2023 ഡിസംബർ 11 ന് ഉണ്ടായ സുപ്രീംകോടതി വിധിയോടെ കാശ്മീരി ജനതയ്ക്ക് പ്രത്യേക അവകാശങ്ങൾ അംഗീകരിച്ചു കൊടുത്തിരുന്ന 370-ാം അനുഛേദം വധശിക്ഷയ്ക്ക് ഇരയാക്കപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പ്രവർത്തനം ഇല്ലാതാക്കുകയും ഭരണം കേന്ദ്ര ഗവൺമെന്റിന്റെ ഉദ്യോഗസ്ഥ മേധാവിയായ ഗവർണറെ ഏൽപ്പിക്കുകയും ചെയ്തതിനു ശേഷമാണ് കേന്ദ്രസർക്കാർ 370–-ാം അനുഛേദം അനുസരിച്ചുള്ള കാശ്മീരി ജനതയുടെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കിയത്. ഒരു രാജ്യത്ത് ഒരു സംസ്ഥാനത്തിലെ മാത്രം ജനങ്ങൾക്ക് അങ്ങനെ പ്രത്യേക അവകാശങ്ങൾ അനുവദിച്ചു കൊടുക്കുന്നത് ശരിയല്ല എന്നാണ് ഇതിന് പറയപ്പെട്ട ന്യായം. എന്നാൽ ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ പലതിനും ഇത്തരത്തിലുള്ള അവകാശങ്ങൾ ഇപ്പോഴും നിലവിലുണ്ട്. എന്നിട്ടും കേന്ദ്ര ഗവൺമെന്റ് അങ്ങനെയൊരു നിയമം കൊണ്ടുവരുന്നതിൽ അത്ഭുതപ്പെടാനില്ല. കാരണം ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ജമ്മു-കശ്മീരാണ്. അങ്ങനെയൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രത്യേക അധികാരങ്ങളോടെ ഭരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് ഇന്ത്യയെ ഒരു ഹിന്ദുത്വ രാജ്യമാക്കി മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം മാത്രമേ ശരിയായ ഒരു നിലപാടാകുന്നുള്ളൂ. പക്ഷേ ചരിത്രത്തിന് വിരുദ്ധമായി അങ്ങനെ ഒരു തീരുമാനം എടുത്താൽ അത് ശരിവെക്കാൻ സുപ്രീംകോടതിക്ക് എന്തെങ്കിലും ബാധ്യതയുണ്ടോ ? ഈ ചോദ്യത്തിന് നീതിയുക്തമായ ഒരു ഉത്തരം കിട്ടണമെങ്കിൽ എങ്ങനെയാണ് ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ വന്നുചേർന്നത് എന്നത് സംബന്ധിച്ച് ചരിത്രപരമായ ഒരു പരിശോധന ആവശ്യമാണ്.
മുമ്പ് കാശ്മീർ സിഖുകാർ ഭരിച്ചിരുന്നപ്പോൾ അവരും ബ്രിട്ടീഷുകാരും തമ്മിൽ യുദ്ധം ഉണ്ടാവുകയും സിക്കുകാർ പരാജയപ്പെടുത്തപ്പെടുകയും ചെയ്തു. തുടർന്നു രാജാധികാരം ദോഗ്രരാജവംശം ബ്രിട്ടീഷുകാരിൽ നിന്ന് പണം കൊടുത്ത് വാങ്ങി. അന്നും അവിടുത്തെ ജനസംഖ്യയിൽ നല്ലൊരു പങ്ക് മുസ്ലീങ്ങൾ തന്നെയായിരുന്നു. അവർക്ക് വിദ്യാഭ്യാസമോ സ്വത്തോ ഉണ്ടായിരുന്നില്ല. കാശ്മീരി പണ്ഡിറ്റുകൾക്കായിരുന്നു ഇത് രണ്ടും ഉണ്ടായിരുന്നത്. അതുകൊണ്ട് ഭരണത്തിന്റെ സിരാകേന്ദ്രങ്ങളിലൊക്കെ പ്രവർത്തിച്ചുവന്നിരുന്നത് അവരായിരുന്നു. കൂലി വാങ്ങാതെ പണിയെടുക്കാൻ നിർബന്ധിക്കപ്പെടുന്ന ഒരു അവസ്ഥാവിശേഷമാണ് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അന്ന് കാശ്മീരിൽ ഉണ്ടായിരുന്നത്. മുസ്ലീങ്ങളിൽ കുറച്ചു പേർ നെയ്ത്തുകാരായിരുന്നു. അവരിൽ നിന്ന് വൻതോതിലുള്ള നികുതിയാണ് രാജവംശം പിരിച്ചിരുന്നത്. യാതൊരു രാഷ്ട്രീയ പ്രവർത്തനവും അവിടെ അനുവദിച്ചിരുന്നില്ല. അക്കാലത്താണ് ഷേഖ് അബ്ദുള്ള അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ കെമിസ്ട്രിയിൽ മാസ്റ്റേഴ്സ് ബിരുദം നേടി നാട്ടിൽ തിരിച്ചെത്തുന്നത്. കാശ്മീരിലെ സാധാരണ ജനങ്ങളുടെ സ്ഥിതി മനസ്സിലാക്കി പുരോഗമന ചിന്താഗതിക്കാരായ വ്യക്തികളെ കൂട്ടിച്ചേർത്ത് അദ്ദേഹം റീഡിങ് റൂം പാർട്ടി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു.1930 ലാണ് ഇത് സംഭവിച്ചത്.
