Friday, September 20, 2024

ad

Homeകവര്‍സ്റ്റോറിജമ്മു കാശ്മീർ സുപ്രീംകോടതി നിസ്സംഗമോ?

ജമ്മു കാശ്മീർ സുപ്രീംകോടതി നിസ്സംഗമോ?

എം എ ബേബി

മ്മുവും കാശ്-മീരും ഭരണഘടനയിൽ പ്രത്യേക പദവി അനുഭവിച്ചിരുന്ന അതിർത്തി സംസ്ഥാനമായിരുന്നു. 2019 ആഗസ്ത് 5ന് അത്യന്തം നിഗൂഢമായ ഒരു ചെപ്പടിവിദ്യയിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബിജെപി സർക്കാർ രാജ്യസഭയിൽ പാസ്സാക്കിയ ഒരു പ്രമേയംവഴി അനുഛേദം 370 പ്രകാരമുള്ള പ്രത്യേക പദവി ആ സംസ്ഥാനത്ത് നിർത്തലാക്കി. മാത്രമല്ല, പ്രത്യേക പദവിയുണ്ടായിരുന്ന ആ സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഒരു സാധാരണ സംസ്ഥാനമെന്ന പദവിപോലും ഇല്ലാത്ത ഭരണവ്യവസ്ഥയുടെ കീഴിലാക്കി, രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി ജമ്മു കാശ്മീരിനെ വെട്ടിയൊതുക്കി!

അതിനെത്തുടർന്ന്, മോദി സർക്കാർ തന്നിഷ്ടപ്രകാരം കെെക്കൊണ്ട ഈ ഭരണഘടനാവിരുദ്ധ രാഷ്ട്രീയ അതിക്രമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെടുകയുണ്ടായി. എന്നാൽ സംശയാസ്പദമായ വിചിത്രമായ കാരണങ്ങളാൽ അർഹിക്കുന്ന മുൻഗണന നൽകി ഈ കേസിന്റെ വിചാരണ തുടങ്ങാൻ സുപ്രീംകോടതി മുതിരുകയുണ്ടായില്ല. ഒടുവിൽ 2023 ഡിസംബർ മാസം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ച ഇതുസംബന്ധിച്ച വിധി ഭരണഘടനാ ബെഞ്ചിന്റെ സൽപ്പേരിനു കളങ്കം വരുത്തുംവിധം അനീതിപൂർവകമാണെന്നു പറയാതിരിക്കാൻ നിവൃത്തിയില്ല.

ഇന്ത്യയിലെ മുഖ്യ ന്യൂനപക്ഷമായ മുസ്ലീം മതവിശ്വാസികൾ ഭൂരിപക്ഷമായുള്ള ഒരേയൊരു സംസ്ഥാനമാണ് ജമ്മു കാശ്-മീർ. അതിന് പ്രത്യേക സംസ്ഥാന പദവി കൊടുത്തതിന് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും സാംസ്കാരികമായും തന്ത്രപ്രാധാന്യമുണ്ട്. മുസ്ലീം മതസ്വത്വത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട രാഷ്ട്രമാണ് പാകിസ്-താൻ. ഇന്ത്യയാകട്ടെ, ഏതു മതവിശ്വാസിക്കും മതനിർമുക്തമായ ജീവിതം നയിക്കുന്നവർക്കും തുല്യ പൗരത്വാവകാശങ്ങളുള്ള രാഷ്ട്രമായി വിഭാവനം ചെയ്യപ്പെട്ട ഭരണഘടനകയ്ക്ക് രൂപംനൽകിയ മതേതര രാഷ്ട്രവും. ആ മതേതര ഇന്ത്യയുടെ ബലിഷ്ഠമായ അസ്തിത്വത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ജമ്മു കാശ്-മീർ ഇന്ത്യയുടെ ഭാഗമായി നിൽക്കാൻ കെെക്കൊണ്ട തീരുമാനം. മുസ്ലീം രാഷ്ട്രമായ പാകിസ്താനുമായി തൊട്ടുകിടക്കുന്ന, മുസ്ലീം ഭൂരിപക്ഷ പ്രവിശ്യയായ ജമ്മു കാശ്-മീർ, പാകിസ്താനോട് ചേരാതെ മതേതര ഇന്ത്യയോടൊപ്പം നിന്നതു ചരിത്രപ്രാധാന്യമുള്ള കാര്യമാണ്. മാത്രമല്ല, ജമ്മു കാശ്മീരിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന ഹിന്ദു രാജാവ് ഇന്ത്യയോട് ലയിക്കുന്നതിനെ ആദ്യഘട്ടത്തിൽ എതിർക്കുകയുമായിരുന്നുവെന്നു ഓർക്കണം. അതെല്ലാം കണക്കിലെടുത്തുകൊണ്ടുകൂടിയാണ് ജമ്മു കാശ്-മീരിന് പ്രതേ-്യക പദവിയും ഭരണഘടനയും അംഗീകരിച്ചത്. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ രാഷ്ട്രീയ പക്വതയുടെയും ഭരണതന്ത്രജ്ഞതയുടെയും ഉദാഹരണം കൂടിയായിരുന്നു അത്.
ഈ ഭാഗം ചർച്ച ചെയ്യുമ്പോൾ ആർഎസ്എസുകാരും സംഘപരിവാറുകാരും ചോദിക്കാറുള്ള ഒരു യെമണ്ടൻ ചോദ്യമുണ്ട്. അതെന്തിനാണ് ഒരു രാജ്യത്ത് രണ്ടു ഭരണഘടന? അമേരിക്കയിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണഘടനയുണ്ട്, യുഎസ്എയുടെ പൊതു ഭരണഘടനയ്ക്കുപുറമെ, എന്ന കാര്യം അറിയാതെയാണോ ഇക്കൂട്ടർ ഇത്തരം മണ്ടൻ വാദങ്ങളുന്നയിക്കുന്നത് എന്നറിഞ്ഞുകൂടാ. ജമ്മുകാശ്മീർ നൂറ്റാണ്ടുകളായിതന്നെ പ്രത്യേക അസ്തിത്വത്തോടുകൂടി പ്രത്യേക രാജ്യമായി നിലനിന്നിരുന്നതാണെന്നതും അവിടത്തെ ഭൂരിപക്ഷംവരുന്ന മുസ്ലീം ജനത ഇന്ത്യയുമായി ലയിക്കാൻ സ്വമേധയാ താൽപ്പര്യപ്പെടുകയായിരുന്നുവെന്നും അന്നുണ്ടാക്കിയ വ്യവസ്ഥ പ്രകാരമാണ് പ്രത്യേക ഭരണഘടന ഉണ്ടായതെന്നും അവർക്ക് അറിയാത്തതാവില്ല. അനുഛേദം 370ഉം 35Aയും റദ്ദാക്കിയ നടപടിയും ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര നിർമിതിയിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി മാത്രമേ കാണാൻ കഴിയുകയുള്ളൂ.

