. ഒരു ദശകത്തിലേറെക്കാലം സമാധാനപരമായി പോയിരുന്ന പ്രദേശം, പൗരരെയും സുരക്ഷാസേനകളെയും കൊന്നൊടുക്കിയ സുപ്രധാന ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ ഈ പ്രദേശത്തുനടന്ന ഒറ്റപ്പെട്ട ഭീകരാക്രമണങ്ങളിൽ 27 പട്ടാളക്കാരടക്കം കുറഞ്ഞത് 39 പേർ കൊല്ലപ്പെട്ടു. അതുപോലെ, താഴ്-വരയിൽ സുരക്ഷാസേനകളും ഭീകരവാദികളും തമ്മിൽ വെടിവയ്പുകളും ഉന്നംവെച്ചുള്ള കൊലപാതകങ്ങളും തുടരുകയാണ്. 2023 സെപ്തംബറിൽ തെക്കൻ കാശ്മീരിലെ കോകർനാഗ് (Kokernag)മേഖലയിൽ നടന്ന സമാനമായ വെടിവയ്പിൽ ഒരു ആർമി കേണലും ഒരു മേജറും ജമ്മു കാശ്മീർ പൊലീസിലെ ഡിവെെഎസ്-പിയും കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തിൽ സർവീസിൽനിന്നും വിരമിച്ച ഒരു പൊലീസ് സൂപ്രണ്ടിനെ പള്ളിക്കുള്ളിൽവച്ച് വെടിവച്ചു കൊല്ലുകയുണ്ടായി.
സുരക്ഷാസേനകൾക്കുനേരെ സമീപകാലത്തുണ്ടായ മാരകമായ ആക്രമണങ്ങൾ ജമ്മുകാശ്മീർ സാധാരണനിലയിലാണ് എന്ന ഗവൺമെന്റിന്റെ ആഖ്യാനത്തെ വീണ്ടും പൊളിച്ചടുക്കി. പ്രദേശം സാധാരണനിലയിലാണ് എന്ന സന്ദേശം പരത്തുന്നതിനുവേണ്ടി ജി 20 ഉച്ചകോടി ഇവിടെവച്ച് നടത്തിയെങ്കിലും അതും പൊളിഞ്ഞു.
രാഷ്ട്രീയരംഗത്ത് ചില ശ്രദ്ധേയമായ വ്യതിയാനങ്ങൾ ഇക്കാലത്തുണ്ടായി. അനുഛേദം 370 റദ്ദാക്കിയതിനെയും സംസ്ഥാന പുനഃസംഘടനാ നിയമം, 2019നെയും (Reorganisation Act 2019) ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിക്കുമുമ്പാകെയെത്തിയ ഒരു കൂട്ടം പരാതികൾക്കുമേൽ കോടതി പുറപ്പെടുവിച്ച വിധി, ജമ്മുകാശ്മീരിലെ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു.
ഡിസംബർ 11ന് പരമോന്നത കോടതി അതിന്റെ അന്തിമവിധി പുറപ്പെടുവിക്കുമ്പോൾ ഞാനടക്കമുള്ള പീപ്പിൾസ് അലയൻസ് ഓഫ് ഗുപ്കാർ ഡിക്ലറേഷന്റെ (പഗാഡ്) നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു; ജമ്മുകാശ്മീരിന്റെ ചരിത്രപരമായ പ്രതേ-്യക പദവി ഇല്ലാതാക്കുന്നതിനും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി ആ സംസ്ഥാനത്തെ വെട്ടിമുറിക്കുന്നതിനും വേണ്ടി അസംഖ്യം സേനാവിഭാഗങ്ങളെ പ്രദേശത്ത് വിന്യസിച്ചുകൊണ്ടും, വിവരവിനിയമത്തിനുള്ള എല്ലാ സാധ്യതകളെയും പൂർണമായി തടസ്സപ്പെടുത്തിക്കൊണ്ടും രാഷ്ട്രീയ നേതാക്കളെയാകെ തടവിലാക്കിക്കൊണ്ടും 2019 ആഗസ്ത് 5ന് കേന്ദ്ര ഗവൺമെന്റ് സൃഷ്ടിച്ച ഭീകരാന്തരീക്ഷം വിധി പുറപ്പെടുവിക്കുന്ന ദിവസവും അവർ നടപ്പാക്കി.
