Friday, September 20, 2024

ad

Homeകവര്‍സ്റ്റോറിഅങ്ങേയറ്റം ഹീനമായ വിധി പ്രസ്താവം

അങ്ങേയറ്റം ഹീനമായ വിധി പ്രസ്താവം

പീപ്പിൾസ്‌ ഡെമോക്രസി മുഖപ്രസംഗം

മ്മു കാശ്മീരിന് സവിശേഷമായ പദവി നൽകുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കുകയും ആ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിനെ ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി, കേന്ദ്ര ഭരണാധികാരികളുടെ അധികാരദുർവിനിയോഗത്തിനുമുന്നിൽ ഭരണഘടനാ സ്ഥാപനമായ കോടതി അടിയറവു പറയുന്നതിന്റെ അങ്ങേയറ്റം ഹീനമായ ഉദാഹരണമാണ്. അതിനനുബന്ധമായി നാലുവർഷത്തിനുശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് നടത്തിയ മൂന്ന് വിധി പ്രസ്താവങ്ങളും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെയും അടിവേരറുക്കുന്നതും അതുകൊണ്ടുതന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ്.

ജമ്മു കാശ്മീർ രാഷ്ട്രപതി ഭരണത്തിലായിരിക്കുന്ന ഘട്ടത്തിൽ അനുഛേദം 370 അസാധുവാക്കിയതിനെ ശരിവെക്കുക വഴി യഥാർഥത്തിൽ, ജമ്മു കാശ്മീരിനെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കുന്ന വേളയിൽ അവിടുത്തെ ജനങ്ങൾക്ക് നൽകിയിരുന്ന വാഗ്ദാനം ലംഘിച്ച് അവരെ വഞ്ചിച്ച നടപടിക്ക് അംഗീകാരം നൽകുകയാണ് കോടതി ചെയ്തിരിക്കുന്നത്. 370–ാം അനുഛേദം ഒരു താൽക്കാലിക നടപടി മാത്രമായിരുന്നുവെന്നും ജമ്മു കാശ്മീരിന് ‘ആഭ്യന്തര പരമാധികാരം’ ഉണ്ടായിരുന്നില്ലെന്നും വിധിക്കുക വഴി, എന്തുകൊണ്ടാണ് അങ്ങനെയൊരു പദവി ജമ്മു കാശ്മീരിന് നൽകിയിരുന്നത് എന്ന കാര്യത്തെ കുറുക്കുവഴിയിലൂടെ മറികടന്നിരിക്കുകയാണ് കോടതി. ആ പദവി ഒരു താൽക്കാലിക പ്രതിഭാസമായിരുന്നില്ലയെന്നും ഭരണഘടനാ വിധാതാക്കൾ അവിടുത്തെ ജനങ്ങൾക്ക് നൽകിയിരുന്ന ഉദാത്തമായ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു അതെന്നുമുള്ള കാര്യങ്ങൾ കോടതി ചുളുവിൽ മറികടന്നിരിക്കുകയാണ്. ജമ്മുകാശ്മീരിലെ ജനപ്രതിനിധികളുടെ സമ്മതത്തോടുകൂടി നിർവചിക്കപ്പെട്ടിട്ടുള്ളതും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതുമായ ഒന്നാണ് ഈ പ്രത്യേക പദവി എന്നുള്ള ഭരണഘടനാപരമായ ഉറപ്പിനെയാണ് അനുഛേദം 370 പ്രതിനിധാനം ചെയ്യുന്നത്.

ഭരണഘടനാ ബഞ്ചിലെ മൂന്ന് അംഗങ്ങൾക്കുവേണ്ടി ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച വിധിയിൽ അമ്പരപ്പിക്കുന്ന അവകാശവാദമാണ് ഉന്നയിച്ചിരിക്കുന്നത്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥ എന്നതിലുപരി ജമ്മു കാശ്മീരും ഇന്ത്യൻ യൂണിയനുമായുള്ള ഭരണഘടനാപരമായ സംയോജനത്തിന്റെ ആക്കം കൂട്ടുക എന്നതാണ് ലക്ഷ്യമായി വിധിയിൽ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്റിലൂടെ അനുഛേദം 370(1) അനുസരിച്ചുള്ള തുടർച്ചയായ അധികാരപ്രയോഗമെന്നത് സൂചിപ്പിക്കുന്നത് അവിടെ ഭരണഘടനാപരമായ സംയോജനത്തിന്റെ ക്രമാനുഗതമായ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണെന്നും കോടതി അവകാശപ്പെടുന്നു.

