Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിബോർഡിംഗ് കാർഡ്

ബോർഡിംഗ് കാർഡ്

ഗൗരിശങ്കർ റെയ്ന/പരിഭാഷ: പ്രൊഫ. എൻ എം സണ്ണി

കശ്മീരി കഥ

നീല ഷർട്ടും കാക്കി ജീൻസും കണങ്കാൽ വരെ ഉയരമുള്ള ബ്രൗൺ ഷൂസും വെള്ള തൊപ്പിയുമാണ് സംവിധായകൻ ധരിച്ചിരുന്നത്. അയാളുടെ കൈവിരലുകളിൽ തിളങ്ങുന്ന വിലകൂടിയ കുറേ മോതിരങ്ങളും ഉണ്ടായിരുന്നു. നടിയോട് കൈകൾ കൊണ്ട് ആംഗ്യം കാണിച്ച് എന്തെങ്കിലും വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ അത് കൂടുതൽ തിളങ്ങുന്നുണ്ടായിരുന്നു. നടി കോഫി മഗ് മേശപ്പുറത്ത് വച്ചിട്ട് അയാൾ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു. അവർ ഇരുവരും എയർപോർട്ടിലെ കോഫി ഷോപ്പിൽ ഇരിക്കുകയായിരുന്നു.

പുറത്ത് കുറച്ചു ദൂരെ രണ്ടു പോർട്ടമാർ ലഗേജുമായി അവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. രണ്ട് വിമാന ജോലിക്കാർ വന്ന് ഗ്ലാസ് ഡോർ തള്ളി അകത്തേക്ക് പോയി. അവരെ പിന്തുടർന്ന് പാറിപ്പറക്കുന്ന ആകർഷകമായ മുടിയുള്ള ഒരു സുന്ദരി കോഫി ഷോപ്പിന് നേരെ നടന്നു വന്നു. അവളെ കണ്ട ഉടനെ സംവിധായകൻ ചാടിയെഴുന്നേറ്റു. അവൾ വേഗം ഒരു കസേര മേശക്കരികിലേക്ക് വലിച്ചിട്ട് വലതു വശത്ത് ഇരുന്നു. അവൾ പുഞ്ചിരിച്ചു. അവളെ കണ്ടയുടനെ നടിയുടെ മുഖം വാടി. അവൾ നടിയുടെ നേരെ നോക്കുകയോ അവളോട് ഒന്നും സംസാരിക്കുകയോ ചെയ്തില്ല. സംവിധായകൻ അപ്പോൾ മറ്റൊരു ദിശയിലേക്ക് കൈ വീശി. കോഫി ഷോപ്പിൽ ഇരിക്കുന്ന ചില യാത്രക്കാർ അപ്പോൾ വന്ന ഈ സുന്ദരിയെ നോക്കാൻ തുടങ്ങി. ടിവി പരസ്യങ്ങളിൽ അവർ അവളെ കണ്ടിട്ടുണ്ടായിരുന്നു. അപ്പോഴേക്കും സുമു ഖനായ ഒരു ചെറുപ്പക്കാരൻ അവിടേക്ക് കടന്നുവന്നു. വേഷം കണ്ടാൽ ഏതോ എയർലൈൻസ് കമ്പനിയുടെ മാനേജരാണെന്ന് തോന്നും. അവനെ കണ്ടയുടനെ പെൺകുട്ടി എഴുന്നേറ്റ് കെട്ടിപ്പിടിച്ചു. പിന്നെ അവൾ തന്റെ മൊബൈൽ ഫോൺ എടുത്ത് സംവിധായകന് കൊടുത്തിട്ട് ആ ചെറുപ്പക്കാരനൊപ്പമുള്ള ഒരു ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുവാവും പെൺകുട്ടിയും പോസ് ചെയ്ത് നിന്നു. അവർ കൈകൾ പരസ്പരം അരയിൽ വച്ചു. അവർ പോസ് ചെയ്തപ്പോൾ സംവിധായകൻ ക്ലിക്ക് ചെയ്തു. പെൺകുട്ടി അയാളോട് നന്ദി പറയുകയും ചെയ്തു. രസകരമായ ഈ രംഗം കാണാൻ ഒരു ചെറിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. എന്നാൽ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടും ഇതുവരെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയാതിരുന്ന നടിക്ക് ഇതെല്ലാം കണ്ട് ദേഷ്യം വന്നു. ഈ പെൺകുട്ടി അവിടെ വന്നതും തങ്ങളുടെ കൂടെ ഇരുന്നതും അവൾക്ക് ഇഷ്ടപ്പെട്ടില്ല. പുതിയ സിനിമയിൽ തന്റെ സ്ഥാനത്ത് പരസ്യത്തിലെ ഈ പെൺകുട്ടിയെ തിരഞ്ഞെടുത്തേക്കുമെന്നും അവൾക്ക് തോന്നി. ആ ഭയം അവളെ വല്ലാതെ വിഷമിപ്പിച്ചു.

