1890ൽ ഝലം താഴ്-വരയിലെ റോഡ് തുറക്കപ്പെട്ടതോടെയാണ് ശ്രീനഗറിലേക്കുള്ള വാഹന ഗതാഗതത്തിന് ആദ്യമായി വഴിയൊരുങ്ങിയത്. അതോടെ കാശ്മീരിന്റെ രാഷ്ട്രീയവും ധെെഷണികവുമായ ഒറ്റപ്പെടൽ അവസാനിച്ചു. 1920കൾ മുതൽ വേനൽക്കാലത്ത് സമതലങ്ങളിലെ അത്യുഷ്ണത്തിൽനിന്നും രക്ഷനേടാനായി ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും സെെനിക ഉദ്യോഗസ്ഥരും ശ്രീനഗറിലേക്ക് വന്നുതുടങ്ങി. ഇടത്തരം ഒരു ചെറിയ വിഭാഗം കാശ്മീരി മുസ്ലീങ്ങൾ തങ്ങളുടെ മക്കളെ പഞ്ചാബിലേക്കും അതിനുമപ്പുറത്തേക്കും അയച്ച് പഠിപ്പിക്കാനാരംഭിച്ചു. 1930കളുടെ തുടക്കത്തോടെ കാശ്മീർ താഴ്-വരയിൽ ജനകീയ രാഷ്ട്രീയം വേരുപിടിക്കാനും തുടങ്ങി. പുറംനാടുകളിൽ പോയി വിദ്യാഭ്യാസം നേടി മടങ്ങിയെത്തിയ പുതുതലമുറയാണ് അവിടെ ജനകീയരാഷ്ട്രീയത്തിന്റെ വിത്തുവിതച്ചത്. സേ-്വച്ഛാധിപതിയായ നാട്ടുരാജാവിൽനിന്ന് ചില്ലറ ആനുകൂല്യങ്ങൾ നേടിയെടുക്കാനും ആ ആദ്യകാല രാഷ്ട്രീയ ഇടപെടലുകളിലൂടെ കഴിഞ്ഞു. 1932 മുതൽ രാഷ്ട്രീയപൊതുയോഗങ്ങൾ ചേരാനും പത്രങ്ങൾ തുടങ്ങാനുമുള്ള അനുമതി ലഭിച്ചു. റഷ്യൻ വിപ്ലവത്തിന്റെ കാഹളധ്വനി ലോകമാകെ മുഴങ്ങിയിരുന്ന,സോവിയറ്റ് യൂണിയൻ മർദ്ദിത ജനവിഭാഗങ്ങളിൽ ആവേശവും പ്രതീക്ഷയും ഉണർത്തിയിരുന്ന ആ കാലത്ത് കാശ്മീരിലെ രാഷ്ട്രീയമായി ചിന്തിച്ചിരുന്ന ചെറുപ്പക്കാരിൽ അതിന്റെ സ്വാധീനം എത്തിയിരുന്നു. 1930കൾ മുതൽ കാശ്മീരിലെ ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയപ്രവർത്തകനും നേതാവുമായി ഉയർന്നുവന്ന ഷേഖ് മുഹമ്മദ് അബ്ദുള്ളയിലും ഈ സ്വാധീനമുണ്ടായിരുന്നു. തുടക്കത്തിൽ മുസ്ലീം കോൺഫറൻസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നൽകിയ ഷേഖ് അബ്ദുള്ള 1939 ൽ അതിന്റെ പേര് നാഷണൽ കോൺഫറൻസ് എന്നാക്കി മതനിരപേക്ഷതയ്ക്ക് പ്രാമുഖ്യം നൽകുകയാണുണ്ടായത്. 1930കളിൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലെ അതികായരായ പണ്ഡിറ്റ് നെഹ്റുവുമായും ‘അതിർത്തി ഗാന്ധി’ ഖാൻ അബ്ദുൾ ഗാഫർ ഖാനുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. പുരോഗമനപക്ഷത്തെ ദേശീയവാദികളുടെ ഒരു കൂട്ടുകെട്ട് അങ്ങനെ ഉരുവംകൊള്ളുകയായിരുന്നു. മതനിരപേക്ഷവും പുരോഗമനപരവും ഒരു പരിധിവരെ സോഷ്യലിസ്റ്റ് ചായ്-വുള്ളതുമായ രാഷ്ട്രീയത്തിൽ ഷേഖ് അബ്ദുള്ള എത്തിച്ചേർന്നതിന് നിദാനമായ മറ്റൊരു കാര്യം ലാഹോറിൽനിന്ന് ഇടതുപക്ഷാഭിമുഖ്യമുള്ള ബുദ്ധിജീവികൾ ശ്രീനഗറിൽ ഒത്തുചേരാൻ തുടങ്ങിയതാണ്. ഫെയ്സ് അഹമ്മദ് ഫെയ്സിനെപോലെയുള്ള കമ്യൂണിസ്റ്റായ പ്രശസ്ത ഉറുദു കവിയും അദ്ദേഹത്തിന്റെ സഹധർമിണിയും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആലിസ് ജോർജിനെയും ഉറുദു നോവലിസ്റ്റ് മുൽക്ക് രാജ് ആനന്ദിനെയും പോലെയുള്ള നിരവധി ഇടതുപക്ഷ ചിന്തകരും കലാകാരും ഷേഖ് അബ്ദുള്ളയുടെ സുഹൃദ്-വലയത്തിലുണ്ടായിരുന്നു. അവരുടെയെല്ലാം സ്വാധീനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങളിൽ കാണാം. കമ്യൂണിസ്റ്റുകാരനും നടനും എഴുത്തുകാരനുമായ ബൽരാജ് സാഹ്നി അക്കാലത്ത് ഇടയ്ക്കിടെ ബോംബെയിൽനിന്ന് ശ്രീനഗറിൽ എത്തിയിരുന്നു. ബോംബെയിലെ കമ്യൂണിസ്റ്റു പാർട്ടി ആസ്ഥാനവുമായി അടുത്ത് ബന്ധപ്പെട്ടിരുന്നയാൾ എന്ന നിലയിൽ ബൽരാജ് സാഹ്നി ശ്രീനഗറിൽ എത്തിയാൽ അദ്ദേഹത്തിന്റെ വീടാണ് അവിടെയുള്ള പുരോഗമനപക്ഷത്തെ എല്ലാവരുടെയും ഒത്തുചേരൽ കേന്ദ്രം. ഇവിടെ ഒത്തുകൂടിയിരുന്ന മറ്റൊരു കമ്യൂണിസ്റ്റു ദമ്പതിമാരായിരുന്നു പഞ്ചാബിയായ ബിപിഎൽ ബേദിയും ബ്രിട്ടീഷുകാരിയായ ഫ്രെദ ഹുൾസ്റ്റണും. ഈ ഒത്തുചേരലുകളിൽ ഷേഖ് അബ്ദുള്ളയും സജീവസാന്നിധ്യമായിരുന്നു. കാശ്മീർ രാഷ്ട്രീയത്തിലെ കമ്യൂണിസ്റ്റ് സ്വാധീനവും സാന്നിധ്യവും തുടങ്ങിയത് ഇവരുമായെല്ലാം ബന്ധപ്പെട്ടാണ്. അതായത്, നാഷണൽ കോൺഫറൻസുമായി ചേർന്നാണ് ശരിക്കും ആദ്യകാല കമ്യൂണിസ്റ്റു പ്രവർത്തനം കാശ്മീരിൽ ആരംഭിച്ചത്. 1935–36 മുതൽ. 1930കൾ മുതൽതന്നെ കാശ്മീർ താഴ-്-വരയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടിത പ്രവർത്തനവും ആരംഭിച്ചിരുന്നു. 1937ൽ ലാഹോറിൽ നിന്നുള്ള, സോവിയറ്റു യൂണിയനിൽ നിന്ന് പരിശീലനം ലഭിച്ച രണ്ട് പ്രവർത്തകർ ശ്രീനഗറിൽവന്ന് കുറേനാൾ താമസിച്ച് ബന്ധങ്ങളുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതിന് കാര്യമായ ഫലമൊന്നുമുണ്ടായില്ല. തുടർന്ന് 1940കളുടെ തുടക്കത്തിൽ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ ചെറുപ്പക്കാരുടെ ചില ചർച്ചാസംഘങ്ങൾ സജീവമായി. ഈ ഗ്രൂപ്പുകളിൽനിന്ന് അംഗങ്ങളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കമ്യൂണിസ്റ്റ് പാർട്ടി നീക്കംതുടങ്ങി. 1942 സെപ്തംബറിൽ ലാഹോറിൽ നിന്നുള്ള കമ്യൂണിസ്റ്റ് പ്രവർത്തകൻ ഫസൽ ഇലാഹി ഖുർബാൻ ശ്രീനഗറിൽ ദാൽ തടാകത്തിൽ ഒരു ഹൗസ്ബോട്ടിൽ ഫാസിസ്റ്റുവിരുദ്ധ പഠനക്ലാസ് സംഘടിപ്പിച്ചു. അതിൽ പങ്കെടുത്തവർക്ക് മാർക്സിസ്റ്റ് ലഘുലേഖകൾ നൽകുകയും ചെയ്തു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആദ്യമായാണ് കാശ്മീരിൽ ഒരു ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്. 14 പേരാണ് അതിൽ പങ്കെടുത്തത്. ഏറെയും വിദ്യാർഥികളായിരുന്നു. ഈ ക്ലാസിൽ പങ്കെടുത്തവരിൽ രണ്ടുപേർ പിൽക്കാലത്ത് ജമ്മു–കാശ്മീർ മുഖ്യമന്ത്രിമാരായി; ഇരുവരും ഷേഖ് അബ്ദുള്ളയുടെ ഉറ്റ അനുയായികളുമായിരുന്നു. ഇതിൽ ദീർഘകാലം ജമ്മു കാശ്മീർ മുഖ്യമന്ത്രിയായിരുന്ന ബക്-ഷി ഗുലാം മുഹമ്മദ് കമ്യൂണിസ്റ്റ് ബന്ധം ചുരുങ്ങിയ കാലത്തിനുള്ളിൽ അവസാനിപ്പിച്ചു. എന്നാൽ ജി എം സാദിഖ് കുറച്ചുകാലംകൂടി കമ്യൂണിസ്റ്റ് ബന്ധം തുടർന്നു. 1942ൽ ചേർന്ന അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷന്റെ സമ്മേളനത്തിൽ കാശ്മീരിനിന്നുള്ള പ്രതിനിധി ജി എം സാദിഖായിരുന്നു.
