Monday, May 20, 2024

ad

Homeലേഖനങ്ങൾഅയോധ്യയിലെ രാമക്ഷേത്രം: സിപിഐ എമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടുകൾ

അയോധ്യയിലെ രാമക്ഷേത്രം: സിപിഐ എമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടുകൾ

കെ എ വേണുഗോപാലൻ

രുന്ന ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കുകയാണ്. സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഒരു ക്ഷണക്കത്ത് ലഭിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുന്നില്ല എന്നറിയിച്ചു. അതിന്റെ കാരണമെന്ത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു പാർട്ടിയാണ് സിപിഐ എം. ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം വച്ചുപുലർത്താനും അത് സംരക്ഷിക്കാനുമുള്ള അവകാശം ലഭിക്കണം എന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ മതവിശ്വാസം എന്നത് വ്യക്തിപരമായ ഒരു കാര്യമാണ്. അതിനെ രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നതിനോട് സിപിഐഎമ്മിന് യോജിപ്പില്ല. എന്നാൽ രാജ്യം ഭരിക്കുന്ന ബിജെപിയും അവർക്ക് നേതൃത്വം കൊടുക്കുന്ന ആർഎസ്എസും ഈ മതപരമായ ചടങ്ങിനെ ഒരു സർക്കാർ ചടങ്ങായി മാറ്റിത്തീർക്കുകയും അതിൽ പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും മറ്റ് ഗവൺമെന്റ് പ്രതിനിധികളും ഒക്കെ നേരിട്ട് പങ്കെടുക്കുകയുമാണ്. ഇന്ത്യയുടെ സുപ്രീം കോടതി തന്നെ മൗലികമായ ഒരു തത്വമായി ഊന്നിപ്പറഞ്ഞിട്ടുള്ളത് ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇന്ത്യൻ ഭരണകൂടത്തിന് യാതൊരു തരത്തിലുള്ള മതപരമായ ബന്ധങ്ങളും പാടില്ല എന്നാണ്. മതനിരപേക്ഷത എന്നതുകൊണ്ട് അതാണ് അർത്ഥമാക്കുന്നത്. എന്നാൽ ഇന്നത്തെ ഇന്ത്യൻ ഭരണകൂടം പരസ്യമായി അതിനെ ലംഘിക്കുകയാണ് ചെയ്യുന്നത്. അതിനോടൊപ്പം നിൽക്കാൻ സിപിഐഎം തയ്യാറല്ല എന്ന പ്രഖ്യാപനമാണ് യച്ചൂരിക്കുള്ള ക്ഷണം നിരസിച്ചുകൊണ്ട് സിപിഐഎമ്മിന്റെ പി ബി പുറത്തിറക്കിയ പ്രസ്താവന.

അയോധ്യയിൽ ഇപ്പോൾ രാമക്ഷേത്രം പണിതിട്ടുള്ള ഭൂമി അതിന്റെ ഇപ്പോഴത്തെ ഉടമകൾക്ക് നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയും ഇന്ത്യയിൽ നിലനിൽക്കുന്ന നിയമ വ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും അനുയോജ്യമല്ല എന്ന കാര്യം സിപിഐഎം മുൻകൂട്ടി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അയോധ്യയിൽ ഇപ്പോൾ ക്ഷേത്രം പണിതിട്ടുള്ള ഭൂമി സംബന്ധിച്ച് ഒരു സിവിൽ തർക്കം നിലനിന്നിരുന്നു എന്ന കാര്യം സത്യമാണ്. ഒന്നുകിൽ ഉഭയകക്ഷി ചർച്ചയിലൂടെ,അല്ലെങ്കിൽ കോടതിവിധിയിലൂടെയാണ് ഇത്തരത്തിലുള്ള തർക്കം പരിഹരിക്കേണ്ടത്. കോടതിവിധിക്ക് ആധാരമായിരിക്കേണ്ടത് തെളിവുകളാണ്. അല്ലാതെ മതവിശ്വാസം ആയിരിക്കരുത് എന്നും സുപ്രീം കോടതി തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ അയോധ്യ കേസിൽ സുപ്രീം കോടതി നേർവിപരീതമായ സമീപനമാണ് എടുത്തത്. മതവിശ്വാസത്തിന് മുൻതൂക്കം കൊടുക്കുകയാണ് ഈ കേസിൽ സുപ്രീംകോടതി ചെയ്തത്.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഈ കേസിൽ വിധി പറഞ്ഞത്. പതിവുപോലെ ചീഫ് ജസ്റ്റിസ് ആയിരുന്നു ആ ബെഞ്ചിന്റെ അധ്യക്ഷൻ. 1992 ഡിസംബറിൽ മസ്ജിദ് പൊളിച്ചത് “ഗൗരവതരമായ ഒരു നിയമലംഘനം’ ആയി ഈ വിധിയിൽ പറയുന്നുണ്ട്. എന്നാൽ ഗുരുതരമായ ആ കുറ്റകൃത്യത്തിന് ഉത്തരവാദികളായവർക്കുതന്നെ തർക്കഭൂമി ഏൽപ്പിച്ചുകൊടുക്കുകയാണ് കോടതി ചെയ്തത്. 1989 ൽ ഈ വിഷയം സംബന്ധിച്ച് സുപ്രീംകോടതിയിൽ റിട്ട്‌ ഫയൽ ചെയ്തത് വിശ്വഹിന്ദുപരിഷത്തിന്റെ ഒരു നേതാവായിരുന്നു. അത് സംഘപരിവാരത്തിൽപ്പെട്ട ഒരു സംഘടനയാണ് എന്നതിൽ ആർക്കും തർക്കത്തിന് ഇടയുണ്ടാവില്ല. 1949 ൽ നിയമവിരുദ്ധമായി പള്ളിക്കകത്ത് ഒരു വിഗ്രഹം പ്രതിഷ്ഠിച്ച്‌ പള്ളിയെ അശുദ്ധമാക്കിയ നടപടി ഗുരുതരമായ നിയമലംഘനമാണെന്നും ഈ വിധിയിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഈ നിയമലംഘനം നടത്തിയവർക്കനുകൂലമായാണ് വിധിയുണ്ടായത്.

