Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറിനിലനിന്നതും മറന്നുപോയതുമായ കാശ്മീര്‍

നിലനിന്നതും മറന്നുപോയതുമായ കാശ്മീര്‍

ജി പി രാമചന്ദ്രന്‍

‘‘ദുരന്തങ്ങളുടെ കാലങ്ങളില്‍
പാട്ടുകളുണ്ടാവുമോ?
ഉണ്ടാവും.
ദുരന്തകാലത്തെക്കുറിച്ചുള്ള
പാട്ടുകളുണ്ടാവും’’
(ബെര്‍ത്തോള്‍ഡ് ബ്രെഹ്ത്ത്)

 

ബോളിവുഡ് സിനിമയുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഒരു കാലത്ത് കശാ്മീര്‍. രാജ്യത്തെ ഏറ്റവും മനോഹരമായ ഭൂപ്രദേശമെന്ന നിലയ്ക്ക് പ്രേമകഥകളും മറ്റും ചിത്രീകരിക്കാന്‍ ആദ്യകാല ഹിന്ദി സിനിമ ആശ്രയിച്ചത് കശ്മീരിനെയായിരുന്നു. കമിതാക്കള്‍ കണ്ടു മുട്ടുന്ന ഇടം മുതല്‍ മധുവിധുവിന്റെ പശ്ചാത്തലം വരെയായി കശ്മീര്‍ അക്കാലത്ത് ബോളിവുഡിലും മറ്റ് ഇന്ത്യന്‍ ഭാഷാ സിനിമകളിലും നിറഞ്ഞോടി. കാശ്മീര്‍ കി കലി, ജബ് ജബ് ഫൂല്‍ കിലേ തുടങ്ങി പല സിനിമകളും മുഴുവനായും കാശ്മീര്‍ പശ്ചാത്തലമായി എടുത്തതാണ്. ഷമ്മി കപൂറും ശശി കപൂറും മുതല്‍ക്കുള്ളവര്‍ അവതരിപ്പിച്ച കാമുക വേഷങ്ങള്‍ക്ക് പ്രണയം പൂക്കുന്ന സ്ഥലമായിരുന്നു കാശ്മീര്‍. കാശ്മീരിന്റെ പ്രകൃതി രമണീയവും പ്രശാന്തവും പലായനാത്മകവുമായ ഭൂപശ്ചാത്തലം ആയിരുന്നു ഈ സിനിമകളുടെ പ്രത്യേകത. പച്ച പുതച്ച മലകളും കുന്നുകളും താഴ്വരകളും നീരൊഴുക്കുകളും നദികളും മഞ്ഞുപുതച്ച അന്തരീക്ഷവും വളഞ്ഞു പുളഞ്ഞ പാതകളും എല്ലാം പ്രേക്ഷകരുടെ കണ്ണിനു കുളിര്‍മയേകി. ബോളിവുഡ് സിനിമയുടെ അരാഷ്ട്രീയ ‘സ്വര്‍ഗ’മായിരുന്നു അക്കാലത്തെ കാശ്മീര്‍. കാശ്മീരികളായ കഥാപാത്രങ്ങളെ നിഷ്‌ക്കളങ്കരും ഗോത്രീയ സ്വഭാവക്കാരും എന്ന നിലയില്‍ അവതരിപ്പിച്ചു. ഒരേ സമയത്ത് പത്തോളം സിനിമകളുടെ ചിത്രീകരണങ്ങള്‍ അക്കാലത്ത് കാശ്മീരില്‍ നടന്നിരുന്നു. ഇത് മഞ്ഞുകാലത്ത് വര്‍ദ്ധിക്കുകയും ചെയ്യും. 1965ലെയും 1971ലെയും ഇന്ത്യ–-പാക്കിസ്ഥാന്‍ യുദ്ധങ്ങള്‍ പോലും ഈ സ്ഥിതിയ്ക്ക് ഒരു മാറ്റവുമുണ്ടാക്കിയില്ല.