അടുത്തവർഷം അതായത് 1931 ൽ അബ്ദുൽ ഖദീർ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ജനക്കൂട്ടവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. 22 കാശ്മീരി മുസ്ലീങ്ങൾ പൊലീസ് വെടിയുണ്ടയ്ക്കിരയായി. നാട്ടിൽ പലയിടത്തും കൊള്ളയും കൊള്ളിവെപ്പും നടന്നു.1932 ൽ ഷേഖ് അബ്ദുള്ള,ചൗധരി ഗുലാം അബ്ബാസ് എന്ന വ്യക്തിയുമായി ചേർന്ന് മുസ്ലിം കോൺഫറൻസ് എന്നൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. അന്ന് ഹിന്ദു രാജവിന്റെ ഭരണകൂടവുമായി ഏറ്റുമുട്ടുന്ന മുസ്ലീങ്ങളെ പ്രത്യേകം സംഘടിപ്പിക്കാനാണ് അവർ ശ്രമിച്ചത്. 1937-ൽ സവർക്കർ ഹിന്ദുമഹാസഭയുടെ ഒരു യോഗത്തിൽ വച്ച് ഇന്ത്യ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ആയ രണ്ട് രാഷ്ട്രങ്ങളാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഇത് ഷേഖ് അബ്ദുള്ളയ്ക്ക് യോജിക്കാവുന്ന നിലപാടായിരുന്നില്ല. അദ്ദേഹം സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന ജവഹർലാൽ നെഹ്റുവിനെ സന്ദർശിച്ചു. ഇക്കാലത്തുതന്നെയാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. മതനിരപേക്ഷതയും സോഷ്യലിസവും സംബന്ധിച്ച ഒട്ടേറെ കാഴ്ചപ്പാടുകൾ അതിന്റെ ഭാഗമായി പുറത്തുവന്നു. ഇത് ഷേഖ് അബ്ദുള്ളയെയും സ്വാധീനിച്ചു. അദ്ദേഹം മുസ്ലിം കോൺഫറൻസിൽ നിന്ന് പുറത്തുകടക്കുകയും 1938 ൽ നാഷണൽ കോൺഫറൻസ് എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. അതിൽ കാശ്മീരി ജനതയ്ക്ക് ജാതിമത വ്യത്യാസമന്യേ അംഗത്വം കൊടുക്കാൻ അദ്ദേഹം തയ്യാറായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കമ്യൂണിസ്റ്റ് പാർട്ടിയും കഴിഞ്ഞാൽ ഇന്ത്യയിലെ മൂന്നാമത്തെ മതനിരപേക്ഷ പ്രസ്ഥാനമായിരുന്നു അത്. അക്കാലത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉണ്ടായിരുന്നു. അവരുടെ നിലപാടുകളോട് എതിർത്തുകൊണ്ടാണ് അദ്ദേഹം നാഷണൽ കോൺഫറൻസ് ഒരു മതനിരപേക്ഷ പ്രസ്ഥാനമാക്കി കെട്ടിപ്പടുത്തത്.
1944 ൽ രണ്ട് പ്രമുഖർ കാശ്മീർ താഴ്-വര സന്ദർശിക്കുന്നുണ്ട്. ജിന്നയും മഹാരാജാ ഹരിസിങ്ങുമായിരുന്നു അത്. ജിന്നയുടെ സ്വീകരണ കേന്ദ്രത്തിൽ ഷേഖ് അബ്ദുള്ള ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അകലം പാലിക്കുകയാണ് ചെയ്തത്. മഹാരാജ ഹരിസിങ്ങിനെ സന്ദർശിച്ച ഷേഖ് അബ്ദുള്ള പുതിയ കാശ്മീരിനെ സംബന്ധിച്ചുള്ള വിശദമായ ഒരു പദ്ധതി സമർപ്പിക്കുകയും ചെയ്തു.