ആഗസ്ത് 5ന്റെ നടപടിയെ ശരിവച്ചുള്ള കോടതിവിധി ജനങ്ങൾക്കിടയിൽ വ്യാപകമായി നിലനിൽക്കുന്ന അന്യവത്കരിക്കപ്പെട്ടു എന്ന തോന്നലിനെയും അവരുടെ നിരാശയെയും കൂടുതൽ തീവ്രമാക്കും.
ജനങ്ങൾക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ അത് ഫലത്തിൽ ഇല്ലാതാക്കി.
അതുമാത്രമല്ല, ഈ വിധി ഇന്ത്യയിലെ ഫെഡറൽ ഘടനയുടെ അടിത്തറ തോണ്ടുകയും അപകടകരമായ ഒരു കീഴ-്-വഴക്കം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കുമേൽ അത് ഭീകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
രാജ്യത്തിന്റെ നേതാക്കളും ജമ്മുകാശ്മീരിന്റെ നേതൃത്വവും തമ്മിൽ സമഗ്രമായ കൂടിയാലോചനകൾ നടത്തിയതിനുശേഷമാണ് ജമ്മുകാശ്മീരിന് ഭരണഘടനാപരമായ പ്രത്യേക പദവി നൽകിയത്. പാകിസ്താന്റെ പിന്തുണയോടെ മേഖലയിൽ ഗോത്രവർഗ ആക്രമണം നടന്നതിനെതുടർന്ന് ജമ്മുകാശ്മീരിലെ ഹിന്ദു മഹാരാജാവ് ലയനക്കരാറിൽ ഒപ്പുവച്ചു. ലയനക്കരാറിനോട് അനുബന്ധിച്ചുചേർത്ത ഷെഡ്യൂളിൽ മൂന്ന് വിഷയങ്ങളിൽ മാത്രമാണ് ഇന്ത്യൻ പാർലമെന്റിന് നിയമനിർമാണം നടത്താനുള്ള അധികാരം നൽകുന്നത്– പ്രതിരോധം, വിദേശകാര്യം, വിവരവിനിമയം എന്നിവയാണ് ആ മൂന്ന് വിഷയങ്ങൾ. 1949 ഒക്ടോബർ 17ന് എൻ ഗോപാലസ്വാമി അയ്യങ്കാർ അനുഛേദം 306 Aയുടെ കരട് ഭരണഘടനാ നിർമാണസഭയിൽ അവതരിപ്പിക്കുകയും, സഭ അത് അനുഛേദം 370 ആയി ഐകകണ്ഠേ-്യനേ അംഗീകരിക്കുകയും ചെയ്തു.
