Sunday, May 19, 2024

ad

നിസ്സഹായത

അവതാർ കൃഷ്ണ രാസ്ദാൻ/പരിഭാഷ: പ്രൊഫ. എൻ എം സണ്ണി

കശ്മീരി കഥ

ത്തുമാസം കൊണ്ട്, പത്തുവർഷം കടന്നുപോകുന്നത് കാണണമെങ്കിൽ, കരുത്തും പേശീബലവുമുള്ള ഒരു ശരീരം അസ്ഥികൂടമായി മാറുന്നതും, ഹൃദയത്തിലെ സന്തോഷം കൊണ്ട് വർണ്ണാഭമായ പൂക്കളാൽ നിറഞ്ഞ പൂന്തോട്ടം, വിജനമാകുന്നതും കാണണമെങ്കിൽ,നമുക്ക് ഗുലാം അഹമ്മദിനെ ഓർക്കാം. ചുട്ടുപൊള്ളുന്ന ചൂടിൽ അയാളുടെ ഹൃദയത്തിലെ പൂവ് ഉണങ്ങി, ഇലകൾ കൊഴിഞ്ഞു എന്നതല്ല ഖേദ കരം. ഇരുണ്ട കാർമേഘങ്ങളില്ലാതെ മഴത്തുള്ളികൾ മഴയായി പെയ്ത് ഭൂമിയിൽ വീണു ചാരമായി മാറിയതാണ് സങ്കടകരമായ കാര്യം. അത് ഇനി വീണ്ടും പൂക്കുമോ എന്ന ചോദ്യം ഉയരുന്നില്ല. മോഹം അയാളുടെ ഹൃദയത്തിലും മനസ്സിലും കത്തിജ്വലിച്ചു, അത് ഒരു പാമ്പിനെപ്പോലെ വിഷം വമിച്ചു, ഒരു മനുഷ്യനിൽ നിന്ന് ഉണ്ടാവേണ്ട ഊർജ്ജത്തിന്റെയും ഉന്മേഷത്തിന്റെയും ഗന്ധം ഇന്ന് അയാളിൽ നിന്ന് ഉയർന്നുവരുന്നില്ല.

അവിടെ ജോലി ചെയ്ത പത്തുമാസത്തെക്കുറിച്ച് അയാൾക്ക് മാത്രമേ അറിയൂ. ഈ കാലയളവിൽ, അയാളുടെ ശരീരം അയാളെ പലവട്ടം ശല്യപ്പെടുത്തുന്നതായി തോന്നിയതിനാൽ അയാളുടെ ഹൃദയം കലങ്ങി. ആറടി പൊക്കവും നല്ല നിറവും ചുരുണ്ട മുടിയും ഒക്കെയായി ഒരു ഗുസ്തിക്കാരനെപ്പോലെ ഉണ്ടായിരുന്നു അയാൾ. പക്ഷേ… എന്ത്! അയാൾ സ്വയം ചോദിച്ചു. എന്നാൽ ആ ചോദ്യം അയാളുടെ തൊണ്ടയിൽ കുടുങ്ങിയതായി തോന്നുമ്പോഴെല്ലാം അയാൾ യാന്ത്രികമായി ഉത്തരം നൽകാതെ സ്വയം വിമർശിക്കുകയും, ശപിക്കുകയും നാവ് കടിക്കുകയും പിന്നീട് ആരും കാണാതെ കണ്ണുനീർ പൊഴിക്കുകയും നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ, ബട്ട് സാബ് അവന്റെ അടുത്തുവരുമ്പോൾ, അയാൾ ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ കണ്ടശേഷം, അവനോട് പറയും: മനസ്സോടെയും അർപ്പണബോധത്തോടെയും സത്യസന്ധതയോടെയും ജോലി ചെയ്താൽ ഇരുവരുടെയും വിധി മാറും. എന്തുകൊണ്ടാണ് മനസ്സിലേക്ക് ഭയം തള്ളിക്കയറി വരുന്നത്, ദൈവത്തിനറിയാം. അതിനു ശേഷം അയാൾ ഏതാനും നിമിഷങ്ങൾ ചിന്തകളുടെ മരുഭൂമിയിൽ വഴിതെറ്റി നടക്കും.