ഈ സിനിമക്കാർ എത്ര ഭാഗ്യവാന്മാരാണ്. നമ്മൾ ജീവിതകാലം മുഴുവൻ ചുമട് ചുമന്ന് ഒരു ദിവസം തളർന്നുവീണ് മരിക്കും. പുറത്തുനിൽക്കുന്ന ചുമട്ടുതൊഴിലാളികൾ പരസ്പരം മന്ത്രിച്ചു.

സംവിധായകൻ പെൺകുട്ടിയുടെ കവിളിൽ തട്ടി. മറ്റേ മേശയിലിരുന്ന നടിയുടെ സെക്രട്ടറിയിൽ നിന്ന് ബോർഡിംഗ് കാർഡ് വാങ്ങുന്നതിനിടയിൽ അയാൾ നടിയെ വാച്ച് കാണിച്ച്, പോകാനുള്ള ആംഗ്യം കാണിച്ചു. മൂവരും കോഫി ഷോപ്പിൽ നിന്നും ഇറങ്ങി.

പോർട്ടർമാരും ലഗേജുമായി അവരെ പിന്തുടർന്ന് മറ്റേ വാതിലിലേക്ക് നടക്കാൻ തുടങ്ങി. അൽപ്പ സമയത്തിനുള്ളിൽ അവർ അപ്രത്യക്ഷരായി. ഒരു സിനിമാ രംഗത്തിന്റെ ഫേസ് ഔട്ട് പോലെ.

യുവതി യുവാവിനൊപ്പം ഇരുന്ന് കോഫി ആസ്വദിക്കുകയായിരുന്നു. അയാൾ അവളോട് എന്തോ പറയുന്നുണ്ടായിരുന്നു. ഒരുപക്ഷേ അവൾ എപ്പോഴാണ് സിനിമകളിൽ അഭിനയിക്കുക എന്നായിരിക്കും? യുവാവിനെ കണ്ടാൽ അറിയാം അയാൾ സന്തോഷവാനാണ്. ഇത് അവരുടെ ആദ്യ കൂടിക്കാഴ്ചയല്ലെന്നും അവർ മുമ്പ് പല തവണ കണ്ടുമുട്ടിയിട്ടുണ്ടെന്നും വ്യക്തമായിരുന്നു. അവന്റെ വാക്കുകൾ കേട്ട് പെൺകുട്ടി ചിലപ്പോൾ ചിരിക്കും. എന്നാൽ മറ്റ് ടേബിളുകളിലും യാത്രക്കാർ ഇരിക്കുന്നുണ്ടെന്ന് കരുതി അവൾ നിശബ്ദത പാലിക്കും. അവൾ ചിരിച്ചപ്പോൾ, അവളുടെ സുന്ദരമായ ചുണ്ടുകളിൽ നിന്ന് വിരിഞ്ഞ് വരുന്ന പല്ലുകളുടെ നിരകൾ സംവിധായകന്റെ മോതിരങ്ങളിലെ രത്നങ്ങളേക്കാൾ മിന്നുന്നതായി തോന്നി. യുവാവ് പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് തന്റേതായ രീതിയിൽ അവളുടെ മറ്റൊരു ഫോട്ടോ എടുത്തു.