എന്നാല്‍, 1989ലെ വിഘടന-വിമോചന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനാരംഭത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പ്രണയ ഭൂമിക എന്ന അരാഷ്ടീയ നിലയില്‍ നിന്ന് രാഷ്ട്രീയ ഇതിവൃത്തത്തിന്റെ മുഖ്യ പശ്ചാത്തലം എന്ന അവസ്ഥയിലേയ്ക്ക്, കാശ്മീര്‍ സിനിമകളില്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും സുരക്ഷിതത്വത്തിനും സ്വച്ഛതയ്ക്കും പകരം തോക്കുകളുടെയും അപകടങ്ങളുടെയും കീഴ്കാം തൂക്കുകളായി കാശ്മീര്‍ പരിണമിച്ചു. മഞ്ഞുമലകളില്‍ നിന്ന് ചോരയൊഴുകാന്‍ തുടങ്ങി.

മണിരത്‌നം സംവിധാനം ചെയ്ത റോജ(തമിഴ്, ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റപ്പെട്ടു/1992) ഇത്തരം സിനിമയുടെ കൃത്യമായ ഉദാഹരണമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് പ്രതിരോധ വകുപ്പിലെ ചില കരാര്‍ ജോലികള്‍ക്കായി കാശ്മീരിലെത്തുന്ന നായകനെ കാണാതാവുകയും അയാളെ തെരഞ്ഞെത്തുന്ന നായികയുമാണ് റോജയിലുള്ളത്. തോക്കും തട്ടിക്കൊണ്ടുപോകലും കൊലയും മനുഷ്യത്വഹീനമാക്കിയ ഒരു പരിസരത്തിലിരുന്ന നടത്തുന്ന മുസ്ലിം നിസ്‌ക്കാരങ്ങള്‍ വൃഥാ വ്യായാമങ്ങളോ കപടനാട്യങ്ങളോ ആണെന്നും നിഷ്‌ക്കളങ്കയും ‘ദൈവപ്രീതി’യ്ക്ക് ‘യഥാര്‍ത്ഥത്തില്‍’ അര്‍ഹയുമായ നായിക ഹിന്ദു ദേവാലയങ്ങളിലും മറ്റും നടത്തുന്ന അര്‍ച്ചനകള്‍ ഉദാത്തമാണെന്നുമുള്ള പിളര്‍പ്പന്‍ സൂചനകള്‍ റോജയിലുണ്ട്. കാശ്മീരി ജനതയെ മുഴുവന്‍ ശത്രുക്കളാക്കി പ്രഖ്യാപിച്ചുകൊണ്ട് പില്‍ക്കാലത്ത് സജീവമായിത്തീര്‍ന്ന ഭൂരിപക്ഷ മതവര്‍ഗീയതയുടെ പിന്‍ബലമുള്ളതും സംഘപരിവാര്‍ പ്രചരിപ്പിച്ചതുമായ രാഷ്ട്ര വാദങ്ങള്‍ ബലപ്പെടുത്തിയ പ്രമേയവും ആഖ്യാനവുമായിരുന്നു റോജ. റോജ പോലുള്ള സിനിമകളാണ് കാലത്തിന്റെ ആവശ്യം എന്ന് ലാല്‍ കൃഷ്ണ അദ്വാനി തന്നെ പരസ്യമായി പ്രകീര്‍ത്തിക്കുകയുമുണ്ടായി. ബോര്‍ഡര്‍, എല്‍ഒസി കാര്‍ഗില്‍, മിഷന്‍ കാശ്മീര്‍, ഫന, ഫിസ തുടങ്ങിയ നിരവധി സിനിമകളിലും ഇതേ വാദങ്ങളാണ് മഹത്വവത്ക്കരിക്കപ്പെട്ടത്. രണ്ടായിരത്തിനു ശേഷം പുറത്തുവന്ന ഹൈദര്‍, ഫിത്തൂര്‍, റാസി, ശിക്കാര, ഹമീദ്, സൂപ്പര്‍ഷാ എന്നിവയും ഇതേ നിലപാടുകള്‍ ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും പിന്തുടര്‍ന്നു.