ജമ്മുകാശ്മീർ ഭരണഘടനാ നിർമാണസഭയിലൂടെ പ്രകടമാക്കപ്പെടുന്ന ജനങ്ങളുടെ അഭിലാഷമായിരിക്കും സംസ്ഥാനത്തിന്റെ ഭരണഘടനയെയും അതുപോലെ തന്നെ സംസ്ഥാനത്തിനുമേലുള്ള കേന്ദ്രത്തിന്റെ അധികാരപരിധിയെയും നിർണയിക്കുന്നത് എന്നുള്ള നിർദേശവും അംഗീകരിക്കപ്പെട്ടു. അനുഛേദം 370 തുടക്കത്തിൽ ഒരു താൽക്കാലിക വ്യവസ്ഥയായാണ് ആവിഷ്കരിക്കപ്പെട്ടത്, ജമ്മുകാശ്മീർ ഭരണഘടനാ നിർമാണസഭ ആ അനുഛേദത്തിന്റെ ഭാഗധേയത്തിൽ തീരുമാനമെടുക്കുന്നതുവരെ. ജമ്മുകാശ്മീർ ഭരണഘടനാ നിർമാണസഭ 1951ൽ നിലവിൽ വരുകയും 1957ൽ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നതിനുമുൻപ് അത് അനുഛേദം 370 അംഗീകരിക്കുകയും ചെയ്തു. മറ്റു പലതിന്റെയും കൂട്ടത്തിൽ, ഭൂപരിഷ്കരണം സാർവത്രിക വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ പുരോഗമനാത്മകമായ നടപടികൾ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കപ്പെട്ടതിലും വളരെ നേരത്തെ തന്നെ ജമ്മുകാശ്മീരിൽ നടപ്പാക്കാൻ പ്രത്യേക ഭരണഘടന അംഗീകരിക്കപ്പെട്ടതിലൂടെ സാധിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ സമയപരിധി നിശ്ചയിച്ച, ഡിസംബർ 11ലെ സുപ്രീംകോടതി വിധി മനസ്സില്ലാ മനസ്സോടെയാണ് ഗവൺമെന്റ് അംഗീകരിച്ചത്. എന്തെങ്കിലുമൊക്കെ കാരണങ്ങൾ പറഞ്ഞ് ഗവൺമെന്റ് കഴിഞ്ഞ അഞ്ച് വർഷമായി തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയാണ്. നിയമസഭ, പാർലമെന്റ് മണ്ഡലങ്ങൾ പുനർനിർണയിച്ചതിനുശേഷം തിരഞ്ഞെടുപ്പ് നടത്താമെന്നായിരുന്നു സർക്കാർ ആദ്യം അറിയിച്ചിരുന്നത്. സംസ്ഥാന നിയമസഭയുടെ മണ്ഡലപുനർ നിർണയപ്രക്രിയ 2026 വരെ മരവിപ്പിച്ചിട്ടും ഈ അഭ്യാസം നടത്തിയത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും ഇതേറ്റെടുക്കുന്നതിനുവേണ്ടി മാത്രമായിരുന്നു. ഇത് കാശ്മീരിലെ ജനങ്ങളെ കൂടുതൽ ദുർബലപ്പെടുത്തി. ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള നിർണായകമായ മാനദണ്ഡങ്ങളെയെല്ലാം ലംഘിച്ചുകൊണ്ട് മൊത്തം ഏഴ് അസംബ്ലി സീറ്റുകളാണ് വർധിപ്പിച്ചത്– ജമ്മുവിൽ ആറും കാശ്മീരിൽ ഒന്നും. 2011ലെ സെൻസസ് പ്രകാരം ജമ്മു ഡിവിഷനിലെ ജനസംഖ്യ 53,50,811 ഉം കാശ്മീർ ഡിവിഷനിലെ ജനസംഖ്യ 68,88,475 ഉം ആണ്.
മണ്ഡലപുനർ നിർണയകമ്മീഷൻ അതിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്തുന്നതിൽ ഗവൺമെന്റ് വിമുഖത കാണിക്കുകയാണ്.
കാലാവസ്ഥയും സുരക്ഷയും കണക്കിലെടുത്തുകൊണ്ട് തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ കഴിഞ്ഞ ജനുവരിയിൽ പറഞ്ഞിരുന്നു. എന്തായാലും നാലു സീസണുകളും കടന്നുപോയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷണർ പരാമർശിച്ച ‘‘ആ പ്രത്യേക കാലാവസ്ഥ’’ ഇനിയും വന്നെത്തിയിട്ടില്ല.
