Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഫെഡറലിസം അപകടത്തിൽ

ഫെഡറലിസം അപകടത്തിൽ

അഡ്വ. കെ എസ് അരുൺകുമാർ

സംഘപരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര ബി.ജെ.പി ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ ഹിന്ദുത്വരാഷ്ട്രീയത്തിലേക്കുള്ള മുദ്രാവാക്യമായി പ്രഖ്യാപിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ഒന്ന്, ബാബറി മസ്ജിദ് തകർത്ത സ്ഥലത്തു തന്നെ രാമക്ഷേത്രം നിർമ്മിക്കുക. രണ്ട്, അനുച്ഛേദം 370 റദ്ദാക്കി കാശ്മീരിന്റെ വിശേഷാധികാരം എടുത്തുകളയുക. മൂന്ന്, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക എന്നിവയാണ്. ഇതിൽ ആദ്യത്തെ ലക്ഷ്യം നേടിയത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ തുടർന്നാണെങ്കിൽ രണ്ടാമത്തെ ലക്ഷ്യത്തിന് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ സാധൂകരണം ലഭിച്ചിരിക്കുകയാണ്. മൂന്നാമത്തെ മുദ്രാവാക്യമായ ഏക സിവിൽ കോഡ് ഈ മതനിരപേക്ഷ ഇന്ത്യയിൽ നടപ്പാക്കും എന്നാണ് പ്രധാനമന്ത്രി മധ്യപ്രദേശിൽ വെച്ച് അടുത്ത കാലത്ത് പ്രഖ്യാപിച്ചത്.

ബാബറി മസ്ജിത് തകർത്ത സ്ഥലത്തുതന്നെ രാമക്ഷേത്രം പണിയാൻ അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിന്യായവും ഏവരെയും ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. ചരിത്രപരമായ നാല് വീഴ്ചകൾ ചൂണ്ടിക്കാണിച്ച സുപ്രീം കോടതി അവസാനം മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലത്തുതന്നെ ക്ഷേത്രം പണിയാൻ അനുവദിക്കുകയായിരുന്നു. 1949-ൽ ബാലനായ രാമന്റെ വിഗ്രഹം ബാബറി മസ്ജിദിനകത്ത് സ്ഥാപിക്കാൻ അനുവദിച്ചത് ചരിത്രത്തിലെ ഒന്നാമത്തെ വീഴ്ചയായും 1986-ൽ ഹിന്ദു മത വിശ്വാസികൾക്ക് ബാബറി മസ്ജിദ് തുറന്നു കൊടുത്തത് രണ്ടാമത്തെ തെറ്റായും ഭരണഘടനാ ബഞ്ച് വിലയിരുത്തി. തുടർന്ന് 1989-ൽ വിഗ്രഹാരാധനക്കായി മസ്ജിദിന്റെ വാതിൽ തുറന്നുകൊടുത്തത് മൂന്നാമത്തെ തെറ്റായും 1992-ൽ ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങൾ തകർക്കാൻ അനുവദിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയായും പരമോന്നത നീതിപീഠം വിലയിരുത്തി. നാല് ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനു ശേഷം മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലത്തു തന്നെ രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുവാദം നൽകിയതിന്റെ പിന്നിലുള്ള നീതിബോധം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സുപ്രീം കോടതി രാമക്ഷേത്ര ട്രസ്റ്റിനെയാണ് ക്ഷേത്ര നിർമ്മാണം ഏല്പിച്ചതെങ്കിലും പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും നേതൃത്വത്തിൽ ഒരു സ്റ്റേറ്റ് സ്പോൺസേഡ് പരിപാടിയായി രാമക്ഷേത്ര നിർമ്മാണം മാറിയത് നാം കണ്ടു.

അതുപോലെ തന്നെയാണ് ജമ്മു -കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവച്ചുള്ള സുപ്രീംകോടതി ഉത്തരവും.

കാശ്‌മീരിന്‌ പ്രത്യേക പദവി അനുവദിക്കുന്ന 370–-ാം അനുച്ഛേദം താൽക്കാലികമാണോ 370–-ാം അനുച്ഛേദം ഭേദഗതി വരുത്തി രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവ്‌ ഭരണഘടനാപരമായി സാധുവാണോ എന്നതടക്കമുള്ള ചോദ്യങ്ങളാണ്‌ കോടതി പരിഗണിച്ചത്‌. ഈ വിധിയിൽ കോടതി എത്തിച്ചേരുന്ന നിലപാടുകളും നിഗമനങ്ങളും പലയിടത്തും അയോധ്യ കേസിലെന്ന പോലെ പരസ്‌പരവിരുദ്ധമാണ്‌. പ്രത്യേക പദവി എടുത്തുകളയുകയെന്നത്‌ സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ താൽപ്പര്യമില്ലെന്നുമുള്ള കോടതി നിഗമനം ഭരണഘടനാവിരുദ്ധവും ഓരോ പരിഗണനാ വിഷയത്തിലും കോടതി എടുത്ത നിലപാടുകൾക്ക് വിരുദ്ധവുമാണ്.