ബട്ട് സാബ് ഒരു ചെറുപ്പക്കാരനായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം ക്രിക്കറ്റ് ബാറ്റുകൾ നിർമ്മിക്കുന്ന സ്വന്തം ഫാക്ടറി നടത്തുകയായിരുന്നു. കരകൗശല വിദഗ്ധരെക്കൊണ്ട് എങ്ങനെ ജോലി കൃത്യമായി ചെയ്യിപ്പിക്കണമെന്ന് അദ്ദേഹത്തിനറിയില്ല. ഈ ഫാക്‌ടറിയുടെ പഴയ ഉടമയായിരുന്നെങ്കിൽ അയാൾ മറ്റൊരു രീതിയിൽ സംസാരിക്കുമായിരുന്നു. അയാൾ ഫാക്ടറിയുടെ ഉടമയാണോ തൊഴിലാളിയാണോ എന്ന് സംശയിക്കുന്ന തരത്തിലായിരുന്നു അയാളുടെ പെരുമാറ്റം. പക്ഷേ അയാൾ മോശക്കാരനായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം തന്റെ വിശ്വസ്തനും മിടുക്കനുമായ ഒരു തൊഴിലാളിയെ കഴിഞ്ഞ പത്തു മാസമായി ജോലിക്കെടുത്തത്.

ഗുലാം അഹമ്മദ് നല്ല ക്രിക്കറ്റ് ബാറ്റുകൾ ഉണ്ടാക്കുമായിരുന്നു, പക്ഷേ ഈ ജോലി ചെയ്യാൻ അദ്ദേഹത്തിന് താൽപ്പര്യമില്ല. ഒരു നല്ല ബാറ്റ് ഉണ്ടാക്കി കഴിയുമ്പോൾ അയാളുടെ ഹൃദയം തകർന്നുപോകും. ഈ ബാറ്റ് ഉപയോഗിച്ച് ഏത് കളിക്കാരൻ കളിക്കുമെന്ന് ആർക്കറിയാം. അയാൾ കുറച്ച് നിമിഷങ്ങൾ സ്വയം ചിന്തിക്കും, പക്ഷേ പിന്നീട് അയാളുടെ ജോലിയിൽ മുഴുകും.

ഈ പത്തുമാസത്തിനിടയ്ക്ക് ഒരു ദിവസം! അതെ, രാവിലെ തന്നെ ഫാക്ടറിയിൽ കയറി അയാൾ ഉണ്ടാക്കിയ സാധനങ്ങൾ സൂക്ഷിച്ച് നോക്കിയതും ഇതേ ദിവസം തന്നെയായിരുന്നു. അവിടെ ആയിരക്കണക്കിന് ബാറ്റുകൾ ഉണ്ടായിരുന്നു. ബല്ലേ-ബല്ലേ… ആയിരക്കണക്കിന് ബാറ്റുകൾ, അയാൾ പിറുപിറുത്തു. എന്നാൽ ഇവയിലേതെങ്കിലും ഒരെണ്ണം അവന് വേണ്ടിയാണോ? അല്ല, അല്ല, പിന്നെ എന്തിനാണ് ഞാൻ ഈ ജോലി ചെയ്യേണ്ടത്, അത് കാരണം തന്റെ മനസ്സമാധാനമാകുന്ന തിളങ്ങുന്ന സൂര്യൻ ഇടയ്ക്കിടെ അസ്തമിക്കുകയും, തന്മൂലം താൻ വേദനിക്കുകയും ചെയ്യുന്നു.ഇങ്ങനെ പല ചോദ്യങ്ങളും അയാൾ സ്വയം ചോദിച്ചെങ്കിലും ഒരെണ്ണത്തിനുപോലും കൃത്യമായി ഉത്തരം നൽകാൻ അയാൾക്ക് കഴിഞ്ഞില്ല. അയാൾ ഒരു ദീർഘനിശ്വാസമെടുത്തു, എന്നിട്ട് താൽപ്പര്യത്തോടെ ഒരിക്കൽ കൂടി ബാറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. ആ നിമിഷം അയാളുടെ ചിന്തകളെല്ലാം ഒരു ബിന്ദുവിൽ നിലച്ചതുപോലെ തോന്നി, ആ ബിന്ദു അയാളുടെ നിസ്സഹായതയുടെയും വയറിന്റെയും രൂപത്തിൽ സ്വന്തം മനസ്സിൽ ഏകാഗ്രമായി നിന്നു. അതെ, അതാണ് അയാളെ ഈ ജോലി ചെയ്യാൻ പ്രേരിപ്പിച്ചത്, കൂടാതെ പരമാവധി പ്രോഡക്റ്റ് ഫാക്ടറിയിൽ നിന്ന് തയ്യാറാക്കി കൊടുക്കുമെന്ന ബട്ട് സാബിന്റെ ഉറപ്പും.