1840 കളോടെയാണ് ജമ്മു കാശ‍്മീർ ഒരു പ്രത്യേക ഭരണപ്രദേശമായി രൂപപ്പെട്ടത്. ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോൾ അത് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ വിസ്തീർണത്തിൽ ഏറ്റവും വലുതും ജനസംഖ്യയിൽ രണ്ടാമത്തേതുമായി. ഭരണം നടത്തിയിരുന്നത് ജമ്മുവിൽ നിന്നുള്ള, ഡോഗ്രി ഭാഷ സംസാരിക്കുന്ന ഹിന്ദു രാജകുടുംബമായിരുന്നു–അതായത്, കാശ്മീർ താഴ്-വരയിലുള്ളവരെ സംബന്ധിച്ചിടത്തോളം പരദേശി ഭരണമെന്ന് പറയാവുന്നതാണ്. ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള കാശ്മീർ താഴ്-വരയാണ് ശരിക്കും കാശ്മീരി ഭാഷയുടെയും സംസ്കാരത്തിന്റെയും കേന്ദ്രവും. ആ നാട്ടുരാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയിൽ പത്തിലൊന്ന് പോലുമില്ലാത്ത ഇവിടെയാണ് ജനസംഖ്യയിൽ പകുതിയോളം പേരും അധിവസിക്കുന്നത്. താഴ്-വരയിലെ ജനസംഖ്യയിൽ 90 ശതമാനത്തോളം പേരും സൂഫി സ്വാധീനമുള്ള, അന്യമതസ്ഥരോട് സഹിഷ്ണുതയും സ്നേഹവുമുള്ള ഇസ്ലാം മതവിശ്വാസികളാണ്. ജമ്മു ഹിന്ദുക്കൾ മാത്രമുള്ള മേഖലയായിരുന്നില്ല. 34% മുസ്ലീങ്ങളും 6 ശതമാനം സിഖുകാരും 18 ശതമാനം പട്ടികജാതിക്കാരുമുണ്ടായിരുന്നു; അവശേഷിക്കുന്ന വിഭാഗം പണ്ഡിറ്റുകൾ ഉൾപ്പെടെ സവർണരുമാണ്. ലഡാക്കിലാകട്ടെ, 52 ശതമാനം ബുദ്ധമതക്കാരും 48 ശതമാനം മുസ്ലീങ്ങളുമാണ്. |
ചെറിയ ഒരു സംഘം സജീവ കമ്യൂണിസ്റ്റു പ്രവർത്തകരായി മാറി– അവരാകട്ടെ കമ്യൂണിസ്റ്റുകാരെ ന്ന നിലയിലല്ല, മറിച്ച് നാഷണൽ കോൺഫറൻസിന്റെ വിദ്യാർഥി, യുവജന ട്രേഡ് യൂണിയൻ രംഗങ്ങളിൽ തങ്ങളുടെ കമ്യൂണിസ്റ്റ് സ്വത്വം ഉദ്ഘോഷിക്കാതെ പ്രവർത്തിക്കുകയായിരുന്നു. അതേസമയം ഷേഖ് അബ്ദുള്ള ഉൾപ്പെടെ നാഷണൽ കോൺഫറൻസിലുള്ളവർക്കെല്ലാം ഇതറിയാമായിരുന്നു. അങ്ങനെ നാഷണൽ കോൺഫറൻസിനുള്ളിൽനിന്ന് പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാരിൽ പ്രാൺ നാഥ് ജലാലി, നിരഞ്ജൻ നാഥ് റെയ്ന എന്നിവരെപോലെയുള്ള കാശ്മീരി പണ്ഡിറ്റുകളുമുണ്ടായിരുന്നു. എന്നാൽ കമ്യൂണിസ്റ്റുകാർ ഏതെങ്കിലും പ്രത്യേകമതത്തിൽപ്പെട്ടവർ മാത്രമായിരുന്നില്ല; എല്ലാ മത–വംശവിഭാഗങ്ങളിലെയും മതനിരപേക്ഷവാദികളായിരുന്നു. ഈ കാലത്ത് പ്രസിദ്ധ കാശ‍്മീരി കമ്യൂണിസ്റ്റ് പ്രവർത്തകനായ എൻ എൻ റെയ്ന ഒരു കമ്യൂണിസ്റ്റ് ബുക്-സ്റ്റാൾ ‘‘ന്യൂ കാശ്മീർ ബുക് ഷോപ്പ്’’ എന്ന പേരിൽ ആരംഭിച്ചു. ഇതിനൊപ്പം തന്നെ അദ്ദേഹം ‘‘ആസാദ്’’ എന്ന പേരിൽ കാശ്മീരിൽ ഒരു പത്രം തുടങ്ങുകയുമുണ്ടായി. നാഷണൽ കോൺഫറൻസിനുള്ളിലെ കമ്യൂണിസ്റ്റ് സ്വാധീനത്തിന്റെ ശക്തമായ ദൃഷ്ടാന്തം 1944 സെപ്തംബറിൽ നാഷണൽ കോൺഫറൻസ് അംഗീകരിച്ച ‘നയാ കാശ്മീർ’ (പുതിയ കാശ്മീർ) എന്ന നയരേഖയാണ്. ഷേഖ് അബ്ദുള്ളയോട് സഹകരിച്ചിരുന്ന