ഈ കാഴ്ചപ്പാടുകള്‍ ഏറ്റവും മുഴക്കത്തോടെ കൊണ്ടാടിയ സിനിമയായിരുന്നു കാശ്മീര്‍ ഫയല്‍സ്. ഇന്ത്യയുടെ ജനാധിപത്യ- മതനിരപേക്ഷ- ഭരണഘടനാധിഷ്ഠിത രാഷ്ട്ര നിര്‍മ്മാണപ്രക്രിയയ്‌ക്കെതിരായ ദുഷിച്ച പ്രചരണമാണ് ഈ സിനിമ. വലതുപക്ഷം വിശേഷിപ്പിക്കുന്ന കാശ്മീരിലെ സത്യം എന്താണെന്ന്‌ ഒരു മൂന്ന് പതിറ്റാണ്ട് കാലത്തേക്കെങ്കിലും തോന്നിപ്പിക്കാന്‍ ദ കാശ്മീര്‍ ഫയല്‍സിന് ശേഷിയുണ്ട്. അതിതീവ്ര അക്രമങ്ങള്‍ ഉള്‍പ്പെടുത്തി നമുക്ക് സത്യമെന്ന് അറിയാവുന്ന മറ്റൊരു വ്യാഖ്യാനം സാധ്യമല്ലാത്ത വിധത്തില്‍ അതിന്റെ കാഴ്ചക്കാരെ ക്രൂരന്മാരാക്കുന്ന സിനിമയാണ് ഇത്.

സമകാലിക കാശ്മീരിനെ വസ്തുനിഷ്ഠമായും യാഥാര്‍ത്ഥ്യപൂര്‍ണമായും കലാപരമായും ചരിത്ര-രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെയും സമീപിക്കുന്ന സിനിമകളുണ്ടായിവരേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. അത്തരത്തിലുള്ള ചില പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യവും നാം വിസ്മരിക്കരുത്. അവയിലേയ്ക്ക് വായനക്കാരുടെ ശ്രദ്ധതിരിക്കാനാണ് ലേഖനത്തിന്റെ ഇനിയുള്ള ഭാഗത്ത് ഉദ്ദേശിക്കുന്നത്.

പ്രഭാസ് ചന്ദ്ര സംവിധാനം ചെയ്ത ഞാന്‍ ഝലം നദിയല്ല (ഐ ആം നോട്ട് റിവര്‍ ഝലം/2022) 370––ാം വകുപ്പ് റദ്ദാക്കിയതിനു മുമ്പും ശേഷവുമുള്ള കശ്മീരി മനുഷ്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. വിജനമായ തെരുവുകളും പട്ടാളവണ്ടികളും ചെക്ക് പോസ്റ്റുകളും കാണാതാവുന്ന ആളുകളെക്കുറിച്ചുള്ള ചുമര്‍പോസ്റ്ററുകളും കുട്ടികളില്ലാതാവുന്ന സ്‌കൂള്‍ ക്ലാസ്സ്-മുറികളും എല്ലാം ഒരു ദുരന്തകാവ്യം പോലെ ഹൃദയഭേദകമാണ്. 2022ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല നവാഗത സംവിധായകനുള്ള കെ ആര്‍ മോഹനന്‍ അവാര്‍ഡ് (ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയത്) ഐ ആം നോട്ട് റിവര്‍ ഝലത്തിന്റെ പേരില്‍ പ്രഭാസ് ചന്ദ്ര ഏറ്റുവാങ്ങി.

കശ്മീരിലെ സാധാരണക്കാരുടെ അടിസ്ഥാനപരമായ ചലനസ്വാതന്ത്ര്യം പോലും സര്‍ക്കാര്‍ നയങ്ങളുടെയും അമിതമായ സൈനിക സാന്നിദ്ധ്യത്തിന്റെയും ഫലമായി തടയപ്പെടുന്നതും പരിമിതപ്പെടുന്നതുമാണ് ഈ സിനിമയില്‍ കാണിക്കുന്നത്. സമുദായങ്ങളും വ്യക്തികളും അവരുടെ ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ കുറ്റം ചാര്‍ത്തപ്പെട്ട് പീഡിപ്പിക്കപ്പെടുന്ന അവസ്ഥയാണ് കാശ്മീരിലുള്ളത്. അര്‍ത്ഥപൂര്‍ണമായ സംവാദങ്ങള്‍ക്കുള്ള സാധ്യതകള്‍ തന്നെ ഭരണകൂടം അടച്ചിരിക്കുന്നു.

കാശ്മീരിലെ നിത്യജീവിതം അനിശ്ചിതത്വങ്ങളും അക്രമങ്ങളും കൊണ്ട് നിറഞ്ഞതാണ്. പീഡനങ്ങളും തടവുകളും ദുരിതം നിറഞ്ഞ സാഹചര്യങ്ങളും അതിസാധാരണമാണവിടെ. കുട്ടികളും സ്ത്രീകളും ആണ് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത്. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു, സ്വപ്‌നങ്ങള്‍ പോലും.