ഈ ജോലി ചെയ്യാൻ അയാൾക്ക് ഒട്ടും താൽപ്പര്യമില്ലായിരുന്നു എന്നതാണ് സത്യം. പക്ഷേ, അയാൾക്ക് തീർച്ചയായും ഒരു ആഗ്രഹമുണ്ടായിരുന്നു, അത് വേദനയായി മാറുകയും, അയാളുടെ ഹൃദയത്തിൽ ഒരു വിറയൽ സൃഷ്ടിക്കുകയും, അയാളുടെ മനസ്സിനെയും തലച്ചോറിനെയും ഭ്രാന്തമായ ചിന്തകളുടെ കയറുകൊണ്ട് ബന്ധിക്കുകയും ചെയ്യും. കഷ്ടം! എന്റെ ഈ ആഗ്രഹമെങ്കിലും സഫലമാകട്ടെ! അയാൾ സ്വയം പറഞ്ഞു, എന്നിട്ട് ശൂന്യതയിലേക്ക് നോക്കി എന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കും, പക്ഷേ മൂടൽമഞ്ഞ് അല്ലാതെ മറ്റൊന്നും അവിടെ കാണാൻ കഴിഞ്ഞില്ല. ഒന്നുമില്ല. പിന്നെ അയാൾ തന്റെ ജോലിയിൽ മുഴുകി. അയാളുടെ ആഗ്രഹം നിറവേറ്റാൻ ഒരു പ്രതീക്ഷ മാത്രമേ ബാക്കിയുള്ളൂ, അത് ബട്ട് സാബ് നൽകിയ ഉറപ്പായിരുന്നു, അത് അയാൾ വീണ്ടും വീണ്ടും മനസ്സിൽ ആവർത്തിക്കും. ആർക്കറിയാം, അയാൾക്ക് ഒരു പുതുജീവൻ ലഭിക്കാനുള്ള കാരണം ഇതായിരിക്കട്ടെ. ആ പ്രതീക്ഷയോടെ അന്ന് ഫാക്‌ടറിയിൽ ഇരട്ടി ഉത്സാഹത്തോടെ അയാൾ പണിയെടുത്തു, ബ്രഷിൽ അൽപ്പം പോളിഷ് പുരട്ടിയ ശേഷം ബാറ്റിൽ അടിക്കാൻ തുടങ്ങി. ആദ്യം ആ ബാറ്റുകൾ വൃത്തികെട്ടതായി കാണപ്പെട്ടു, പിന്നീട് അതിൽ ഒരു ചെറിയ തിളക്കം പ്രത്യക്ഷപ്പെട്ടു, അവ കൂടുതൽ തിളക്കമുള്ളതായിത്തീർന്നു, അത് ഗ്ലാസ് പോലെ തിളങ്ങാൻ തുടങ്ങി.

“ഓ, എത്ര മനോഹരം! ഈ ബാറ്റിന് ആയിരത്തിൽ കുറയില്ല!”

“അതെ, അതിനേക്കാൾ എങ്ങനെയാണ് കുറച്ചുകിട്ടുക? മരത്തിനും വില വളരെ കൂടിയിരിക്കുന്നു!”

ആയിരം രൂപയാണ് അയാളുടെ രണ്ടാഴ്ചത്തെ കൂലി. ഈ ബാറ്റുകൾ മിനുക്കിയപ്പോൾ അവ കണ്ണാടി പോലെ തിളങ്ങാൻ തുടങ്ങി. അപ്പോൾ അയാളുടെ ഹൃദയം ഒരിക്കൽ കൂടി തകർന്നു. അയാൾ ചുണ്ടുകൾ കടിച്ചു.