കമ്യൂണിസ്റ്റുകാർ നാഷണൽ കൗൺസിലിന് ഒരു നയരേഖയുടെ ആവശ്യമുണ്ടെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പ്രശസ്ത കമ്യൂണിസ്റ്റായ കെ എം അഷറഫ് സോവിയറ്റ് യൂണിയനിൽ നിന്നും ശ്രീനഗറിലെത്തിയപ്പോൾ ഷേഖ് അബ്ദുള്ളയുമായി നടത്തിയ ചർച്ചയും ഒരു നയരേഖ വേണമെന്ന ആശയത്തെ ബലപ്പെടുത്തി. അതനുസരിച്ച് ഷേഖ് അബ്ദുള്ള നാഷണൽ കോൺഫറൻസ് അംഗങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും കുറിപ്പുകമെല്ലാം ക്ഷണിച്ചു. ഇങ്ങനെ ലഭിച്ച നിരവധി അഭിപ്രായങ്ങളിൽനിന്നും നിർദേശങ്ങളിൽനിന്നും സ്വീകാര്യമായവ തെരഞ്ഞെടുക്കപ്പെട്ടു. അതെല്ലാം കൂട്ടിച്ചേർത്ത് നയരേഖയായി രൂപപ്പെടുത്താൻ ഷേഖ് അബ്ദുള്ള പ്രമുഖ കമ്യൂണിസ്റ്റു നേതാവായ ബി എൽ പി ബേദിയുടെ സഹായം തേടുകയുണ്ടായി. അങ്ങനെ 44 പേജുള്ള പ്രസിദ്ധമായ ആ രേഖ തയ്യാറാക്കിയത് ബേദിയും ഫ്രിദ ബേദിയുമായിരുന്നുവെന്ന് മാത്രമല്ല അവർ അത് തയ്യാറാക്കുന്ന വേളയിൽ ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മറ്റു കമ്യൂണിസ്റ്റു നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. ആധുനിക കാശ്മീരിന്റെ ചരിത്രത്തിലെ സുപ്രധാന രാഷ്ട്രീയ രേഖയായാണ് ഇത് കാണപ്പെടുന്നത്. ലണ്ടനിൽ യുദ്ധകാര്യ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് മടങ്ങിവന്ന കാശ്മീർ ഭരണാധികാരി ഹരിസിങ് രാജാവിന് ഷേഖ് അബ്ദുള്ളയും നാഷണൽ കോൺഫറൻസും കാശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് നൽകിയ നിവേദനത്തിനൊപ്പം ഭാവിയിൽ നടപ്പാക്കേണ്ട ഭരണഘടനയുടെ അടിസ്ഥാനമെന്ന നിലയിൽ ‘‘നയാ കാശ്മീർ’’ എന്ന നയരേഖയും നൽകുകയുണ്ടായി. ഷേഖ് അബ്ദുള്ള തന്നെ ഈ രേഖയുടെ ആമുഖമായി എഴുതിയത് ഇങ്ങനെയാണ്: ‘‘അക്കാലത്ത്, സോവിയറ്റ് റഷ്യ ഞങ്ങളുടെ കൺമുന്നിൽതന്നെ പ്രകടമായുണ്ടായിരുന്നു; ഒരു സെെദ്ധാന്തിക സാധ്യത എന്ന നിലയിൽ മാത്രമായിരുന്നില്ല, മറിച്ച് യഥാർഥ ദെെനംദിന ജീവിതാനുഭവങ്ങൾ തന്നെ ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു; സാമ്പത്തികമായ മോചനത്തിലൂടെ മാത്രമേ യഥാർഥ സ്വാതന്ത്ര്യം ലഭിക്കുവെന്ന് അത് ഞങ്ങളെ പഠിപ്പിച്ചു.’’
മുഹമ്മദ് യൂസഫ് തരിഗാമി അചഞ്ചലനായ കമ്യൂണിസ്റ്റ് വിപ്ലവകാരി നാല് തവണ ജമ്മു കാശ്മീർ നിയമസഭാംഗമായ (കുൽഗാം നിയമസഭാമണ്ഡലം), സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമി ഒരേസമയം ഭരണകൂടത്തിന്റെയും ഇസ്ലാമിസ്റ്റ് ഭീകരരുടെയും ആക്രമണങ്ങൾ നേരിട്ടാണ് അവിടെ രാഷ്ട്രീയ പ്രവർത്തനം തുടരുന്നത്. തരിഗാമിയുടെ മാത്രമല്ല, കാശ്മീരിലെ സിപിഐ എമ്മിന്റെയാകെ പ്രവർത്തനം ഭരണകൂട ഭീകരതയെയും മതഭീകരതയെയും നേരിട്ടുകൊണ്ടാണ് നടക്കുന്നത്. 1947ൽ കാശ്മീരിലെ തരിഗാം വില്ലേജിൽ ഒരു കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുൽഗാം ജില്ലയിലാണ് ഈ ഗ്രാമം. 