ഹിന്ദുത്വ ശക്തികൾ അവകാശപ്പെടുന്നതുപോലെ പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിന് ആവശ്യമായ യാതൊരു തെളിവുകളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളിൽ ഇല്ല എന്ന് വിധി വ്യക്തമാക്കുന്നുണ്ട്. 1528 നും 1857 നും ഇടയിലുള്ള മൂന്ന് നൂറ്റാണ്ടുകാലത്ത് ബാബറി മസ്ജിദ് നിലനിൽക്കുന്ന പ്രദേശവും പള്ളിയും പൂർണമായും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലും കൈവശത്തിലും ആയിരുന്നു എന്നും അതിനെതിരായ തെളിവുകൾ ഒന്നും തന്നെ ഹാജരാക്കപ്പെട്ടിട്ടില്ല എന്നും കോടതി വ്യക്തമാക്കുന്നുണ്ട്. 1528 ലാണ് പള്ളി പണിയുന്നത്. 1856 ലാണ് ഔധ് രാജവംശത്തിൽ നിന്ന് ഈ പള്ളി ബ്രിട്ടീഷ് ഭരണാധികാരികൾ പിടിച്ചെടുക്കുന്നത്. ആ മൂന്ന് നൂറ്റാണ്ട് കാലം ആദ്യം മുഗളരുടെയും പിന്നീട് ഔധ് രാജവംശത്തിന്റെയും കീഴിലായിരുന്നു ഈ പള്ളി. 1857 വരെ ഒരു തർക്കവും ഇതു സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടില്ല. എന്നാൽ കോടതിയിൽ ഹിന്ദുത്വവാദികൾ മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് ഇതിനെതിരായി വാദിക്കുകയാണ് ഉണ്ടായത്. അവരുടെ വാദം തെളിയിക്കുന്നതിന് ആവശ്യമായ വസ്തുതകൾ ഒന്നും തന്നെ കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടിരുന്നില്ല.

1991ലെ ആരാധനാലയങ്ങൾ സംബന്ധിച്ച നിയമം കോടതി ശരിവെക്കുന്നുണ്ട്. 1947 ആഗസ്റ്റ് 15 ന് ഏതൊക്കെ ആരാധനാലയങ്ങൾ ഏതൊക്കെ മതവിശ്വാസികളുടെ കീഴിലായിരുന്നോ അത് യാതൊരു മാറ്റവും കൂടാതെ തുടരാൻ അനുവദിക്കണം എന്നാണ് ഈ നിയമം പറയുന്നത്. പക്ഷേ അതും ഈ കേസിൽ ഉപയോഗിക്കപ്പെട്ടില്ല. മാത്രമല്ല 1992ൽ ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ കേസെടുത്തിട്ടുണ്ടെങ്കിലും ആ കേസ് ഇനിയും വിധി പറയാതെ നീട്ടിക്കൊണ്ടുപോവുക എന്ന സമീപനമാണ് കോടതികൾ സ്വീകരിച്ചിട്ടുള്ളത്. ആ കേസുകൾ എത്രയുംപെട്ടെന്ന് തീർക്കുന്നതിന് ആവശ്യമായ നടപടികൾ കോടതി സ്വീകരിക്കേണ്ടതാണ്.

“നുണപറയുകയും അത് നിരവധി തവണ ആവർത്തിക്കുകയും ചെയ്താൽ അത് സത്യമായി തീരും’ എന്ന് പറഞ്ഞത് ഹിറ്റ്ലറുടെ പ്രചാരണവകുപ്പ് മന്ത്രി ഗീബൽസായിരുന്നു. അത്തരത്തിൽ നിരവധി നുണകൾ ആവർത്തിച്ചുകൊണ്ടാണ് ജനുവരി 22ന് തുറന്നുകൊടുക്കാൻ പോകുന്ന രാമക്ഷേത്ര നിർമിതിയിലേക്ക് ആർഎസ്എസ് ഇന്ത്യയെ കൊണ്ടെത്തിച്ചത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × four =

Most Popular