ഭരണഘടനയെയും ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്വങ്ങളെയും പൂർണമായും തള്ളിക്കളയുന്നതാണ് കാശ്മീന്റെ ഭരണഘടന പദവിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്റെ വിധിന്യായം. ഭരണഘടനാപരമായോ നിയമപരമായോ കേന്ദ്ര സർക്കാരിന്റെ നടപടിയെ ശരിവയ്‌ക്കാൻ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് തയ്യാറായില്ലെന്ന് മാത്രമല്ല കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്കുവേണ്ടി സ്വീകരിച്ച വളഞ്ഞ വഴികളെ അംഗീകരിക്കാനും തയ്യാറായില്ല.

അനുച്ഛേദം 356 പ്രകാരം ഒരു സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം ഒരു വർഷത്തിലധികം അധികരിക്കാൻ പാടില്ല. അല്ലാത്തപക്ഷം ആ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യമാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കണം. ജമ്മു കശ്മീരിന്റെ കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മീഷൻ അത്തരം ഒരു പ്രഖ്യാപനം നടത്തിയിരുന്നില്ല. ജമ്മു കശ്മീർ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിച്ച് സംസ്ഥാന നിയമനിർമ്മാണ സഭ ചെയ്യേണ്ട ഉത്തരവാദിത്വം ഏകപക്ഷികമായി ഗവർണ്ണറെക്കൊണ്ട് നിർവ്വഹിപ്പിച്ച് രാഷ്ട്രപതിക്ക് പ്രത്യേക വിജ്ഞാപനം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.

ഇത് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത അജൻഡയുടെ ഭാഗം തന്നെയായിരുന്നു.

രാഷ്ട്രപതിയുടെ ഭരണഘടനാ ഉത്തരവ് 272 വഴി അനുച്ഛേദം 370 നെത്തന്നെ മാറ്റിമറിക്കുകയായിരുന്നു കേന്ദ്രം ചെയ്തത്. ഭരണഘടനാ ഉത്തരവ് 272 ഒരു പരിഷ്കരണമായിട്ടാണ് അവതരിപ്പിക്കുന്നത് എങ്കിലും അത് അനുച്ഛേദം 370ന്റെ ഭേദഗതി തന്നെയാണ്. രണ്ടു വളഞ്ഞ വഴികളിൽക്കൂടിയാണ് കേന്ദ്രം ഇതു ചെയ്യാൻ ശ്രമിച്ചത്. ആദ്യത്തേത്, അനുച്ഛേദം 367 ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന സംജ്ഞകളുടെ നിർവചനവും വിശദീകരണവുമാണ്. ഇതിൽ നിലവിലുള്ള മൂന്ന് ഉപ അനുച്ഛേദങ്ങളുടെ കൂടെ 367 (4) എന്ന ഒന്നുകൂടി കൂട്ടിച്ചേർക്കുകയും എന്നിട്ട് 367 (4) പ്രകാരം 370 (3) ലെ ‘ഭരണഘടനാ നിർമാണസഭ’ എന്നതിനെ സംസ്ഥാന നിയമനിർമാണ സഭയെന്ന് വായിക്കണമെന്ന് പരിഷ്കരിക്കുകയുമാണ് ചെയ്തത്. രണ്ട്, ഭരണഘടനാ നിർമാണസഭയ്‌ക്കു പകരം പുതിയൊരു സംവിധാനം കൊണ്ടുവന്നു. ഈ വളഞ്ഞ മാർഗം സുപ്രീംകോടതി അംഗീകരിച്ചില്ല.

രാജ്യത്തിന്റെ ഘടനയ്‌ക്കും സംസ്ഥാനങ്ങളുടെ പദവികളെ സംബന്ധിച്ചും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവയ്‌ക്കുന്നതാണ് ഈ വിധിന്യായം എന്ന കാര്യത്തിൽ സംശയമില്ല.

