Wednesday, October 9, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കാവുമ്പായി സമരനായകൻ എ കുഞ്ഞിക്കണ്ണൻ

കാവുമ്പായി സമരനായകൻ എ കുഞ്ഞിക്കണ്ണൻ

കെ ബാലകൃഷ്ണൻ

വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 14

1938ൽ ബക്കളത്ത് പത്താം കേരളരാഷ്ട്രീയസമ്മേളനത്തിനെത്തിയ മലപ്പട്ടത്തെ കോൺഗ്രസ് നേതാവായ അളോറ ഗോവിന്ദൻ നമ്പ്യാരോടൊപ്പം വോളന്റിയറായി വന്ന കുഞ്ഞിക്കണ്ണനെ കേരളീയനെക്കുറിച്ചുള്ള അധ്യായത്തിൽ നാം കാണുകയുണ്ടായി. ഏതാണീ കുട്ടിയെന്ന് ഗോവിന്ദൻ നമ്പ്യാരോട് കേരളീയൻ ചോദിച്ചതും തന്റെ അനന്തരവനാണെന്ന് അദ്ദേഹം മറുപടി പറഞ്ഞതും ഇവനെ സംഘത്തിന് വിട്ടുതരണം എന്ന് കേരളീയൻ അഭ്യർഥിച്ചതും ആ സന്ദർഭത്തിൽ സൂചിപ്പിക്കുകയുണ്ടായി. എട്ടാം ക്ലാസ് പാസായി മലപ്പട്ടത്തിനടുത്ത് ചേടിച്ചേരിയിൽ സ്കൂളിൽ അധ്യാപകനായി ചേർന്ന കുഞ്ഞിക്കണ്ണൻ അക്കാലത്തേതന്നെ കർഷകസംഘത്തിന്റെ പ്രവർത്തകനാണ്. അതുപോരാ, മുഴുവൻസമയ പ്രവർത്തകനാകണം, നേതാവാകണം എന്നാണ് കേരളീയന്റെ സ്നേഹാശംസയുടെ അർഥം. അതങ്ങനെതന്നെ സംഭവിക്കുകയുമായിരുന്നു.

നാല്പതുകളുടെ തുടക്കത്തിൽത്തന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരിക്കൂർ ഫർക്കാ കമ്മിറ്റി സെക്രട്ടറിയായ കുഞ്ഞിക്കണ്ണൻ ഇരിക്കൂർ ഫർക്കയെ രാജ്യത്തെ ഏറ്റവും ചുവന്ന ഫർക്കയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്. ജന്മിത്ത ചൂഷണത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായിരുന്നു അക്കാലത്ത് ഇരിക്കൂർ ഫർക്കയും സമീപപ്രദേശങ്ങളും. എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ച കല്യാട്ടെശമാനന്റെയും കരക്കാട്ടിടം നായനാരുടെയും നാട്. അവർക്കുകീഴിൽ ചെറുകിട ജന്മിമാർ. ഈ ചൂഷകസംഘങ്ങൾക്കെതിരായ ഐതിഹാസികമായ പോരാട്ടങ്ങളിലൂടെയാണ്, ഇരിക്കൂർ ചുവന്നത്. ഈ പോരാട്ടം മലബാറിലാകെ ജന്മിത്തവിരുദ്ധസമരത്തിന് ആവേശം പകർന്നു.