എന്നാൽ ബട്ട് സാബ് അയാളുടെ അടുത്തുചെന്ന്, ഫാക്ടറിയിൽ ഉണ്ടാക്കിയ ആ ബാറ്റുകളെല്ലാം റെഡിയായിരിക്കുന്നതുകണ്ട് സന്തോഷിച്ചു, ഗുലാം അഹമ്മദിനോട് ചോദിച്ചു,

“നിനക്ക് കുട്ടിയുണ്ടോ?”

“ഉണ്ട് സർ, ഒരു ആൺകുട്ടിയുണ്ട്.”

“പ്രായം എത്രയാണ്?”

“ഈ വർഷം അവന് പതിനാറ് തികയും.”

“ങൂം! അത് ശരി. എന്തുകൊണ്ടാണ് നീ എന്നോട് ഇതുവരെ അത് പറയാഞ്ഞത്? ശരി, പൂർണ്ണ താൽപ്പര്യത്തോടെ ജോലി ചെയ്യുക, അത് നിങ്ങൾക്കും എനിക്കും പ്രയോജനപ്പെടും.” സംഭാഷണം അവസാനിപ്പിച്ച് ബട്ട് സാബ് അവിടെ നിന്ന് പോയി, പക്ഷേ ആ ഒരു വാചകം കേട്ട് ഗുലാം അഹമ്മദ് വീണ്ടും ചിന്തകളിൽ മുഴുകി.

ഒരുപാട് ചിത്രങ്ങൾ അയാളുടെ കൺമുന്നിൽ വന്നു തുടങ്ങി – ഒരു വലിയ സ്റ്റേഡിയം… നിറയെ കാണികൾ, ആരവങ്ങൾ, കളിക്കാർക്കിടയിൽ തന്റെ ഏക മകൻ, ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാൻ അതീവ ശ്രദ്ധയോടെ ബാറ്റ് വീശുന്നു, ധീരമായി പോരാടുന്നു… അവന്റെ ഓരോ ഹിറ്റും ചിലപ്പോൾ ഒരു ഫോറും ചിലപ്പോൾ ഒരു സിക്സും… അവിടെ ഇരിക്കുന്ന കാണികൾ കൈയടിക്കുന്നത് കാണുമ്പോൾ, ആ കരഘോഷങ്ങളുടെ പ്രതിധ്വനി അവന്റെ ആവേശം വർദ്ധിപ്പിക്കുന്നു.

സെഞ്ച്വറി തികയ്ക്കാൻ ഇനിയും രണ്ട് റൺസ് ബാക്കിയുണ്ട്..ബാറ്റും പന്തും തമ്മിലുള്ള പോരാട്ടം…സെഞ്ച്വറി നേടാനായി കാണികൾ കാത്തിരിക്കുകയാണ്. പലരുടെയും കൈകളിൽ പൂക്കളും തോരണങ്ങളും.പലരും കുതിച്ചുചാടി അവനെ കെട്ടിപ്പിടിക്കാൻ വേണ്ടി ഗ്രൗണ്ടിലേക്ക് എടുത്ത് ചാടാനും തയ്യാറായി നിൽക്കുന്നു… എല്ലാവരിലും കൗതുകകരമായ ആവേശം… അടുത്ത റണ്ണെടുക്കാൻ ബാറ്റ് എടുത്തയുടൻ എൽ.ബി.ഡബ്ല്യു.

ഗുലാം അഹമ്മദ്, ഗുലാം അഹമ്മദ്! ബട്ട് സാബ് ഉച്ചത്തിൽ അയാളെ വിളിച്ചു. അയാൾ ഞെട്ടിയെഴുന്നേറ്റു.

അദ്ദേഹം അയാളുടെ അടുത്തുചെന്ന് പറഞ്ഞു, “സുഹൃത്തേ! നിങ്ങൾ ഇവിടെ ഉണ്ടാക്കിയ ബാറ്റുകൾ വളരെ നല്ലതാണ്! ഇപ്പോൾ അത് പ്രത്യേക ബോക്സുകളിൽ സൂക്ഷിക്കുക!”