അനുച്ഛേദം ഒന്ന് പ്രകാരം ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്. സ്വാതന്ത്ര്യലബ്ധിയുടെ സമയത്തും അതിനു ശേഷവും വിവിധ പ്രദേശങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമായി മാറി. കാശ്മീരിന് സവിശേഷ അധികാരങ്ങളും ഭരണഘടനയിൽ പ്രത്യേക പദവിയും ഉറപ്പു നൽകിയതോടെയാണ് കാശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി മാറിയത്.

കാശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായ സമയത്ത് ഉണ്ടാക്കിയ കരാറുകൾ പാലിക്കുമെന്നും അവയ്ക്ക് ഭരണഘടന സാധുത നൽകുമെന്നുമുള്ള ഭരണഘടനയിലെ ഉറപ്പാണ് ഈ വിധിയിലൂടെ ഇല്ലാതായിരിക്കുന്നത്.

നമ്മുടെ ഭരണഘടന പ്രകാരം കാശ്മീരിന് മാത്രമല്ല പന്ത്രണ്ട് സംസ്ഥാനങ്ങൾക്ക് സവിശേഷ അധികാരങ്ങളും പദവിയും ഉണ്ട്. ഇത്തരം പദവികൾ രാഷ്ടീയ ലക്ഷ്യത്തോടെ റദ്ദാക്കുന്നത് സമാന പദവിയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ്.

പുതിയ സംസ്ഥാനങ്ങർ രൂപീകരിക്കുകയോ നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുകയോ ചെയ്യുമ്പോൾ പിന്തുടരേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ ഭരണഘടനയുടെ അനുച്ഛേദം മൂന്നിന്റെ സമ്പൂർണമായ ലംഘനമാണ് ജമ്മു കാശ്മീരിൽ നടന്നത്. അനുച്ഛേദം മൂന്ന് പ്രകാരം ഒരു സംസ്ഥാനത്തെ മൊത്തത്തിൽ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാൻ കഴിയില്ല. ഒരു സംസ്ഥാനത്തിന്റെ ഭാഗികമായ പ്രദേശങ്ങൾ മാത്രമേ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ കഴിയൂ. എന്നാൽ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞ് ജമ്മു കാശ്-മീർ എന്നും ലഡാക്ക് എന്നും പേരുള്ള രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി ആ സംസ്ഥാനത്തെ മാറ്റി.

ഒരു സംസ്ഥാനത്തെ വിഭജിച്ച്‌ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ, അനുച്ഛേദം 3 ന് വിരുദ്ധമായ സർക്കാർ നടപടിയുടെ നിയമസാധുതയെക്കുറിച്ചാണ് ഭരണഘടനാ ബഞ്ച് പരിശോധിക്കേണ്ടിയിരുന്നത്. എന്നാൽ ഏറ്റവും ഗൗരവമായ ഈ വിഷയത്തിലേക്ക് കടക്കാതെ സർക്കാരിന്റെ “നയപരമായ കാര്യം’ എന്നൊക്കെപ്പറഞ്ഞ് ഒരു ഭരണഘടനാവിരുദ്ധ പ്രഖ്യാപനത്തിന് നിയമസാധുത നൽകുകയാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഇപ്പോൾ ചെയ്തിരിക്കുന്നത്. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞ് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയ പ്രഖ്യാപനത്തിൽ ഭരണഘടന അനുച്ഛേദം 3 ന്റെ നഗ്നമായ ലംഘനം നടന്നത് ഉചിതമായ മറ്റൊരു സാഹചര്യത്തിൽ പരിശോധിക്കുമെന്ന വിശദീകരണത്തിന്റെ പിന്നിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാന ശില ആ രാജ്യത്തിന്റെ ഭരണഘടനയാണ്. ഭരണഘടനാ തത്വങ്ങൾക്ക് വിധേയമായാണ് നിയമ നിർമ്മാണ സഭയും കാര്യനിർവ്വഹണ സമിതിയും നീതിന്യായ കോടതികളും പ്രവർത്തിക്കേണ്ടത്.