1946ൽ തന്നെ നാഷണൽ കോൺഫറൻസ് ദോഗ്ര രാജാവിനോട് കാശ്മീർ വിടുക എന്ന് പരസ്യമായി ആവശ്യപ്പെട്ടു. ഷേഖ് അബ്ദുള്ളക്കെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു. ഷേഖ് അബ്ദുള്ളക്ക് പിന്തുണയുമായി ജവഹർലാൽ നെഹ്റു താഴ്വരയിൽ എത്തിയെങ്കിലും അദ്ദേഹത്തെയും അറസ്റ്റ് ചെയ്തു പുറത്താക്കി. കാശ്മീർ വിടുക എന്ന നാഷണൽ കോൺഫറൻസിന്റെ മുദ്രാവാക്യത്തോട് യോജിക്കാൻ മുസ്ലിം കോൺഫറൻസ് തയ്യാറായിരുന്നില്ല. ഷേഖ് അബ്ദുള്ള ജയിലിൽ ആയതോടെ മുസ്ലീം കോൺഫറൻസ് ലീഗുമായി ഐക്യപ്പെട്ടു. രാജാവിനെ പിണക്കരുത് എന്നതായിരുന്നു ജിന്നയുടെ നിർദ്ദേശം. 1947ൽ വൈസ്രോയിയായി ചുമതല ഏറ്റെടുത്ത മൗണ്ട് ബാറ്റൺ 1947 ജൂൺ 3 ന് ഇന്ത്യാ വിഭജനത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഇക്കാലത്ത് അബ്ദുള്ളയ്ക്ക് ജയിൽ വിമോചനം അനുവദിച്ചു. അദ്ദേഹം ദ്വിരാഷ്ട്ര സിദ്ധാന്തത്തിനെ പരസ്യമായി എതിർത്തു.
ഇക്കാലത്താണ് നാട്ടുരാജ്യങ്ങളുടെ പ്രശ്നം താൽക്കാലിക ഗവൺമെന്റിന്റെ മുന്നിൽ ഉയർന്നുവന്നത്. സർദാർ പട്ടേലായിരുന്നു ആഭ്യന്തരവകുപ്പ് മന്ത്രി. വി പി മേനോൻ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന സഹായി. നാട്ടുരാജ്യങ്ങൾക്ക് മുമ്പിൽ ഡൊമീനിയൻ ഓഫ് ഇന്ത്യയിൽ ചേരുന്നതിന് സർദാർ പട്ടേൽ ആവശ്യം ഉന്നയിച്ചു. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയുടെ അധികാരം മാത്രം കേന്ദ്രത്തിന് വിട്ടുകൊണ്ട് മറ്റു വകുപ്പുകൾ ഒക്കെ ഭരിക്കാൻ നാട്ടുരാജ്യങ്ങൾക്ക് അവകാശം കൊടുക്കാം എന്നായിരുന്നു വാഗ്ദാനം. അവരോട് സ്വതന്ത്രമായി ഭരണഘടനാ നിർമ്മാണ സമിതികൾ രൂപീകരിക്കാനും പട്ടേൽ ആവശ്യപ്പെട്ടു. പലപ്പോഴായി ഈ നാട്ടുരാജ്യങ്ങളൊക്കെ ഇന്ത്യയിൽ ചേരുന്നതിന് സമ്മതിച്ചു. എന്നാൽ മൂന്ന് നാട്ടുരാജ്യങ്ങൾ പ്രതിലോമകരമായ സമീപനമാണ് സ്വീകരിച്ചത്. ജൂനഗഢ്, ഹൈദരാബാദ്,ജമ്മു കാശ്മീർ എന്നിവയായിരുന്നു അവ. ഇവയിൽ രണ്ടെണ്ണം ഹിന്ദു ഭൂരിപക്ഷ പ്രദേശവും ജമ്മു കാശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശവുമായിരുന്നു. ഒരു ഘട്ടത്തിൽ ജുനഗഢും ഹൈദരാബാദും ഇന്ത്യക്ക് വിട്ട് തന്നാൽ ജമ്മു കാശ്മീർ പാക്കിസ്ഥാന് വിട്ടുകൊടുക്കാം എന്നുവരെ പട്ടേൽ പറഞ്ഞതാണ്.