ഇതുവരെ ഇന്ത്യയിൽ സംസ്ഥാനങ്ങളെ വിഭജിയ്ക്കുകയോ, കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമായി ഉയർത്തുകയോ ചെയ്യുന്ന നടപടികളാണ് കണ്ടിട്ടുള്ളത്. ജമ്മു കാശ്-മീരിന്റെ കാര്യത്തിൽ, പ്രതേ-്യക പദവിയും ഭരണഘടനയും ഉണ്ടായിരുന്ന ഒരു സംസ്ഥാനത്ത് അതെല്ലാം റദ്ദാക്കുക മാത്രമല്ല ചെയ്തത്, ഒരു സാധാരണ സംസ്ഥാനമായി തരംതാഴ്ത്തുകയുമല്ല; രണ്ടായി വെട്ടിമുറിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി അവിടത്തെ ജനതയെ, രാഷ്ട്രീയ നേതൃത്വത്തെസഹിതം കരുതൽ തടങ്കലിൽ ജയിലിലടയ്ക്കുകയോ സംസ്ഥാനത്തെയാകെ ഫലത്തിൽ ഒരു ജയിലാക്കി മാറ്റുകയോ ചെയ്തിരിക്കുകയാണ്. അവസാനമായി അവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2014 ഡിസംബറിനുശേഷം ഒൻപതുവർഷം പിന്നിട്ടിരിയ്ക്കുന്നു. 2019ൽ ലോക്-സഭാ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആ കൂട്ടത്തിൽ അസംബ്ലി തിരഞ്ഞെടുപ്പ് നടത്തിയില്ല. അത് ഇപ്പോഴും പ്രഖ്യാപിയ്ക്കപ്പെട്ടിട്ടില്ല. ഇതൊന്നും കാണാത്ത മട്ടിലാണ് അഞ്ച് മഹാന്മാരടങ്ങുന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മോദി സർക്കാരിന്റെ കടുംകെെകളെ വെള്ളപൂശുന്നത്.