അഫീഫയാണ് മുഖ്യ കഥാപാത്രം. അംബ സുഹാസിനി ജാലയാണ് ഈ വേഷമവതരിപ്പിച്ചത്. ഝലം നദിയെന്നതു പോലെ അഫീഫയെയും പുറമേനിന്ന് കാണുമ്പോള്‍ ശാന്തമായ പ്രകൃതമാണുള്ളത്. എന്നാല്‍, അവളുടെയും ആ പുഴയുടെയും ഉള്‍ലോകങ്ങള്‍ സംഘര്‍ഷഭരിതമാണ്. അനവധി ജീവനുകള്‍ അഫീഫയ്ക്കു മുമ്പില്‍ പൊലിഞ്ഞുപോയിരിക്കുന്നു. ഭരണകൂട മര്‍ദനോപാധികള്‍ അവരുടെ എല്ലാ നിഷ്ഠുരതകളും പുറത്തെടുക്കുന്നു. ഇതെല്ലാം ചേര്‍ന്ന് അവളെ ഒരു മരവിപ്പിലേയ്ക്കാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. മനുഷ്യലോകത്തിനകത്തെ മനുഷ്യത്വവിരുദ്ധതകള്‍ അവളുടെ കണ്ണാഴങ്ങളിലുള്ള പ്രക്ഷുബ്ധതകളില്‍ നിന്ന് കണ്ടെടുക്കാം. കാലങ്ങളായി ഝലം നദിയും ഇതൊക്കെ കണ്ടും സ്വീകരിച്ചും കഥകള്‍ തന്നിലേയ്‌ക്കൊളിപ്പിച്ചു വെച്ചും ഒഴുകിക്കൊണ്ടിരിക്കുന്നു.

സിനിമ തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കു ശേഷം, അഫീഫയ്ക്ക് അവളുടെ ചാച്ചാജാനാ (അമ്മാമന്‍)യ ബിലാല്‍ കാള്‍ സാഗന്റെ കോസ്‌മോസ് എന്ന പുസ്തകം സമ്മാനിക്കുന്നുണ്ട്. എഴുത്തുകാരനാവാന്‍ ആഗ്രഹിച്ച, കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്ര ലേഖകനാവാന്‍ കൊതിച്ച രോഹിത് വെമുല സ്‌ഫോടനാത്മകമായ ഒരു ആത്മഹത്യക്കുറിപ്പ് മാത്രം എഴുതി ഈ മുടിഞ്ഞ ലോകത്തോട് വിടവാങ്ങിയത് ആണ് പെട്ടെന്നോര്‍മ്മ വന്നത്.പിന്നീട് സിനിമയുടെ അവസാനം ദില്ലിയിലെത്തിയ അഫീഫ യാത്ര ചെയ്യുന്നതിനിടയില്‍ ചുമര്‍ചിത്രങ്ങളില്‍ രോഹിത് വെമുല തെളിയുന്നുമുണ്ട്. ഇവിടെ ബിലാലിനും ശാസ്ത്രീയവും ദാര്‍ശനികവുമായ ഒരു ലോകവീക്ഷണമാണുള്ളത്. ശാസ്ത്ര കഥകളും അതിന്റെ വൈചിത്ര്യങ്ങളും ബിലാല്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അതില്‍ സാകൂതം ശ്രദ്ധിച്ചിരുന്നവളാണ് അഫീഫ. ബിലാല്‍ ഒരു കവിയുമാണ്. മനുഷ്യസ്‌നേഹത്തെക്കുറിച്ചും അനുതാപത്തെക്കുറിച്ചുമാണ് അയാളുടെ സംസാരങ്ങള്‍. ഈ മനുഷ്യത്വവിരുദ്ധ ചുറ്റുപാടില്‍ നീ ഒരു മനുഷ്യസ്ത്രീ ആയി വളരണം എന്നാണയാള്‍ എപ്പോഴും അഫീഫയോട് പറയുന്നത്.