കണ്ടക്കൈയിലാണ് പാർട്ടിയുടെ ഫർക്കാ കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചത്. പുര കെട്ടിമേയുന്നതിനുള്ള നെയ്പുല്ല് പറിക്കുന്നതിന് പരമ്പരാഗതമായ അവകാശം എല്ലാവർക്കുമുണ്ടായിരുന്നു. നാല്പതുകളുടെ തുടക്കത്തിൽ ജന്മിമാർ ആ അവകാശം നിഷേധിച്ചപ്പോൾ കർഷകസംഘവും പാർട്ടിയും തീരുമാനിച്ചു‐ എന്തു ത്യാഗംസഹിച്ചും പുല്ലുപറിച്ച് പുര മേയും. എതിർക്കാൻ ആരുവന്നാലും വേണ്ടിവന്നാൽ കായികമായിത്തന്നെ നേരിടും. രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ കൊടിയ ഭക്ഷ്യക്ഷാമം നേരിടാൻ തരിശുഭൂമികളിൽ പ്രവേശിച്ച് കൃഷിയിറക്കൽ സമരം നടത്താനും ജന്മിത്തത്തിനെതിരെ പ്രത്യക്ഷസമരം നടത്താനും 1946 ഡിസംബറിൽ കർഷകസംഘം തീരുമാനിച്ചിരുന്നു. ഡിസംബർ 15 മുതൽ സമരം. ‘‘ഡിസംബർ പതിനഞ്ചൊരന്ത്യശാസനം’’ എന്നു തുടങ്ങുന്ന കേരളീയന്റെ മുദ്രാവാക്യ കവിത അതുമായി ബന്ധപ്പെട്ടുണ്ട്. ആ ആഹ്വാനം നടപ്പാക്കിയ ആദ്യ സ്ഥലങ്ങളിലൊന്നാണ് കണ്ടക്കൈ. പുല്ലുപറി സമരം നടന്നതിന്റെ അടുത്തദിവസം കണ്ടക്കൈ മേഖലയിൽ രണ്ട് പൊലീസ് ക്യാമ്പുകൾ തുടങ്ങി. എം.എസ്.പി.യുടെ ഭീകരവാഴ്ചയാണ് പിന്നീട് നടന്നത്. അതിനെതിരെ നടന്ന കലംകെട്ട് സമരമടക്കമുള്ള സംഭവത്തിലൂടെ പിന്നീട് വിശദമായി കടന്നുപോകേണ്ടതുണ്ട്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട മർദനവാഴ്ചയുടെ ഭാഗമായി പ്രദേശത്തെ രണ്ട് കൃഷിക്കാരുടെ വിളവെടുപ്പ് ജന്മിയും അധികാരിയും ചേർന്ന് തടഞ്ഞു. എന്തുവിലകൊടുത്തും ആ വിലക്ക് ലംഘിച്ച് വിളവെടുപ്പ് നടത്തണമെന്ന് മയ്യിൽ സ്കൂളിൽ ചേർന്ന ബഹുജനയോഗത്തിൽ പാർട്ടിയുടെ ഫർക്കാ സെക്രട്ടറി എ.കുഞ്ഞിക്കണ്ണൻ പ്രഖ്യാപിച്ചു. ഇരിക്കൂർ ഫർക്കയിലെ മാത്രമല്ല, ചിറക്കൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വോളന്റിയർമാരുടെ സാന്നിധ്യത്തിൽ നാട്ടുകാർ വിള കൊയ്തു. വരമ്പുകളിൽ സായുധ പൊലീസ് നിരന്നുനിന്നു. പിരിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിച്ച് കർഷകരും. പോലീസ് സാന്നിധ്യത്തിൽത്തന്നെ കറ്റകളാകെ കൃഷിക്കാരുടെ കളത്തിലെത്തിച്ചു. അടുത്ത ദിവസത്തോടെ കൂടുതൽ പൊലീസെത്തി കർഷകവീടുകൾ തല്ലിത്തകർത്ത് ഭീകരതാണ്ഡവംതന്നെ നടത്തി.