ആദ്യം ശ്രീനഗറിലും ഇപ്പോൾ ജമ്മു ക്യാമ്പ് കോളേജിലും ഇംഗ്ലീഷ് പഠിപ്പിക്കുന്ന വ്യാശ്വംബർനാഥിന്റെ (വിശ്വംഭരനാഥ്) മകനാണ് രാജേഷ് എന്ന ഈ യുവാവ്. രാജേഷ് തുടക്കം മുതൽ തന്നെ പഠനത്തിൽ മോശമായിരുന്നു. പത്തിലും പന്ത്രണ്ടിലും എങ്ങ നെയോ കടന്നുകൂടി. അച്ഛന്റെ നിരന്തരമായ ശകാരവും കഠിനാധ്വാനവും ഫലം കണ്ടു. അവൻ ബി.എ. നല്ല മാർക്കോടെ പാസ്സായി. അതിനുശേഷം ട്രാവൽ ആൻഡ് ടൂറിസത്തിൽ ഡിപ്ലോമ നേടി. ആദ്യം, ജമ്മുവിൽ ഒരു ടൂർ ഓപ്പറേറ്ററുടെ കൂടെ രണ്ട് മൂന്ന് വർഷം ജോലി ചെയ്തു, തുടർന്ന് ഒരു സ്വകാര്യ എയർലൈൻസ് കമ്പനിയിൽ ജോലി കിട്ടി. ഏകദേശം മൂന്ന് നാല് മാസം മുമ്പ് പ്രമോഷൻ കിട്ടി സൂപ്പർവൈസറായി. ഒരു ദിവസം, കമ്പനി ജീവനക്കാരുടെ ജോലിക്ക് മേൽനോട്ടം വഹിക്കുമ്പോൾ, ഇതേ എയർ പവലിയനിൽ വെച്ച് ഈ സുന്ദരിയെ അവൻ കണ്ടുമുട്ടി.

ഈ സുന്ദരി ഒരു മോഡലായിരുന്നു, എന്നാൽ ഇപ്പോൾ പരസ്യങ്ങളിൽ മാത്രമാണ് അഭിനയിക്കുന്നത്. അവളുടെ യഥാർത്ഥ പേര് ക്രിസ്റ്റീൻ എന്നാണ്. പക്ഷേ ഇപ്പോൾ ലോറ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യ പരസ്യത്തിന്റെ ചിത്രീകരണ വേളയിലും അതിന്റെ ലോഞ്ചിങ്ങിനിടയിലും അവളെ ആ പേരിലാണ് അവതരിപ്പിച്ചത്. ഒരു പുതിയ കാറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ലോറ പ്രശസ്തയായത്. പത്രങ്ങളുടെ അനൗദ്യോഗിക പേജുകളിൽ അവളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. അവൾ ബോയ് ഫ്രണ്ടിനെ കണ്ടെത്തിയതായി ഒന്നുരണ്ട് ഹിന്ദി പത്രങ്ങളിൽ ഈ വാർത്തയും വന്നിരുന്നു.

മൂന്ന് മാസം മുമ്പ് രാജേഷ് മാതാപിതാക്കളെ കാണാൻ ജമ്മുവിൽ പോയപ്പോൾ ലോറയെക്കുറിച്ച് പറഞ്ഞിരുന്നു. അമ്മ, ജാനകി അവരുടെ ജാതിയിൽ നിന്ന് രണ്ട്-മൂന്ന് പെൺകുട്ടികളെ കണ്ട് വെച്ചിരുന്നു, ഒന്ന് ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. രാജേഷ് കൂടി കണ്ട് ഉറപ്പ് പറഞ്ഞാൽ മതിയായിരുന്നു.

ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് രാജേഷ് പറഞ്ഞു. അവൾ ഒരു മോഡലാണ്, അവളുടെ പേര് ലോറ എന്നാണ്. അപ്പോൾ ജാനകി പറഞ്ഞു, ‘‘അയ്യയ്യോ… ഊരില്ല, പേരില്ല, സ്ഥലമില്ല, എനിക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. പെൺകുട്ടി എന്റെ മരുമകളാണ്!”

“അമ്മേ, അവൾ അറിയപ്പെടുന്ന ഒരു നടിയാണ്.”

“ഏത് സീരിയലിലാണ് അവൾ അഭിനയിക്കുന്നത്?”

“അമ്മേ, അവൾ സീരിയലുകളിലല്ല, പരസ്യങ്ങളിലാണ് അഭിനയിക്കുന്നത്.”

“അവൾ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന് നീ പറഞ്ഞിരുന്നോ? അച്ഛൻ ചോദിച്ചു.”

“അതെ പപ്പാ, അവൾ സിനിമയിലും ശ്രമിക്കുന്നു.”

“നിങ്ങൾ മിണ്ടാതിരിക്കൂ, ഞങ്ങൾക്ക് സിനിമാ നടികളൊന്നും വേണ്ട.”

“അമ്മേ, അവൾ വളരെ നല്ല പെൺകുട്ടിയാണ്.”