1980 മുതൽ തരിഗാമിയും സഖാക്കളും കാശ്മീരിലാകെയും പ്രതേ-്യകിച്ച് കുൽഗാം ജില്ലയിൽ, സിപിഐ എം കെട്ടിപ്പടുക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ചുവരികയാണ്. ആ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് 1996 മുതലുള്ള നിയമസഭാ പ്രാതിനിധ്യം. ഒരു ഘട്ടത്തിൽ മൂന്ന് നിയമസഭാംഗങ്ങൾവരെ പാർട്ടിക്കുണ്ടായിരുന്നു. ബഹുജനസംഘടനകൾക്കും നല്ല അടിത്തറ സൃഷ്ടിക്കാനായി. അഴിമതിയുടെ കറപുരളാത്തതും സേവനത്തിൽ വിട്ടുവീഴ്ചയില്ലാത്തതുമായ അദ്ദേഹത്തിന്റെ വ്യക്തിത്വം ഇതിൽ വലിയ പങ്കു വഹിച്ചു. 1989 മുതൽ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മതമൗലികവാദികളും ഭീകരസംഘടനകളും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് അവഗണിച്ചാണ് സിപിഐ എമ്മും മറ്റു ജനാധിപത്യ കക്ഷികളും തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ജനവിധി നേടിയതും. 1940കൾക്കു മുൻപു മുതൽ കമ്യൂണിസ്റ്റുകാർക്ക് കാശ്മീരിലെ കർഷകർക്കിടയിലും ബുദ്ധിജീവികൾക്കിടയിലും തൊഴിലാളികൾക്കിടയിലും സ്വാധീനമുണ്ടായിരുന്നു. പ്രസിദ്ധ സിനിമാതാരം കബീർ ബേദിയുടെ മാതാപിതാക്കളായ ബിപിഎൽ ബേദിയും ഫ്രിദാ ബേദിയും ഫെയ്സ് അഹമ്മദ് ഫെയ്സും ആലീസ് ഫെയ്സും ഉൾപ്പെടെയുള്ളവർ കാശ്മീരിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ പങ്കു വഹിച്ചവരായിരുന്നു. കുൽഗാമിൽ തരിഗാമിയുടെ രാഷ്-ട്രീയ പ്രവർത്തനം ആരംഭിക്കുന്നത് നിർബന്ധിത നെല്ലെടുപ്പിനെതിരെ 1967ൽ കർഷകരെ സംഘടിപ്പിച്ച് നടത്തിയ സമരത്തിലൂടെയായിരുന്നു. കൂടുതൽ വിദ്യാർഥികളെ ഉൾക്കൊള്ളിക്കത്തക്കവിധം അനന്തനാഗ് ഡിഗ്രി കോളേജ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരവും അതിൽ നേടിയ വിജയവുമാണ് തരിഗാമിയെന്ന 18 കാരനെ ശ്രദ്ധേയനാക്കിയത്. മുൻപ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന, പിന്നീട് നാഷണൽ കോൺഫറൻസിലും അവിടെനിന്ന് കോൺഗ്രസിലുമെത്തിയ ജി എം സാദിഖായിരുന്നു അന്ന് കാശ്മീർ മുഖ്യമന്ത്രി. കർഷകർക്കും കർഷകത്തൊഴിലാളികൾക്കുമായി നടത്തിയ പോരാട്ടത്തിന്റെ പേരിൽ അക്കാലത്ത് തരിഗാമിയെ സർക്കാർ ജയിലിലടച്ചു. സംസ്ഥാനത്തെ ഏറ്റവും ശക്തമായ പീഡനകേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന റെഡ് – 16, പാപ്പാ – II എന്നിവയിലാണ് അദ്ദേഹത്തെ അടച്ചിരുന്നത്. പിന്നീടും പലവട്ടം അദ്ദേഹം ജയിലിലടയ്ക്കപ്പെടുകയും കടുത്ത മർദ്ദനങ്ങൾക്കിരയാവുകയും ചെയ്തു. 