370–ാം അനുഛേദത്തിന്റെ ചരിത്രം പറയുന്നത്, സംസ്ഥാനത്തിന്റെ സ്വയം ഭരണാവകാശം നിഷേധിക്കാൻ സ്ഥിരമായി അത് ദുരുപയോഗം ചെയ്യപ്പെടുന്നെന്നും സംസ്ഥാനങ്ങളുടെ അവകാശത്തിന്മേൽ കടന്നുകയറ്റം നടത്തപ്പെടുന്നുവെന്നുമാണ്. രാഷ്ട്രപതിയാണ് ഈ അധികാരം ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഇത് നിർവഹിക്കപ്പെടുന്നത്? കേന്ദ്ര സർക്കാർ തന്നെ നിയമിക്കുന്ന ഗവർണർമാരുടെ നിർദ്ദേശത്തിനനുസരിച്ച് പല സന്ദർഭങ്ങളിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക വഴിയാണ് ഇത് നിർവഹിക്കപ്പെടുന്നത്.

കോടതിവിധിയുടെ സവിശേഷമായ യുക്തിയനുസരിച്ച് ‘‘370 (3) അനുഛേദ പ്രകാരം രാഷ്ട്രപതി പുറപ്പെടുവിച്ച പ്രഖ്യാപനം സംയോജന പ്രക്രിയയുടെ പൂർത്തീകരണമാണ്, അതുകൊണ്ട് അത് അധികാര പ്രയോഗത്തിന്റെ സാധൂകരണവുമാണ്’’.

ബഹുമാന്യരായ ന്യായാധിപന്മാരുടെ ഈ യുക്തിവിചാരം കണക്കിലെടുത്താൽ, അനുഛേദം 371 പ്രകാരം ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകിയിട്ടുള്ള പ്രത്യക്ഷ പരിഗണനയ്ക്കോ, അവകാശങ്ങൾക്കോ ഒന്നും ജമ്മു കാശ്മീരിന് അർഹതയില്ലെന്നാണ്. പതിറ്റാണ്ടുകളായി ജമ്മു കാശ്മീരിന് ജനാധിപത്യവും സ്വയംഭരണാധികാരവും നിഷേധിക്കുന്നതിന് ഇതിനേക്കാൾ വലിയ ന്യായീകരണമൊന്നുമില്ല.

ജമ്മു കാശ്മീരിന്റെ ഭരണഘടനാ നിർമാണസഭയെ യാതൊരു അധികാരവുമില്ലാതെ നിയമസഭയായി പുനർനിർവചിക്കുന്നതിന് ഭരണഘടനയുടെ 367–ാം അനുഛേദത്തിന്റെ ഭേദഗതിയെയാണ് കോടതി കൂട്ടുപിടിച്ചിരിക്കുന്നത്. അങ്ങനെയായിരിക്കെത്തന്നെ 370–ാം അനുഛേദം റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനത്തിന്റെ സാധുതയെ ഇത് ബാധിക്കില്ല എന്ന് ഒഴുക്കൻ മട്ടിൽ പ്രസ്താവിക്കുകയുമാണ് ഈ വിധിന്യായം.

വിധിയിലെ അപകടകരമായ മറ്റൊരു കാര്യം മോദി സർക്കാരിന്റെ ഏകാധിപത്യ പ്രവണതകളെയും, രാജ്യത്തെ ഏകമാനമാക്കാനുള്ള ശ്രമങ്ങളെയും അത് അംഗീകരിക്കുന്നു എന്നതാണ്. ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളെയും ഇല്ലായ്മ ചെയ്യുന്ന മോദി ഭരണത്തിന്റെ സേ-്വച്ഛാധിപത്യത്തിന് കോടതിവിധി മേലൊപ്പു ചാർത്തുകയാണ് ചെയ്യുന്നത്. 2019ൽ പാർലമെന്റ് പാസ്സാക്കിയ ജമ്മു കാശ്മീർ പുനഃസംഘടനാ നിയമത്തിന്റെ സാധുതയിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീംകോടതി തയ്യാറായിട്ടില്ല. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കുകയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി അതിനെ മാറ്റുകയും ചെയ്തത് ഈ നിയമനിർമാണം വഴിയായിരുന്നു. ഭരണഘടനയുടെ 3–ാം അനുച്ഛേദം അർഥവത്തായാണോ ഉപയോഗിച്ചതെന്നതും ഈ അനുച്ഛേദമുപയോഗിച്ച് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണപ്രദേശത്തിന്റെ പദവിയിലേക്ക് തരംതാഴ്-ത്താമോ എന്നതുമായിരുന്നു പ്രധാന പ്രശ്നം.

ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകുമെന്ന് സോളിസിറ്റർ ജനറൽ ഉറപ്പുപറഞ്ഞിട്ടുള്ളതുകൊണ്ട് പ്രശ്നത്തിന്റെ ഉള്ളുകള്ളികളിലേക്ക് കടക്കുന്നില്ലെന്ന് കോടതി നിർലജ്ജം പറഞ്ഞിരിക്കുകയാണ്. ഇത് നീതിനിർവഹണത്തിൽനിന്നുള്ള ഒഴിഞ്ഞുമാറലാണ്. സോളിസിറ്റർ ജനറൽ നൽകിയെന്നു പറയുന്ന ഉറപ്പാകട്ടെ വ്യക്തമായ കാലപരിധി പറയാതെയുള്ളതാണു താനും. ഇതേസമയം തന്നെ ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിൽ കോടതി തീർപ്പുകൽപ്പിച്ചിട്ടുമുണ്ട്. ഇവിടെ 2024 സെപ്തംബറിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കോടതി പറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന പദവി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയൊന്നും വരുത്തിയിട്ടുമില്ല.

ഭരണഘടനയുടെ അനുഛേദം 3 അനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തിന്റെ അതിർത്തിയിൽ മാറ്റം വരുത്തുന്നതിനോ സംസ്ഥാനത്തിന്റെ ലയനത്തിനോ, പുതിയ ഒരു സംസ്ഥാന രൂപീകരണത്തിനോ അതത് സംസ്ഥാന നിയമസഭയുടെ അഭിപ്രായം ആരായുന്നതിനുള്ള നിർദേശങ്ങൾ രാഷ്ട്രപതി ബന്ധപ്പെട്ട സംസ്ഥാനത്തിന് അയക്കേണ്ടതാണ്. ആ സംസ്ഥാന നിയമസഭയുടെ അഭിപ്രായം ലഭിച്ചതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ പാർലമെന്റിൽ നിയമനിർമാണം നടത്താനാകൂ. ജമ്മുകാശ‍്മീരിന്റെ കാര്യത്തിൽ അനുഛേദം 356 അനുസരിച്ച് 2018 നവംബറിൽ നിയമസഭ പിരിച്ചുവിട്ടതാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ എന്തെങ്കിലും അഭിപ്രായം തേടാൻ ജമ്മുകാശ്മീർ നിയമസഭ നിലവിലുണ്ടായിരുന്നില്ല.

രാഷ്ട്രപതി ഭരണം നടക്കുന്ന ഘട്ടത്തിൽ ആ സംസ്ഥാനത്തെ വിഷയങ്ങൾ സംബന്ധിച്ച് നിയമനിർമാണം നടത്താനുള്ള അധികാരം പാർലമെന്റിനാണ്. ഈ സാഹചര്യത്തിൽ ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കാനുള്ള നിയമനിർമാണം ചർച്ച ചെയ്യുകയും അത് പാസ്സാക്കുകയും ചെയ്തത് പാർലമെന്റാണ്. ഇത് അനുച്ഛേദം മൂന്നിന്റെ ലംഘനമാണ്. കാരണം സംസ്ഥാനത്തിന്റെ അഭിപ്രായം പാർലമെന്റിനു ബാധകമല്ലെങ്കിലും സംസ്ഥാന നിയമസഭയെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. എന്നു മാത്രമല്ല അനുഛേദം മൂന്ന് അനുസരിച്ച് നിലവിലില്ലാത്ത ഒരു സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാതെ എങ്ങനെ നിയമനിർമാണം സാധ്യമാകും എന്ന അടിസ്ഥാനപ്രശ്നം കോടതി പരിഗണിച്ചിട്ടുമില്ല. കേന്ദ്ര ഭരണപ്രദേശമായി ലഡാക്ക് രൂപീകരിച്ചതിന്റെ സാധുത കോടതി ശരിവച്ചത് ഭാവിയിൽ സമാനമായ പ്രശ്നങ്ങളുയർത്തും. പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷമുള്ള ഒരു ഭരണകക്ഷിക്ക്, ഏതെങ്കിലുമൊരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്-ത്തുന്നതിനുള്ള നിയമനിർമാണം പാർലമെന്റിൽ നടത്തുന്നതിനുവേണ്ടി ആ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം അടിച്ചേൽപ്പിക്കുന്നതിന് ഇൗ വിധിന്യായത്തെ ഉപയോഗിക്കാൻ സാധിക്കും.

കേന്ദ്ര ഗവൺമെന്റിന്റെ ഏകപക്ഷീയമായ നീക്കത്തിന് മേലൊപ്പുചാർത്തുകയാണ് ഈ വിധിയിലൂടെ സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ഇതാകട്ടെ, രാജ്യത്തിന്റെ ഫെഡറൽ തത്ത്വങ്ങൾക്കും കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾക്കും വലിയ ഭീഷണി ഉയർത്തിയിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വെെ ചന്ദ്രചൂഡ് സ്ഥാനമേറ്റപ്പോൾ സുപ്രീംകോടതി, എക്സിക്യൂട്ടീവ് കോടതിയായി മാറുന്ന സ്ഥിതി അവസാനിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നതാണ്. നിർഭാഗ്യകരമന്നുപറയട്ടെ, ആ പ്രതീക്ഷ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 4 =

Most Popular