“ആട്ടെ, ശരി, ശരി! വിദ്യാഭ്യാസം കുറവാണെങ്കിലും എനിക്ക് എല്ലാം മനസ്സിലായി!”

“നീ നിർബന്ധിക്കുകയാണെങ്കിൽ, നീയുമായുള്ള ഞങ്ങളുടെ ബന്ധം ഇന്ന് മുതൽ അവസാനിക്കുമെന്ന് മനസ്സിലാക്കിക്കോ!”

ആ ദിവസത്തിനു ശേഷം രാജേഷ് മാതാപിതാക്കളോട് ഇതേക്കുറിച്ച് സംസാരിച്ചില്ല, പക്ഷേ ലോറയുടെ സൗഹൃദം ഉപേക്ഷിക്കാൻ അവനു കഴിഞ്ഞില്ല. ലോറ പലപ്പോഴും വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വരും, ഇരുവരും ഒരു കോഫി ഷോപ്പിൽ ഇരുന്ന് സംസാരിക്കും.

“ലോറ, കാപ്പി കുടിക്കൂ, തണുക്കുന്നു.”

“ഓ, അതെ!”

“നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?”

“ഒന്നുമില്ല വെറുതെ…”

“ആ ദു:ഖിതയായ നടിയുടെ കൂടെ പോയ ആ സംവിധായകൻ ആരാണ്?”

“എല്ലാവരും അദ്ദേഹത്തെ മിസ്റ്റർ ഡി എന്നാണ് വിളിക്കുന്നത്.”

“ഈ മിസ്റ്റർ ഡി അവന്റെ അടുത്ത സിനിമയിൽ നിനക്ക് ഒരു വേഷം തരുമോ?”

“യെസ്!യെസ്!!

“വണ്ടർഫുൾ!”

രണ്ടുപേരും വീണ്ടും കാപ്പി കുടിക്കാൻ തുടങ്ങി. ലോറയുടെ മാതാപിതാക്കൾ ആരാണെന്ന് തന്നോട് പറയുമെന്ന് രാജേഷ് ആഗ്രഹിച്ചു?

“അയാൾ തനിക്ക് എപ്പോഴെങ്കിലും അവരെ കാണാൻ കഴിയുമോ?”

എന്നാൽ ലോറ അവനോട് ഒന്നും പറഞ്ഞില്ല.

“എനിക്ക് നിങ്ങളുടെ മാതാപിതാക്കളെ കാണണം!”

“അവർ ഇന്ത്യയിലല്ല ജീവിക്കുന്നത്.”

“എവിടെയാണ്?”

“എവിടെയോ, ഏതോ രാജ്യത്ത് ജീവിക്കുന്നവരായിരിക്കണം.”

എവിടെയായിരുന്നാലും, കാണുന്നതിൽ എന്താണ് ദോഷം? രാജേഷ് ആലോചിച്ചു തുടങ്ങി.

“നമുക്ക് അവരെ കണ്ടുമുട്ടണം! നമുക്ക് അവരെ പരിചയപ്പെടണം”

“നോ!”

ലോറ നോ പറയുന്നത് കേട്ട് രാജേഷ് ഞെട്ടി. പക്ഷേ ഒന്നും പറഞ്ഞില്ല. അവൾക്കും എന്തെങ്കിലും വാശി ഉണ്ടാകുമെന്ന് കരുതി. അമ്മയുടെ ദേഷ്യം അവൾ ലോറയോട് പറഞ്ഞു

ഇതൊക്കെയാണെങ്കിലും, മുംബൈയിൽ അവളോടൊപ്പം ജീവിക്കാൻ അവൻ തയ്യാറാണ്.
“ഞാൻ നിന്നെ കാശ്മീരിലേക്ക് കൊണ്ടുപോകും! രാജേഷ് പറഞ്ഞു.”

“ഓ… കാശ്മീർ!”

“ഞങ്ങൾക്ക് ഇപ്പോഴും അവിടെ ഒരു വീടുണ്ട്. ഞങ്ങൾക്ക് ജമ്മുവിലേക്ക് വരേണ്ടി വന്നു, പക്ഷേ ഞങ്ങൾ ഞങ്ങളുടെ വീട് വിറ്റിട്ടില്ല. ഞങ്ങളുടെ വയലുകളും കളപ്പുരകളും വിറ്റിട്ടില്ല. എന്റെ കുട്ടിക്കാലം ചെലവഴിച്ച വയലുകളും മലകളും വിശാലമായ ആകാശവും വെള്ളച്ചാട്ടങ്ങളും ഞാൻ നിനക്ക് കാണിച്ചുതരാം.”