ജമ്മു കാശ്മീരിന്റ സവിശേഷാധികാരങ്ങൾ റദ്ദാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാൻ വേണ്ടി ഭരണഘടനാ തത്വങ്ങൾ മറന്നാണ് ഇന്ത്യൻ പ്രസിഡന്റും ജമ്മു കാശ്മീർ ഗവർണ്ണറും കേന്ദ്ര സർക്കാരും പ്രവർത്തിച്ചത് എന്ന് നിസ്സംശയം പറയാം. ഇപ്പോൾ നീതിന്യായ പീഠം തങ്ങൾ പരിഗണിക്കേണ്ടതും ഭരണഘടനാ വിധേയമായി ഉത്തരം പറയേണ്ടതുമായ വിഷയങ്ങളിൽ നിന്നും മനഃപൂർവ്വം തെന്നിമാറി അത് പിന്നീടൊരവസരത്തിലേക്ക് നീക്കിവെച്ചത് അവസരവാദ നിലപാടാണ്. ഒരു ഭരണഘടന ബഞ്ചിന്റെ മുന്നിൽ ഏറ്റവും ഗൗരവമായ ഭരണഘടനാ വിഷയം പരിഗണിക്കുമ്പോൾ സോളിസിറ്റർ ജനറൽ നൽകിയ ഒരു ഉറപ്പിന്റെ മേൽ യഥാർത്ഥ പരിഗണനാ വിഷയത്തിൽ നിന്നും തെന്നിമാറിയത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ്.ഒരു ഗവൺമെന്റ് നിയമിക്കുന്ന താല്ക്കാലിക ഉദ്യോഗസ്ഥനായ സോളിസിറ്റർ ജനറൽ നൽകുന്ന ഉറപ്പ്, തുടർന്നുവരുന്ന ഗവൺമെന്റുകൾക്ക് ബാധകമല്ല എന്നീ പ്രാഥമിക കാര്യങ്ങൾ വരെ പരമോന്നത നീതിപീഠം അവഗണിച്ചു. ഭാവിയിൽ പാർലമെന്റ് ഒരു നിയമം പാസ്സാക്കാൻ സാധ്യതയുണ്ട് എന്ന് ഒരു സമയക്ലിപ്തതയുമില്ലാതെ സോളിസിറ്റർ ജനറൽ സുപ്രീം കോടതിക്ക് ഉറപ്പുനൽകുകയായിരുന്നു. നിലവിലെ സോളിസിറ്റർ ജനറലിന്റെ ‘ഉറപ്പു നൽകൽ’ മാസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന ഗവൺമെന്റിന് ബാധകമല്ല എന്ന കാര്യം കോടതി പരിഗണിച്ചില്ല. കേന്ദ്രസർക്കാരിന്റെ ഇത്തരം വാദങ്ങൾ മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ്‌ സംസ്ഥാനത്തെ ഒറ്റയടിക്ക്‌ കേന്ദ്രഭരണപ്രദേശമാക്കി മാറ്റാമോയെന്ന നിയമപ്രശ്‌നത്തിൽനിന്ന്‌ കോടതി പിൻമാറിയത്‌. വിശേഷപദവിയുള്ള മറ്റേതൊരു സംസ്ഥാനത്തിനും ഭാവിയിൽ ജമ്മു കാശ്‌മീരിന്റെ ഗതി സംഭവിക്കാമെന്ന ഗൗരവമായ വിഷയവും കോടതി പരിഗണിക്കേണ്ടതായിരുന്നു. ഭരണഘടനാ ബഞ്ച് പരിഗണിക്കേണ്ട നിർണ്ണായക വിഷയങ്ങളിൽ നിന്നും വ്യതിചലിച്ച് 370–-ാം അനുച്ഛേദം താൽക്കാലികം മാത്രമാണെന്നും ഇന്ത്യൻ യൂണിയനിൽ ചേർന്നതോടെതന്നെ ജമ്മു -കാശ്‌മീരിന്റെ പരമാധികാരസ്വഭാവം നഷ്ടമായെന്നും നിലപാടെടുത്തുകൊണ്ടാണ്‌ കോടതി ഈ വിധി പ്രഖ്യപിച്ചത്. ജമ്മു- കാശ്‌മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന്‌ കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ അവരുടെ രാഷ്ട്രിയലക്ഷ്യ പൂർത്തികരണമായാണ് കാശ്മീർ വിഷയത്തെ കാണുന്നത്.

ഒരു സംസ്ഥാനത്തെ വിഭജിച്ച്‌ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയ സർക്കാർ നടപടിയുടെ ഭരണഘടനാ സാധുതയിലേക്ക്‌ കോടതി കടക്കാതെ അത്‌ ഉചിതമായ മറ്റൊരു സാഹചര്യത്തിൽ പരിശോധിക്കുമെന്ന വിശദീകരണം ഒരു ഭരണഘടനാ ബഞ്ചിനെ ഏല്പിച്ച ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ തകർത്ത് ഹിന്ദുത്വ അജൻഡയിലൂടെ ഒരു മത രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര ഗവൺമെന്റിന് കൂടുതൽ ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള ഉത്തേജനമായിമാറും ഈ കോടതി വിധിയെന്ന കാര്യത്തിൽ സംശയമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + 19 =

Most Popular