ഇരിക്കൂർ ഫർക്കയുടെ കിഴക്കൻമേഖലയായ കാവുമ്പായിയിലും ഇതേസമയത്തുതന്നെ കർഷകസമരം ശക്തിയാർജിക്കുകയായിരുന്നു. 1936‐37 കാലത്താണ് കാവുമ്പായിയിലും മലപ്പട്ടത്തും പയ്യാവൂരിലും ഏരുവേശിയിലും ബ്ലാത്തൂരിലുമെല്ലാം കർഷകപ്രസ്ഥാനം ശക്തിയാർജിച്ചത്. ഭാരതീയനും കേരളീയനും കെ.പി.ആറും എത്തിയാണ് സംഘങ്ങളുണ്ടാക്കിയത്. ബഹുജനസംഘടനകൾ ഉയർന്നുവന്നതോടെ ജന്മിമാർ കോപിച്ചു. അവരുടെ ഗുണ്ടകൾ ഭീഷണിയുയർത്തി. കർഷകനേതാക്കളെ കളളക്കേസിൽപെടുത്തി ജയിലിടാൻ പൊലീസും ജന്മിമാരും ഗൂഢാലോചന നടത്തി. ജന്മിയുടെ കിങ്കരനായ ചീക്കൽ കണ്ണൻ കത്തിവാൾ കൊണ്ട് സ്വന്തം തലയ്ക്ക് കൊത്തി കുറ്റം കർഷകനേതാക്കളിൽ ആരോപിക്കുകയായിരുന്നു. തളിയൻ രാമനാണ് തലയ്ക്ക് കൊത്തിയതെന്നാണ് കണ്ണൻ നൽകിയ മൊഴി. എം.സി.ആർ. എന്ന എം.സി രാമർകുട്ടി നമ്പ്യാർ, കോട്ട കൃഷ്ണൻ എന്നിവരും പ്രതികൾ. തളിയൻ രാമന് നാലുമാസം തടവ്. എം.സി.ആറിന് അമ്പതു രൂപ പിഴ. കോട്ട കൃഷ്ണൻ പേട്ടയിലേക്ക് നാടുവിട്ടു. മൂന്നുവർഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. കർഷകപ്രസ്ഥാനത്തിന്റെ ഉശിരൻ പോരാളിയായി മാറിയ കോട്ട കൃഷ്ണൻ ആദ്യകാലത്ത് ജന്മിയുടെ കിങ്കരനായിരുന്നു. പിന്നീട് അനുഭവങ്ങൾ നൽകിയ തിരിച്ചറിവിൽ ജന്മിത്തത്തിന്റെ ശത്രുപക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു. എടക്ലവൻ കൊയ്യത്തുവീട്ടിൽ രാമൻ നമ്പ്യാർ തളിയന്മാർ പറമ്പിൽ എന്ന പറമ്പിൽ വീടുവെച്ച് താമസമാക്കിയതിനെ തുടർന്നാണ് തളിയൻ രാമൻ എന്നറിയപ്പെടാൻ തുടങ്ങിയത്.

നാട്ടിൽ പട്ടിണി അതിരൂക്ഷമായിരിക്കെ ജന്മിമാർ പത്തായത്തിൽ നെല്ല് പൂഴ്ത്തിവെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കർഷകസംഘം പ്രഖ്യാപിച്ചു. മിച്ച നെല്ല് ഉല്പാദക സഹകരണസംഘത്തിലേക്ക് (പി.സി.സി) അളക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ജന്മിമാർ കോപിച്ചു. ഇരിക്കൂർ പി.സി.സി. ഡയറക്ടർ ബോർഡിൽ അംഗമായ ബ്ലാത്തൂരിലെ കർഷകസംഘം നേതാവായ പി.നാരായണൻ നമ്പ്യാരെ ജന്മിയുടെ ഗുണ്ടകൾ തല്ലിക്കൊന്ന് കിണറ്റിലിട്ടു. കർഷകപ്രസ്ഥാനത്തെ ഭയപ്പെടുത്തി കീഴടക്കുക, പിന്നോട്ടടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ കൊടുംക്രൂരത. കുറ്റവാളികളെ പൊലീസ് പിടിച്ചില്ലെന്നുമാത്രമല്ല അവരോടൊപ്പം കൊള്ളയും കൊള്ളിവെപ്പും നടത്തി നാട്ടിൽ അഴിഞ്ഞാടി.