“നീ കശ്മീരിൽ പോയിട്ടുണ്ടോ?”

“അവിടെയാണ് സ്കേറ്റിംഗ് ഷോട്ട് നടന്നത്. ഗുൽമാർഗിൽ. അതിമനോഹരമായിരുന്നു. എനിക്ക് ആ സ്ഥലം ഇഷ്ടമാണ്!”

“രാജേഷ് സാർ, രാജേഷ് സാർ!” എയർലൈൻസ് കമ്പനിയിലെ ഒരു ജീവനക്കാരി മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.

“യെസ് പ്രേരണ, പറയൂ?”

“ഇതാ ഇവരുടെ ബോർഡിംഗ് കാർഡ്.”

രാജേഷ് തന്റെ സഹപ്രവർത്തകയിൽ നിന്ന് ലോറയുടെ ബോർഡിംഗ് കാർഡ് വാങ്ങി അവളോട് നന്ദി പറഞ്ഞു!

“അവരുടെ മാനേജരുടെ ബോർഡിംഗ് കാർഡ്?”

“ഞങ്ങൾ അത് അവർക്ക് നൽകി, അവർ ഇപ്പോൾ സുരക്ഷാ ഗേറ്റിന് സമീപം ഇവർ ക്കായി കാത്തിരിക്കുകയാണ്.”

“പ്രേരണ, നീ പൊയ്ക്കോളൂ! ഞാൻ ഇവരെ കൊണ്ടുവരാം.”

ലോറയ്‌ക്കൊപ്പം രാജേഷ് സെക്യൂരിറ്റി ഗേറ്റിലേക്ക് പോയി. ലോറയും അവളുടെ മാനേജരും സെക്യൂരിറ്റി ഗേറ്റിലൂടെ കടന്നു പോകുന്നതുവരെ അവൻ അവിടെ നിന്നു, തുടർന്ന് ബോർഡിംഗ് ഗേറ്റിലേക്ക് അവരെ അനുഗമിച്ചു.

“ശരി ലോറ, വൈകുന്നേരം എന്നെ വിളിക്കൂ.”

“യെസ്, യെസ്! നിങ്ങൾക്ക് ഒരു ദിവസം മുംബൈയിൽ വരാമോ?”

ഈ വാചകം കേട്ട് രാജേഷ് ഞെട്ടി.

എന്തിന് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.

എന്നാൽ ഒന്നും ചോദിക്കാതെ അവൻ ഉടനെ മറുപടി പറഞ്ഞു,

“ഞാൻ വരും.”

“വരണം.”

“ഞാൻ തീർച്ചയായും വരും!”

“പിന്നെ! എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസം. അന്ന് കാണാം.”

“ഞാൻ പറയാം.”

“യെസ്, ടേക് കെയർ!”

ലോറയും അവളുടെ മാനേജരും വിമാനത്തിനിന്റെ അടുത്തേക്ക് പോയി. രാജേഷ് കുറച്ചു നേരം അവിടെ നിന്നിട്ട് തന്റെ എയർ കമ്പനിയുടെ കൗണ്ടറിന് നേരെ വന്നു. അവൻ ജോലിയിൽ മുഴുകി ജോലി ചെയ്യാൻ തുടങ്ങി.

വൈകുന്നേരം വാനിൽ ഇരുന്ന് തന്റെ ഫ്ലാറ്റിലേക്ക് പോകുമ്പോൾ അയാൾ അസ്വസ്ഥനായിരുന്നു.

ലോറയുടെ കോളിനായി അവൻ ആകാംക്ഷയോടെ കാത്തിരുന്നു. വാനിൽ ഇരിക്കുമ്പോൾ സീനിയർ മാനേജരെ മൊബൈലിൽ വിളിച്ച് അടുത്ത ആഴ്ച ഒന്നോ രണ്ടോ ദിവസം മുംബൈയിൽ വരാമോ എന്ന് ചോദിച്ചു. മറുപടി ലഭിച്ചു, പക്ഷേ രാത്രി മുഴുവൻ അവൻ അസ്വസ്ഥനായിരുന്നു.രാവിലെയും ലോറയുടെ കോൾ വന്നില്ല. സാധാ രണയായി അവൾ എത്തിയാലുടൻ വിളിക്കും, പക്ഷേ ഇത്തവണ പിറ്റേന്ന് രാവിലെ ആയിട്ടും ഒരു വിളി പോലും വരാത്തതിനാൽ അവന്റെ അസ്വസ്ഥത കൂടുതൽ വർദ്ധിച്ചു.