തീവ്ര ദേശീയ ഭ്രാന്തിന്റെ ഇരകളും അക്രമപ്രദേശങ്ങളും ആയി സ്ത്രീ ശരീരങ്ങള്‍ പരിണമിക്കുന്നതെങ്ങനെ എന്ന് സംവിധായകന്‍ സിനിമയിലൂടെ ആശങ്കപ്പെടുന്നുണ്ട്. നിരന്തരമായ പീഡനങ്ങളിലൂടെ മാനസിക നില തെറ്റിയ നിരവധി ആളുകളും കാശ്മീരിലുണ്ട്. അവരുടെ പ്രതിനിധിയാണ് ബഷീര്‍. പ്രശാന്തമായിരുന്ന താഴ് വര ഇപ്പോള്‍ പ്രക്ഷുബ്ധമായതു പോലെ തന്നെയാണ് ബഷീറിന്റെ ആന്തരിക ലോകവും.

പിന്നീട് അമ്മാമനോടൊപ്പം കഴിയാനായി ദില്ലിയിലെത്തുന്ന അഫീഫ അവിടെയും സമരങ്ങളാണ് കാണുന്നത്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ സമരങ്ങളാണ് അവിടെ നടക്കുന്നത്. ശഹീന്‍ ബാഗ് സമരത്തിന്റെ ഫൂട്ടേജുകളാണ് ഇവിടെയുള്ളത്. ഇന്ത്യയില്‍ മുസ്ലിം ജീവിതം എത്രമാത്രം പ്രയാസകരമായിത്തീര്‍ന്നിരിക്കുന്നു എന്ന വസ്തുതതയാണ് രേഖപ്പെടുത്തപ്പെടുന്നത്.

കാശ്മീരിന്റെ സ്വയംനിര്‍ണയാവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനു മുമ്പാണ് ഐ ആം നോട്ട് റിവര്‍ ഝലം ചിത്രീകരിച്ചത്. കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുന്നു എന്നല്ലാതെ 370 എടുത്തുകളഞ്ഞതുകൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമുണ്ടായിട്ടില്ല.

നാടകഭാഗങ്ങളും ഡോക്കുമെന്ററികളുടെ ഖണ്ഡങ്ങളും കവിതകളും എല്ലാം കടന്നുവരുന്ന ഒരു ആഖ്യാനമാണ് സിനിമയ്ക്കുള്ളത്. ടാഗൂറിന്റെയും ഉര്‍ദു എഴുത്തുകാരായ മന്തോ, ഇഖ്ബാല്‍, ആഖ ശാഹിദ് അലി എന്നിവരുടെയും വരികള്‍ സിനിമയിലുണ്ട്.

വിഭജിതവും കോപാകുലവുമായ കശ്മീരാണ് യഥാര്‍ത്ഥത്തിലുള്ളത്. കശ്മീരിന്റെ സൗന്ദര്യമെന്ന് നമുക്ക് തോന്നുന്നതൊക്കെയും അവിടത്തെ ജനതയുടെ വിഷാദങ്ങളുടെ മുഖമറകള്‍ മാത്രം. വ്യാജ ഏറ്റുമുട്ടലുകളിലെ കൊലകളുടെയും കൊടും പീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും ശരീരോപദ്രവങ്ങളുടെയും അപമാനങ്ങളുടെയും മുറിവുകളുടെയും പ്രത്യക്ഷീകരണമാണ് കശ്മീര്‍ എന്ന് നമുക്ക് ഈ സിനിമയിലൂടെ തിരിച്ചറിയാം. ഇവിടെ പകലുകള്‍ രാത്രിയെപ്പോലെയും രാത്രികള്‍ പേടിസ്വപ്‌നങ്ങളെപ്പോലെയുമാണ് കാണപ്പെടുന്നത്.

ന്യൂക്ലിയര്‍ ഫിസിസിസ്റ്റായ പ്രഭാസ് ചന്ദ്ര നാടകങ്ങള്‍ എഴുതിയും സംവിധാനം ചെയ്തും പരിശീലിപ്പിച്ചുമാണ് ജീവിക്കുന്നത്. 2013 മുതല്‍ 2018 വരെ അദ്ദേഹം കാശ്മീരിലെ പുല്‍വാമയില്‍ നാടകപരിശീലനങ്ങള്‍ നടത്തിയും ഫിസിക്‌സ് ക്ലാസുകളെടുത്തും കഴിഞ്ഞതിന്റെ നേരനുഭവങ്ങളാണ് സിനിമയിലുള്ളത്. എല്ലായിടത്തും മൗനമായിരുന്നു നിറഞ്ഞുനിന്നത്. പുറത്തിറങ്ങി നടക്കുമ്പോള്‍ ആരെയും കാണാനില്ലായിരുന്നു. വല്ലപ്പോഴും ഒരു ഒറ്റപ്പട്ടി അലഞ്ഞുതിരിയുന്നതു കാണാം. ശൂന്യതയും നിശ്ശബ്ദതയുമായിരുന്നു എവിടെയും. സ്വാദുള്ള ഒരു ബിരിയാണി കഴിച്ച ഉടനെ ചന്ദ്രയുടെ കണ്ണുകള്‍ എരിയാനും അദ്ദേഹം നിര്‍ത്താതെ ചുമയ്ക്കാനും തുടങ്ങി. തന്റെ ജീവിതം തന്നെ തീര്‍ന്നുപോകുമോ എന്നു തോന്നത്തക്കരീതിയിലുള്ള അസ്വസ്ഥതയായിരുന്നു. എന്നാല്‍, അടുത്തെവിടെയോ കല്ലെറിഞ്ഞവര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചതായിരുന്നു സംഭവം.

