Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറികാശ്മീരി സ്വത്വത്തിനായി പൊരുതിയ കാശ്മീരി പണ്ഡിറ്റ്

കാശ്മീരി സ്വത്വത്തിനായി പൊരുതിയ കാശ്മീരി പണ്ഡിറ്റ്

ആര്യ ജിനദേവൻ

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് 2019 ആഗസ്തിൽ ജമ്മു കാശ്മീർ സംസ‍്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദുചെയ്തപ്പോൾ അതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ശക്തമായി പ്രതികരിച്ച സംപത് പ്രകാശ് 2023 ജൂലെെ ഒന്നിന് മരണമടയുകയുണ്ടായി. ജമ്മു കാശ്മീരിലെ പ്രമുഖ രാഷ്-ട്രീയ നേതാക്കളെയും സാമൂഹിക പ്രവർത്തകരെയുമെല്ലാം കസ്റ്റഡിയിലും വീട്ടുതടങ്കലിലുംവെച്ചുകൊണ്ട്, തികച്ചും സേ-്വച്ഛാധിപത്യപരമായി എതിർശബ്ദങ്ങളെ അടിച്ചമർത്തിക്കൊണ്ട് ആർട്ടിക്കിൾ 370ഉം ആർട്ടിക്കിൾ 35 എയും കേന്ദ്ര ഗവൺമെന്റ് ഏകപക്ഷീയമായി റദ്ദാക്കിയപ്പോൾ അതിനെതിരെ സംപത് പ്രകാശ് എന്ന മുൻ ട്രേഡ് യൂണിയൻ ആക്ടിവിസ്റ്റ് തന്റെ 86–ാം വയസ്സിലും കൊടുങ്കാറ്റായി ഉണർന്നു പ്രവർത്തിച്ചു. ജമ്മു കാശ്മീരിന്റെ ചരിത്രത്തിനും സംസ്കാരത്തിനും അവകാശങ്ങൾക്കുംവേണ്ടി ഇരുളിലൊരു വെളിച്ചമായി റിട്ടയർമെന്റ് ജീവിതത്തിന്റെ പ്രായാധിക്യത്തെപോലും തൃണവൽഗണിച്ചുകൊണ്ട് കാശ്മീരി പണ്ഡിറ്റുകൂടിയായ അദ്ദേഹം മുന്നോട്ടുവന്നു.

ആരായിരുന്നു സംപത് പ്രകാശ്?
ജമ്മു കാശ്മീരിലെ ട്രേഡ് യൂണിയൻ സംഘാടകനും തൊഴിലാളിവർഗ നേതാവും അടിയുറച്ച കമ്യൂണിസ്റ്റും ആക്ടിവിസ്റ്റുമായിരുന്ന സംപത് പ്രകാശ് ജമ്മു കാശ്മീർ ദേശീയതയുടെ വക്താവുമായിരുന്നു. കാശ്മീരിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ, കാശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ ജനിച്ച സംപത് പ്രകാശ് മതനിരപേക്ഷതയെയും യുക്തിബോധത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് വർഗീയ – വിഘടന ശക്തികളുടെ അജൻഡയെ ശക്തമായി ചെറുത്തു. ‘‘മാർക്സിന്റെയും ലെനിന്റെയും അരുമ ശിഷ്യനാണ്’’ താനെന്ന് ഉറക്കെപ്പറഞ്ഞിരുന്ന അദ്ദേഹം ജീവിതത്തിൽ എക്കാലവും കമ്യൂണിസ്റ്റ് – പുരോഗമന മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു. 1960കളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിച്ച ഗവൺമെന്റ് ജീവനക്കാരും തൊഴിലാളികളും നടത്തിയ പ്രകടനങ്ങളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു ‘‘ട്രേഡ് യൂണിയൻ കി ക്യാ ബുനിയാദ് – മാർക്-സ്-വാദ്, ലെനിൻവാദ്, റെഡ് ഫ്ളാഗ് അപ് അപ് എന്നത്. വളരെ ചെറിയ പ്രായത്തിൽതന്നെ മാർക്സിലും ലെനിനിലും ആകൃഷ്ടനായ അദ്ദേഹം തന്റെ മകന് പേരിട്ടത് ‘ലെനിൻ കുമാർ’ എന്നായിരുന്നു.