അവൻ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്നു രാവിലെ ചായ കുടിക്കുകയായിരുന്നു.പ്രഭാതത്തിലെ സൂര്യപ്രകാശത്തിൽ നഗരത്തിന്റെ ആ ഭാഗം മനോഹരമായി കാണപ്പെട്ടു. അവൻ വിദൂരതയിലേക്ക് നോക്കി ഇരുന്നു. എല്ലാം നിശബ്ദമായിരുന്നു. ആകാശത്ത് നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു പെയിന്റിങ്‌ പോലെ!

കുറച്ചു നേരം കൂടി ബാൽക്കണിയിൽ ഇരിക്കണമെന്നു തോന്നിയെങ്കിലും അവന് ഡ്യൂട്ടിക്ക് പോകേണ്ടതിനാൽ അകത്തു കയറി. അകത്ത് മേശപ്പുറത്ത് വെച്ചിരുന്ന മൊബൈൽ ഫോൺ ശബ്ദിക്കുന്നുണ്ടായിരുന്നു. അവൻ ഉടനെ ഫോൺ എടുത്തു. അതിൽ ലോറയുടെ ഒരു മെസ്സേജ് ഉണ്ടായിരുന്നു. പുലർച്ചെ എത്തണമെന്നായിരുന്നു സന്ദേശം. ബുധനും വ്യാഴവും ഷൂട്ടില്ല. ഇതാണ് എന്റെ അപ്പാർട്ട്മെന്റ് നമ്പർ…

ലുക്കിംഗ് ഫോർവേഡ്! മെസേജ് വായിച്ച് രാജേഷ് വളരെ ഏറെ സന്തോഷിച്ചു. ആ നിമിഷം അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

മൂന്ന് ദിവസത്തിന് ശേഷം അവൻ മുംബൈയിലേക്ക് പോയി, രാത്രി വൈകിയുള്ള വിമാനത്തിൽ വൈകുന്നേരം മടങ്ങി വന്നു. പിറ്റേന്ന് ജോലിക്ക് പോയില്ല, എന്തിനാണ് മുംബൈയിൽ പോയതെന്ന് ആരോടും പറഞ്ഞില്ല.

ഉച്ച സമയം വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറുകളിൽ തിരക്ക് അനുഭവപ്പെട്ടു. യാത്രക്കാരുടെ സൗകര്യാർത്ഥം മറ്റൊരു കൗണ്ടർ തുടങ്ങാൻ രാജേഷ് തീരുമാനിച്ചു. അവന്റെ നിർദ്ദേശം അനുസരിച്ച് പ്രേരണ അവസാനത്തെ കൗണ്ടറിലേക്ക് പോയി, പോകുമ്പോൾ ചോദിച്ചു,

“മുംബൈയിൽ, അവർക്ക് എങ്ങനെയുണ്ട്?”

“ഈ ഫ്ലൈറ്റ് പോയിക്കഴിഞ്ഞ് ഞാൻ നിന്നെ വിളിക്കാം.”

“ശരി!”

അവൾ പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി, എക്സ്ട്രാ കൗണ്ടറിലേക്ക് വരാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു. അൽപ്പസമയത്തിനുള്ളിൽ തന്നെ എല്ലാ യാത്രക്കാരും അവരുടെ ബോർഡിംഗ് കാർഡുമായി പോയി. ഈ എയർ കമ്പനിയുടെ അടുത്ത വിമാനത്തിന് ഇനിയും മൂന്ന് മണിക്കൂർ സമയം ബാക്കിയുണ്ട്. എല്ലാ ജീവനക്കാരും ഫ്രീ ആയതു പോലെ തോന്നി. യാത്രക്കാരുടെ ലിസ്റ്റുമായി രണ്ട് ജീവനക്കാർ ബോർഡിംഗ് ഗേറ്റിലേക്ക് പോയി. എസ്കലേറ്ററിന് മുന്നിലെ ചാരുകസേരയിൽ രാജേഷും പ്രേരണയും ഇരുന്നു.

പ്രേരണ ശ്രദ്ധയോടെ കേട്ടിരുന്നു. “അവർക്ക് വളരെ വലിയ ഒരു ഹൃദയമുണ്ട്.” ഇത്രയും പറഞ്ഞ് രാജേഷ് നിശബ്ദനായി.