ഇതേകാലത്തുതന്നെ മറ്റൊരു സംഭവം നടന്നു. എള്ളെരിഞ്ഞിയിൽ കരക്കാട്ടിടം നായനാരുടെ വകയായി ഉണ്ടായിരുന്ന പ്രാഥമിക വിദ്യാലയം ഉടമയായ ജന്മി അടച്ചുപൂട്ടി. ആ സ്കൂളിൽ പഠിച്ചവരാണ് തനിക്കെതിരെ സമരവുമായിവരുന്നതെന്നാരോപിച്ചാണ് സ്കൂൾ പൂട്ടിയത്. എന്നാൽ ജന്മിയുടെ പഴയ കാലിക്കാരനും പിന്നീട് കർഷകപ്രസ്ഥാനത്തിന്റെ ഉശിരൻ പോരാളിയുമായ കോട്ട കൃഷ്ണൻ പ്രസിഡന്റും എം.സി.ആർ. സെക്രട്ടറിയുമായി അവിടെ ജനകീയ സ്കൂൾ സ്ഥാപിച്ചു. ആ വിദ്യാലയം എം.എസ്.പി.യും ഗുണ്ടകളും തകർത്തപ്പോൾ പിറ്റേന്നെന്നപോലെ പുതിയ സ്കൂളുമായി ജനകീയ പ്രസ്ഥാനം തിരിച്ചടിച്ചു. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി ജന്മിയുടെ സമ്മതമില്ലാതെതന്നെ കർഷക വോളന്റിയർമാർ പൊനം കൊത്തി കൃഷി ഇറക്കാൻ തീരുമാനിച്ചു. നൂറുകണക്കിന് വോളന്റിയർമാർ അഞ്ചുദിവസം പൊനം കൊത്തി, വാരം നിഷേധിക്കലടക്കമുള്ള സമരത്തിന് പുറമെ സ്ഥലം കയ്യേറി കൃഷിയിറക്കാനും തുടങ്ങിയെന്നായി ജന്മിയുടെ പരാതി. പരാതി കിട്ടേണ്ട താമസം എം.എസ്.പി.യുടെ വലിയ സംഘങ്ങൾ കാവുമ്പായിമേഖലയിലേക്ക് ഇരച്ചെത്തി. പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരുടെ വോളന്റിയർ ക്യാമ്പുകൾ ഉയർന്നിരുന്നു. ക്യാമ്പുകളിൽ പരിശീലനവും ക്ലാസുകളും.. 1946 നവംബർ 11‐നാണ് പൊലീസ് ക്യാമ്പുകൾ തുടങ്ങിയത്. ഡിസമ്പർ 11‐ന് കുയിലൂരിലെ കർഷക ക്യാമ്പ് പൊലീസ് തല്ലിത്തകർത്തു. കൃഷിക്കാരെ തല്ലിച്ചതച്ചു. കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണെമന്നാവശ്യപ്പെട്ട് അടുത്തദിവസം എ.കുഞ്ഞിക്കണ്ണൻ ഇരിക്കൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നയിച്ചു. പൊലീസ് ഭീകരവാഴ്ച. പക്ഷേ കീഴടങ്ങാനാവില്ലെന്ന് പ്രസ്ഥാനം ദൃഢനിശ്ചയംചെയ്തു. ഇരിക്കൂർ ഫർക്കയിലെ കിഴക്കൻമേഖലയിലെ 10 വില്ലേജുകളിൽ 144 പ്രഖ്യാപിച്ചു. 144 പുല്ലാണെന്ന് പ്രഖ്യാപിച്ച് കർഷകസംഘം പ്രവർത്തകർ കാവുമ്പായിയിലേക്ക് മാർച്ച് ചെയ്തു. ബ്ലാത്തൂർ, ഊരത്തൂർ, പടിയൂർ, കല്യാട്, കുയിലൂർ എന്നിവിടങ്ങളിൽനിന്ന് പി.കുമാരൻ, കോയാടൻ നാരായണൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ അറുപതംഗ സംഘം, പയ്യാവൂരിൽനിന്ന് കോട്ടയാടൻ രാഘവൻ മാസ്റ്റർ, കണ്ണൻ നമ്പ്യാർ, കെ.പി.ഗോവിന്ദൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ 75 അംഗസംഘം, പിന്നെ കാവുമ്പായിക്കാരും‐ എല്ലാംകൂടി അഞ്ഞൂറോളം പേർ. നിരവധി തോക്കുകളും കവണകളും വടികളുമായി സംഘംസംഘമായി കാവുമ്പായിക്കുന്നിലേക്ക് കയറി. പക്ഷേ കുന്നിനുചുറ്റുമുള്ള വയലുകളാകെ പിറ്റേന്ന് പുലരുംമുമ്പേതന്നെ പൊലീസ് കയ്യടക്കി. സമരസഖാക്കൾ നിരന്ന കുന്ന് വളഞ്ഞ് നിറതോക്കുകളുമായി പൊലീസ്. മെഷിൻ ഗണ്ണുകളുമായി നിരന്ന പൊലീസ്. ഡിസംബർ 30ന് പുലർച്ചെയാണ് പൊലീസിന്റെ തോക്കുകൾ ഗർജിക്കാൻ തുടങ്ങിയത്. ആദ്യം വീണത് പുളുക്കൂൽ കുഞ്ഞിരാമൻ, പിന്നീട് ഊരത്തൂരിലെ പി.കുമാരൻ. എള്ളെരിഞ്ഞിയിലെ മഞ്ഞേരി ഗോവിന്ദൻ എന്നിവർ കുന്നിൽവെച്ചാണ് വെടിയേറ്റ് മരിച്ചത്. ചീറിപ്പായുന്ന വെടിയുണ്ടകൾക്കിടയിലൂടെ ഓടുമ്പോഴാണ് ആലോറൻകണ്ടി കൃഷ്ണനെ എം.എസ്.പി. പിടിച്ച് ഒരു കവുങ്ങിൽ കെട്ടി വെടിവെച്ചു കൊന്നത്. കുന്നിൻ ചെരിവിൽനിന്നാണ് തെങ്ങിൽ അപ്പയെ പിടികൂടിയത്. ആലോറൻകണ്ടി കൃഷ്ണന്റെ ജഡത്തിനടുത്തുകൊണ്ടുപോയി നിർത്തിയാണ് അപ്പയെ വെടിവെച്ചുകൊന്നത്. പിന്നീട് ദിവസങ്ങൾക്കുശേഷം മറ്റൊരു കൊലപാതകം കൂടി നടന്നു. കാവുമ്പായി സമരസേനാനികളെക്കുറിച്ച് വിവരം നൽകണമെന്നാവശ്യപ്പെട്ട് നെടുങ്ങോത്തെ പറമ്പൻ കുഞ്ഞിരാമൻ നമ്പ്യാരെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി പൈശാചികമായി മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് കുഞ്ഞിരാമൻ നമ്പ്യാർ രക്തസാക്ഷിയായി.

സേലം ജയിലിലെ ചെറുത്തുനിൽപ്പിൽ കാവുമ്പായി സമരസേനാനികളായ തളിയൻ രാമനും ഒ.പി.അനന്തൻ മാഷും രക്തസക്ഷികളായതായി കാന്തലോട്ടിനെക്കുറിച്ചുള്ള അധ്യായത്തിൽ നാം കണ്ടു. തളിയൻ രാമൻ നമ്പ്യാരെയും ഒ.പി.യെയും പോലീസ് പിടിച്ചത് ചതിയിലൂടെയാണ്. ജന്മിമാരുമായി രഹസ്യചങ്ങാത്തമുണ്ടാക്കിയവർ ഒറ്റുകാരാവുകയായിരുന്നു. തളിയന്റെ ഭാര്യയെ ചൂരൽകൊണ്ടടിച്ച് പരിക്കേൽപ്പിച്ച പോലീസ് വീട് കത്തിക്കുകയുംചെയ്തു. ഒളിവിലായിരുന്ന തളിയൻ പുറത്തുവന്നു. വീടിരുന്ന സ്ഥലത്ത് ചാരം മാത്രം. അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽപോയി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവർ അകത്തുകയറിയിരിക്കാൻ പറയുന്നു. അഞ്ഞൂറു രൂപ ഇനാം പ്രഖ്യാപിച്ച തലയാണ്. അതുതന്നെ സംഭവിച്ചു. ബന്ധുവീട്ടുകാർ വിവരമറിയിച്ചു. പൊലീസെത്തി കൊണ്ടുപോവുകയുംചെയ്തു. അനന്തൻ മാഷെ ഒറ്റുകൊടുത്തത് അമ്മയ്ക്ക് അസുഖമാണെ് വിവരംനൽകി തെറ്റിദ്ധരിപ്പിച്ചെത്തിച്ചാണ്. ജന്മിയും അനന്തന്റെ അടുത്ത ബന്ധുവുമാണ് ഗൂഢാലോചനനനടത്തിയത്. തളിയൻ രാമൻ നമ്പ്യാരുടെ മകൻ ഇ.കെ.നാരായണൻ നമ്പ്യാരും കാവുമ്പായി സമരത്തിൽ പങ്കെടുത്ത്്് ആദ്യം വെല്ലൂർ ജയിലിലും പിന്നീട് സേലം ജയിലിലും തടവുകാരനായി. പിതാവ് വെടിയേറ്റുമരിച്ച സേലം ജയിൽ സംഭവത്തിൽ നാരായണൻ നമ്പ്യാർക്കും വെടിയേറ്റു. വെടിയേറ്റ്് പിടഞ്ഞ് നരകയാതനയനുഭവിക്കുമ്പോൾ ആശുപത്രിയിൽവെച്ചാണറിഞ്ഞത്, പിതാവ് രക്തസാക്ഷിയായിരിക്കുന്നു‐മറ്റ് 21 സഖാക്കൾക്കൊപ്പം. സേലം ജയിലിലെ ചെറുത്തുനിൽപ്പിൽ കാവുമ്പായി സമരനായകരിലൊരാളായ എ.കുഞ്ഞിക്കണ്ണൻ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴുത്തിനടുത്തുകൂടിയാണ് വെടിയുണ്ട ചീറിപ്പോയത്.