1975ൽ തരിഗാമി ജയിലിലായിരിക്കവെയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി മരണപ്പെട്ടത്. അന്ന് അദ്ദേഹത്തിന് ഒരു മാസത്തെ പരോൾ ലഭിച്ചെങ്കിലും ശവസംസ്കാരം കഴിഞ്ഞ് രണ്ടാം ദിവസം അദ്ദേഹത്തെ വീണ്ടും ജയിലിലടയ്ക്കുകയാണുണ്ടായത്. പക്ഷേ, ഇതൊന്നുംതന്നെ അദ്ദേഹത്തിന്റെ ആവേശം ഇല്ലാതാക്കിയില്ല. ബിപിഎൽ ബേദിയെയും (ബാബാബേദി) അബ്ദുൾ കരിം വാനിയെയും പിന്നീട് തരിഗാമിയെയുംപോലെയുള്ളവരുടെ പെെതൃകമാണ് ജമ്മു കാശ്മീരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വഴികാട്ടിയായി തുടരുന്നത്. മോദി ഗവൺമെന്റ് 2019ൽ യാതൊരു ചർച്ചയുംകൂടാതെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയിലൂടെ ജമ്മു കാശ്മീരിനെ മൂന്നായി കീറിമുറിക്കുകയും ഭരണഘടനയുടെ 370, 35എ വകുപ്പുകൾ റദ്ദുചെയ്യുകയുമുണ്ടായി. അതിനുമുൻപുതന്നെ ജമ്മുകാശ്മീരിനെ പട്ടാള നിയന്ത്രണത്തിലാക്കുകയും മുൻ മുഖ്യമന്ത്രിമാരേയും തരിഗാമി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. 1978ലെ ജമ്മു കാശ്മീർ പൊതുസുരക്ഷാ നിയമപ്രകാരം ആദ്യമായി 1979ൽ അറസ്റ്റ് ചെയ്യപ്പെട്ട തരിഗാമി അതുപ്രകാരംതന്നെ വീണ്ടും ജയിലിലായി. പക്ഷേ, ഇപ്പോൾ അദ്ദേഹത്തോടൊപ്പം ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്ത്തി എന്നീ മുൻ മുഖ്യമന്ത്രിമാരും ഇതേ കാടൻ നിയമപ്രകാരം അറസ്റ്റിലായിരുന്നു. കാശ്മീരി ജനതയെ സംബന്ധിച്ചും തരിഗാമിയെ സംബന്ധിച്ചും ഇന്നത്തെ കഠിനമായ കാലം പുതുമയുള്ളതല്ല. 2005ൽ ഭീകരാക്രമണത്തിൽനിന്ന് തലനാരിഴ വ്യത്യാസത്തിലാണ് തരിഗാമിക്ക് ജീവൻ രക്ഷിക്കാനായത്. ശ്രീനഗറിലെ തുൾസി ബാഗ് കോളനിയിൽ കടുത്ത സെെനിക നിയന്ത്രണത്തിലുള്ള ക്വാർട്ടേഴ്സിലായിരിക്കവെയാണ് ഭീകരർ അദ്ദേഹത്തെ ആക്രമിച്ചത്. അടുത്ത ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രി ഗുലാം നബി ലോണും തരിഗാമിയുടെ അംഗരക്ഷകരിലൊരാളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള തരിഗാമിക്കുനേരെ നടന്ന ആക്രമണത്തിൽ സെെന്യം നിഷ്-ക്രിയമായിരുന്നു എന്ന ആക്ഷേപമുണ്ട്. 2019ൽ തടങ്കലിലായിരിക്കെ രോഗബാധിതനായ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സിപിഐ എമ്മിന് സുപ്രീംകോടതിയെ സമീപിക്കേണ്ടതായി വന്നു. ചികിത്സ കഴിഞ്ഞ് ശ്രീനഗറിൽ തിരികെ പോകാനും സുപ്രീംകോടതിയുടെ ഇടപെടൽ വേണ്ടിവന്നു. ♦ |
ഈ പശ്ചാത്തലത്തിലാണ് രാജവാഴ്ചയ്-ക്കെതിരെയുള്ള ജനകീയപ്രസ്ഥാനമെന്ന നിലയിൽ ഷേഖ് അബ്ദുള്ള ‘ക്വിറ്റ് കാശ്മീർ’ പ്രസ്ഥാനം ആരംഭിച്ചപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി അതിന് പിന്തുണ നൽകിയത്. അക്കാലത്ത് ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് കമ്യൂണിസ്റ്റു പാർട്ടി നേതാവ് രജനി പാമെ ദത്ത് കാശ്മീരിൽ പോവുകയും ഷേഖ് അബ്ദുള്ളയുമായി കൂടിയാലോചന നടത്തുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി സി ജോഷിയും ശ്രീനഗറിലെത്തി ഷേഖ് അബ്ദുള്ളയുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യാ വിഭജനവും സ്വാതന്ത്ര്യലബ്ധിയും ഉണ്ടായപ്പോൾ, പാകിസ്ഥാൻ നിർദേശം (ഒപ്പം ബ്രിട്ടീഷ്–അമേരിക്കൻ സാമ്രാജ്യത്വശക്തികളുടെയും) ചെവിക്കൊണ്ട് ഹരിസിങ് രാജാവ് കാശ്മീരിനെ പ്രത്യേക രാഷ്ട്രമായി നിലനിർത്തണമെന്നതിൽ ഉറച്ചുനിന്നപ്പോൾ കാശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന ശക്തമായ നിലപാടാണ് നാഷണൽ കോൺഫറൻസ് സ്വീകരിച്ചത്. നാഷണൽ കോൺഫറൻസിലെ കമ്യൂണിസ്റ്റ് സ്വാധീനം ഇതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർടിയും നാഷണൽ കോൺഫറൻസും ചേർന്ന് രൂപം കൊടുത്ത ജനകീയ സേനയാണ് കാശ്മീർ രാജാവിനെ അധികാരമൊഴിയാൻ നിർബന്ധിതനാക്കിയതും പാക് അതിർത്തിയിൽനിന്ന് കടന്നുവന്ന ഗേത്രവർഗക്കാരുടെ ആക്രമണത്തെ ചെറുത്തതും. ഇന്ത്യയുമായി ലയിക്കാൻ കാശ്മീർ രാജാവ് നിർബന്ധിതനായതിനെതുടർന്ന് നാഷണൽ കോൺഫറൻസ് നേതാവെന്ന നിലയിൽ ഷേഖ് അബ്ദുള്ളയാണ് 1947 മുതൽ 1953 വരെ സംസ്ഥാന ഭരണം നടത്തിയത്. ഈ ഘട്ടത്തിലും കാശ്മീരിൽ കമ്യൂണിസ്റ്റു പാർട്ടി നാഷണൽ കോൺഫറൻസുമായും ഗവൺമെന്റുമായും സഹകരിച്ചാണ് മുന്നോട്ടുപോയത്. നാഷണൽ കോൺഫറൻസ് ഭരണകാലത്ത് കാശ്മീർ ഗവൺമെന്റിന്റെ പ്രചാരണ വിഭാഗത്തിന് നേതൃത്വം നൽകിയത് കമ്യൂണിസ്റ്റായ ബിപിഎൽ ബേദി ആയിരുന്നു. 10–ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കാനുള്ള സമിതിയിൽ ഫ്രിദ ബേദിയും സജീവമായുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടലും സ്വാധീനവുമായിരുന്നു ഇന്ത്യയിൽ ആദ്യമായി കാശ്മീരിൽ ഷേഖ് അബ്ദുള്ളയുടെ ഭരണകാലത്ത് പുരോഗമനപരമായ ഭൂപരിഷ്കരണം നടപ്പാക്കുന്നതിന് ഇടയാക്കിയത്. കാശ്മീരിൽ ഹിതപരിശോധന നടത്തണമെന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ കമ്യൂണിസ്റ്റു പാർട്ടി ശക്തമായി എതിർത്തു. അമേരിക്കയും ബ്രിട്ടനും ചേർന്ന് ഐക്യരാഷ്ട്രസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ സോവിയറ്റ് യൂണിയൻ വീറ്റൊ പ്രയോഗിച്ചാണ് തടഞ്ഞത്. ഐക്യരാഷ്ട്ര സഭയിലെ സോവിയറ്റ് പ്രതിനിധി ജേക്കബ് മാലിക് ഈ പ്രമേയത്തെ വിശേഷിപ്പിച്ചത് കാശ്മീരിൽ ഇടപെടാനും അമേരിക്കയുടെയും ബ്രിട്ടന്റെയും ‘‘സംരക്ഷിതമേഖല’’യാക്കി കാശ്മീരിനെ മാറ്റാനും അങ്ങനെ ഈ സാമ്രാജ്യത്വശക്തികൾക്ക് അവിടെ സെെനിക കേന്ദ്രീകരണം നടത്താനുമുള്ള ഗൂഢപദ്ധതിയായാണ്. 1952 ആഗസ്ത് 30ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കാശ്മീർ ദിനമാചരിക്കുകയും ഇന്ത്യയുമായി കാശ്മീരിനെ ലയിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ അടിയന്തരമായി കാശ്മീരിൽനിന്ന് യുഎൻ പ്രതിനിധികളെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയും ചെയ്തു. തുടക്കത്തിൽ കാശ്മീരി സ്വത്വം നിലനിർത്തിക്കൊണ്ട് കാശ്മീർ ഇന്ത്യയുമായി ലയിക്കണമെന്ന് വാദിച്ചിരുന്ന ഷേഖ് അബ്ദുള്ള ആ നിലപാടിൽനിന്ന് പിന്നോട്ടുപോവുകയും ‘‘സ്വയംനിർണയാവകാശവാദം’’ ഉയർത്തുകയും ചെയ്തപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി അതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. നാഷണൽ കോൺഫറൻസിനുള്ളിൽതന്നെ അതിനെതിരെ എതിർപ്പ് ഉയർന്നതിന്റെ പ്രതിഫലനമായിരുന്നു 1953ൽ ഷേഖ് അബ്ദുള്ളയുടെ മന്ത്രിസഭാംഗമായ നാഷണൽ കോൺഫറൻസ് നേതാവ് ബക്ഷി ഗുലാം മുഹമ്മദ് അദ്ദേഹത്തെ അട്ടിമറിച്ച് മുഖ്യമന്ത്രി സ്ഥാനം കെെക്കലാക്കിയത്. ഇതേതുടർന്നാണ് ഇന്ത്യാ ഗവൺമെന്റ് ഷേഖ് അബ്ദുള്ളയെ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. പിന്നീട് ഷേഖ് അബ്ദുള്ള നിലപാട് തിരുത്തുകയും ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് 1970കളിൽ കരാറിലേർപ്പെടുകയും ചെയ്തു. 1955ൽ സോവിയറ്റ് നേതാക്കളായ ക്രൂഷ്ചേവും ബുൾഗാനിനും ഇന്ത്യയിലെത്തിയപ്പോൾ കാശ്മീർ സന്ദർശിക്കുകയും കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതിനെ പൂർണമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയപ്പോൾ കാശ്മീരിലെ വിവിധ വിഭാഗങ്ങളുമായുള്ള ആശയവിനിമയത്തെ തുടർന്നാണ് ഭരണഘടനയിൽ 370–ാം വകുപ്പും പിന്നീട് 35 എ വകുപ്പും കൂട്ടിച്ചേർത്തത്. കാശ്മീരി സ്വത്വം സംരക്ഷിക്കാനായാണ് ഈ വകുപ്പുകൾ കൂട്ടിച്ചേർക്കപ്പെട്ടത്. അതാവശ്യമാണെന്നതിൽ കാശ്മീരിലെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായിരുന്നു. കാശ്മീരിന് വേറിട്ടുപോകാനുള്ള സ്വാതന്ത്ര്യത്തെ ശക്തമായി എതിർക്കുമ്പോൾതന്നെ കമ്യൂണിസ്റ്റു പാർട്ടി ഈ ഭരണഘടനാ വകുപ്പുകൾ നിലനിർത്തണമെന്നും എക്കാലത്തും ആവശ്യപ്പെട്ടിരുന്നു. സോവിയറ്റ് നേതാക്കളുടെ ശ്രീനഗർ സന്ദർശനത്തെ തുടർന്ന് അന്നത്തെ കാശ്മീർ മുഖ്യമന്ത്രിയായിരുന്ന ബക്ഷി ഗുലാം മുഹമ്മദ് കേന്ദ്ര സർക്കാരിനെ അറിയിച്ചത്, ‘‘ഇന്ത്യയുടെ ഭാഗമായി കാശ്മീരിനെ കൂട്ടിച്ചേർത്തതിനെ സംശയരഹിതമായും വ്യക്തമായും പിന്തുണച്ച ആദ്യത്തെ വൻശക്തി റഷ്യക്കാരാണ്’’ എന്നാണ്. അന്താരാഷ്ട്ര വേദികളിൽ കാശ്മീരിനെ സംബന്ധിച്ച നെഹ്രു ഗവൺമെന്റിന്റെ നിലപാടിന് സോവിയറ്റ് യൂണിയന്റെ ഉറച്ച പിന്തുണയാണുണ്ടായിരുന്നത്. അതേസമയം സാമ്രാജ്യത്വശക്തികൾ അതിന് എതിരുമായിരുന്നു. 1964ൽ കമ്യൂണിസ്റ്റു പാർട്ടി പിളർന്നപ്പോൾ സിപിഐ എമ്മും അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുടെ കാലത്തെ നിലപാട് തന്നെയാണ് തുടർന്നത്. എന്നാൽ പിൽക്കാലത്ത് ഇടതുപക്ഷ തീവ്രവാദ നിലപാടിനെതിരായ സമീപനം പാർട്ടി കെെക്കൊണ്ടപ്പോൾ റാം പ്യാര സറഫിന്റെ നേതൃത്വത്തിലുള്ള കാശ്മീർ ഘടകം പാർട്ടി വിട്ടുപോയി. പിന്നീട് 1980നുശേഷമാണ് മുഹമ്മദ് യൂസഫ് തരിഗാമിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ സംസ്ഥാന ഘടകം രൂപീകരിക്കപ്പെട്ടത്. 1996 മുതൽ പാർട്ടിക്ക് നിയമസഭാ പ്രതിനിധ്യവും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രാതിനിധ്യവുമുണ്ട്. ♦