ബട്ട് സാബ് സന്തോഷത്തോടെ പറഞ്ഞു. ഈ ബാറ്റുകളെല്ലാം ഇവിടെ നിന്ന് നീക്കണമെന്ന് ഗുലാം അഹമ്മദും ആഗ്രഹിച്ചു. അത് കാണുമ്പോൾ അയാളുടെ ഹൃദയം ഇടയ്ക്കിടെ തകരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.എന്താണ് ഈ ബാറ്റുകൾ? ഭാഗ്യചക്രം! നിങ്ങൾ അവയുമായി ആവേശപൂർവ്വം കളിക്കുമ്പോൾ, അവ നിങ്ങളെ ആകാശത്തോളം ഉയർത്തുകയും ഏതെങ്കിലും തരത്തിൽ ആലസ്യം കാണിച്ചാൽ, അവ നിങ്ങളെ നിമിഷനേരം കൊണ്ട് നിലത്ത് തള്ളിയിടുകയും ചെയ്യും.

അയാൾ സ്വയം പറഞ്ഞു, ഉടൻ തന്നെ മറ്റ് തൊഴിലാളികളുടെ സഹായ ത്തോടെ, ബാറ്റുകളെല്ലാം പെട്ടികളിലാക്കി ബട്ട് സാബിന്റെ മുന്നിൽ വെച്ചു. “ഇത് വെക്കൂ”.ഒരു കടലാസ് അയാളുടെ കയ്യിൽ കൊടുത്തുകൊണ്ട് ബട്ട് സാബ് പറഞ്ഞു.

“സാർ, ഇത് എന്താണ്? ഗുലാം അഹമ്മദിന്റെ ആശ്ചര്യകരമായ ചോദ്യം.”

“ഗേറ്റ് പാസ്.”

“സർ, ഇത് എന്തിനാണ്?”

“നിങ്ങൾക്ക് ഇവിടെ നിന്ന് വിലപ്പെട്ട ഒരു പന്തും, ബാറ്റും എടുത്തുകൊണ്ട് പോകാൻ കഴിയും, അതുകൊണ്ടാണ്.”

ഇതുകേട്ട് ഗുലാം അഹമ്മദ് ഒന്നും മിണ്ടാതെ നിന്നു. ഇരുണ്ട, ഇടതൂർന്ന മേഘങ്ങൾ ആകാശത്തെ മൂടി, ഇപ്പോൾ അവ വലിയ ഇടിമുഴക്കത്തോടെ മഴയായി പെയ്യാൻ തുടങ്ങുമെന്ന് അയാൾക്ക് തോന്നി.

അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി,പൊട്ടിക്കരയുന്നതിനുമുമ്പ്,ബട്ട് സാബ് ചോദിച്ചു,“എന്താണ് ? എന്താണ് മിണ്ടാതിരിക്കുന്നത്? താങ്കളുടെ മൗനം എന്നെ എപ്പോഴും അലോസരപ്പെടുത്തുന്നു.”

ഗുലാം അഹമ്മദിന് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല. അയാളുടെ ശ്വാസം ഇടയ്ക്കെവിടെയോ നിലച്ചുപോയിരുന്നു.

“ഏയ് സഹോദരാ ! ഇതിൽ മടിക്കേണ്ട കാര്യമില്ല. ഇത് മകന് ഞാൻ നൽകിയ സമ്മാനമായി കരുതുക! ആരെങ്കിലും തന്റെ കൈകളാൽ മനോഹരമായ ഒരു ബാറ്റ് ഉണ്ടാക്കിയാൽ, അത് തന്റെ മകന് കളിക്കാൻ വേണ്ടി വാങ്ങിക്കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ അത് നമുക്ക് എത്ര നാണക്കേടാണ്! ഇത് വെച്ചോളൂ!”

“അങ്ങനെയല്ല സാർ! അതിന് എനിക്ക് ബാറ്റല്ല, ഊന്നുവടിയാണ് വേണ്ടത്. നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടച്ച ശേഷം ഗുലാം അഹമ്മദ് പറഞ്ഞു. അയാളുടെ ശബ്ദം പതറിയിരുന്നു. ഹൃദയം കനത്തു. എന്നിട്ട് വിറയ്ക്കുന്ന ചുണ്ടുക ളോടെ പറഞ്ഞു, “സർ, സർ! എന്റെ മകന്റെ കാലുകൾ…

“ഓ! അതാണോ കാര്യം?” ബട്ട് സാബ് അയാളെ നോക്കി നിശബ്ദനായി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + five =

Most Popular