ഈ വിധിയിൽ ഫെഡറലിസത്തിനെതിരായ വൻ ചതിപ്രയോഗവും ഭീഷണിയും ഉൾക്കൊള്ളുന്നുണ്ട്. സംസ്ഥാനങ്ങളുടെ അതിർത്തിയിൽ മാറ്റങ്ങൾ വരുത്തുന്നത്, അത് ബാധിയ്ക്കുന്ന സംസ്ഥാനങ്ങളുടെ ജനപ്രതിനിധി സഭകളിൽ ചർച്ച നടത്തിയിട്ടുകൂടി വേണം എന്ന ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 3ലെ വ്യവസ്ഥ ജമ്മു കാശ്-മീരിന്റെ കാര്യത്തിൽ പാലിക്കാതിരുന്നത് നിർലജ്ജം കണ്ടില്ലെന്ന് നടിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. ഇത് ഭാവിയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിലും ജനാധിപത്യവിരുദ്ധമായി നീങ്ങാൻ കേന്ദ്ര ഭരണ കക്ഷികൾക്ക് അധാർമികമായ ധെെര്യം പകരും. കാശ്മീരിന്റെ കാര്യത്തിൽ ചെയ്തതുപോലെ ജനപ്രതിനിധി സഭയിൽ ചർച്ച ഒഴിവാക്കാൻ കാലാവധി തീരാത്ത നിയമസഭ പോലും തൊടു ന്യായം പറഞ്ഞ് മുൻകൂട്ടി പിരിച്ചുവിട്ടാൽ മതിയല്ലോ. നിയമസഭയ്ക്കുപകരം പാർലമെന്റ് അംഗീകരിച്ചാലും മതിയെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഏകാധിപതികൾക്കുള്ള പച്ചക്കൊടി വീശലാണ്. ചുരുക്കത്തിൽ, ഇന്ത്യൻ ഭരണഘടനാ സംവിധാനത്തിനും ജനാധിപത്യ കീഴ്-വഴക്കങ്ങൾക്കുമെതിരെ, തനി ഫാസിസ്റ്റായി നീങ്ങുന്ന ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ ഒറ്റനോട്ടത്തിൽത്തന്നെ തെറ്റും നിയമവിരുദ്ധവുമായ ഒരു ഭരണഘടനാ ഭേദഗതി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ആശ്ചര്യകരമാംവിധം വകവച്ചുകൊടുത്തിരിക്കുകയാണ്. ഭരണഘടനയെ സംരക്ഷിക്കാനും വ്യാഖ്യാനിക്കാനും ഭരണഘടന ചുമതലപ്പെടുത്തിയിട്ടുള്ള സുപ്രീംകോടതി ആ കർത്തവ്യം നിർവഹിക്കാതെ ഒഴിഞ്ഞുമാറിയിരിക്കുകയാണിവിടെ. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കുന്ന, സംസ്ഥാനത്തെ കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയെക്കുറിച്ച് മറ്റൊരവസരത്തിൽ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

കേശവാനന്ദഭാരതികേസിൽ ഭരണഘടനയുടെ അടിസ്ഥാനഘടന ഭേദഗതിപ്പെടുത്തരുത് എന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് വിധിച്ചത് ഇപ്പോൾ പ്രസക്തമാണ്. ഫെഡറലിസത്തെ നഗ്നമായ തകർത്ത നടപടിയാണ് അനുഛേദം 370 അസാധുവാക്കിയ ബിജെപി കേന്ദ്രസർക്കാർ അതിക്രമം. ഫലത്തിൽ അത് വകവച്ചുകൊടുക്കുന്ന ഇപ്പോഴത്തെ സുപ്രീംകോടതി ഭരണഘടനാബഞ്ച് വിധി കേശവാനന്ദഭാരതികേസിലെ സുപ്രീംകോടതിയുടെ കൂടുതൽ എണ്ണം ജഡ്ജിമാർ ഉണ്ടായിരുന്ന ഉന്നതബഞ്ചിന്റെ വിധിക്ക് എതിരാണ്..അതിനാൽത്തന്നെ ഇപ്പോഴത്തെ വിധിയെ ചോദ്യംചെയ്തുകൊണ്ട് കൂടുതൽ അംഗങ്ങളടങ്ങുന്ന ഒരു സുപ്രീംകോടതി ബഞ്ചിനുമുന്നിൽ പുനർവിചാരണക്ക് വിധേയമാക്കാനുള്ള സാദ്ധ്യത ആരായേണ്ടിയിരിക്കുന്നു.

ഭരണഘടനയുടെ തുടക്കത്തിലേക്ക് നാം പോകേണ്ടി വരും: ‘‘We the People’’ എന്നാണല്ലോ നമ്മുടെ ഭരണഘടനയുടെയും തുടക്കം. നാം, ജനങ്ങൾ ഭരണഘടനയുടെ ജനാധിപത്യ അന്തഃസത്ത കാത്തുസൂക്ഷിക്കുവാൻ രംഗത്തിറങ്ങുകയേ നിവൃത്തിയുള്ളൂ. വിശേഷിച്ച് സുപ്രീംകോടതി അതിന്റെ ചുമതല നിരുത്തരവാദപരമായി ഉപേക്ഷിക്കുന്ന സവിശേഷ സാഹചര്യത്തിൽ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 6 =

Most Popular