ഗാന്ധിജിയുമായി ആശയവിനിമയം നടത്തിയതിന് ശേഷം ജനഹിതമനുസരിച്ച് ഇന്ത്യയിൽ ചേരാൻ ഹരിസിങ്ങും നിർബ്ബന്ധിതനായി. ഷേക്ക് അബ്ദുള്ളയെ ഇക്കാലത്ത് ജമ്മു കാശ്മീരിലെ മുഖ്യ ഭരണാധികാരിയായി നിയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സമിതിയിൽ ജമ്മു കശ്മീരിനെ പ്രതിനിധീകരിച്ച് ഷേഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്. 1949 മെയ് 15ന് സർദാർ പട്ടേലിനെ ഷേഖ് അബ്ദുള്ള വീട്ടിൽ പോയി കണ്ടിരുന്നു. അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി അനുവദിക്കപ്പെട്ടത്. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന, പിന്നീട് ജനസംഘം നേതാവായി മാറിയ,ശ്യാമപ്രസാദ് മുഖർജി ഈ തീരുമാനത്തോട് പൂർണ്ണമായ യോജിപ്പാണ് അന്ന് പ്രകടിപ്പിച്ചിരുന്നത്.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുമ്പ് കാശ്മീരിൽ ദിവാനായിരുന്ന ഗോപാലസ്വാമി അയ്യങ്കാർ പട്ടേലുമായി സഹകരിച്ച് ഒരു കരട് തയ്യാറാക്കി. അന്ന് ജവഹർലാൽ നെഹ്റു അമേരിക്കൻ സന്ദർശനത്തിലായിരുന്നു. നെഹ്റുവിന് ഈ കരട് അയച്ചുകൊടുത്ത് അദ്ദേഹത്തിന്റെ അംഗീകാരവും വാങ്ങിച്ചു. ഭരണഘടനാ നിർമ്മാണ സമിതിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും അനുഛേദം 306 ആയി പ്രത്യേക പദവി അംഗീകരിക്കപ്പെട്ടു. പിന്നീടാണ് അത് അനുച്ഛേദം 370 ആയി മാറുന്നത്. ഇതനുസരിച്ച് പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവ കേന്ദ്രത്തിന് കീഴിലും മറ്റെല്ലാ കാര്യങ്ങളിലും ജമ്മു – കാശ്മീരിൽ പ്രത്യേകം രൂപപ്പെടുത്തുന്ന ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിക്കുന്ന സ്വതന്ത്രമായ നിയമവും ആണ് നിലവിൽ വരിക എന്നാണ് തീരുമാനിക്കപ്പെട്ടത്. ഈ അനുഛേദം അംഗീകരിക്കപ്പെട്ട് രണ്ടു വർഷത്തിനകം ജമ്മുകാശ്മീരിൽ ഭരണഘടന നിർമ്മാണ സമിതി നിലവിൽ വന്നു. 370 -–ാം അനുച്ഛേദം റദ്ദാക്കണമെങ്കിൽ ജമ്മു കാശ്മീരിലെ ഭരണഘടനാ നിർമ്മാണ സമിതിയുടെ അംഗീകാരം വേണം എന്ന് അന്നേ തീരുമാനിക്കപ്പെട്ടിരുന്നു. 1956 വരെ ഭരണഘടനാ നിർമ്മാണ സമിതി നിലവിൽ ഉണ്ടായിരുന്നു. 1956 ലാണ് അത് പിരിച്ചുവിടപ്പെട്ടത്. അതുവരെ മുന്നൂറ്റി എഴുപതാം അനുച്ഛേദം റദ്ദാക്കണം എന്ന് ജമ്മു കാശ്മീരിലെ ഭരണഘടനാ നിർമ്മാണ സമിതി ആവശ്യപ്പെട്ടിരുന്നില്ല.
ഭരണഘടനാ നിർമ്മാണ സമിതി അല്ല നിയമസഭ എന്നതിൽ തർക്കം ഉണ്ടാവേണ്ട കാര്യമില്ല. എന്നാൽ ആ നിയമസഭയെ പോലും ഇല്ലാതാക്കിക്കൊണ്ട് ഗവർണറെ നിയോഗിക്കുകയും പിന്നീട് ജമ്മു കാശ്മീർ സംസ്ഥാനം തന്നെ ഇല്ലാതാക്കി അതിനെ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കി വെട്ടിമുറിച്ച് ഗവർണർക്ക് പകരം ലെഫ്റ്റനന്റ് ഗവർണറെ നിയോഗിച്ചാണ് 370–-ാം അനുഛേദം റദ്ദാക്കുന്നത്. ഇതാണ് കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ സംരക്ഷിക്കുന്ന 370-–ാം അനുഛേദം രൂപപ്പെട്ടതിന്റെ ചരിത്രം. ♦