കാശ്മീരിലെ ശ്രീനഗർ ജില്ലയിൽ റയ്നവാരി ദേശത്ത് 1937 മാർച്ച് 10ന് അധ്യാപകനായ നീൽകാന്ത് കുന്ദുവിന്റെ മകനായി ജനിച്ച സംപത് പ്രകാശിനെ കുട്ടിക്കാലം മുതൽ ഷേഖ് അബ്ദുള്ളയുടെ അനുയായി കൂടിയായ പിതാവിന്റെ ദേശീയതാവികാരം നല്ല രീതിയിൽ സ്വാധീനിച്ചിരുന്നു. രാഷ്ട്രീയത്തിലേക്കും സന്നദ്ധ പ്രവർത്തനത്തിലേക്കുമുള്ള പ്രകാശിന്റെ തുടക്കം വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയായിരുന്നു. അക്കാലത്ത് ജമ്മു കാശ്മീരിന്റെ പ്രധാനമന്ത്രിയായിരുന്ന ഷേഖ് അബ്ദുള്ള അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ (1953) ശ്രീനഗറിലെ ശ്രീ പ്രതാപ് കോളേജിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് പ്രകാശ് ഒരു പ്രതിഷേധ പ്രകടനം നടത്തി. അങ്ങനെ രാഷ്ട്രീയ പ്രവർത്തനത്തിലേക്കുള്ള പ്രവേശനം വളരെ ചെറിയ പ്രായത്തിൽതന്നെ അദ്ദേഹം നടത്തി.

വിദ്യാർഥി നേതാവെന്ന നിലയിൽ, കാശ്മീരിൽ വിദ്യാർഥി രാഷ്ട്രീയത്തിന് അടിത്തറയിടുന്നതിൽ സംപത് പ്രകാശ് മുഖ്യപങ്കു വഹിച്ചു. വിദ്യാർഥി സംഘടനയുടെ ആവശ്യകതയെന്തെന്നതു സംബന്ധിച്ച് അദ്ദേഹം നിരന്തരം ക്യാമ്പയ്ൻ നടത്തി. ഒടുവിൽ താഴ്-വരയിൽ ആദ്യമായൊരു വിദ്യാർഥി സംഘടന രൂപംകൊണ്ടപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു പ്രകാശ്. മാർക്സിസ്റ്റാശയങ്ങളിലേക്ക് അദ്ദേഹം ആകർഷിക്കപ്പെടുന്നതും ഈ കാലത്താണ്. ശ്രീ പ്രതാപ് കോളേജിലെ പഠനകാലത്ത് ഇടതുപക്ഷാശയങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന പ്രൊഫ. ഹൃദയനാഥ് ദുറാനിയുമായി പ്രകാശ് കൂടുതൽ അടുത്തു. അദ്ദേഹമാണ് ആ വിദ്യാർഥിക്കുമുന്നിൽ മാർക്സിസത്തിന്റെ വാതിലുകൾ തുറന്നിട്ടത്. അദ്ദേഹത്തെക്കുറിച്ച് പ്രകാശ് പിൽക്കാലത്ത് പറഞ്ഞതിങ്ങനെ, ലിയുഷാവോഖിയുടെ ‘എങ്ങനെയൊരു നല്ല കമ്യൂണിസ്റ്റാകാം’, ലെനിന്റെ ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’ തുടങ്ങിയ ക്ലാസിക് കമ്യൂണിസ്റ്റ് സാഹിത്യങ്ങൾ എനിക്ക് വായിക്കാനായി തന്നത് അദ്ദേഹമാണ്. കമ്യൂണിസത്തിന്റെ അടിത്തറകളെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തിയത് ദുറാനിയാണ്; അങ്ങനെ ക്രമേണ ഞാനൊരു കമ്യൂണിസ്റ്റായി മാറി.’’

അങ്ങനെ ഇടതുപക്ഷാശയങ്ങളാൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ട സംപത് പ്രകാശ് ഈ കാലത്തുതന്നെയാണ് കമ്യൂണിസ്റ്റ് നേതാക്കളായ റാം പ്യാരസറഫുമായും കിഷൻ ദേവ് സേത്തിയുമായും കൂടുതൽ അടുത്തു. കമ്യൂണിസ്റ്റ് നേതാക്കളുടെ നിർദേശപ്രകാരം പ്രകാശ് തന്റെ നിയമപഠനം അവസാനിപ്പിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചു. സർക്കാർ ജീവനക്കാരെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെയിടയിൽ സജീവമായ പ്രവർത്തനം നടത്തിയ പ്രകാശ്, കുറഞ്ഞ ശമ്പളം ലഭിക്കുന്ന സർക്കാർ ജീവനക്കാരുടെ യൂണിയനായ ലോ പെയ‍്ഡ് എംപ്ലോയീസ് ഫെഡറേഷൻ അടക്കമുള്ള ട്രേഡ് യൂണിയൻ സംഘടനകൾ രൂപീകരിക്കുന്നതിൽ വിജയിച്ചു. 1967ൽ താഴ്-വരയിൽ ആദ്യമായി ജീവനക്കാരുടെ പണിമുടക്ക് സംഘടിപ്പിച്ചതും പ്രകാശായിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായി.