കാവുമ്പായി സമരം നടന്ന് ഏതാനും ദിവസത്തിനകം മറ്റൊരു സംഭവം നടന്നു. കരക്കാട്ടിടം ജന്മിയുടെ ആനയുടെ നോക്കുകാരനായ ചീക്കിൽ കൃഷ്ണൻ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. പാർട്ടിക്കോ കർഷകസംഘത്തിനോ അതുസംബന്ധിച്ച് അറിവൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കുറ്റം പാർട്ടിയുടെ മേൽ വെച്ചുകെട്ടി. എ.കുഞ്ഞിക്കണ്ണൻ, അറാക്കൽ കുഞ്ഞിരാമൻ, തളിയൻ രാമൻ നമ്പ്യാർ, ഇ.കെ.നാരായണൻ നമ്പ്യാർ, ഇ.കെ.ദാമോദരൻ നമ്പ്യാർ, മാടായി ചന്തുക്കുട്ടി, മാടായി കുഞ്ഞപ്പ, കേളോത്ത് കൃഷ്ണൻ എന്നിവർക്കെതിരെ കേസ്. തളിയൻ രാമൻ നമ്പ്യാർ, മാടായി കുഞ്ഞപ്പ, മാടായി ചന്തുക്കുട്ടി എന്നിവരെ തൂക്കിക്കൊല്ലാനും മറ്റുള്ളവരെ ജീവപര്യന്തം തടവിനും കോഴിക്കോട് സെഷൻസ് കോടതി ശിക്ഷിച്ചു. ശിക്ഷ പിന്നീട് ഇളവുചെയ്യപ്പെട്ടു.