“അതെ പക്ഷേ…?’’

പ്രേരണയ്ക്ക് വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കണമെന്നുണ്ട്.

“അവൾ തനിച്ചാണെന്ന് നിങ്ങളോട് പറഞ്ഞോ?” “ഏകാന്തത!”

“അവരുടെ അടുത്ത് നിരവധി പേർ ഓട്ടോഗ്രാഫ് തേടിവരുന്നുണ്ട്, അവർക്ക് നിരവധി ആരാധകരുണ്ട്, അവരെ പിന്തുടരുന്ന നിരവധി സംവിധായകരുണ്ട്. അവളുടെ സൗന്ദര്യം വിൽക്കുന്ന ചൂഷകർ ധാരാളമുണ്ട്. നിരവധി നിർമ്മാതാക്കൾ ഉണ്ട്, പക്ഷേ അവർക്ക് സ്വന്തമായി ആരുമില്ല.അതുകൊണ്ടാണ് അവൾ..”

“യെസ്, ഒരുപക്ഷേ !”

“എന്തുകൊണ്ടില്ല, നിങ്ങൾ ആത്മവിശ്വാസമുള്ള ആളാണ്.ഒപ്പം ഒരു സുഹൃത്തും, അല്ലേ?”

“അതെ! പിന്നെ അവളുടെ മാതാപിതാക്കളോ?”

“അമ്മ മ്യൂണിക്കിലെ അക്കാദമി ഓഫ് ഫൈൻ ആർട്‌സിൽ ജോലി ചെയ്യുന്നു. അച്ഛന് ബെർലിനിൽ ബിസിനസ് ഉണ്ട്. ഇന്ത്യയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പിതാവിന്റെ ഒരു പൂർവ്വികൻ രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് ബിസിനസ്സിനുവേണ്ടി ബെർലിനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കിയിരുന്നു. അമ്മ ലിയോണി എൻഡർ അവൾക്ക് അന്ന എന്ന് പേരിടാനും അവളെ ലോകപ്രശസ്ത നടിയാക്കാനും ആഗ്രഹിച്ചു.”

“അവർ ഒരു കലാ ആസ്വാദകയാണ്. സ്റ്റേജിലും പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ വാരാന്ത്യ ത്തിലും ഏഴു മണിക്കൂർ യാത്ര ചെയ്ത് അവൾ ട്രെയിനിൽ ബെർലിനിൽ വരും. ഒരു പ്രോജക്റ്റ് പൂർത്തിയാകുമ്പോൾ, അവർ ബെർലിനിൽ തങ്ങും.”

“സഹോദരങ്ങൾ?”

“ഒരു സഹോദരനുണ്ട്. സിലിക്കൺ വാലിയിലെ കമ്പ്യൂട്ടർ വിദഗ്ധനാണ്. അയാളും അവളെ പോലെ നന്നായി ഹിന്ദി സംസാരിക്കും.”

“വീട്ടിലും ഹിന്ദി സംസാരിക്കുമോ?”

“അല്ല, രണ്ടുപേർക്കും നന്നായി ഹിന്ദി സംസാരിക്കാൻ കഴിയണമെന്ന് അമ്മയും അച്ഛനും ആഗ്രഹിച്ചതിനാൽ അവരെ പ്രത്യേക ഹിന്ദി കോച്ചിംഗ് ക്ലാസുകൾക്കായി അവിടെ അയച്ചു.”

“അമ്മയ്ക്ക് നന്നായി ഹിന്ദി സംസാരിക്കാൻ ആവില്ല.”

“അച്ഛന്റെ മാതൃഭാഷ ഹിന്ദിയാണ്.”

“അന്ന് നമ്മൾ കോഫി ഷോപ്പിൽ വെച്ച് പരിചയപ്പെട്ട ആ സംവിധായകൻ ലോറയെ തന്റെ സിനിമയിൽ കാസ്റ്റ് ചെയ്തിട്ടുണ്ടോ?”

“ചിലപ്പോൾ ഉണ്ടായിരിക്കാം.”

“എന്തുകൊണ്ട് ഇല്ല, അവൾ നന്നായി ഹിന്ദി സംസാരിക്കുമല്ലോ?”