1967–68 കാലത്ത് തുടർച്ചയായി നടന്ന ജീവനക്കാരുടെ നിരാഹാര സമരത്തിനും പെൻഡൗൺ സ്ട്രൈക്കിനും പൊതുപണിമുടക്കിനുമെല്ലാം നേതൃത്വം നൽകുന്നത് സംപത് പ്രകാശാണ് എന്നു മനസ്സിലാക്കിയ ഭരണകൂടവും പൊലീസും അദ്ദേഹത്തെ തുടർച്ചയായി വേട്ടയാടാൻ തുടങ്ങി. എന്നാൽ അതുകൊണ്ടൊന്നും ട്രേഡ് യൂണിയൻ പ്രവർത്തനം നിർത്താൻ പ്രകാശ് തയ്യാറായില്ല. തൊഴിലാളിവർഗ സംഘടനാ പ്രവർത്തകൻ എന്ന നിലയിലും ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലുമുള്ള തന്റെ പ്രവർത്തനം അദ്ദേഹം കൂടുതൽ ശക്തമായി തുടർന്നു. ഒരിക്കലൊരു സംഘടനാ പൊതുപരിപാടിയിൽ സംസാരിച്ചുകൊണ്ടിരുന്ന പ്രകാശിനെത്തേടി പൊലീസ് അവിടെയെത്തി. ഉടൻ മുമ്പിലുണ്ടായിരുന്ന തണുത്തുറഞ്ഞ ഝലം നദിയിലേക്ക് ചാടിയ പ്രകാശ് വിദഗ്ധമായി നീന്തി രക്ഷപ്പെടുകയായിരുന്നു. 1968 മാർച്ചിൽ അദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്യുകയും കരുതൽ തടങ്കൽ നിയമം ചുമത്തി ഒന്നര വർഷത്തോളം തിഹാർ ജയിലിലടയ്ക്കുകയും 26 വർഷത്തേക്ക് സർവീസിൽനിന്നും നീക്കം ചെയ്യുകയും ചെയ്തു. 1997ൽ വിരമിക്കുന്നതിനു തൊട്ടുമുൻപാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്.

ഒന്നരവർഷം കഴിഞ്ഞ് ജയിൽമോചിതനായ അദ്ദേഹത്തിന് പിന്നീടും പല തവണകളിലായി ഭരണകൂട വേട്ടയാടലുകളും ജയിൽവാസവും നേരിടേണ്ടതായി വന്നു. അപ്പോഴും ജമ്മു കാശ്മീരിലെ ജനങ്ങൾക്കുവേണ്ടി അടിയുറച്ചുനിന്ന് അദ്ദേഹം മരണംവരെയും തന്റെ പോരാട്ടം തുടർന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്തപ്പോഴും തികച്ചും വർഗീയലക്ഷ്യത്തോടുകൂടി നിർമിക്കപ്പെട്ട കാശ്മീരി ഫയൽസ് എന്ന സിനിമ പുറത്തുവന്നപ്പോഴും അദ്ദേഹം നടത്തിയ അഭിമുഖങ്ങളും നവമാധ്യമ ഇടപെടലുകളും രാഷ്ട്രീയമായ കൊടുങ്കാറ്റായിരുന്നു. അതുപോലെതന്നെ, 1990കളുടെ തുടക്കത്തിൽ കാശ്മീർ താഴ്-വരയിൽ പണ്ഡിറ്റുകൾക്കുനേരെ കലാപമുണ്ടായപ്പോഴും താഴ്-വരയിൽ അടുത്ത കാലത്ത് കൂട്ടകൊലപാതകങ്ങൾ നടന്നപ്പോഴുമെല്ലാം അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ കാശ്മീരിലെ ജനങ്ങളുടെ ഐക്യത്തെ ഉയർത്തിപ്പിടിച്ചു. ‘‘കലാപകാലത്ത് ഒരു താഴ്-വരയിൽ ഒരൊറ്റ കാശ്മീരി പണ്ഡിറ്റുപോലും കൊല്ലപ്പെട്ടിട്ടില്ല. കാരണം അവിടുത്തെ മുസ്ലീങ്ങൾ പണ്ഡിറ്റുകളെ ആഴ്ചകളോളം തങ്ങളുടെ വീടുകളിൽ ഒളിച്ചുതാമസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു. കാശ്മീരിലെ സാധാരണ ജനങ്ങൾക്കിടയിലെ മതേതരത്വ സ്വഭാവമാണിത് കാണിക്കുന്നത്’’ എന്നിങ്ങനെയുള്ള തുറന്നുപറച്ചിലുകൾ അദ്ദേഹം നടത്തി.