ഇരിക്കൂറിനടുത്ത് ഇരൂട് പള്ളിയിലേക്ക് കർഷകമാർച്ച് സംഘടിപ്പിക്കാൻ കുഞ്ഞിക്കണ്ണൻ നേതൃത്വം നൽകിയത് നാല്പതുകളിലെ വലിയ സംഭവമായിരുന്നു. കർഷകസംഘം അംഗങ്ങളായ വിശ്വാസികൾക്ക് പള്ളിയിൽ വിലക്ക് കല്പിച്ചതിനെതിരെയായിരുന്നു മാർച്ച്. ഇ.കെ.നായനാരും എ.കുഞ്ഞിക്കണ്ണനുമാണ് ജാഥ നയിച്ചത്. ചടയൻ ഗോവിന്ദനടക്കമുള്ള പ്രവർത്തകരും അനുഭാവികളും ജാഥയിലുണ്ട്. കത്തിവാളുകളും മറ്റ്‌ ആയുധങ്ങളുമായാണ് പള്ളിയുടെ ആളുകൾ ഭീഷണിയുമായി ജാഥയെ തടയാൻ ശ്രമിച്ചത്. അടിച്ചാൽ തിരിച്ചടി താങ്ങാനാവില്ലെന്ന് എ.കുഞ്ഞിക്കണ്ണന്റെ പ്രഖ്യാപനം എതിരാളികളെ പിന്തിരിപ്പിച്ചു.

കൊല്ലാനും പിടിച്ചുപറിക്കാനുമെല്ലാമധികാരമുണ്ടെന്ന് കരുതി ധാർഷ്ട്യത്തോടെ നിലകൊണ്ട കല്യാട്ടെശമാനനെ ഓടിച്ചുവിട്ട സംഭവത്തിന്റെ നായകനുമാണ് കുഞ്ഞിക്കണ്ണൻ മാഷ്. കല്യാട്ട് ഊരത്തൂരിൽ ഒരു നാടകം നടക്കുന്നു. ഉഷാനിരുദ്ധം. പുരാണനാടകമായതിനാൽ ജന്മിയും കാണാനെത്തി. അവതരണഗാനം തുടങ്ങിയപ്പോൾത്തന്നെ എന്തോ അപകടം മണക്കുകയായിരുന്നു എശമാനൻ. നാടകം പേരി്ൽ പുരാണേതിവൃത്തത്തിലുള്ളതെങ്കിലും ഫലത്തിൽ തനിക്കെതിരാണ്. അവതരണഗാനംപോലും തനിക്കെതിര്. എശമാനൻ അവിടെനിന്നിറങ്ങി ഗുണ്ടകളെയുംകൂട്ടി വീണ്ടുമെത്തി. നാടകം കലക്കാനുള്ള പണിയായി പിന്നെ. എ.കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ നാട്ടുകാർ അതിനെ ചെറുത്തു. ഒടുവിൽ എശമാനനും സംഘവും ഓടിരക്ഷപ്പെടുകയായിരുന്നു. കാവുമ്പായി സമരത്തിന്റെ ഏതാനും ദിവസംമുമ്പ്‌ മലപ്പട്ടത്ത് നെല്ലെടുപ്പുസമരംനടന്നു. ഇല്ലിക്കൽ അബൂബക്കർ എന്ന ജന്മി നെല്ല് തോണിയിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ കർഷകസംഘം പ്രവർത്തകർ തടഞ്ഞു. അതേത്തുടർന്ന്് ആഴ്ചകളോളം മലപ്പട്ടത്ത് പൊലീസ്‐ഗുണ്ടാ താണ്ഡവമാണ് നടന്നത്. ലാത്തിക്കുപകരം ഉലക്ക കൊണ്ട് സമരസേനാനികളെ മർദിച്ച സംഭവംവരെയുണ്ടായി. കല്യാടൻ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എ.കുഞ്ഞികൃഷ്ണൻ, അളോറ ചെറിയ ഗോവിന്ദൻ നമ്പ്യാർ എന്നിവരെ ഉലക്കകൊണ്ട് നേരിടുകയായിരുന്നു.