ഈയിടെ നടന്ന പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും നാല് നിയമസഭാംഗങ്ങളെക്കൂടി നോമിനേറ്റ് ചെയ്യാനുള്ള അധികാരം ജമ്മു കാശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണർക്കു നൽകി. ഒരു വനിത, കാശ്മീരിൽ നിന്നും കുടിയിറക്കപ്പെട്ട രണ്ടുപേർ (കാശ്മീരി പണ്ഡിറ്റുകൾ), ജമ്മുവിൽ സ്ഥിരതാമസമുറപ്പിച്ചിട്ടുള്ള, പാക് അധിനിവേശ കാശ്മീരിലെ ഒരു അഭയാർഥി എന്നിവർക്കായാണ് ആ സീറ്റുകൾ നൽകിയിരിക്കുന്നത്. കാശ്മീരിലെ ഭരണസംവിധാനത്തെ പിന്തുണയ്ക്കാൻ വേണ്ടിയുള്ള ഒരു കുൽസിത നീക്കം കൂടിയാണിതെന്നു കണക്കാക്കപ്പെടുന്നു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരില്ലാതെ ജമ്മു കാശ്മീർ തുടരുമ്പോൾ തന്നെ കാർഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡവലപ്മെന്റ് കൗൺസിലിലേക്ക് (LAHDC) തിരഞ്ഞെടുപ്പ് നടന്നു. നാഷണൽ കോൺഫറൻസും കോൺഗ്രസ്സും ചേർന്ന് 26ൽ 22 സീറ്റിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
അനുഛേദം 370 എടുത്തുകളഞ്ഞശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഈ തിരഞ്ഞടുപ്പുകളിലെ ബിജെപിയുടെ പരാജയം, ലഡാക്കിലെ ജനതയുടെ മാനസികാവസ്ഥയെ വ്യക്തമായും പ്രതിഫലിപ്പിക്കുന്നു.
ഭരിക്കുന്ന ബിജെപിയ്ക്കെതിരായ കാർഗിൽ, ലേ എന്നീ ജില്ലകളിലെ ജനങ്ങൾ ദീർഘകാലമായി അടക്കിവച്ചിരുന്ന അസംതൃപ്തിയും അമർഷവും തിരഞ്ഞെടുപ്പിൽ അണപൊട്ടി ഒഴുകുകയായിരുന്നു. ഇക്കഴിഞ്ഞവർഷം ജനുവരിയിൽ, ലഡാക്കിന്റെയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിന്റെയും ഉന്നതാധികാര സമിതി അസന്ദിഗ്ധമായി പ്രസ്താവിച്ചത്, ഒരു പ്രത്യേക കേന്ദ്ര ഭരണപ്രദേശം എന്നതിനെക്കാൾ തങ്ങൾക്കഭികാമ്യം ജമ്മു കാശ്മീരാണ് എന്നാണ്.അതുപോലെ ജമ്മുവിലെ ജനങ്ങൾക്കിടയിലും അസംതൃപ്തി തീവ്രമായിക്കൊണ്ടിരിക്കുകയാണ്. ഭൂമി, തൊഴിൽ സുരക്ഷ എന്നിവ സംബന്ധിച്ച് അവർക്ക് അതിയായ ആശങ്കയുണ്ട്. വസ്തുകരം വർധിപ്പിച്ചതും പുതിയ ടോൾപോസ്റ്റുകൾ സ്ഥാപിച്ചതും ഇതിനകം തന്നെ അവരെ തെരുവിലിറങ്ങാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.
മാധ്യമസ്വാതന്ത്ര്യം പരിമിതപ്പെടുത്തിയത് അതേനിലയിൽത്തന്നെ തുടരുകയാണ്. പത്രങ്ങൾക്ക് സ്വതന്ത്രമായ എഡിറ്റോറിയൽ നയം പിന്തുടരാൻ കഴിയാത്ത സ്ഥിതിയാണ്. അതേപോലെ, വ്യാപകമായി വായിക്കപ്പെടുന്ന പത്രങ്ങൾക്ക് പരസ്യം നൽകുന്നത് ഗവൺമെന്റ് നിർത്തിയിരിക്കുകയുമാണ്. കഴിഞ്ഞ വർഷം രണ്ട് മാധ്യമപ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തി. യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മ വലിയ ആശങ്കയായി നിലനിൽക്കുന്നു. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാർച്ചിൽ 23.1 ശതമാനമായി കുതിച്ചുയർന്നു. ♦
(സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ ലേഖകൻ ജമ്മു കാശ്മീരിലെ പ്രതിപക്ഷ സഖ്യമായ പീപ്പിൾസ് അലയൻസ് ഓഫ് ഗുപ്കാർ ഡിക്ലറേഷന്റെ കൺവീനറാണ്)