സംപത് പ്രകാശിന്റെ ഏറ്റവും വലിയൊരു സവിശേഷത അദ്ദേഹം കാശ്മീരി പണ്ഡിറ്റുകൾക്കിടയിൽ ആഴത്തിൽ വേരൂന്നിയ പണ്ഡിറ്റുതന്നെയായ ഒരു നേതാവായിരുന്നു. ഒരേസമയം കാശ്മീരിലെ പണ്ഡിറ്റുകൾക്കുവേണ്ടിയും കാശ്മീരികൾക്കാകെവേണ്ടിയും അദ്ദേഹം നിലകൊണ്ടു. കാശ്മീരിലെ പണ്ഡിറ്റുകളുടെ ദുരിതത്തെ അവിടുത്തെ കാശ്മീരികളുടെയാകെ ദുരിതത്തിന്റെ ഭാഗമായാണ് അദ്ദേഹം കണ്ടത്. അതുപോലെതന്നെ ഉറച്ച മാർക്സിസ്റ്റ് ധാരണയിൽനിന്നുകൊണ്ട് സ്വത്വരാഷ്ട്രീയത്തിനെതിരെ ശക്തമായി നാവുയർത്തിയ രാഷ്ട്രീയ നേതാവുകൂടിയാണ് അദ്ദേഹം. ‘കാശ്മീരിയത്ത്’ എന്ന ആശയത്തോട് മാർക്സിസത്തെ കൂട്ടിയോജിപ്പിച്ചതാണ് അദ്ദേഹത്തെ കരുത്തുറ്റ ജനകീയമുഖമാക്കി മാറ്റിയത്. സ്വത്വരാഷ്ട്രീയത്തെ ചെറുക്കാൻ അദ്ദേഹം തന്റെ പ്രവർത്തനരീതിയെ, ആശയഗതിയെ ഈ നിലയിൽ പരുവപ്പെടുത്തി. കാശ്മീരി ദേശീയതയ്ക്കും കാശ്മീരിന്റെ ചരിത്രത്തിനും സംസ്കാരത്തിനും ഭാഷയ്ക്കും വേണ്ടി ഉറച്ചുനിലകൊണ്ട അദ്ദേഹം ഫെഡറലിസത്തെയും മതേതരത്വത്തെയും ജമ്മു കാശ്മീരിന്റ പ്രതേ-്യക പദവിയെയും തന്റെ ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ചു. അതേസമയം എല്ലാവിധ മതവർഗ്ഗീയതയ്ക്കെതിരെയും നിരന്തരമായി പൊരുതി. താൻ ഉൾപ്പെടുന്ന സമുദായത്തിന്റെ മതഭ്രാന്തിനെതിരെയും കാശ്മീരി പണ്ഡിറ്റുകളുടെ സ്വത്വസംഘടനയായ പനുൻ കാശ്മീരിനെതിരെയും അദ്ദേഹം ശക്തമായി നിലകൊണ്ടു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രത്തെയും സംപത് പ്രകാശിന്റെ ജീവിതത്തെയും സംബന്ധിച്ച് നന്ദിത ഹസ്കർ 2015ൽ എഴുതിയ The Many Faces of Kashmiri Nationalism: From the Cold War to the Present Day എന്ന പുസ്തകം അദ്ദേഹത്തിൽ വേരൂന്നിയ സമരോത്സുകതയെയും വിപ്ലവ വീര്യത്തെയും ഉയർത്തിപ്പിടിക്കുന്നുണ്ട്.

റിട്ടയർമെന്റിനുശേഷവും വിശ്രമ ജീവിതത്തിന് അദ്ദേഹം തയ്യാറല്ലായിരുന്നു. റിട്ടയർമെന്റ് കാലത്ത് മുതിർന്ന പൗരർക്കിടയിൽ സംഘടനാ പ്രവർത്തനം നടത്തിയിരുന്ന അദ്ദേഹം തന്റെ വാർധക്യസഹജമായ അവശതകളെയെല്ലാം മറികടന്ന് കാശ്മീരിന്റെ പ്രത്യേക പദവിക്കും ആർഎസ്എസിന്റെ വർഗീയ അജൻഡയ്ക്കുമെതിരായി പൊരുതി. ഒടുവിൽ മരണത്തിനു കീഴടങ്ങുന്നതിനു തൊട്ടുമുൻപുവരെ കാശ്മീരിലെ തൊഴിൽരഹിതരുടെ എണ്ണം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ, തൊഴിൽരഹിതരും അസംഘടിതരുമായ യുവജനങ്ങളെ സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കാശ്മീരിലെ ഉന്നത ജാതിവിഭാഗമായ പണ്ഡിറ്റായിരിക്കവേതന്നെ കാശ്മീരിയത്ത് എന്ന ഒരുമയുടെ ആശയത്തെയും കമ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തെയും ജമ്മു കാശ്മീരിന്റെ സവിശേഷ പ്രാധാന്യത്തെയും മുറുകെപ്പിടിച്ചിരുന്നു സംപത് പ്രകാശ് എന്ന ധീരനായ പോരാളി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − twenty =

Most Popular