കാശ്മീരില്‍ തദ്ദേശീയജനസംഖ്യക്ക് പൊരുത്തപ്പെടാനാവാത്ത വിധത്തില്‍ വളരെയധികം സൈന്യവും അര്‍ദ്ധ സൈന്യവും പൊലീസുമാണ് വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഇത് തദ്ദേശീയരില്‍ സൃഷ്ടിച്ചിട്ടുള്ള അന്യവത്ക്കരണവും അകല്‍ച്ചയും പരിഹരിക്കാന്‍ ബുദ്ധിമുട്ടേറിയ വിധത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, കാശ്മീര്‍ സര്‍വകലാശാലയിലെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ഫാസില്‍ എന്‍സിയും ഷോണ്‍ സെബാസ്റ്റ്യനും ചേര്‍ന്ന് സംവിധാനം ചെയ്ത, ഇന്‍ ദ ഷേഡ് ഓഫ് ഫോളണ്‍ ചിനാര്‍(2016) എന്ന ഡോക്കുമെന്ററി. കാമ്പസിനകത്ത് വീണുകിടക്കുന്ന ഒരു വലിയ ചിനാര്‍ മരത്തിന്മേല്‍ ചിത്രങ്ങള്‍ വരച്ചും മുദ്രാവാക്യങ്ങളും കവിതകളും എഴുതിയും അതിനെ ഒരു പ്രതിഷ്ഠാപനം ആക്കി മാറ്റിയിരിക്കുകയാണ് വിദ്യാര്‍ത്ഥികളായ കലാകാരരും കലാകാരികളും. കലയ്ക്ക് ജീവിതത്തെ പുനരാവിഷ്‌ക്കരിക്കാനും അപ്രകാരം അക്രമത്തെ ഇല്ലാതാക്കാനോ ഇല്ലാതാക്കിയില്ലെങ്കിലും ലഘൂകരിക്കാനെങ്കിലും കഴിയുമെന്ന പ്രതീക്ഷയാണ് ഈ വീണുപോയ ചിനാറിന്റെ അടുത്ത് ഒത്തുകൂടുന്നവരില്‍ വളര്‍ന്നത്. പിന്നീട്, സര്‍വകലാശാല അടച്ചു. ആ സന്ദര്‍ഭത്തില്‍, അതിനു മുമ്പ് ചിത്രീകരിച്ചതെന്ന നിലയ്ക്ക് ഫോളന്‍ ചിനാറിന് വര്‍ദ്ധിച്ച പ്രസക്തിയും കൈവന്നു.

ഇന്‍ ദ ഷേഡ് ഓഫ് ഫോളണ്‍ ചിനാര്‍ അടക്കമുള്ള ഏതാനും ഡോക്കുമെന്ററികള്‍ കേരളത്തിന്റെ ഡോക്കുമെന്ററി- ഹ്രസ്വ ചിത്രമേള (ഐഡിഎസ്എഫ് എഫ്‌കെ)യില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അവ തെരഞ്ഞെടുക്കപ്പെട്ട വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. കോടതി വ്യവഹാരത്തിലൂടെയാണ് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടായത്. കാശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള സന്ദീപ് രവീന്ദ്രനാഥിന്റെ ഹ്രസ്വ ചിത്രം യുട്യൂബ് നീക്കം ചെയ്തതും ഇതിനു സമാനമായ നടപടിയായിരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + 16 =

Most Popular