എ.കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ മലപ്പട്ടത്ത് കമ്മ്യൂണിസ്റ്റ്്് പാർട്ടി ശക്തിയാർജിച്ചപ്പോൾ തകർക്കാൻ പോലീസും ഗുണ്ടകളും എല്ലാ അടവുകളും പയറ്റുകയുണ്ടായി. ആദ്യം രാഷ്ട്രീയനിറമില്ലാത്ത ഗുണ്ടകൾക്ക്‌ പിന്നീട് നിറമുണ്ടായി. കോൺഗ്രസ്സിന്റെ നിറം. കേന്ദ്രഭരണകക്ഷിയുടെ നിറം. കോൺഗ്രസ് ഭരണകാലത്ത്് 1948‐51 കാലത്ത് കൊടിയ മർദനമാണ് എം.എസ്.പിയും കോൺഗ്രസ്സുകാരും മലപ്പട്ടത്ത് അഴിച്ചുവിട്ടത്. എ.കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ രൂപപ്പെട്ട തൊഴിലാളിവർഗ‐കർഷക പ്രസ്ഥാനം നെഞ്ചുകാട്ടി അതിനെ നേരിടുകയുംചെയ്തു. കെ.പി.ആർ, കാന്തലോട്ട്, സുബ്രഹ്മണ്യഷേണായി തുടങ്ങിയവരെ ഒളിവിൽ സംരക്ഷിച്ച കല്ലേൻ പൊല്ലാലന്റെ വീട് ഗുണ്ടകൾ കത്തിച്ചു. അളോറ കുണ്ടൻ നമ്പ്യാരുടെ കട കത്തിച്ചു. സ്കൂൾ അധ്യാപകനായ വി.വി.കുഞ്ഞിരാമൻനായരെ അദ്ദേഹം പഠിപ്പിക്കുന്ന സ്കൂളിൽനിന്ന്‌ പിടിച്ചിറക്കി മർദിച്ച് ജീവഛവമാക്കിയ ശേഷം തലയിൽ മോസ്കോ റോഡ് വെട്ടി. എ.കുഞ്ഞികൃഷ്ണൻ നമ്പ്യാരെ ഒരു മതിലിൽ വിലങ്ങനെ കിടത്തി മസിലിൽ മഴുത്തള്ള കൊണ്ടടിക്കുയായിരുന്നു. പിടഞ്ഞ്്് താഴെ വീഴുമ്പോൾ വീണ്ടും എടുത്തുയർത്തി മതിലിൽ കിടത്തി മസിലിൽ അടി തുടരും.. ഇത്തരം തുടർച്ചയായ മർദനവാഴ്ച നടത്തിയിട്ടും ഭരണവർഗത്തിന് മലപ്പട്ടത്ത് പിടിച്ചുനിൽക്കാനായില്ല. തൊഴിലാളിവർഗവിപ്ലവപ്രസ്ഥാനത്തിന്റെ രാജ്യത്തെ ഏറ്റവും വിലയ ശക്തികേന്ദ്രത്തിലൊന്നായി ഇപ്പോഴും മലപ്പട്ടം ചരിത്രം സൃഷ്ടിക്കുന്നു.

ചുവന്ന ചിറക്കൽ താലൂക്കിലെ തികച്ചും ചുവന്ന ഫർക്ക‐അതാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് ചരിത്രത്തിൽ ഇരിക്കൂറിന്റെ സ്ഥാനം. 1942‐ൽ മലബാർ സന്ദർശിച്ച കമ്യൂണിസ്റ്റ് പാർട്ടി ജനറൽസെക്രട്ടറി പി.സി.ജോഷി മലപ്പട്ടത്ത് വമ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയുണ്ടായി. ജോഷിയുടെ പത്നിയും ചിറ്റഗോങ്ങ് ഗൂഢാലോചനാക്കേസിലെ പ്രതിയുമായ കല്പനാ ജോഷിയും പങ്കെടുത്ത റാലി. ആ റാലിയിൽവെച്ച് എ.കുഞ്ഞിക്കണ്ണന്‐ ഇരിക്കൂർ ഫർക്കാ പാർട്ടി സെക്രട്ടറിയായ കുഞ്ഞിക്കണ്ണന് ജോഷി ഒരു ചെങ്കൊടി നൽകി. രാജ്യത്തെ ഏറ്റവും ചുവന്ന ഫർക്കയെന്ന അംഗീകാരത്തിന്റെ പ്രതീകമായിരുന്നു ആ ചെങ്കൊടി. ആ ഫർക്കയുടെ കഥ ഇവിടെ തീരുന്നില്ല.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + 5 =

Most Popular