“അവളിൽ നിന്ന് ഒരു ഡയലോഗും അയാൾ ആഗ്രഹിച്ചില്ല, ഒരു ഐറ്റം നമ്പർ ചെയ്യണം, അവൾ അത് നിരസിച്ചു. യഥാർത്ഥത്തിൽ അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് അവൾ ഇവിടെ വന്നത്, എന്നാൽ ഇപ്പോൾ അവശേഷിക്കുന്ന കരാറുകൾ പൂർത്തിയാക്കി മടങ്ങാൻ അവൾ ആഗ്രഹിക്കുന്നു.”

“എന്തുകൊണ്ട് ?”

“കാരണം അവൾ ഒരു പ്രതിസന്ധിയിലാണ് ജീവിക്കുന്നത്.”

“ഓഹോ !”

വൈകുന്നേരം ഞങ്ങൾ നഗ്നക്ഷോയി കടൽത്തീരത്തെ മണലിൽ നടക്കുമ്പോൾ അവൾ എനിക്ക് ഒരു സമ്മാനം നൽകി, എന്നിട്ട് പറഞ്ഞു.”

“ഇത് വീട്ടിൽ സൂക്ഷിക്കുമോ”

“ഇല്ല എന്റെ കൈയിൽ ഇതുണ്ട്.”

“ഇത് നോക്കൂ, രാധാ-കൃഷ്ണ ലോക്കറ്റ്.”

രാജേഷ് പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് പിങ്ക് പേപ്പറിൽ പൊതിഞ്ഞ സിൽവർ ലോക്കറ്റ് അവളെ കാണിച്ചു.

“പിന്നെ എന്ത് സംഭവിച്ചു?”

“വിവാഹം…?”

“തിരികെ പോകണമെന്നും അവിടെ ചികിത്സ തുടരണമെന്നും പറഞ്ഞു.”

“എന്തിന്, അവൾക്ക് എന്താണ് സംഭവിച്ചത്?”

“മെസോതെലിയോമ, ഒരു തരം കാൻസർ!”

“ഓ മൈ ഗോഡ്!”

“അവളുടെ മാതാപിതാക്കൾ വരുന്നു, അതിനാൽ അവൾക്ക് ഒരു മാസത്തിനുള്ളിൽ പോകാം.”

“അതേയോ…?’’

“അവൾ കൂടുതൽ കാലം ജീവിക്കില്ലെന്ന് അവൾക്ക് തോന്നുന്നുണ്ട്. എന്നാൽ അവൾ പോകുന്നതിന് മുമ്പ് ഞാൻ അവളെ മുംബൈയിൽ സന്ദർശിക്കണമെന്ന് എന്റെ മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ട്, അങ്ങനെ ഒരു വധുവാകാനുള്ള അവളുടെ ആഗ്രഹം സഫലമാകും.

അതെ.

“നീ എപ്പോഴാണ് മാതാപിതാക്കളോട് പറഞ്ഞത്?”

“ഇന്നലെ ഞാൻ ജമ്മുവിൽ വിളിച്ചു. അവർ അവളെ കാണാൻ ആഗ്രഹിക്കുന്നു.
‘‘എങ്കിൽ അവരെ കൊണ്ടുവരിക!’’

“എപ്പോൾ കൊണ്ടുവരും?”

“എനിക്കറിയില്ല, നമുക്ക് അടുത്ത വിമാനത്തിന് തയ്യാറെടുക്കാം. നോക്കൂ, യാത്രക്കാർ വന്നു തുടങ്ങിയിരിക്കുന്നു.” രണ്ടുപേരും ചെക്ക്-ഇൻ കൗണ്ടറുകൾ ലക്ഷ്യമാക്കി അവരുടെ ജോലി തുടങ്ങി. പ്രേരണ ആദ്യത്തെ കൗണ്ടറിൽ പോയി ബോർഡിംഗ് കാർഡ് കൊടുക്കാൻ തുടങ്ങി. സൂപ്പർ വൈസറായി ജോലി ചെയ്യുന്ന രാജേഷ് സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകിത്തുടങ്ങി. കുറച്ച് സമയത്തിനുള്ളിൽ എല്ലാ യാത്രക്കാരും അവരവരുടെ കാർഡുമായി പോയി. കൗണ്ടറുകൾ വീണ്ടും കാലിയായി. അടുത്ത വിമാനവും പുറപ്പെട്ടു.

പുറത്ത് ഇരുട്ടിന്റെ ആഴം കൂടിക്കൊണ്ടിരുന്നു.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two − 1 =

Most Popular